MATHRUBHUMI RSS
Loading...
കേക്ക് ഉണ്ടാക്കുന്നവരുടെ കഥ

രണ്ടാം ലോകമഹായുദ്ധം അവസാനിപ്പിച്ചു എന്ന് പറയുന്ന ഒരു കേക്കുണ്ട്. നാല് ദിവസം കൊണ്ടാ അതുണ്ടാക്കിയത്. ജുവാന്‍സ് റെയിന്‍ബോ എന്നാണ് ഈ കേക്കിന്റെ പേര്...ജുവാന്‍ ലോബോ എന്ന ഫ്രഞ്ചുകാരി യുദ്ധത്തിന് പോയ ഭര്‍ത്താവ് ആല്‍ബര്‍ട്ടിന് വേണ്ടി ഉണ്ടാക്കിയതാണ് ഈ റെസിപ്പി...സ്‌ട്രോബറി കൊണ്ടാണ് ജുവാന്‍ ആദ്യദിവസം കേക്കുണ്ടാക്കിയത്. യുദ്ധമവസാനിച്ചില്ല. വരാമെന്ന് പറഞ്ഞ ദിവസം ആല്‍ബര്‍ട്ട് വന്നില്ല...

പിറ്റേന്ന് ജുവാന്‍ ഒരു പിസ്ത കേക്കുണ്ടാക്കി ആല്‍ബര്‍ട്ടിനെ കാത്തിരുന്നു. അന്നും അയാള്‍ വന്നില്ല. അവളതു സ്‌ട്രോബറി കേക്കിനോട് ചേര്‍ത്തു വച്ചു.

പ്രതീക്ഷയുടെ മൂന്നാം നാള്‍.....

ജുവാന്‍ തന്റെ മുറ്റത്ത് ആദ്യമായി കായ്ച്ച ഓറഞ്ച് മരത്തില്‍ നിന്നും പഴുത്ത ഓറഞ്ചുകള്‍ നോക്കി പറിച്ചെടുത്ത് കേക്കുണ്ടാക്കി കാത്തിരുന്നു. പക്ഷേ അന്നും യുദ്ധമവസാനിച്ചില്ല.

നാലാം നാള്‍......

യുദ്ധം അവസാനിച്ചു...മൂന്നു ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ അവള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചോക്‌ലേറ്റുകളുമായി ആല്‍ബര്‍ട്ട് വന്നു. അവള്‍ അതവന് വേണ്ടി കരുതി വച്ച കേക്കിലേക്ക് ഉരുക്കി ചേര്‍ത്തു. അവരൊരുമിച്ച് കേക്ക് കഴിച്ചു. ആല്‍ബര്‍ട്ട് അവളുടെ ചെവിയില്‍ പറഞ്ഞു. നീ ഒരു ലോക മഹായുദ്ധം അവസാനിപ്പിച്ചിരിക്കുന്നു.....


തിയറ്ററുകള്‍ക്കൊപ്പം ആസ്വാദകരുടെ മനസും നിറച്ച സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന സിനിമയില്‍ കാളിദാസന്‍, മായയോട് പറയുന്ന കേക്ക് കഥ കേട്ട് വായില്‍ കപ്പലോടാത്തവര്‍ ചുരുക്കം..ഈ കേക്കിന്റെ റെസിപ്പി തേടി പലരും സംവിധായകനെ വരെ വിളിച്ചുവെന്നാണ് മറ്റൊരു കഥ.. എന്താണ് ഈ വിദേശിപ്പലഹാരത്തിന് ഇത്ര പ്രത്യേകത...ഒന്നു രുചിച്ചു നോക്കാത്തവര്‍ പോലും പറയും കണ്ടാല്‍ തന്നെ എടുത്തു കഴിക്കാന്‍ തോന്നില്ലേ എന്ന്.... എന്നാല്‍ ഇവിടെ പറയാന്‍ പോകുന്നത് കേക്കിനെക്കുറിച്ചല്ല, നാവില്‍ രുചിയുടെ പൂക്കാലം സമ്മാനിക്കുന്ന കേക്കുണ്ടാക്കുന്നവരെക്കുറിച്ചാണ്. സ്വാദിനൊപ്പം നല്ലൊരു വരുമാനമാര്‍ഗം കൂടിയായ കേക്ക് നിര്‍മ്മാണം ഒരു ബിസിനസായി കൊച്ചിയുടെ ആധുനിക അടുക്കളകളില്‍ പടര്‍ന്നു കഴിഞ്ഞു...സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന ഒരു മേഖലയാണിപ്പോള്‍ അത്.

