MATHRUBHUMI RSS
Loading...
വെള്ളിത്തിരയിലെ ചമയക്കാരി
എസ്.ജെന്‍സി

ആദ്യചിത്രത്തിന്റെ സന്തോഷം പങ്കുവെക്കുമ്പോള്‍ ജൂലിയുടെ വാക്കുകള്‍ക്കിടയില്‍ അപ്പയെക്കുറിച്ചുള്ള ഓര്‍മകള്‍ അതിര്‍വരമ്പുകള്‍ തീര്‍ത്തു. മേക്കപ്പ് ആര്‍ട്ടിസ്റ്റായ മകളുടെ കഴിവുകളെ സിനിമാലോകം തിരിച്ചറിയണമെന്ന് ആഗ്രഹിച്ചയാളായിരുന്നു അപ്പ ജൂലിയന്‍. എന്നാല്‍ മകള്‍ക്ക് ആ ഭാഗ്യം കൈയെത്തും ദൂരത്തെത്തിയപ്പോഴേക്കും ചമയങ്ങളില്ലാത്ത ലോകത്തേക്ക് അപ്പ യാത്രയായി. അപ്പയുടെ ഏറെ നാളത്തെ ആഗ്രഹത്തിനൊടുവില്‍ എന്നെത്തേടിയെത്തിയ ആദ്യ ചിത്രം അമല്‍ നീരദിന്റെ ബാച്ചിലര്‍ പാര്‍ട്ടിയായിരുന്നു.

'വിജന സുരഭി' എന്നു തുടങ്ങുന്ന ഗാനത്തില്‍ രമ്യാനമ്പീശനു വേണ്ടി മേക്കപ്പ് ചെയ്യുന്നതിനായിരുന്നു അമല്‍ നീരദ് വിളിച്ചത്. ഗാനചിത്രീകരണം നടക്കുന്ന ദിവസം തന്നെയായിരുന്നു അപ്പയുടെ മരണവും. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ വന്നെത്തിയ ആ വാര്‍ത്ത എന്റെ സന്തോഷത്തെ വിദൂരതയിലാക്കി. പരസ്യരംഗത്തെ ചമയലോകത്ത് നിന്ന് വെള്ളിത്തിരയിലെ ചമയക്കാരിയായിരിക്കുന്ന പാലാരിവട്ടം സ്വദേശിനി ജൂലി അനില്‍ പറയുന്നു.

മഹാരാജാസ് കോളേജില്‍നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കിയശേഷം ചമയരംഗത്തേക്ക് പ്രവേശിക്കുകയായിരുന്നു. ബാംഗ്ലൂരില്‍ നിന്ന് മൂന്ന് വര്‍ഷത്തെ മേക്കപ്പ് ബേസിക് കോഴ്‌സ് പൂര്‍ത്തിയാക്കി. പിന്നീട് കോസ്‌മെറ്റിക്‌സ് ബ്രാന്‍ഡഡ് കമ്പനിയിലെ അഡൈ്വസറായി.
പിന്നെ പരസ്യരംഗത്തേക്ക് കടന്നു. പ്രൊഡക്ഷന്‍ കമ്പനിയായ പക്ക-പക്ക വഴിയാണ് പരസ്യമേഖലയിലേക്കുള്ള പ്രവേശനം. മാഗി കറിപൗഡറിലെ പരസ്യമോഡലിന്റെ മേക്കപ്പ് ആയിരുന്നു ആദ്യത്തേത്. തുടര്‍ന്ന് നിരവധി പരസ്യചിത്രങ്ങളുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചു. സ്ത്രീകളെയും പുരുഷന്‍മാരെയും താന്‍ മേക്കപ്പ് ചെയ്യാറുണ്ട്.

പരസ്യരംഗത്ത് പുരുഷന്‍മാരില്‍ നടന്‍ ദിലീപിന് വേണ്ടിയായിരുന്നു ആദ്യ മേക്കപ്പ്. പരസ്യരംഗത്ത് കൂടുതല്‍ സജീവമായതോടെ കേരളത്തിലെ പ്രമുഖ വനിതാ മാഗസിനുകളിലെ മേക്കപ്പ് വര്‍ക്കുകളും കിട്ടി. ഗൃഹലക്ഷ്മിക്കുവേണ്ടി രമ്യാനമ്പീശന് മേക്കപ്പ് നടത്തിയതിലൂടെയാണ് സിനിമയിലേക്ക് അവസരം കിട്ടുന്നത്. ചിത്രത്തിലെ കോസ്റ്റിയൂം ഡിസൈനര്‍ പ്രവീണ്‍ ആണ് അമലിനോട് എന്റെ പേര് നിര്‍ദേശിച്ചത്. രമ്യയുടെ ചിത്രങ്ങളില്‍ ബാച്ചിലര്‍പാര്‍ട്ടി ഏറെ ശ്രദ്ധിച്ച ഒന്നായിരുന്നു. അതില്‍ രമ്യയുടെ ഹെയര്‍ ആന്‍ഡ് ഫേയ്‌സ് മേക്കപ്പ് നടത്തുവാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്. മേക്കപ്പ് ആര്‍ട്ടിസ്റ്റ് വനിത ആയതിനാല്‍ വളരെ കംഫര്‍ട്ടബിളായിരുന്നുവെന്ന് രമ്യ പിന്നീട് പറയുകയും ചെയ്തു.

