MATHRUBHUMI RSS
Loading...
തട്ടത്തിന്‍ മറനീക്കി
സി.ശ്രീകാന്ത്‌

കലയുടെ വെട്ടം വേദിയില്‍ നിറയുമ്പോള്‍ 'തട്ടത്തിന്‍ മറ' നീക്കി ജഹനാരാ റഹ്മാന്‍ അരങ്ങിലെത്തും; സുഭദ്രയായി. അവള്‍ സുഭദ്രയുടെ ആകുലതകള്‍ പകര്‍ന്നാടുമ്പോള്‍ നങ്ങ്യാര്‍കൂത്ത് എന്ന ക്ഷേത്രകലാരൂപത്തിന് ജനകീയതയുടെ മൈലാഞ്ചി മൊഞ്ച്. നങ്ങ്യാര്‍കൂത്ത് രംഗത്തെ ആദ്യ മുസ്‌ലിം കലാകാരിയായ ജഹനാര റഹ്മാന്റെ 'നിത്യക്രിയ' നങ്ങ്യാര്‍കൂത്തിന് ആഗസ്ത് 22ന് തലസ്ഥാനം വേദിയാകും. ഈ കലാകാരിയുടെ ചുവടുകള്‍ മറികടക്കുന്നത് മതത്തിന്റെ അതിരുകളെയാണ്.

തൃശ്ശൂര്‍ വടക്കാഞ്ചേരി സ്വദേശിനിയും കൊച്ചി സഹകരണ മെഡിക്കല്‍ കോളേജ് ഒന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനിയുമായ ജഹനാരയുടെ കലാസപര്യ കഥകളിയും കുടിയാട്ടവും കടന്നാണ് നങ്ങ്യാര്‍കൂത്തിലെത്തിയത്. സംസ്ഥാന സ്‌കൂള്‍ കലോത്സവവേദികളില്‍ കൂടിയാട്ടത്തിനും കഥകളിക്കുമൊക്കെ സമ്മാനങ്ങള്‍ വാരിക്കൂട്ടിയ ഈ കലാകാരി തിരിച്ച് അരങ്ങിന് അമ്പരപ്പ് സമ്മാനിച്ചിരുന്നു. മത്സരയിനം മാത്രമല്ല തനിക്ക് ഈ കലകളെന്ന് തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ജഹനാര തെളിയിച്ചു. അമ്പലങ്ങളിലെ ഉത്സവരാത്രികളിലടക്കം കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ഈ കലാകാരിയുടെ കഥകളിയും കൂടിയാട്ടവുമൊക്കെ കൈയടി നേടി. ഗുരുവായൂര്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലും 'രൗദ്രഭീമ'നായി ജഹനാര നിറഞ്ഞാടി. മുന്നാം ക്ലാസ് മുതല്‍ ക്ലാസിക്കല്‍ നൃത്തം പഠിക്കുന്ന ജഹനാര പത്താംക്ലാസില്‍ സംസ്‌കൃതം പഠിച്ചുതുടങ്ങി. ഈ സംസ്‌കൃതപ്രേമം പതിയെ കിരീടംവെച്ച് തൊങ്കല്‍ ചാര്‍ത്തി വളര്‍ന്നു. കഥകളിയും കുടിയാട്ടവുമൊക്കെ എന്താണെന്നറിയാനുള്ള ശ്രമമായിരുന്നു ആദ്യം. പിന്നീട് കലാമണ്ഡലം കനകകുമാറിന്റെ ശിഷ്യയായി കഥകളിയും കൂടിയാട്ടവും അഭ്യസിച്ചു. 2009-ലെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടി. തുടര്‍ന്ന് ആസ്വാദകരില്‍ 'അത്ഭുത' ഭാവം സമ്മാനിച്ച് നിരവധി വേദികള്‍. അച്ഛന്‍ അബ്ദുള്‍ റഹ്മാന്റെയും ഉമ്മ ഷാഹിദയുടെയും പിന്തുണയായിരുന്നു ഈ മൈലാഞ്ചി കൈകളിലെ മുദ്രകള്‍ക്ക് ശക്തി. നങ്ങ്യാര്‍കൂത്ത് അഭ്യസിച്ചു തുടങ്ങിയിട്ട് രണ്ടുവര്‍ഷമായി. ക്ഷേത്രകലകളുടെ ഉപാസകയായപ്പോള്‍ സാമുദായികമായ ഒരെതിര്‍പ്പും ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല നാട്ടുകാരുടെ പ്രിയതാരമാവുകയും ചെയ്തു. നാട്ടുകാരുടെ വക പൗരസ്വീകരണങ്ങളും ഈ കലാകാരിക്ക് മുന്നോട്ടുപോകാനുള്ള ഊര്‍ജം നല്‍കി.

കേന്ദ്ര സംഗീതനാടക അക്കാദമിക്ക് കീഴിലുള്ള കൂടിയാട്ടം കലാകേന്ദ്രം തിരുവനന്തപുരം മ്യൂസിയം വളപ്പില്‍ സ്ഥിരംവേദി ആരംഭിച്ചതിന്റെ ഭാഗമായാണ് ജഹനാരയുടെ നങ്ങ്യാര്‍കൂത്ത് 22ന് അരങ്ങിലെത്തുന്നത്. സുഭദ്രയും തോഴിയും കഥപറയുന്ന 'നിത്യക്രിയ' യാണ് അവതരണം. കലാമണ്ഡലം കൃഷ്‌ണേന്ദുവിന്റെ 'കംസജനന'വും ബുധനാഴ്ച വൈകീട്ട് അരങ്ങിലെത്തും. മെഡിക്കല്‍ വിദ്യാര്‍ഥിയുടെ വേഷമണിയുമ്പോഴും കലയുടെ പച്ചവേഷം അഴിയാതെ കാക്കുകയാണ് ജഹനാര.