MATHRUBHUMI RSS
Loading...
തണ്ടര്‍ ഗേള്‍സ്‌
എല്‍.മീര


വഴുതക്കാട് ഗവണ്‍മെന്റ് വിമന്‍സ് കോളേജിനു സമീപമുള്ള 'ഉജ്ജയിനി' എന്ന വീട് കാഴ്ചയില്‍ വളരെ ശാന്തമാണ്. പക്ഷേ, ഞായറാഴ്ചയോ മറ്റ് ഒഴിവുദിനങ്ങളിലോ ഇവിടെയെത്തിയാല്‍ വീടിന്റെ രൂപഭാവം ആകെ മാറും. പിന്നെ ആകെ തട്ടുപൊളിപ്പനായിരിക്കും. കാരണം ഉജ്ജയിനി അപ്പോള്‍ വെറും വീട് മാത്രമല്ല. അഞ്ച് അടിപൊളി പെണ്‍കുട്ടികളുടെ പരിശീലനക്കളരി കൂടിയാണ്. പെണ്‍കുട്ടികളുടെ മ്യൂസിക് ബാന്‍ഡായ 'ബിംബ്ലോട്ടിക്ക' യുടെ പരിശീലന വേദിയാണിത്.

പെണ്‍കുട്ടികള്‍ വരികളെഴുതി ഈണമിട്ട് പാടുന്ന പെണ്‍കുട്ടികളുടെ മാത്രം റോക്ക്ബാന്‍ഡ്. അതാണ് ബിംബ്ലോട്ടിക്ക. ഈണം ചിട്ടപ്പെടുത്തിയും പരിശീലിച്ചും പരിപാടികള്‍ അവതരിപ്പിച്ചും അവര്‍ തങ്ങളുടെ യാത്ര തുടങ്ങിക്കഴിഞ്ഞു. ഇനി ഒരു ഫ്ലാഷ്ബാക്ക്.
2011 ന്റെ അവസാന നാളുകളിലെത്തിയ ഒരു വിമന്‍സ് കോളേജ് കാലം. സ്ത്രീശാക്തീകരണത്തിന്റെ കാറ്റ് അലയടിക്കുന്ന കലാലയത്തിലെ ചെമ്പകമരത്തണലിരുന്ന അവസാന വര്‍ഷ മലയാള ബിരുദ വിദ്യാര്‍ഥിനി നിലിയ വേണുഗോപാലിന്റെ തലയിലൊരു ഐഡിയ മിന്നി. പെണ്‍കുട്ടികളുടെ സ്വന്തം കോളേജില്‍ നിന്നൊരു സംഘത്തെ അഥവാ മ്യൂസിക് ബാന്‍ഡിനെ വാര്‍ത്തെടുത്താലോ? കൂട്ടുകാരോടൊക്കെ അഭിപ്രായസര്‍വേ നടത്തിയപ്പോള്‍ കിട്ടിയത് നൂറില്‍ നൂറ് സമ്മതം. പിന്നെ താമസിച്ചില്ല, പാട്ടുസംഘത്തില്‍ ആളെക്കൂട്ടാന്‍ അല്പസ്വല്‍പം പാട്ടുപഠിച്ചതിന്റെ ആത്മവിശ്വാസവുമായി നിലിയ ഇറങ്ങി. മുങ്ങിത്തപ്പിയപ്പോള്‍ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനികളായ നാലു പെണ്‍പുലികളെത്തന്നെ കിട്ടി. ബാന്‍ഡിനു വേണ്ടി കീബോര്‍ഡ് വായിക്കാന്‍ സൈക്കോളജിക്കാരി അനീറ്റ ജോണ്‍ തയ്യാറായി.

