എന്‍.സൗമ്യ

സാമ്പത്തികമായും സാമൂഹികമായും സ്ത്രീകള്‍ മുന്‍പന്തിയിലാണെന്ന് പറയുമ്പോഴും കാസര്‍കോട്ടെ ഒരുകൂട്ടം അമ്മമാര്‍ അനുഭവിക്കുന്നത് ഒരുതരം ഒറ്റപ്പെടലാണ്. ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ തനിച്ചാക്കി പുറത്തിറങ്ങാന്‍ കഴിയാതെ വീട്ടിനുള്ളില്‍ തളച്ചിടപ്പെടുകയാണ് അമ്മമാര്‍. അച്ഛനും അമ്മയും ഉത്തരവാദിത്വമുള്ളവരാണെങ്കിലും ഒരിക്കലും പുരുഷന് അമ്മയെപ്പോലെ കാര്യങ്ങള്‍ നോക്കിനടത്താനാവില്ല. പെണ്‍കുട്ടികളുടെ ശാരീരികവളര്‍ച്ചയില്‍ അമ്മയുടെ പങ്ക് ഒഴിവാക്കാന്‍ പറ്റാത്തതാണ്. ഒരുപക്ഷേ മാതൃത്വത്തിന്റെ കരുതല്‍, സാന്ത്വനം, സ്‌നേഹം എല്ലാം പകരാന്‍, മക്കളാണ് എല്ലാമെന്നു കരുതാന്‍ അമ്മമനസ്സിനു മാത്രമേ കഴിയൂ. അമ്മമാര്‍ മാത്രം അനുഭവിക്കുന്ന, സ്ത്രീകള്‍മാത്രം നേരിടേണ്ടിവരുന്ന ചില വേദനകള്‍.
ആരോഗ്യപ്രശ്‌നം
പുരുഷന്മാരെക്കാള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നത് സ്ത്രീകളാണെന്നതില്‍ സംശയമില്ല. ആരോഗ്യപ്രശ്‌നങ്ങള്‍ നീളുന്നത് മാനസിക പ്രശ്‌നങ്ങളിലേക്കാണ്. പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ അമ്മമാരുടെ നെഞ്ചില്‍ തീയാണ്. കഴുകന്‍കണ്ണുകളൊന്നും മോളെ റാഞ്ചാന്‍ തക്കം പാര്‍ക്കരുതേ എന്നായിരിക്കും അമ്മമാരുടെ ഉള്ളുരുകുന്ന പ്രാര്‍ഥന.
സാധാരണ പെണ്‍കുട്ടിയുടെ വളര്‍ച്ചയിലുണ്ടാകുന്ന ഓരോ പടവും ഇരകളായ പെണ്‍കുട്ടികളിലുമുണ്ട്. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയുടെ പെരുമാറ്റം പലപ്പോഴും അവരിലുണ്ടാകുന്നില്ല. എല്ലാവരോടും ഒരുപോലെ ഇടപഴകുന്നു. ആണെന്നോ പെണ്ണെന്നോ ഭേദമില്ലാതെ.
പരിയാരം മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ അധ്യാപിക ഡോ. എ.കെ.ജയശ്രീ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ഇടയില്‍ പഠനം നടത്തിയപ്പോള്‍ തെളിഞ്ഞതും ഈ വസ്തുതകളായിരുന്നു. അമ്മമാരുടെ നിസ്സഹായത വെളിവാക്കുന്നതായിരുന്നു ഓരോ അനുഭവുമെന്ന് അവര്‍ പറയുന്നു. 'പെണ്‍കുട്ടികള്‍ക്കറിയില്ല, എങ്ങനെ പെരുമാറണമെന്ന്. അപ്പോള്‍ ചിലര്‍ കരുതുന്നത് ഈ കുട്ടികള്‍ക്ക് എല്ലാ ബന്ധങ്ങളോടും താത്പര്യമാണെന്നാണ്. ഇത് വഴിവെക്കുന്നത് ലൈംഗികചൂഷണങ്ങളിലേക്കാണ്' -അവര്‍ വ്യക്തമാക്കുന്നു.
