MATHRUBHUMI RSS
Loading...
പ്രിയലോകം
എ.എസ്.ജിബിന


ബാല്യത്തിന്റെ ഭൂരിഭാഗവും കൈയടക്കിയ ആസ്പത്രിക്കിടക്കകളോട് സാഹിത്യം കലഹിച്ചു വാങ്ങിയ മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരിയാണ് പ്രിയ.എ.എസ് അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്‌മോള്‍തിങ്‌സ്, ജയശ്രീ മിശ്രയുടെ എന്‍ഷ്യന്റ്‌സ് പ്രോമിസസ് എന്നീ പുസ്തകങ്ങളുടെ പരിഭാഷകളിലൂടെ പ്രിയപ്പെട്ട വിവര്‍ത്തകയുമാണ് പ്രിയ. അതിനെല്ലാമപ്പുറത്ത് ഏഴ് വയസ്സുകാരന്‍ കുഞ്ഞുണ്ണിയുടെ കളിക്കൂട്ടുകാരിയായ അമ്മയുമാണ്. അക്ഷരങ്ങളുടെ ഒഴുക്കില്‍ ഒരു തണ്ടിലെ രണ്ടിലകളായി ഒഴുകുകയാണ് ഈ അമ്മയും മകനും.

കുഞ്ഞുണ്ണിയെ ഉള്‍ക്കൊണ്ട് പ്രിയ എഴുതിയ 'അമ്മയും കുഞ്ഞുണ്ണിയും' മനസ്സിലേറ്റിയ കുരുന്നുകള്‍ക്ക് ഒരു സന്തോഷം കൂടി ഒരുക്കുകയാണ് ഇപ്പോള്‍ കഥാകാരി. അമ്മയും കുഞ്ഞുണ്ണിയും എന്ന രചനയുടെ രണ്ടാം ഭാഗത്തിന്റെ പണിപ്പുരയിലാണ് പ്രിയ. എഴുത്ത് ഏതാണ്ട് പൂര്‍ത്തിയായി. തലവേദനയുടെയും ക്ഷീണത്തിന്റെയും അകമ്പടിയോടെ ഇടയ്ക്കിടെ വരുന്ന അസുഖങ്ങളാണ് എഴുത്തിന്റെ വേഗം കുറച്ചത്. 'അമ്മയും കുഞ്ഞുണ്ണിയും' ഒന്നാം ഭാഗത്തില്‍ മൂന്നു വയസ്സു വരെയുള്ള കുഞ്ഞുണ്ണിയെയാണ് അവതരിപ്പിച്ചിരിക്കുന്നത്. പ്രിയയുടെ സ്വന്തം കുഞ്ഞുണ്ണിക്ക് ഏഴ് വയസ്സായി, കഥയിലെ കുഞ്ഞുണ്ണിയും വളരണമല്ലോ. . . അടുത്ത് തന്നെ പുസ്തകം പ്രകാശനം ചെയ്യും. മാതൃഭൂമി ബുക്‌സായിരിക്കും പ്രസാധകര്‍.

പെണ്ണെഴുത്തുകളിലെ പൊട്ടിത്തെറികളും പ്രതിഷേധങ്ങളുമില്ലാതെ സാഹിത്യ ഭൂപടത്തില്‍ രേഖപ്പെടുത്തിയ പ്രിയയുടെ മുഖം വായനക്കാര്‍ക്കെല്ലാം ഏറെ പ്രിയപ്പെട്ടതാണ്. എഴുത്തില്‍ മനഃപൂര്‍വമല്ലാത്ത ഇടവേളകളുണ്ടാക്കി പ്രിയ വീണ്ടും തിരിച്ചെത്തുമ്പോള്‍ അവര്‍ ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നതിന് പിന്നിലെ കാരണവും ഇതു തന്നെ. കഴിവു കൊണ്ടല്ല അതിമോഹം കൊണ്ടാണ് താന്‍ എഴുത്തുകാരിയായതെന്ന് പ്രിയ എത്ര ആവര്‍ത്തിച്ച് പറഞ്ഞാലും വായനക്കാര്‍ക്കറിയാം അത് പ്രിയയുടെ വിനയം മാത്രമാണെന്ന്.