തന്റെ ആദ്യ ചിത്രമായിട്ടും അമല്‍ ചിത്രത്തില്‍ പൂര്‍ണസ്വാതന്ത്യം തന്നിരുന്നു. അപ്പയുടെ മരണത്തിനു ശേഷം എനിക്ക് വേണ്ടി രണ്ടാഴ്ച ഗാനചിത്രീകരണം നീട്ടിവെക്കുകയും ചെയ്തതായി ജൂലി പറഞ്ഞു.

വിനീത് ശ്രീനിവാസന്‍ ചെയ്ത തട്ടത്തിന്‍ മറയത്തായിരുന്നു രണ്ടാമത്തെ ചിത്രം. ചിത്രത്തിലെ നായിക ഇഷ തല്‍വാറിന് വേണ്ടിയായിരുന്നു അത്. നോര്‍ത്തിന്ത്യന്‍ കുട്ടിയായ ഇഷയെ പൂര്‍ണമായും മലയാളി മൊഞ്ചത്തിക്കുട്ടിയാക്കിത്തരണം എന്ന ആവശ്യമേ വിനീതിനുണ്ടായിരുന്നുള്ളു. അത് തന്നെയായിരുന്നു വലിയ വെല്ലുവിളിയും. മലയാളിപ്പെണ്‍കുട്ടികള്‍ അധികം മേക്കപ്പുകള്‍ ഉപയോഗിക്കാറില്ല. അതിനാല്‍ ഇഷയ്ക്കും കൂടുതല്‍ മേക്കപ്പ് ഉപയോഗിക്കാതെ വേണമായിരുന്നു ആയിഷയാക്കുവാന്‍. ഇതിനു വേണ്ടി രണ്ടുമണിക്കൂര്‍ സമയമാണ് എടുത്തത്. മുടിയിലും ചെറിയ മാറ്റങ്ങള്‍ വരുത്തി. നോര്‍മല്‍ പ്രെറ്റി ഹെയറായഇഷയുടെ മുടിക്ക് വേവി ലുക്കാണ് ചിത്രത്തില്‍ നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ വര്‍ക്ക് കഴിഞ്ഞപ്പോഴേക്കും ഇഷയും ഞാനും നല്ല കൂട്ടായിക്കഴിഞ്ഞിരുന്നു. പിന്നീട് ഒരു വനിത മാഗസിനു വേണ്ടിയും ഇഷയെ ഒരുക്കുവാന്‍ കഴിഞ്ഞു.

ഈ രംഗത്ത് മറക്കാനാവാത്ത ഒന്നാണ് നടി ഷബാന ആസ്മിയെ മേക്കപ്പ് ചെയ്യുവാന്‍ കഴിഞ്ഞത്. തൃപ്പൂണിത്തുറയില്‍ ജെ. ടി. പാക്കില്‍ നാടകത്തിനായി എത്തിയതായിരുന്നു ഷബാന. മേക്കപ്പ് ചെയ്യുംനേരം കൈവിറച്ചിരുന്നു. എന്നാല്‍ അവര്‍ നല്ല സപ്പോര്‍ട്ടായിരുന്നു.

സിനിമയില്‍ തന്റെ സാന്നിദ്ധ്യം ഉറപ്പിച്ചെങ്കിലും ചിത്രത്തിലെ മുഴുവന്‍ ചമയപ്രവര്‍ത്തനവും നടത്തുവാന്‍ കഴിയാത്തതില്‍ വിഷമമുണ്ടെന്ന് ജൂലി അഭിപ്രായപ്പെട്ടു. ഈ മേഖലയില്‍ അപ്പ കൂടാതെ ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കുന്നത് സഹോദരന്‍ ഫ്രാങ്കും അമ്മ ഷീലയുമാണ്. ഒപ്പം കുറെ സുഹൃത്തുക്കളുടെ പിന്തുണയുമുണ്ട്.

ഒരു യൂണിയനില്‍ അംഗത്വം നേടി സിനിമയിലെ മുഴുവന്‍ ചമയം ആര്‍ട്ടിസ്റ്റാകണം. അതിലൂടെ എന്റെ അപ്പയുടെ ആഗ്രഹം പൂര്‍ത്തിയാക്കണം- ജൂലി ആഗ്രഹം മറച്ചുവച്ചില്ല.

പരസ്യരംഗത്തും സിനിമാ രംഗത്തും സജീവമായ ജൂലി ഇതോടൊപ്പം തന്നെ ബ്രൈഡല്‍ മേക്കപ്പും ചെയ്യുന്നുണ്ട്. ഖത്തറില്‍ ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന അനിലാണ് ഭര്‍ത്താവ്. മകന്‍ കെവിന്‍.