കേക്ക് ബേക്ക് ബൈ റോസ്‌മേരി

കൊച്ചിന്‍ റിഫൈനറിയിലെ ബര്‍ത്ത്‌ഡേ പാര്‍ട്ടികളില്‍ വച്ചാണ് റോസ്‌മേരി ഡക്കറേറ്റീവ് കേക്കുകള്‍ ആദ്യമായി കാണുന്നത്. ഉത്തരേന്ത്യന്‍ സുഹൃത്തായ രോഹന്റെ അമ്മ ഷീലാ ദത്തന്‍ മക്കളുടെ പിറന്നാള്‍ ആഘോഷങ്ങള്‍ക്കായി മനോഹരവും സ്വാദിഷ്ഠവുമായ കേക്കുകള്‍ ഉണ്ടാക്കാറുണ്ടായിരുന്നു. സാദാ കേക്കുകള്‍ കണ്ടു പരിചയിച്ച റോസ്‌മേരിക്ക് ഈ കേക്കുകള്‍ കൗതുകം പകര്‍ന്നു. ഈ കൗതുകമാണ് റോസ്‌മേരിയെ കേക്കിന്റെ ലോകത്തെ റാണിയാക്കിയത്. ഇരുപത് വര്‍ഷമായി കേക്ക് നിര്‍മ്മാണ മേഖലയിലുള്ള റോസ്‌മേരിയെ ഒരു പക്ഷേ നിങ്ങള്‍ക്കറിയില്ലെങ്കിലും അവര്‍ രുചിക്കൂട്ടൊരുക്കിയ കേക്കുകള്‍ നിങ്ങളുടെ നാവില്‍ ഒരിക്കലെങ്കിലും വിരുന്നെത്തിയിട്ടുണ്ടാകും.

റോസ്‌മേരിയുടെ കേക്കുകള്‍ക്ക് ചെറുതല്ലാത്ത താരസ്പര്‍ശം കൂടിയുണ്ടെന്ന് വേണം പറയാന്‍. മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്റെ വിവാഹ വേളയില്‍ വധൂവരന്‍മാര്‍ക്ക് മധുരം പകര്‍ന്നുകൊടുത്തത് റോസ് മേരി തയ്യാറാക്കിയ കേക്കാണ്. വെളുപ്പില്‍ സ്വര്‍ണവര്‍ണം ഇഴ ചേര്‍ത്ത ഈ കേക്ക് ദുല്‍ഖറിനും വധുവിനുമൊപ്പം ക്യാമറകളുടെ കണ്ണിലും പതിഞ്ഞു. നടി മംമ്ത മോഹന്‍ദാസിന്റെ വിവാഹത്തിന് മുറിച്ചതും, ജോയ് ആലുക്കാസിന്റെ മകളുടെ വിവാഹവേളയില്‍ മധുരാശംസകള്‍ നേര്‍ന്നതും റോസ്‌മേരി ഉണ്ടാക്കിയ കേക്കുകളാണ്. പീലി വിടര്‍ത്തിയാടുന്ന മയില്‍ ആയിരുന്നു മംമ്തയുടെ വിവാഹ കേക്കിനായി റോസ് തയ്യാറാക്കിയത്. താരവിവാഹങ്ങള്‍, പിറന്നാള്‍ ആഘോഷങ്ങള്‍ എന്ന് വേണ്ട കേക്കിന്റെ സാന്നിധ്യമുള്ളിടത്തെല്ലാം ഓര്‍ഡര്‍ ചെയ്താല്‍ മതി റോസ്‌മേരി ഉണ്ടാക്കുന്ന കേക്കുകള്‍ രുചി പകരാനെത്തും.

