MATHRUBHUMI RSS
Loading...
അല്ലാരഖി വെളിച്ചം കണ്ടു, മൂന്ന് പതിറ്റാണ്ടിനുശേഷം
ഒ.രാധിക

അല്ലാരഖി ശസ്ത്രക്രിയയ്ക്കുശേഷം


അല്ലാരഖിക്ക് ഇത് പുനര്‍ജന്മമാണ്. മൂന്നുപതിറ്റാണ്ടായി അവള്‍ മുഖമില്ലാത്തവളായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം ഇപ്പോഴാണ് പാകിസ്താന്‍കാരി അല്ലാരഖി വെളിച്ചം കണ്ടത്. തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമാവേണ്ടിയിരുന്ന യൗവനം മുഴുവന്‍ അവള്‍ ഇരുട്ടറയിലാണ് കഴിച്ചുകൂട്ടിയത്. സ്വന്തം ഭര്‍ത്താവ് തന്നെയാണ് അതിന് കാരണമായത്. ഭര്‍ത്താവ് ഗുലാം അബാസ മൂക്ക് ചെത്തിയെറിഞ്ഞതോടെ വിരൂപയായ അല്ലാരഖി പുറംലോകത്തുനിന്ന് ഓടിയൊളിച്ചു, തന്റെമക്കള്‍ക്കുപോലും മുഖംകൊടുക്കാതെ. തന്റെ മുഖം കാണാനിടയായാല്‍ കൊച്ചുകുട്ടികള്‍ ഉറക്കത്തില്‍പോലും ഞെട്ടിവിറയ്ക്കുമെന്ന് ഭയന്ന്.

32 വര്‍ഷം മുമ്പ് കൗമാരപ്രായത്തില്‍ രണ്ടുമക്കളുടെ അമ്മയായപ്പോള്‍ രക്ഷപ്പെടണമെന്നുമാത്രമായിരുന്നു മനസ്സില്‍. ക്രൂരമായി മര്‍ദിക്കുന്ന ഭര്‍ത്താവില്‍നിന്ന് ഓടിയൊളിക്കണം. ഒരിക്കല്‍ മര്‍ദനം സഹിക്കാനാവാതെ ഓടി തന്റെ ഗ്രാമാതിര്‍ത്തിവരെയെത്തിയതാണ്. പക്ഷേ, രക്ഷിതാക്കളുടെ അടുത്തെത്തുംമുമ്പ് അയാളുടെ പിടിയിലായി. പിന്നെ ഫലഭൂയിഷ്ഠമായ ചുവന്നമണ്ണ് അവളുടെ ചോരയില്‍ കുതിര്‍ന്നു. ഗുലാം അബാസ് അവളുടെ മൂക്ക് ചെത്തിയെറിഞ്ഞിരുന്നു.

അല്ലാരഖി ശസ്ത്രക്രിയയ്ക്കുമുമ്പ്‌
അല്ലാ ആ ദിവസം ഓര്‍ക്കുന്നു: ''തനിക്ക് പറയാനുള്ളത് കേള്‍ക്കാള്‍ പറഞ്ഞ് പിടിച്ചിരുത്തിയ അയാളോട് നിങ്ങളെന്റെ ജീവിതം നശിപ്പിച്ചു, എല്ലാ ദിവസവുമെന്നെ മര്‍ദിക്കുന്നുവെന്ന് പറഞ്ഞു. ഉടന്‍ അയാളെന്റെ നെഞ്ചില്‍ കയറിയിരുന്ന് മൂക്ക് അരിഞ്ഞുവീഴ്ത്തി. എന്റെ കണ്ണിലേക്ക് ചോരചീറ്റി. അരിശം തീരാതെ കണങ്കാലും മുറിച്ചു. ചോര വാര്‍ന്നൊഴുകുന്ന അല്ലായെ ആസ്പത്രിയിലെത്തിക്കാതെ വീട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. അല്ലാക്ക് പോലീസിനെ അറിയിക്കാനായില്ലെങ്കിലും ഭര്‍ത്താവിനെതിരെ കേസുണ്ടായി. ആറുമാസം തടവില്‍ക്കിടന്നപ്പോഴേക്കും തന്റെ പറക്കമുറ്റാത്ത കുഞ്ഞുങ്ങളുടെ പേരില്‍ ഭര്‍ത്താവിന് മാപ്പുനല്‍കേണ്ടിവന്നു. എന്നാല്‍, വീട്ടില്‍ തിരിച്ചെത്തിയ ഗുലാം അല്ലായെ മൊഴിചൊല്ലി. വീട്ടില്‍നിന്ന് പുറത്താക്കി. സ്വന്തം വീട്ടിനകത്ത് സ്വയമൊരുക്കിയ തടവറയിലേക്ക് അല്ലാ ഒതുങ്ങി. ഏറെ ചിരിക്കാനും ഉല്ലാസവതിയായി ആളുകള്‍ക്കിടയില്‍ പറന്നുനടക്കാനും ഇഷ്ടപ്പെട്ടിരുന്ന അല്ലായെന്ന പെണ്‍കുട്ടി മുഖാവരണമണിഞ്ഞ് കണ്ണാടികള്‍ ഒഴിവാക്കി, മുഖം പുറംലോകം കണിക്കാതെ ഒറ്റപ്പെട്ടുകഴിഞ്ഞു. കല്യാണങ്ങളും മരണങ്ങളുമടക്കമുള്ള എല്ലാ ചടങ്ങുകളും ഒഴിവാക്കി. അഥവാ അബദ്ധത്തിലെങ്ങാനും കുട്ടികള്‍ അല്ലായുടെ നെറ്റിക്കുതാഴെയുള്ള കുഴികണ്ടാല്‍ അലറിക്കരയാന്‍ തുടങ്ങി. അപ്പോഴൊക്കെ അല്ലാ കരുതി താന്‍ ഒരു ശവശരീരമാണെന്ന്.

