സി.നാരായണന്
നടന് ഉണ്ണിമുകുന്ദന് ഫോട്ടോ ഷൂട്ടിന് ഉടുത്ത മുണ്ടിലെ ഡിസൈനുകള്‍ കണ്ട് അതുപോലെ ഒരെണ്ണം കിട്ടുമോ എന്നന്വേഷിച്ച് വസ്ത്രഷോറൂമിലേക്ക് ചെറുപ്പക്കാരുടെ വിളികള്‍. കവിയൂര്‍ പൊന്നമ്മയും സുകുമാരിയും കെ.പി.എ.സി ലളിതയും ടി.വി. ഷോകളില്‍ ധരിക്കുന്ന കേരളസാരികളിലും സെറ്റ് മുണ്ടുകളിലും തഞ്ചാവൂര്‍ മ്യൂറല്‍ ഡിസൈനുകളുടെ പ്രൗഢികണ്ട് 'ഇതെവിടുന്ന് വാങ്ങി' എന്ന് ചാനല്‍ സംഘാടകരോട് വിളിച്ചുചോദിക്കുന്ന സ്ത്രീകള്‍....ഈ കോലാഹലങ്ങള്‍ക്കെല്ലാം ഉത്തരവാദി ഒരു വളാഞ്ചേരിക്കാരിയാണ് എന്ന് ആരെങ്കിലും അറിയുന്നുണ്ടോ!
വളാഞ്ചേരി ഇരിമ്പിളിയം വെണ്ടല്ലൂര്‍ 'കോഴിക്കോട്ടെ വീട്ടില്‍' സിന്ധുവിന്റെ ഭാവനയില്‍ സാരികളും ഷര്‍ട്ടുകളും കുഞ്ഞുടുപ്പുകളും കാന്‍വാസുകളാണ്. രവിവര്‍മച്ചിത്രങ്ങള്‍ തൊട്ട് തഞ്ചാവൂര്‍ ചുമര്ച്ചിത്രങ്ങള്വരെ അതേ ശൈലിയിലും വര്ണവിതാനത്തിലും ഉടയാടകളില്‍ ആലേഖനംചെയ്ത് ഈ യുവതി ശ്രദ്ധേയയായിത്തീരുന്നു. കഥകളിയും നാടന്‍ കലാ രൂപങ്ങളും പുരാണകഥാപാത്രങ്ങളും വസ്ത്രങ്ങളില്‍ നിറയുന്നു.
സിന്ധു സംവിധാനംചെയ്യുന്ന ഫാബ്രിക് ഡിസൈനുകള്‍ക്ക് ഫാഷന്‍ലോകത്ത് മേല്‍വിലാസം ലഭിച്ചുകഴിഞ്ഞു എന്നതിന്റെ സൂചനകളാണ് താരലോകത്തുനിന്നും ലഭിക്കുന്ന ഓര്‍ഡറുകളും പ്രമുഖ വസ്ത്രാലയങ്ങളിലെ ഷോക്കേസുകളില്‍ ലഭിക്കുന്ന പരിഗണനകളും.
ഒരു ചിത്രകലാസ്കൂളിലും സിന്ധു പഠിച്ചിട്ടില്ല, കെല്‍ട്രോണ്‍ നടത്തിയ ഒരു അനിമേഷന്‍ കോഴ്സ് ഒഴിച്ച്. പക്ഷേ, സിന്ധുവിന്റെ മ്യൂറല്‍ പെയിന്റിങ്ങുകളും ഫാബ്രിക് ചിത്രങ്ങളും അസാധാരണ പ്രതിഭയുടെ തിളക്കങ്ങള്‍ നിറഞ്ഞതാണ്. കോളേജില്‍ പഠിച്ചത് സാമ്പത്തികശാസ്ത്രം. ഏര്‍പ്പെട്ട തൊഴിലാകട്ടെ അനിമേഷന്‍ അധ്യാപികയുടേതും സോഫ്റ്റ്വെയര് മേഖലയിലെ ടെക്നിക്കല്‍ മാനേജരുടേതും.
സോഫ്റ്റ്വെയര് പരിശീലകജോലി വിട്ട് ചിത്രരചനയിലേക്ക് തിരിഞ്ഞ സിന്ധു വരുമാനത്തിനായി സ്വയം തിരഞ്ഞെടുത്ത ഫാബ്രിക് ഡിസൈനിങ്ങില്‍ ചുമര്ച്ചിത്രങ്ങളുടെയും പുരാണകഥാഖ്യാനങ്ങളുടെയും ഊടും പാവും ഇണക്കി വസ്ത്രങ്ങള്‍ ഒരുക്കി. 'സപ്തവര്‍ണ' എന്നാണ് സിന്ധു തന്റെ ഡിസൈനുകള്‍ക്ക് ഇട്ടിട്ടുള്ള ബ്രാന്‍ഡ് നാമം. ഇന്ന് കേരളത്തിലെ അരഡസനോളം വസ്ത്ര ഷോറുമുകളില്നിന്നും ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ട്.
മ്യൂറല്‍ ചിത്രങ്ങളിലായാലും രവിവര്മച്ചിത്രങ്ങളിലായാലും പഴയ ശൈലിയും തനതു നിറങ്ങളും മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുന്ന ഈ കലാകാരി സ്വന്തം വര്‍ണക്കൂട്ടുകള്‍ പരീക്ഷിക്കുന്നത് കഥാചിത്രങ്ങളില്‍ മാത്രമാണ്. ചൈനീസ് മ്യൂറല്‍, മധുബനി പെയിന്റിങ് തുടങ്ങിയവയും ഡിസൈനിങ്ങിനായി ഉപയോഗിക്കുന്നുണ്ട്.
sapthavarna7.blogspot.in

NEWS LETTER
RSS