കുട്ടിക്കാലം മുതലേ കേക്കിന്റെ രുചിയില്‍ മയങ്ങിയ റോസ്‌മേരി 1990ല്‍ യു.കെയില്‍ മൂന്ന് മാസത്തെ ഷുഗര്‍ക്രാഫ്റ്റ് കോഴ്‌സിന് ചേര്‍ന്നതോടെയാണ് കേക്ക് നിര്‍മ്മാണത്തെ ഗൗരവത്തോടെ കാണാന്‍ തുടങ്ങിയത്. തുടര്‍ന്ന് അമേരിക്കയില്‍ കേക്ക് വിദഗ്ദ്ധരായ വില്‍റ്റ്‌സണ്‍ സ്‌കൂളില്‍ ഒരു മാസത്തെ കോഴ്‌സും പഠിച്ചു. 1997 മുതലാണ് റോസ്‌മേരി കൊച്ചി നഗരത്തിന് കേക്കിന്റെ സ്വാദ് ബേക്ക് ചെയ്യാന്‍ തുടങ്ങിയത്. എളംകുളത്തെ വീട്ടില്‍ നിന്നാണ് റോസ്‌മേരി കേക്കിന്റെ രുചിക്കൂട്ടൊരുക്കുന്നത്. സഹായത്തിനായി രണ്ട് ജീവനക്കാരുമുണ്ട്. ഒരു ദിവസം തന്നെ നിരവധിഓര്‍ഡറുകള്‍ വരാറുണ്ടെന്ന് റോസ്‌മേരി പറയുന്നു. ചോക്‌ലേറ്റ്, വാനില, ഓറഞ്ച്, ഫ്രൂട്ട്, കോഫി കേക്ക്, ബ്‌ളാക്ക് ഫോറസ്റ്റ് എന്നീ ഫ്ലേവറുകള്‍ക്കാണ് കൂടുതല്‍ ഡിമാന്‍ഡ്. അതില്‍ തന്നെ പ്രീമിയം ചോക്ക്‌ലേറ്റ് കേക്കിനും കോഫി കേക്കിനും ഡിമാന്‍ഡ് പിന്നെയും കൂടും. തീമനുസരിച്ചും റോസ്‌മേരി കേക്ക് ചെയ്തു കൊടുക്കാറുണ്ട്. കുട്ടികള്‍ക്കുളള പിറന്നാള്‍ കേക്കുകളാണെങ്കില്‍ ഭൂരിഭാഗവും കാര്‍ട്ടൂണുകളെക്കൊണ്ട് നിറയും. കല്യാണങ്ങള്‍ക്ക് വധൂവരന്‍മാരുടെ താല്‍പര്യങ്ങള്‍ക്കായിരിക്കും മുന്‍തൂക്കം. എന്‍. ആര്‍. ഐക്കാരും റോസ്‌മേരിയുടെ സ്ഥിരം കസ്റ്റമേഴ്‌സാണ് . അവര്‍ മിക്കവാറും പറഞ്ഞു കേട്ടു വരുന്നവരാണെന്ന് റോസ്‌മേരി. ഇവന്റ് മാനേജ്‌മെന്റ് കമ്പനികള്‍ വഴിയും റോസ്‌മേരിക്ക് ഓര്‍ഡറുകള്‍ ലഭിക്കാറുണ്ട്. കേക്കിനോടുള്ള താല്‍പര്യം എന്ന നിലയിലും ബിസിനസ് എന്ന നിലയിലും കേക്ക് നിര്‍മ്മാണം സംതൃപ്തി പകരുന്നതാണെന്ന് റോസ്‌മേരി സാക്ഷ്യപ്പെടുത്തുന്നു.

രുചിവൈവിധ്യം പകര്‍ന്ന് റുമാന

മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാല്‍ ഇത്തവണ പിറന്നാള്‍ ആഘോഷിച്ചത്, കോഴിക്കോട് സ്വദേശിയും കൊച്ചിയുടെ മരുമകളുമായ റുമാന ജസീല്‍ ഡിസൈന്‍ ചെയ്ത് തയ്യാറാക്കിയ കേക്ക് മുറിച്ചായിരുന്നു. സ്വര്‍ണ വര്‍ണത്തില്‍, അരികില്‍ ചോക്ക്‌ലേറ്റ് ത്രീഡി പൂക്കള്‍ കൊണ്ട് അലങ്കരിച്ച യ്ത്തഹാപ്പി ബര്‍ത്ത്‌ഡേ റ്റു യു മൈ എവര്‍ യംഗ് ഹീറോയ്ത്ത എന്നെഴുതിയ പിറന്നാള്‍ കേക്ക് ലാലിന് സമ്മാനിച്ചത് ഭാര്യ സുചിത്രയായിരുന്നു. ലാല്‍ മാത്രമല്ല, മന്ത്രി കെ. എം മാണിയുടെ കൊച്ചു മകളും ഗായകന്‍ വിജയ് യേശുദാസിന്റെ മകളുമെല്ലാം പിറന്നാള്‍ മധുരം രുചിച്ചത് റുമാനയുടെ കേക്കിലൂടെയാണ്.


