ടി.ഷിനോദ് കുമാര്‍
പാര്‍വതി ഐത്താളിന്റെ സാഹിത്യജീവിതത്തിന് ഭാഷയുടെ അതിര്‍വരമ്പുകളില്ല. മാതൃഭാഷ കന്നഡമാണെങ്കിലും മലയാളത്തില്‍ എഴുത്തിന്റെ പുതുവസന്തം തീര്‍ക്കുകയാണ് കന്നഡത്തില്‍നിന്നെത്തിയ ഈ കഥാകാരി. കന്നഡ കഥകള്‍ മലയാളത്തിലേക്ക് മൊഴിമാറ്റുമ്പോള്‍ പാര്‍വതിയുടെ മനസ്സിലും ആഹ്ലാദത്തിന്റെ തിരയിളക്കമാണ്. മലയാളഭാഷയെ അറിയാനും പഠിക്കാനുമുള്ള ഉത്സാഹം പാര്‍വതിയെ കൊണ്ടെത്തിച്ചത് കഥയെഴുത്തിന്റെ ലോകത്താണ്. കന്നഡത്തില്‍ നിന്നുള്ള പന്ത്രണ്ട് കഥകളാണ് പാര്‍വതിയിലൂടെ മലയാളത്തിന് സ്വന്തമായത്. പാര്‍വതി വിവര്‍ത്തനംചെയ്ത 'കന്നഡ പെണ്‍കഥകള്‍' എന്ന പേരിലുള്ള മലയാള പുസ്തകത്തില്‍ കന്നഡത്തിലെ പ്രശസ്തരായ പതിനൊന്ന് സ്ത്രീഎഴുത്തുകാരുടെ സൃഷ്ടികളാണുള്ളത്. ശാന്താദേവി കണാവി, വീന്നശാന്തേശ്വര്‍, വൈദേഹി, ഗീത നാഗഭൂഷന്‍, നേമി ചന്ദ്ര, എല്‍.സി.സുമിത്ര, സുനന്ദ പ്രകാശ്, സുമംഗല, സാറ അബൂബക്കര്‍, എച്ച്.നാഗവേണി എന്നിവര്‍ക്കൊപ്പം പാര്‍വതി ഐത്താളും ഈ പുസ്തകത്തിലൂടെ മലയാള വായനക്കാര്‍ക്ക് മുന്നിലെത്തുന്നു.
എഴുത്തിന്റെ ലോകത്ത് സ്ത്രീമനസ്സുകളെ അടുത്തറിയാനുള്ള ശ്രമമാണ് പാര്‍വതി നടത്താറുള്ളത്. സ്ത്രീസ്വാതന്ത്രവും അവരുടെ ഇഷ്ടാനിഷ്ടങ്ങളുമെല്ലാം പാര്‍വതിയുടെ രചനയിലും തെളിഞ്ഞുകാണാം. കന്നഡയില്‍നിന്ന് മലയാളത്തില്‍ കഥപറയുമ്പോള്‍ തിരിച്ച് മലയാള സാഹിത്യത്തെ കന്നഡത്തിലേക്ക് കൊണ്ടുപോകാനുള്ള ആവേശവും ഈ കോളേജധ്യാപിക കാണിക്കാറുണ്ട്. പ്രശസ്ത മലയാളി എഴുത്തുകാരുടെ പന്ത്രണ്ടിലധികം രചനകളാണ് പാര്‍വതി കന്നഡയിലേക്ക് മൊഴിമാറ്റിയത്.
എം.ടി.വാസുദേവന്‍ നായരുടെ മഞ്ഞ്, അസുരവിത്ത്, മാധവിക്കുട്ടിയുടെ നീര്‍മാതളം പൂത്ത കാലം, എന്‍.പി.മുഹമ്മദിന്റെ ദൈവത്തിന്റെ കണ്ണ്, ജി.ശങ്കരപ്പിള്ളയുടെ ഗുരുദക്ഷിണ, വെട്ടൂര്‍ രാമന്‍ നായരുടെ ജീവിക്കാന്‍ മറന്നുപോയ സ്ത്രീ, സാറാ ജോസഫിന്റെ ആലാഹയുടെ പെണ്‍മക്കള്‍ തുടങ്ങിയ പുസ്തകങ്ങള്‍ കന്നഡ സാഹിത്യലോകത്തും വായനയുടെ പുതുവെളിച്ചം പരത്തുന്നു. മലയാളത്തിലെ പത്ത് എഴുത്തുകാരികളുടെ കഥകളും കന്നഡത്തിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്. 'മലയാള ദ ഹത്തു കഥാഗാര്‍ത്തിയരു' എന്ന പേരിലുള്ള പുസ്തകത്തില്‍ മാധവിക്കുട്ടി, സാറാ ജോസഫ്, അഷിത, ചന്ദ്രമതി, സി.എസ്.ചന്ദ്രിക, സിത്താര, ബി.എം.സുഹറ, ഗീത ഹിരണ്യന്‍, ഗ്രേസി, പ്രിയ എ.എസ്. എന്നിവരുടെ രചനകളാണുള്ളത്.
