നീനു മോഹന്‍

'ഓ.. അജിതയുടെയും വസന്തയുടെയും പീട്യയാണെടോ.. അച്ഛനെയും അമ്മയെയും അല്ലാത്തതെന്തും അവിടെ കിട്ടും..' നിരനിരയായി കിടക്കുന്ന വീടുകള്‍ക്കിടയില്‍ സ്ത്രീകള്‍ നടത്തുന്ന കട ചോദിച്ചപ്പോള്‍ വഴി പറഞ്ഞുതന്ന നാട്ടുകാരിലൊരാള്‍ കടയ്ക്കു നല്‍കിയ വിശേഷണമാണിത്. അങ്ങനെയെങ്കിലും ചേച്ചിയെയും ചേട്ടനെയും കൂടി കിട്ടുമോയെന്ന് അന്വേഷിക്കാം എന്നുകരുതിയാണ് കടയില്‍ കയറിയത്. അന്വേഷണം വേണ്ടി വന്നില്ല.
ഈസ്റ്റ്ഹില്‍ തുമ്പുകണ്ടിക്കു ളത്ത് വീടിനോടു ചേര്‍ന്ന ഒറ്റമുറി കടയില്‍ വീട്ടിലെന്ന പോലെ പെരുമാറുന്ന രണ്ടു ചേച്ചിമാരെയാണ് കാണുക. മുളക്‌പൊടി പറ്റിയ കൈ മാക്‌സിയില്‍ തുടച്ച് എന്താ വേണ്ടതെന്ന് അന്വേഷണം. ഇത് അജിതയും വസന്തയും. ഈസ്റ്റ്ഹില്ലിലെ അമ്മു നിവാസ് എന്ന വീട്ടിലേക്ക് ജ്യേഷ്ഠാനുജന്മാരുടെ ഭാര്യമാരായി എത്തിയവരാണ് ഇരുവരും. പക്ഷേ, പോരിനു പകരം ഇരുവരും പുറത്തെടുത്തത് ഒരുമയുടെ വിജയകഥ.
കുടുംബത്തിലെ സാമ്പത്തികപരാധീനതകള്‍ പോക്കറ്റിലൊതുങ്ങാതെ പുറത്തുചാടിയപ്പോഴാണ് ഈ വീട്ടമ്മമാരും തങ്ങള്‍ക്കും എന്തെങ്കിലും ജോലി എന്നു ചിന്തിച്ചത്. ആദ്യം കുടുംബശ്രീയുടെ പലഹാരനിര്‍മാണ യൂണിറ്റിനൊപ്പം ഉണ്ണിയപ്പം നിര്‍മ്മിച്ച് വീടുകളില്‍ വില്പനയ്‌ക്കെത്തിച്ചു. ആയിടയ്ക്കാണ് പത്രത്തില്‍ പ്രധാനമന്ത്രിയുടെ പി.എം.ആര്‍.എ. ഫണ്ടുപയോഗിച്ച് സ്ത്രീകള്‍ക്ക് സ്വയംസംരംഭങ്ങള്‍ തുടങ്ങാന്‍ കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കുന്നുവെന്ന് അറിഞ്ഞത്.
പരസ്യം ശ്രദ്ധയില്‍പ്പെട്ട മൂത്ത സഹോദരന്റെ ഭാര്യ അജിത വായ്പയ്ക്ക് അപേക്ഷിച്ചു. സ്വയംസംരംഭം എന്നു പറയുമ്പോള്‍ പല ആലോചനകളും വന്നെങ്കിലും വീട്ടുമുറ്റത്ത് ഒരു കടയെന്ന ആശയമാണ് മനസ്സില്‍ തങ്ങിയത്. പലപ്പോഴും പാചകത്തിനിടയിലായിരിക്കും ഉപ്പോ മുളകോ ഇല്ലെന്നറിയുന്നത്. വീട്ടമ്മമാര്‍ക്ക് എളുപ്പത്തില്‍ പുറത്തിറങ്ങി സാധനം വാങ്ങാന്‍ കഴിഞ്ഞെന്നും വരില്ല. വീടിനു സമീപത്ത് ഒരു കടയുണ്ടെങ്കില്‍ ഇതിനെല്ലാം പരിഹാരവുമാകും. അങ്ങനെയാണ് തങ്ങള്‍ പലചരക്കുകട മതിയെന്ന് ഉറപ്പിച്ചതെന്ന് അജിത പറയുന്നു. പിന്നെ താമസിച്ചില്ല പെട്ടെന്നു ലോണ്‍ ശരിയാക്കി കടയൊരുക്കി.