ബാഗ്‌ളൂരില്‍ ജനിച്ച് വളര്‍ന്ന റുമാനയ്ക്ക് എട്ടാം ക്ലാസ് മുതല്‍ തുടങ്ങിയതാണ് ബേക്കിംഗ് രംഗത്തോടുള്ള താല്‍പര്യം. പിന്നീട് ന്യൂട്രീഷനില്‍ ബിരുദവും ബിരുദാനന്തര ബിരുദവും ചെയ്യുമ്പോള്‍ കേക്കിനെ കൂടുതല്‍ പരിചയപ്പെടാനുള്ള അവസരമായി. പഠനകാലയളവില്‍ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഇന്റേണ്‍ഷിപ്പിന് പോയതും കേക്കില്‍ പുതിയ രുചിക്കൂട്ടൊരുക്കാന്‍ സഹായകമായി. പിന്നീട് വിവാഹം കഴിഞ്ഞതോടെയാണ് റുമാന എറണാകുളത്തേക്ക് വരുന്നത്. മുന്‍ ബാഡ്മിന്റണ്‍ താരമായ ജസീല്‍ പര്‍വേസ് ഇസ്മായില്‍ ആണ് റുമാനയുടെ ഭര്‍ത്താവ്. അറ്റ്‌ലാന്റിസ് ജംഗ്ഷന് സമീപമുള്ള സ്വന്തം വീട്ടിലാണ് റുമാന കേക്കുണ്ടാക്കുന്നതും ഓര്‍ഡര്‍ സ്വീകരിക്കുന്നതുമെല്ലാം. ഫേസ്ബുക്കില്‍ ഇന്‍ക്രഡിബിള്‍ ആര്‍ട്ട ് ആരംഭിച്ചതോടെയാണ് കൂടുതല്‍ ഓര്‍ഡര്‍ ലഭിക്കാന്‍ തുടങ്ങിയതെന്ന് റുമാന പറഞ്ഞു. റുമാന ഉണ്ടാക്കുന്ന ചോക്‌ലേറ്റ് കേക്കിനാണ് കൂടുതല്‍ ഡിമാന്‍ഡ്. യൂറോപ്യന്‍ ഡെസേര്‍ട്ടുകള്‍, ടീ ഫ്ലേവര്‍ ഡസേര്‍ട്ട് ഇതെല്ലാം റുമാന സ്‌പെഷ്യലുകളാണ്.

വിവാഹങ്ങള്‍ക്ക് വേദിയുടെ സ്വഭാവം അനുസരിച്ചാണ് റുമാന കേക്ക് ഡിസൈന്‍ ചെയ്യുന്നത്. പിറന്നാളുകള്‍ക്ക് തീമിന്റെ അടിസ്ഥാനത്തിലും. വിവാഹ സീസണുകളില്‍ നിറയെ ഓര്‍ഡറുകള്‍ ലഭിക്കാറുണ്ടെങ്കിലും എല്ലാം ഒറ്റയ്ക്ക് ചെയ്യുന്നതുകൊണ്ട് അധികം ഓര്‍ഡറുകള്‍ സ്വീകരിക്കാറില്ലെന്ന് റുമാന പറയുന്നു. സ്ഥിരം ഉപഭോക്താക്കളാണ് റുമാനയ്ക്കുള്ളത്. ഒരു പ്രാവശ്യം കേക്കിന്റെ രുചിയറിഞ്ഞാല്‍ പിന്നെ വീണ്ടും തേടിയെത്തുന്ന കേക്ക് പ്രേമികളാണിവര്‍.