കാസര്‍കോട് ജില്ലയിലെ ധര്‍മടത്തടുക്കയിലാണ് ജനിച്ചതെങ്കിലും പാര്‍വതി പഠിച്ചതെല്ലാം കന്നഡ മീഡിയത്തിലാണ്. കോളേജ് ജീവിതത്തിനിടയിലുള്ള മലയാളി സൗഹൃദമാണ് ഇവരെ മലയാളഭാഷയോടടുപ്പിച്ചത്. കണ്ണൂര്‍ സര്‍വകലാശാലയില്‍നിന്ന് ഇംഗ്ലീഷില്‍ ഡോക്ടറേറ്റ് എടുക്കാനും മലയാളിസുഹൃത്തുക്കളുമായുള്ള ഈ അടുപ്പം വഴിയൊരുക്കി. തകഴിയുടെയും ശിവരാമ കാരന്തിന്റെയും നോവലുകളിലെ സ്ത്രീകഥാപാത്രങ്ങളാണ് ഡോക്ടറേറ്റിന് ഗവേഷണവിഷയമായത്.
തകഴിയുടെ സ്ത്രീകഥാപാത്രങ്ങള്‍ക്കെല്ലാം അവരുടേതായ വ്യക്തിത്വവും അന്തസ്സുമുണ്ടെന്ന് പാര്‍വതി പറയുന്നു. ചെമ്മീനും കയറും ഏണിപ്പടികളുമെല്ലാം വായിക്കുമ്പോള്‍ കഥാകാരന്റെ സ്ത്രീസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള മനസ്സ് തിരിച്ചറിയാനാകും. ചെമ്മീനിലെ കറുത്തമ്മ മലയാള സാഹിത്യത്തിലെതന്നെ ഏറ്റവും കരുത്താര്‍ന്ന കഥാപാത്രങ്ങളിലെന്നാണെന്ന് ഈ കഥാകാരി സാക്ഷ്യപ്പെടുത്തുന്നു. ശിവരാമ കാരന്തിന്റെ നോവലുകളിലും സ്ത്രീകളോടുള്ള ആദരവ് ഏറെ പ്രകടമാണ്. മരളിമണ്ണിഗെ, ധര്‍മരായന സംസാര എന്നീ നോവലുകളില്‍ സ്ത്രീജീവിതത്തിന്റെ സംഘര്‍ഷവും വേദനയുമെല്ലാമാണ് കാരന്ത് വായനക്കാരുമായി പങ്കുവെയ്ക്കുന്നത്. തകഴിയുടെ പത്തും കാരന്തിന്റെ ഇരുപതും നോവലുകളിലൂടെ നടത്തിയ വായനയുടെ ആഴത്തിലുള്ള സഞ്ചാരമാണ് പാര്‍വതിയെ ഡോക്ടറേറ്റിന് അര്‍ഹയാക്കിയത്.
പേള്‍ എസ്. ബക്കിന്റെ 'ഗുഡ് എര്‍ത്ത്' എന്ന ഇംഗ്ലീഷ് പുസ്തകമാണ് കന്നഡത്തിലേക്ക് ഏറ്റവുമൊടുവില്‍ വിവര്‍ത്തനംചെയ്തത്. ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും മലയാളത്തില്‍ ഇനിയും എഴുതാനുള്ള ഒരുക്കത്തിലാണ് ഈ അധ്യാപിക. മലയാള സാഹിത്യത്തോടുള്ള തന്റെ അതിയായ ഇഷ്ടം എഴുത്തിലൂടെ പ്രകടിപ്പിക്കാനാണ് പാര്‍വതി ആഗ്രഹിക്കുന്നത്. മംഗലാപുരത്തിനടുത്ത കുന്ദാപുര ഭണ്ഡാര്‍ക്കാര്‍സ് കോളേജിലെ ഇംഗ്ലീഷ് അധ്യാപികയാണ് പാര്‍വതി. ഭര്‍ത്താവ്: ഹൈസ്‌കൂള്‍ അധ്യാപകനായി വിരമിച്ച ഗംഗാധര ഐത്താള്‍. മക്കള്‍: രമ്യത, സുഷ്മിത.

NEWS LETTER
RSS