മലയാളം എം. എ. ക്ലാസ്സില്‍ പഠിക്കാനുണ്ടായിരുന്ന പ്രിയയുടെ കഥയാണ്. ' അതാ നോക്കൂ ഒരുപല്ലി ' . ഈ കഥയ്ക്ക് രണ്ടാം ഭാഗം എഴുതുന്നില്ലേയെന്ന് പ്രിയയോട് ചോദിച്ചവര്‍ ഒട്ടേറെയാണ്. ഇപ്പോള്‍ കുഞ്ഞുണ്ണി പല്ലിയെ കണ്ടാല്‍ ഉടനെ വിളിച്ചു പറയും 'ദേ അമ്മയുടെ മറിയാമ്മ തുണ്ടത്തില്‍ ' . . . ആ കളിയാക്കല്‍ പ്രിയയെ ഒരുപാട് ചിരിപ്പിക്കും. ഒരു ദിവസം രാത്രിയില്‍ ആരോ ഡ്രംസ് കൊട്ടുന്നത് കേട്ട് ഡ്രംസിനടുത്തെത്തിയ പ്രിയ കണ്ടത് ഭിത്തിയില്‍ നിന്ന് ഡ്രംസിലേക്ക് ചാടുന്ന പല്ലിയെയാണ്. അപ്പോള്‍ പ്രിയയും ഒരു നിമിഷം ചിന്തിച്ചു, പല്ലിയുടെ രണ്ടാം ഭാഗമെഴുതാന്‍ സമയമായോയെന്ന്. പല്ലിയുടെ രണ്ടാം ഭാഗവും വായനക്കാര്‍ക്ക് ഉടന്‍ പ്രതീക്ഷിക്കാമോയെന്ന് ചോദിക്കുമ്പോള്‍ ചിരി മാത്രമായിരുന്നു മറുപടി.

പ്രിയയുടെ ഓര്‍മകളില്‍അപ്പോള്‍ ആസ്പത്രിക്കിടക്കയിലിരുന്ന് താന്‍ നിരീക്ഷിച്ച പല്ലിയുടെ ചേഷ്ടകളായിരുന്നു.

സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് നേരേയുള്ള പ്രതികരണം വാക്കുകളാല്‍ പുറത്ത് വന്നില്ലെങ്കിലും ഉള്ളിന്റെയുള്ളില്‍ നാം നിശ്ശബ്ദരായി പ്രതികരിച്ചു പോവുമെന്നാണ് പ്രിയയുടെ പക്ഷം. സമ്മേളനം നടത്തി പ്രതികരിക്കുന്നതിന് ആരോഗ്യം അനുവദിക്കാറില്ല. ടി. പി. വധത്തെ അധികരിച്ച് പ്രിയ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ 'അപ്പക്കാരസാക്ഷി' എന്ന കഥയെഴുതിയിരുന്നു. രമയെന്ന സ്ത്രീയുടെ മനസ്സ് ആരും കാണാതെ പോവുന്നുവെന്ന ചിന്തയാണ് ഇതിന് ആധാരമായത്. കഥ വായിച്ച് പ്രിയയെ കെ. കെ. രമ വിളിച്ചു.

എറണാകുളം മഹാരാജാസിന്റെ വെബ്‌സൈറ്റില്‍ 'കോളേജില്‍ നിന്ന് പഠിച്ചിറങ്ങിയ പ്രശസ്തര്‍' എന്നതില്‍ പ്രിയ എ.എസ്. എന്ന പേരും രേഖപ്പെടുത്തിയിരുന്നു. പ്രിയയുടെ ബിരുദകാലം മഹാരാജാസിലായിരുന്നു. പ്രിയയിലെ കഥാകാരിക്ക് ഏണിപ്പടിയായതും മഹാരാജാസ് തന്നെ. ആ ഏണിപ്പടിയില്ലാതെ താന്‍ ഒരിക്കലും കഥാകൃത്താകില്ലായിരുന്നുവെന്ന് പ്രിയയ്ക്ക് നന്നായി അറിയാം - പ്രിയ പറയുന്നു.

അഷിത, കെ.ആര്‍.മീര, ഗ്രേസി എന്നിവരാണ് പ്രിയയുടെ സാഹിത്യ ലോകത്തെ പ്രിയ സുഹൃത്തുക്കള്‍. അഷിത പ്രിയയ്ക്ക് അമ്മയെപ്പോലെയാണ്. കെ.ആര്‍.മീര എഴുതുന്നതെല്ലാം നല്ലതാണെന്ന് പറയാനാണ് പ്രിയക്കിഷ്ടം. ഇപ്പോള്‍ പ്രിയ കുസാറ്റിലെ ഉദ്യോഗസ്ഥയാണ്. കുഞ്ഞുണ്ണി ജനിക്കും മുമ്പേ പ്രിയ എഴുതിയതാണ് ചിത്രശലഭങ്ങളുടെ വീട് എന്ന ബാലസാഹിത്യ കൃതി.

അടുക്കളയിലേക്ക് അപ്രതീക്ഷിതമായി പറന്ന് വന്ന ഒരു കൂട്ടം ചിത്രശലഭങ്ങളുടെ പ്രേരണയിലെഴുതിയതാണ്. പത്തു ദിവസം കൊണ്ടാണ് ഇത് എഴുതി തീര്‍ത്തതെന്ന് പ്രിയ പറഞ്ഞു. അത് കേട്ടതും പ്രിയയുടെ മടിയില്‍ കിടന്ന് ഉണ്ണിക്കുട്ടന്റെ ലോകം എന്ന പുസ്തകം വായിക്കുന്ന കുഞ്ഞുണ്ണി പറഞ്ഞു 'അത് ഞാന്‍ ഒറ്റ ദിവസം കൊണ്ട് വായിച്ചു തീര്‍ക്കുമല്ലോ' . . .