കേക്കിന്റെ ലക്ഷ്മി

നിയമത്തില്‍ ബിരുദാനന്തര ബിരുദമെടുത്ത ജയലക്ഷ്മി ദീപക്, കേക്കിന്റെ ലോകത്തേക്ക് കടന്നത് യാദൃച്ഛികമായിട്ടല്ല. ബാഗ്‌ളൂര്‍ ഐ.ബി.സി.എയില്‍ നിന്നും ബേക്കിംഗ് കേക്ക് ആര്‍ട്ടില്‍ ഡിപ്ലോമയെടുത്ത ശേഷമാണ് ജയലക്ഷ്മി ബേക്കിംഗ് രംഗത്തെ തിരക്കുകളില്‍ മുഴുകിയത്. തൃപ്പൂണിത്തുറയിലെ അടിയാട്ട് വീടിനോട് ചേര്‍ന്നുള്ള ഷുഗര്‍ക്രാഫ്റ്റ് ഇന്ന് രാജനഗരിക്ക് കേക്കിന്റെ മധുരം സമ്മാനിക്കുന്ന ഇടം കൂടിയാണ്. തീം കേക്കുകള്‍ തന്നെയാണ് ലക്ഷ്മിയുടേയും സ്‌പെഷ്യല്‍. പിറന്നാളുകള്‍ കേന്ദ്രീകരിച്ചാണ് ഈ തീം കേക്കുകള്‍ ഭൂരിഭാഗവും തയ്യാറാക്കുന്നത്. ബാര്‍ബി ഡോള്‍, നക്ഷത്രങ്ങള്‍, ഹൃദയം തുടങ്ങിയ തീമുകളാണ് ജയലക്ഷ്മി കേക്കില്‍ പകര്‍ത്താറുള്ളത്.

തീം കേക്കുകള്‍ക്ക് അലങ്കാരത്തിനുള്ള നിരക്ക് ഉള്‍പ്പെടെ കിലോ ഗ്രാമിന് 750 രൂപ നിരക്കിലാണ് ഷുഗര്‍ക്രാഫ്റ്റിലെ വില്‍പന. ടീ കേക്കുകളാണ് മറ്റൊരു താരം. ഇവയ്ക്ക് എല്ലാ ദിവസവും ഓര്‍ഡര്‍ ലഭിക്കാറുണ്ടെന്ന് ജയലക്ഷ്മി പറഞ്ഞു. ചെറിയ ചോക്‌ലേറ്റ് കേക്കാണ് ലക്ഷ്മിയുടെ സ്‌പെഷ്യല്‍. കടുത്ത ചോക്‌ലേറ്റ് നിറത്തിലുള്ള വളരെ മൃദുവായ ചോക്‌ലേറ്റ് കേക്കിന് നല്ല ഡിമാന്‍ഡുണ്ട്. വാനില, കാരറ്റ് കേക്കുകളാണ് ഷുഗര്‍ക്രാഫ്റ്റില്‍ ഒരുക്കുന്ന മറ്റ് കേക്കുകള്‍. ബട്ടറിന് പകരം ഓയില്‍ ഉപയോഗിക്കുന്നുവെന്നതാണ് കാരറ്റ് കേക്കിന്റെ പ്രത്യേകത. കുട്ടികള്‍ക്ക് ഇഷ്ടപ്പെടാനായി കശുവണ്ടിപ്പരിപ്പുകളും ചേര്‍ക്കും. ഏറെ പോഷകഗുണമുള്ള കാരറ്റ് കേക്ക് കുട്ടികള്‍ക്ക് നല്ലതാണെന്ന് ജയലക്ഷ്മി പറയുന്നു. ഇറക്കുമതി ചെയ്ത ചോക്ക്‌ലേറ്റുകളാണ് ജയലക്ഷ്മി കേക്ക് നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നത്. കേക്കിന്റെ അലങ്കാരപ്പണികളില്‍ ലക്ഷ്മിയ്ക്ക് കൂട്ട് സഹോദരി പൂര്‍ണിമയാണ്. ഭര്‍ത്താവ് ദീപകിനും പത്ത് വയസ്സുകാരിയായ മകള്‍ ദിയയും ജയലക്ഷ്മി ഉണ്ടാക്കുന്ന കേക്കിന്റെ ആരാധകരാണ്. തൃപ്പൂണിത്തുറ ദേവി ഹോസ്പിറ്റല്‍ ഡയറക്ടറാണ് ദീപക്.

സുഹൃത്തും സിനിമാ, ടെലിവിഷന്‍ താരവുമായ പൂര്‍ണിമ ഇന്ദ്രജിത്ത്, നടിമാരായ മംമ്ത മോഹന്‍ദാസ്, ഗീതു മോഹന്‍ദാസ് എന്നിവര്‍ക്ക് വേണ്ടിയും ജയലക്ഷ്മി കേക്കുകള്‍ തയ്യാറാക്കാറുണ്ട്. തൃപ്പൂണിത്തുറയില്‍ കേക്കിന്റെ ഔട്ട്‌ലെറ്റ് തുടങ്ങുകയാണ് ജയലക്ഷ്മിയുടെ സ്വപ്നം.