ചില പെണ്‍കുട്ടികള്‍ക്ക് സ്ത്രീകളോടുള്ളതിനേക്കാള്‍ അടുപ്പം പുരുഷന്മാരോടാണ്. ഒരു മറയുമില്ലാതെ പുരുഷന്മാരോട് ഇടപെടുന്നു. ഇങ്ങനെ വരുമ്പോള്‍ എന്തുചെയ്യുമെന്നാണ് ഒരമ്മ ഡോക്ടറോട് ചോദിച്ചത്. ശാരീരികപ്രവര്‍ത്തനങ്ങളെക്കുറിച്ച് പല പെണ്‍കുട്ടികളും ബോധവതികളല്ല. 'ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ കാരണം എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല. 13 വയസ്സുള്ള എന്റെ മൂത്തകുട്ടിക്ക് ആര്‍ത്തവസമയത്ത് എല്ലാകാര്യങ്ങളും ചെയ്തുകൊടുക്കുന്നത് എന്റെ 10വയസ്സുള്ള കുഞ്ഞാണ്. ഒന്നുമറിയാത്ത ഇളംപ്രായത്തില്‍ അവള്‍ ഇതൊക്കെ ചെയ്യേണ്ടിവരുമ്പോള്‍ എന്റെ നെഞ്ചില്‍ തീയാണ്' -കണ്ണീരുപോലും വറ്റിക്കഴിഞ്ഞ ആ അമ്മ പറയുന്നു.
'20 വയസ്സുവരെ ഒരു കുഴപ്പോമില്ലാതിരുന്ന എന്റെ മോള്‍ക്ക് പെട്ടെന്നാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. അവള്‍ കുട്ടികളെ പഠിപ്പിക്കാന്‍ പോകാറുണ്ടായിരുന്നു. ഇപ്പോള്‍ എഴുന്നേല്‍ക്കാനോ നടക്കാനോ വയ്യ. സ്വന്തമായി വസ്ത്രം ധരിക്കാന്‍പോലും കഴിയുന്നില്ല. അവള്‍ക്കെല്ലാമറിയാം. എന്നാല്‍ ഒന്നുംചെയ്യാന്‍ കഴിയില്ല. 'അമ്മമാരുടെ വേദനകള്‍ക്ക് ഒടുക്കമില്ല. കിടന്നകിടപ്പില്‍ എല്ലാ കാര്യങ്ങളും ചെയ്യേണ്ടിവരുന്ന ഒരു പെണ്ണിന്റെ വേദന ഒരമ്മയ്ക്കല്ലാതെ ആര്‍ക്ക് മനസ്സിലാവും?
സ്ത്രീകളില്‍ കൂടുതലായി കണ്ടുവരുന്ന പ്രശ്‌നങ്ങള്‍ ഗര്‍ഭമലസല്‍, മൂത്രാശയസംബന്ധമായ പ്രശ്‌നങ്ങള്‍, മാസം തികയാതെയുള്ള പ്രസവം, ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞുങ്ങളുടെ മരണം തുടങ്ങിയവയാണ്. ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ചിലപ്പോള്‍ കൃത്യമായ വളര്‍ച്ചയുണ്ടാകില്ല. ചില കുഞ്ഞുങ്ങള്‍ക്ക് അവയവങ്ങള്‍ കൃത്യമായി ഉണ്ടാകില്ല. അച്ഛനേക്കാള്‍ അമ്മമാരെയാണ് ഈ അവസ്ഥ പ്രതികൂലമായി ബാധിക്കുന്നതെന്നതില്‍ സംശയമില്ല.
അഞ്ചും ആറും തവണ ഗര്‍ഭമലസുമ്പോള്‍ സ്വാഭാവികമായി അവളുടെ ആരോഗ്യം ക്ഷയിക്കും. എന്നാല്‍ അതിന്റെ ഇരട്ടിയാണ് അമ്മയെന്ന രീതിയിലുള്ള അവളുടെ മാനസികപ്രശ്‌നം. സ്ത്രീയുടെ കുറ്റംകൊണ്ടാണ് കുഞ്ഞിനെ കിട്ടാത്തതെന്ന രീതിയില്‍ ബന്ധുക്കളും സമൂഹവും അവളെ ക്രൂശിക്കുന്നു. കുഞ്ഞുങ്ങള്‍ ഉണ്ടായില്ലെങ്കില്‍ ആ പെണ്ണിന് കുട്ടികളുണ്ടാവില്ലെന്ന് സമൂഹം ആക്ഷേപിക്കുന്നു. അപ്പോഴും പുരുഷന്‍ രക്ഷപ്പെടുന്നു. വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന സമൂഹമാകുമ്പോള്‍ കുറ്റപ്പെടുത്തലുകള്‍ കൂടുന്നു. തങ്ങളുടെ പ്രശ്‌നങ്ങള്‍ പങ്കുവെക്കാന്‍ ആരുമില്ലാതെ വരുന്നതാണ് ഈ സ്ത്രീകളുടെ ഏറ്റവും വലിയ പ്രശ്‌നം. അവളുടെ വേദന നിസ്സാരമായി തള്ളിക്കളയും. ഒന്ന് മനസ്സു തുറക്കാന്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്ന് ചിന്തിക്കാന്‍ മാത്രമേ സ്ത്രീകള്‍ക്ക് കഴിയുന്നുള്ളൂ.