കച്ചവടത്തിന് പൂര്‍ണപിന്തുണയുമായി വസന്തയും ചേര്‍ന്നു. കട തുടങ്ങിയിട്ട് ഇപ്പോള്‍ പത്തുവര്‍ഷം പിന്നിട്ടു. ഈ കാലയളവില്‍ ലോണ്‍ ഉള്‍പ്പടെയുള്ള കടങ്ങളും വീട്ടി. വീട്ടിലെ ചെലവുകളും ബുദ്ധിമുട്ടൊന്നുമില്ലാതെ നടത്തിപ്പോകാനും സാധിക്കുന്നുണ്ടെന്ന് ഇവര്‍ ആത്മവിശ്വാസത്തോടെ പറയുന്നു.
ബിഗ് ബസാറുകളോടും സൂപ്പര്‍ മാര്‍ക്കറ്റുകളോടും പയറ്റി പലരും കച്ചവടം അവസാനിപ്പിക്കുന്ന കാലത്താണ് ഈ വീട്ടമ്മമാര്‍ വിജയകരമായി കട നടത്തിക്കൊണ്ടുപോകുന്നത്. പലചരക്ക് ഉത്പന്നങ്ങള്‍ക്കൊപ്പം പച്ചക്കറികളും സോഫ്റ്റ് ഡ്രിങ്ക്‌സും അത്യാവശ്യം ബേക്കറി പലാഹാരങ്ങളും സ്റ്റേഷനറി ഉത്പന്നങ്ങളുമെല്ലാം കടയിലുണ്ട്. സൂപ്പര്‍മാര്‍ക്കറ്റിലേതു പോലെ ഒരുപാട് സ്റ്റോക്ക് ഉണ്ടാകില്ല. പക്ഷേ, ആവശ്യക്കാരെ നിരാശരാക്കി വിടാതിരിക്കാന്‍ മിക്ക ഉത്പന്നങ്ങളുടെയും ഒരു സാംപിള്‍ പാക്കറ്റെങ്കിലും ഞങ്ങള്‍ കരുതാറുണ്ട്- കടയുടെ വിജയരഹസ്യം പറയുന്നു വീട്ടമ്മമാര്‍. ഇപ്പോള്‍ പ്രദേശത്തെ മിക്ക വീടുകളിലേക്കും ഫ്ലാറ്റുകളിലേക്കും സാധനങ്ങള്‍ എത്തിക്കുന്നത് ഈ കടയില്‍ നിന്നാണ്.
രാവിലെ ഏഴുമണിക്ക് തുറന്നാല്‍ രാത്രി പത്തുമണിവരെ കട പ്രവര്‍ത്തിക്കും. ഇതിനിടെ വീട്ടിലെ പണിയെല്ലാം ഒതുക്കും. ഞായറാഴ്ചകളിലും ഹര്‍ത്താല്‍ ദിനത്തിലും വരെ കടയുണ്ടാവും. പ്രദേശത്തെ മിക്ക രാഷ്ട്രീയപ്രവര്‍ത്തകരും ഉപഭോക്താക്കളായതിനാല്‍ ഹര്‍ത്താല്‍ ദിവസങ്ങളില്‍ ഇതുവരെ പ്രയാസമുണ്ടായിട്ടില്ലെന്ന് അജിത പറയുന്നു.
ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ച് ഡോര്‍ ഡെലിവറി സര്‍വീസും ഇപ്പോള്‍ തുടങ്ങിയിട്ടുണ്ട്. മക്കളുടെയും വീട്ടിലെ പുരുഷന്മാരുടെയും സഹകരണത്തോടെയാണ് ഡോര്‍ ഡെലിവറി നടത്തുന്നത്. കട പത്തു വര്‍ഷം വിജയകരമായി പ്രവര്‍ത്തിച്ചതിന്റെ പശ്ചാത്തലത്തില്‍ കച്ചവടം ഒന്ന് വിപുലീകരിക്കാനുള്ള പദ്ധതിയിലാണ് ഇപ്പോള്‍ വീട്ടമ്മമാര്‍. പിന്തുണയുമായി കുടുംബം മുഴുവന്‍ പിന്നില്‍ നില്‍ക്കുന്നു.

NEWS LETTER
RSS











