സംഗീത സംവിധായിക, സംഗീതാധ്യാപിക, ഗവേഷക, കര്‍ണാടകസംഗീത വിദ്യാര്‍ഥികള്‍ക്കുള്ള പഠന സി.ഡി. നിര്‍മാതാവ് എന്നിങ്ങനെ സംഗീതത്തിന്റെ ഭിന്നവഴികളില്‍ വ്യക്തിത്വംപതിപ്പിച്ച കലാകാരിയാണ് രജനി പ്രവീണ്‍.വിദ്യാര്‍ഥികളെ കീര്‍ത്തനങ്ങള്‍ പഠിപ്പിക്കുന്നതിലുപരി അവരുടെ മനസ്സിനെ സംഗീതോന്മുഖമാക്കി മികച്ച സംഗീതജ്ഞരാക്കുക എന്നതിലാണ് രജനി എന്ന സംഗീതാധ്യാപിക ശ്രദ്ധയൂന്നുന്നത്.
പതിവ് സംഗീത ക്ലാസുകള്‍ക്കുപുറമേ 'മായാമയൂഖം' എന്ന പേരില്‍ ഒരുക്കുന്ന സംവാദാത്മക സംഗീതസദസ്സുകള്‍ ഈ ലക്ഷ്യംവെച്ചുകൊണ്ടുള്ളതാണ്. ഇത്തരം പഠനാനുഭവങ്ങള്‍ സംഗീതത്തെ ആഴത്തില്‍ മനസ്സിലാക്കാനും കൂടുതല്‍ ആത്മവിശ്വാസത്തോടെ വേദികളില്‍ തയ്യാറെടുക്കാനും സഹായിക്കുന്നതായി രജനിയുടെ ശിഷ്യസഞ്ചയം സാക്ഷ്യപ്പെടുത്തുന്നു.
മുംബൈയിലെ വൈഷ്ണവക്ഷേത്രത്തില്‍ നടത്തിയ കച്ചേരികേട്ട് തബല ചക്രവര്‍ത്തി ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അഭിനന്ദിച്ചതും മൂകാംബികയില്‍ ഗാനഗന്ധര്‍വന്‍ യേശുദാസിനൊപ്പം കച്ചേരിനടത്തിയതും ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമായി രജനി സൂക്ഷിക്കുന്നു. മധുരമീനാക്ഷിക്ഷേത്രം, ചെന്നൈ സംഗീതസഭ, തിരുമാന്ധാംകുന്ന് എന്നിവിടങ്ങളിലും ഇവര്‍ കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ ഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ 'വേവിങ് ഓഫ് മ്യൂസിക്' എന്ന വിഷയത്തില്‍ ഗവേഷണം നടത്തുകയാണ്.
പ്രസന്നകുമാറിന്റെ സംവിധാനത്തില്‍ തയ്യാറാക്കിയ 'മഴവില്‍' ആല്‍ബത്തിന്റെയും എം. രാജേന്ദ്രന്റെ 'വസന്തകാലം' ടെലിഫിലിമിന്റെയും സംഗീതസംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്. ചലച്ചിത്രലോകത്ത് സാന്നിധ്യം അറിയിക്കാനുള്ള ഒരുക്കത്തിലാണിപ്പോള്‍.
ഗുരുവിന്റെ സഹായമില്ലാതെ സംഗീതാഭിരുചിയുള്ളവര്‍ക്ക് കര്‍ണാട്ടിക് സംഗീതപാഠം ഹൃദിസ്ഥമാക്കാനുള്ള സി.ഡി. 'കര്‍ണാടക സംഗീതപഠനം' നിര്‍മിച്ചതാണ് സംഗീതലോകത്തിനുള്ള രജനിയുടെ മറ്റൊരു സംഭാവന. ഓംകാരംമുതല്‍ വര്‍ണംവരെയുള്ള സംഗീതപാഠങ്ങള്‍ സ്വയംപഠിച്ചെടുക്കാനാകുമെന്നതാണ് ഈ സി.ഡി.യുടെ പ്രത്യേകത.
കീര്‍ത്തനം, രാഗാലാപനം, നിരവില്‍, മനോധര്‍മസ്വരങ്ങള്‍ പാടാനുള്ള മാര്‍ഗദര്‍ശനങ്ങള്‍, രാഗങ്ങളുടെ വ്യതിചലനങ്ങള്‍ എന്നിവയാണ് രണ്ടാംഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്.
ബിസിനസ്സുകാരനായ ഭര്‍ത്താവ് പ്രവീണ്‍കുമാറിന്റെ പിന്തുണയും പ്രോത്സാഹനവുമാണ് തന്റെ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം പ്രചോദനമെന്ന് രജനി പറഞ്ഞു. ഫറോക്കിലെ മുദ്ര സംഗീത അക്കാദമി, യങ്‌മെന്‍സ് ലൈബ്രറി തുടങ്ങിയവിടങ്ങളിലും ഇവര്‍ വിദ്യാര്‍ഥികള്‍ക്ക് സംഗീതത്തിലും വയലിനിലും പാഠങ്ങള്‍ പകര്‍ന്നുനല്‍കുന്നു. ചെറുവണ്ണൂരിലെ സെന്റ് ഫ്രാന്‍സിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ സംഗീതാധ്യാപികയാണ്. 'ഇഗ്‌നു' ക്ലാസുകളും സംഗീതനാടക അക്കാദമിയുടെ ക്ലാസുകളും നയിക്കാറുണ്ട്. 2008-ല്‍ തിരുവനന്തപുരം ആദിശങ്കര വേദവാദാന്ത സംഗീത ശിക്ഷക് പുരസ്‌കാരം ലഭിച്ചു. ആകാശവാണിയിലെ ഗ്രേഡഡ് ആര്‍ട്ടിസ്റ്റുമാണ്.

NEWS LETTER
RSS