ഇത്തരം സാഹചര്യങ്ങളിലുള്ള സ്ത്രീകളുടെ ആരോഗ്യം വളരെ മോശമാണ്. കൃത്യമായ ഭക്ഷണമില്ല. സാമ്പത്തികമായി മോശം ചുറ്റുപാടാണ് പലര്‍ക്കുമുള്ളത്. കുട്ടികളുടെ ചികിത്സയ്ക്കുതന്നെ ചെലവുവരുന്നു. പല അമ്മമാരിലും വിളര്‍ച്ചയുണ്ട്. ഭക്ഷണമില്ല, ഉറക്കമില്ല, ഒപ്പം കടുത്ത മാനസികപ്രശ്‌നങ്ങളും, ഈ സ്ത്രീകളുടെ അവസ്ഥ പറഞ്ഞാല്‍ ആര്‍ക്കും മനസ്സിലാവില്ല-ഡോക്ടര്‍ പറയുന്നു.
ജനിച്ച കുട്ടികള്‍ക്കെല്ലാം ശാരീരിക-മാനസിക പ്രശ്‌നങ്ങള്‍ വരുമ്പോള്‍ ഗര്‍ഭിണിയാകാന്‍പോലും മടിയാണ് പല സ്ത്രീകള്‍ക്കും. ഇനിയൊരു കുട്ടി പിറന്നാല്‍...? ഗര്‍ഭപാത്രം നീക്കംചെയ്താലോയെന്ന് ചിന്തിക്കേണ്ടിവരുന്ന ഒരമ്മയുടെ അവസ്ഥ അതനുഭവിക്കുന്നവര്‍ക്ക് മാത്രമേ മനസ്സിലാകൂ. ഒരുകുഞ്ഞിനെ ഓമനിച്ച് വളര്‍ത്തണമെന്ന അമ്മയുടെ മനസ്സാണ് അവിടെ നഷ്ടമാകുന്നത്. വിവാഹം, കുഞ്ഞുങ്ങള്‍ എല്ലാം സ്വപ്നമായി മാറുകയാണ് പലര്‍ക്കും. എന്നിട്ടും അവര്‍ പ്രാര്‍ഥിക്കുന്നു ആരോഗ്യമുള്ള കുഞ്ഞിനായി.
പ്രായം കൂടുന്നതിനനുസരിച്ച് കുട്ടികളുടെ ശരീരത്തിന്റെ ഭാരവും കൂടും. അമ്മമാര്‍ക്ക് പലപ്പോഴും പെണ്‍കുട്ടികളെ ഒറ്റയ്ക്ക് താങ്ങിയെടുക്കാനും കാര്യങ്ങള്‍ ചെയ്യാനും കഴിയില്ല. പ്രാഥമിക കാര്യങ്ങള്‍ ചെയ്യിക്കാനും കുളിപ്പിക്കാനുമൊക്കെ അവളുടെ സഹോദരങ്ങളുടെയും ബന്ധുക്കളുടെയും സഹായം തേടാന്‍ കഴിയുമോ... എന്തുചെയ്യാന്‍ കഴിയും എനിക്ക്. . പറ്റുന്നതുപോലെ ചെയ്യുന്നു. നിസ്സഹായയായ ഈ അമ്മ എല്ലാ അമ്മമാരുടേയും പ്രതിനിധിയാണ്. ആ ചുടുകണ്ണീരില്‍ പൊള്ളുന്നത് മാതൃത്വമാണ്.
ഈ കുട്ടികളെ കൃത്യമായ പ്രാഥമിക കര്‍മങ്ങള്‍ ചെയ്യിപ്പിക്കണമെങ്കില്‍ അതിനുള്ള സൗകര്യംകൂടി വേണം. അത്തരത്തിലുള്ള ഒരു സംവിധാനവും സൗകര്യവും 90 ശതമാനം വീടുകളിലുമില്ലെന്ന് ഡോ. ജയശ്രീ പറയുന്നു. ആറുപഞ്ചായത്തുകളിലാണ് ഡോക്ടര്‍ പഠനം നടത്തിയത്. എല്ലാ അമ്മമാര്‍ക്കും പറയാനുണ്ടായിരുന്നത് സമാനമായ കാര്യങ്ങള്‍. കോണ്‍കോഡ്-2012 ദേശീയ ശില്പശാലയില്‍ ഡോ. ജയശ്രീ അവതരിപ്പിച്ച പ്രബന്ധം അമ്മമാരുടെ സാമൂഹികാവസ്ഥയുടെയും മാനസിക പ്രശ്‌നങ്ങളുടെയും നേര്‍ചിത്രമായിരുന്നു.