നീണ്ട 32 വര്‍ഷത്തിനുശേഷം ഹമീദ് ഹസ്സന്‍ എന്ന പാക് സര്‍ജനാണ് ശസ്ത്രക്രിയയിലൂടെ അല്ലായെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്. ഈ മാര്‍ച്ചിലായിരുന്നു അത്. പിന്നെ, തന്റെ മകനൊപ്പം ഗുലാം താമസിക്കുന്ന വീട്ടിലേക്ക് അല്ലാ മടങ്ങിയെത്തി.
ഗുലാം അബ്ബാസ്‌
തലയും താടിയും നരച്ച് വാര്‍ധക്യത്തിലേക്ക് കടന്നിട്ടും ഗുലാമിന്റെ മനോഭാവത്തില്‍ മാറ്റമൊന്നുമില്ല. ഇത്രയൊക്കെയായിട്ടും ഗുലാമിന് കൂസലില്ല. എല്ലാം അവളുടെ തെറ്റുകൊണ്ടാണെന്നും അതിനുള്ള ശിക്ഷയാണെന്നും കൂസലില്ലാതെ അയാള്‍ പറയുന്നു. തന്റെ ഭാര്യയായി കഴിയാനാവുമെങ്കില്‍ മാത്രം ഇവിടെ കഴിഞ്ഞാല്‍ മതിയെന്ന മുന്നറിയിപ്പും.

അല്ലെങ്കിലും പാകിസ്താനിലെ പുരുഷന്‍മാര്‍ക്ക് ഇതില്‍ അത്ര അതിശയമൊന്നുമില്ല. തനിക്ക് വഴങ്ങാത്തവള്‍, തന്നെ അനുസരിക്കാത്തവള്‍ ശിക്ഷയര്‍ഹിക്കുന്നവര്‍തന്നെ. ചിലപ്പോള്‍ കൊന്ന് അല്ലെങ്കില്‍ കഠിനമായി മര്‍ദിച്ച് അവര്‍ അത് നടപ്പാക്കുന്നു. കഴിഞ്ഞ ഒരൊറ്റവര്‍ഷംമാത്രം പാകിസ്താന്റെ വിവിധഭാഗങ്ങളിലായി ഇത്തരത്തില്‍ കൊല്ലപ്പെട്ടത് 900 സ്ത്രീകളാണ്. ഒമ്പത് സ്ത്രീകള്‍ക്ക് മൂക്കോ മറ്റ് അവയവങ്ങളോ നഷ്ടമായി.

അല്ലാ ഇന്ന് അതിജീവനത്തിനുള്ള തയ്യാറെടുപ്പിലാണ്. ഒരു ജോലി കണ്ടെത്തണം, കഠിനാധ്വാനിയായ മകന് സഹായമാവണം. ഭര്‍ത്താവില്ലാതെ സ്വയം ജീവിക്കണം.