എ.ജെ.ലെന്‍സി
കോഴിക്കോട് ലോ കോളേജില്‍ എല്‍.എല്‍ബിക്ക് പ്രവേശനം കിട്ടിയപ്പോള്‍ ഒരു ബിരുദമായിക്കോട്ടെ എന്നേ കരുതിയുള്ളൂ. മൂന്നുവര്‍ഷത്തെ പഠനത്തിനുശേഷം സഹപാഠികളെല്ലാം കറുത്ത കോട്ടണിഞ്ഞ് കോടതിയില്‍ പ്രാക്ടീസിന് കയറിയപ്പോഴും സുചിത്ര ചെല്ലപ്പന്‍ എന്‍റോള്‍ചെയ്തില്ല. കോടതികളില്‍ കയറിയിറങ്ങി വാദപ്രതിവാദങ്ങള്‍ക്ക് ശ്രമിച്ചില്ല. ഒരു സ്ഥിരംജോലിക്കുവേണ്ടി പ്രയത്‌നിച്ചു. റവന്യൂവകുപ്പില്‍ പി.എസ്.സി. പരീക്ഷയെഴുതി ജോലി നേടി. പക്ഷേ, ഇന്ന് കരസേന ആസ്ഥാനങ്ങളില്‍ ചെന്നാല്‍ സുചിത്രയ്ക്കുമുമ്പില്‍ സല്യൂട്ടുകള്‍ നിറയും. ജമ്മുകശ്മീരിലെ ഉധംപുരിലെ ക്വാര്‍ട്ടേഴ്‌സിലും ജോലി സ്ഥലത്തും അകമ്പടിയായി വാഹനവും പരിവാരങ്ങളും.
കോര്‍ട്ട് മാര്‍ഷല്‍ ഉള്‍പ്പെടെയുള്ള കോടതിയുടെ നിയമനടപടികളില്‍ സുചിത്രയുടെ വാദങ്ങള്‍ക്കായി കാത്തിരിക്കുന്നവരുണ്ട്.
കരസേനയിലെ ജഡ്ജിയാണ് ഇന്ന് സുചിത്ര. റവന്യൂവകുപ്പിലെ ജോലി രാജിവെച്ച് കരസേനയിലേക്ക് പ്രവേശിക്കുന്നത് ആറുവര്‍ഷം മുമ്പാണ്. നേടിയ നിയമബിരുദത്തെ കൈവിട്ടില്ല. അതുകൊണ്ടുതന്നെ പട്ടാളക്കോടതിയായ ജഡ്ജ് അഡ്വക്കേറ്റ് ജനറല്‍ വിഭാഗത്തില്‍ തന്നെ ആദ്യനിയമനം ലഭിച്ചു, ലഫ്റ്റനന്റ് ആയിട്ട്. ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയിലായിരുന്നു പരിശീലനം. ആദ്യനിയമനം ഭോപ്പാലിലായിരുന്നു. പിന്നീട് ഹിമാചല്‍പ്രദേശിലെ യോലെയിലും ജോലിചെയ്തു. നോര്‍ത്തേണ്‍ കമാന്‍ഡന്റായ ജമ്മുകശ്മീരിലെ ഉധംപുരിലാണ് ഇപ്പോള്‍ ജഡ്ജ് അഡ്വക്കറ്റ് ജനറലായി ജോലിനോക്കുന്നത്.
കരസേനയില്‍ ക്യാപ്റ്റന്‍ റാങ്കിലുള്ള സുചിത്രയെത്തേടി അടുത്തുതന്നെ മേജര്‍റാങ്ക് എത്തും. കശ്മീരില്‍ ഏറെനാളായി തുടരുന്ന സുചിത്രയ്ക്ക് ഇന്ത്യയിലെ ഏതുനാട്ടിലും ജോലിചെയ്യാന്‍ സന്തോഷമാണ്.
കശ്മീരിനെക്കുറിച്ച് കേട്ടുപരിചയമുള്ള ചിത്രമല്ല സുചിത്രയുടെ വാക്കുകളില്‍. സമാധാനാന്തരീക്ഷം, സ്‌നേഹമുള്ള നാട്ടുകാര്‍. പ്രാദേശികവാദികളെ അധികമൊന്നും കണ്ടുമുട്ടിയിട്ടില്ല. രാജ്യസ്‌നേഹത്തോടെ ജോലിചെയ്യുന്നതിന് ഒന്നും തടസ്സമായിട്ടില്ല.
പെണ്‍കുട്ടികള്‍ അധികമൊന്നും കയറിവന്നിട്ടില്ലാത്ത കരസേനയിലെ നിയമവിഭാഗത്തില്‍ പെന്‍ഷന്‍പറ്റും വരെ തുടരാനാണ് സുചിത്രയുടെ ആഗ്രഹം. കാരണം രാജ്യസ്‌നേഹംതന്നെ. മലയാളികളായ പെണ്‍കുട്ടികള്‍ വിരലിലെണ്ണാന്‍മാത്രമേ ഈ തസ്തികയിലേക്കെത്തുന്നുള്ളൂ. ഈ ജോലിക്ക് ലഭിക്കുന്ന സ്ഥാനവും സുരക്ഷിതത്വവുമാണ് സുചിത്രയെ കരസേനയില്‍ പിടിച്ചുനിര്‍ത്തുന്നത്. നീതിന്യായവ്യവസ്ഥയുടെ കാര്‍ക്കശ്യത്തെക്കുറിച്ചും കരസേനയുടെ കൃത്യനിഷ്ഠതയെക്കുറിച്ചും കോഴിക്കോട് അത്താണിക്കല്‍ 'ശ്രീശോഭ'ത്തില്‍ ഇരുന്നുകൊണ്ട് അഭിമാനത്തോടെയാണ് സുചിത്ര പറയുന്നത്.
വ്യോമസേനയില്‍ സ്‌ക്വാഡ്രണ്‍ ലീഡര്‍(എന്‍ജിനീയര്‍) ആയ ഭര്‍ത്താവ് ശ്രീനാഥും കശ്മീരിലാണ് ജോലി ചെയ്യുന്നത്. കോഴിക്കോട് സെയില്‍സ്ടാക്‌സ് വിഭാഗത്തില്‍ അഡീഷണല്‍ ലീഗല്‍ ഓഫീസറായി വിരമിച്ച ശോഭനയുടെയും ചെല്ലപ്പന്റെയും മകളാണ് സുചിത്ര.

NEWS LETTER
RSS