ഒറ്റപ്പെടുന്ന അമ്മമാര്‍
എന്‍ഡോസള്‍ഫാന്‍ ഇരകളുടെ അമ്മമാരായതുകൊണ്ടുമാത്രം ഒറ്റപ്പെടുകയാണ് ഈ അമ്മമാര്‍. അവര്‍ അനുഭവിക്കുന്ന മാനസിക പ്രശ്‌നങ്ങള്‍ ഭീകരമാണ്. അമ്മയ്ക്കും അച്ഛനും കുടുംബകാര്യങ്ങളില്‍ ഒരേ ഉത്തരവാദിത്വമാണ്. എന്നാല്‍ പല കുടുംബങ്ങളിലും സ്ഥിതി മറിച്ചാണ്. കുട്ടികളുടെ കാര്യങ്ങള്‍ നോക്കാന്‍ അമ്മമാര്‍തന്നെ വേണം. വീട്ടിനുള്ളില്‍ ഒറ്റപ്പെട്ട് കഴിയേണ്ടിവരികയാണവര്‍.
കുട്ടികളുടെ എല്ലാ കാര്യങ്ങള്‍ക്കും അമ്മമാര്‍ കൂടെയുണ്ടായേ തീരൂ. പുറത്തുള്ള ഒരു ചടങ്ങിനും അമ്മമാര്‍ക്ക് പോകാന്‍ പറ്റില്ല. വിവാഹമോ മറ്റ് മംഗളകാര്യങ്ങളോ ആവട്ടെ എല്ലാത്തില്‍ നിന്നും മാറിനില്‍ക്കുകയാണ് അവര്‍. അഥവാ കുഞ്ഞിനേയും കൊണ്ടുപോയെന്നിരിക്കട്ടെ, കൂര്‍ത്ത നോട്ടങ്ങള്‍ക്കുമുന്നില്‍ പൊള്ളയായ സഹതാപ വാക്കുകളില്‍ അമ്മയുടെ ഹൃദയം നുറുങ്ങും.
ശാരീരിക പ്രശ്‌നങ്ങളോടെ കുഞ്ഞ് ജനിച്ചതില്‍ പിന്നെ എനിക്ക് സ്വന്തം അമ്മയെപ്പോലും കാണാന്‍ പോകാന്‍ കഴിഞ്ഞില്ല. വര്‍ഷങ്ങള്‍ക്കുശേഷം അമ്മ മരിച്ചപ്പോഴാണ് വീട്ടിലേക്കുപോയത്. ഈ ദുര്യോഗം വേറെ ഒരമ്മയ്ക്കും വരരുതേ എന്നാണെന്റെ പ്രാര്‍ഥന. കരളുരുകുന്ന സങ്കടത്തോടെയാണ് ഒരമ്മ ഇക്കാര്യം പറഞ്ഞത്.
ആത്മഹത്യാപ്രവണതയും അമ്മമാരില്‍ കൂടുന്നുണ്ടെന്നാണ് പറയുന്നത്. തികച്ചും ഒറ്റയ്ക്കാണെന്ന് തോന്നുമ്പോള്‍ ജീവിതം അവസാനിപ്പിക്കാന്‍ ചിന്തിക്കാറുണ്ടെന്ന് പല അമ്മമാരും പറയുന്നു. അപ്പോഴും കുഞ്ഞുങ്ങളെ ഓര്‍ത്തുമാത്രം അവര്‍ പിടിച്ചുനില്‍ക്കുകയാണ്.
ഈ അമ്മമാരെ സംബന്ധിച്ച് വയ്യാത്ത കുട്ടികള്‍ മാത്രമാണ് അവരുടെ ലോകം. സാധാരണ കുട്ടികളെപ്പോലെ നേര്‍വഴിക്ക് നടത്താനോ കുസൃതി കാട്ടുമ്പോള്‍ സ്‌നേഹത്തോടെ അടിക്കാനോ അമ്മമാര്‍ക്ക് കഴിയില്ല. മനസ്സും ശരീരവും മടുക്കുമ്പോള്‍ ഒന്ന് ഒച്ചയുയര്‍ത്തിയാല്‍ അത് നോവിക്കുന്നത് തങ്ങളുടേതല്ലാത്ത തെറ്റിനാല്‍ ശിക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളെയാണ്. ഈ ഒരു ചിന്ത തന്നെ അമ്മമാരെ കുത്തിനോവിക്കും. മനസ്സിലുള്ള വികാരങ്ങള്‍ എല്ലാം അടക്കിപ്പിടിച്ച് അവര്‍ കഴിയുകയാണ്. തങ്ങളുടെ കാലശേഷം ആരാണ് മോള്‍ക്ക് തുണയേകാനുണ്ടാവുക എന്ന ചോദ്യം അവരുടെ ഉറക്കം കെടുത്തുന്നു. എങ്കിലും അവര്‍ പ്രതീക്ഷിക്കുന്നു, ഒരു നാള്‍ അവള്‍ നടക്കും, സ്വന്തം കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തയാകും. പ്രതീക്ഷയുടെ ആ നാമ്പ് മനസ്സില്‍ ബാക്കിയാവുന്നതുകൊണ്ടാണ് അമ്മമാര്‍ ജീവിക്കുന്നതുതന്നെ.
വേണം, ഇത്തിരി ആശ്വാസം
ഇരകളേക്കാള്‍ മാനസികമായ പിന്തുണ നല്‍കേണ്ടത് ഈ അമ്മമാര്‍ക്കാണ്. അടക്കിപ്പിടിച്ച നൊമ്പരങ്ങളും ആശങ്കകളും പങ്കുവെക്കാന്‍ അവര്‍ക്ക് സമൂഹത്തിന്റെ പിന്തുണ കൂടിയേ തീരൂ. ഇത്തരത്തിലുള്ള അമ്മമാര്‍ക്ക് കൗണ്‍സലിങ് നല്‍കേണ്ടത് അത്യാവശ്യമാണ്. മാനസിക പിരിമുറുക്കം അത്രയേറെ അവരെ ബാധിച്ചിരിക്കുന്നു. അതിന് സര്‍ക്കാരും സമൂഹവും മുന്നിട്ടിറങ്ങണമെന്ന് ഡോ. ജയശ്രീ പറയുന്നു. വില്ലേജ് ഹട്ടുകള്‍ എന്നത് നല്ലൊരാശയമാണ്. ഒരോ പഞ്ചായത്തിലും ഗ്രാമത്തിലും ഇത്തരം അമ്മമാര്‍ക്കും കുട്ടികള്‍ക്കും കൂടിച്ചേരാനുള്ള അവസരം സൃഷ്ടിക്കണം. അവിടെ അമ്മമാര്‍ക്ക് പരസ്പരം കാര്യങ്ങള്‍ പങ്കുവെക്കാന്‍ കഴിയും. ഒപ്പം അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കൗണ്‍സിലര്‍മാരുടെ സേവനവും ലഭ്യമാക്കണം.ബഡ്‌സ് സ്‌കൂളുകള്‍ വിപുലപ്പെടുത്തി അമ്മമാരുടെ കൂടി സ്‌കൂളാക്കണം. അമ്മമാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കണം. സമൂഹവുമായി ഇടപെടാന്‍ അവസരം സൃഷ്ടിക്കണം. അമ്മമാരും കുട്ടികളും ചേര്‍ന്ന ഒരു സമൂഹമാകണം സ്‌കൂളുകളുടെ ലക്ഷ്യം. പൊതുപ്രവര്‍ത്തകരും സര്‍ക്കാര്‍ സ്ഥാപനങ്ങളും കൈകോര്‍ത്ത് അമ്മമാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്‍കൈയെടുക്കണം.
ഇത്തരത്തില്‍ അമ്മമാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ മാത്രമേ മാറ്റം കൊണ്ടുവരാന്‍ കഴിയൂ. സാമ്പത്തിക പുരോഗതി ഉണ്ടാവണമെങ്കില്‍ അമ്മമാരെ കൈവേലകളും മറ്റും പരിശീലിപ്പിക്കണം. താത്കാലികമായ മാറ്റമല്ല വേണ്ടത്, സ്ഥായിയായ സമ്പൂര്‍ണ മാറ്റം അമ്മമാര്‍ക്ക് ഉണ്ടാകണം. അല്ലെങ്കില്‍, അമ്മമാരുടെ തീരാവേദന അവസാനിക്കില്ല.

NEWS LETTER
RSS