സാമ്പത്തികശാസ്ത്ര തീയറികളില്‍ നിന്നൊരു ആശ്വാസത്തിന് സ്വന്തം ഗിത്താറുമായി ചാരു എന്ന ചാരുതയെത്തി. ചരിത്ര വിദ്യാര്‍ഥിനി കെ.കെ. എന്ന കൃഷ്ണകല ഡ്രംസില്‍ ചടുലതാളം തീര്‍ക്കാമെന്നേറ്റു. ഇംഗ്ലീഷ് സാഹിത്യ ക്ലാസില്‍ നിന്നും ബാന്‍ഡിലെ പാട്ടുകാരിയാകാന്‍ ഗോപി എന്ന ഗോപികയും പാട്ടുകാരി നിലിയയ്‌ക്കൊപ്പം ചേര്‍ന്നപ്പോള്‍ ഗേള്‍സ് ഒണ്‍ലി മ്യൂസിക് ബാന്‍ഡായി.
ഇനി ബാന്‍ഡിനൊരു പേരിടണം. വിവിധ ഭാഷകളില്‍ നിന്ന് പല പേരുകളും ഫൈനലിസ്റ്റുകളായി വന്നെങ്കിലും അഞ്ചു പെണ്‍കുട്ടികളുടെ ജൂറിയെ തൃപ്തിപ്പെടുത്താന്‍ അവയ്ക്കായില്ല. അവസാനം ഓക്‌സ്‌ഫെഡ് ഡിക്ഷണറിയെ പിന്നിലാക്കി ക്യാമ്പസ് നിഘണ്ടുവില്‍ നിന്നുതന്നെ സംഗതി കിട്ടി. പേരും വീണു 'ബിംബ്ലോട്ടിക്ക'. മനസ്സിലാകാത്ത, പിടികിട്ടാത്ത കാര്യങ്ങള്‍ക്ക് ക്യാമ്പസിനുള്ളില്‍ ഉപയോഗിക്കുന്ന ഒരു സ്റ്റൈലന്‍ പേര്, അടിപൊളി, പൊളപ്പന്‍ പോലെ ഉപയോഗിച്ചു ശീലിച്ച ആ പേര് ഒടുവില്‍ ബാന്‍ഡ്‌നെയിമായി.

ഫ്ലാഷ് ബാക്ക് അവസാനിക്കുമ്പോള്‍ ബിംബ്ലോട്ടിക്കകള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. 2012 ന്റെ തുടക്കത്തില്‍ വിമന്‍സ് കോളേജില്‍ നടന്ന സാഹിത്യോത്സവം വിറ്റ്‌സ്- 2012 ന്റെ തീംസോങ് ചിട്ടപ്പെടുത്തി അവര്‍ അരങ്ങേറി. പിന്നീട് ഓള്‍ ഇന്ത്യാ റേഡിയോയുടെ വസന്തോത്സവം യൂത്ത് ടാലന്റ്‌ഷോ, ട്രിവാന്‍ഡ്രം ക്ലബ്ബിന്റെ ഡസ്റ്റിനേഷന്‍- 2012 തുടങ്ങിയ പരിപാടികള്‍.
മാതൃഭൂമി ക്ലബ്ബ് എഫ്.എം. റേഡിയോയിലൂടെയും ഇവര്‍ ശ്രോതാക്കളിലേക്കെത്തി. കറുത്ത ടീഷര്‍ട്ടില്‍ വിദേശ ബാന്‍ഡുകളെ അനുസ്മരിപ്പിച്ച് പരിപാടിക്കെത്തുന്ന ബിംബ്ലോട്ടിക്ക പാശ്ചാത്യ സംഗീതമൊക്കെ വിട്ട് ആദ്യം പാടുന്നത് മലയാളത്തില്‍ തന്നെ.

'കൈതോലപ്പായ വിരിച്ച്, പായയിലൊരു-
പറനെല്ല് പൊലിച്ച്, കാതുകുത്താനെപ്പവരും
നിന്റമ്മാവന്‍മാരുപൊന്നേ'

എന്ന പ്രശസ്തമായ നാടന്‍ പാട്ടാണ് ഇവരുടെ ആദ്യഗാനം. ഇംഗ്ലീഷിലുള്ള പാട്ടുകളും മലയാളം നാടന്‍ പാട്ടുകളും ഇടവിട്ട് പാടുന്നതാണ് ബാന്‍ഡിന്റെ ശൈലി. ബിരുദ പരീക്ഷയ്ക്കുശേഷം ഉപരിപഠന ആലോചനയുമായി നിലിയയും അവസാന വര്‍ഷ പഠനത്തിന്റെ ഉത്തരവാദിത്വത്തില്‍ മറ്റുള്ളവരും തിരക്കിലാണ്.

പക്ഷേ 'ബിംബ്ലോട്ടിക്ക' വിട്ടൊരു കളിയില്ല. എഴുതാനറിയാവുന്ന കൂട്ടുകാരുടെ സൃഷ്ടികളൊക്കെ സ്വീകരിച്ച് കൂടിയാലോചിച്ച് കംപോസ് ചെയ്താണ് ഓരോ പാട്ടും തയ്യാറാക്കുന്നത്.

ബാന്‍ഡിന്റെ പബ്ലിസിറ്റിയും ഭരണവും എല്ലാം ഇവരുടെ കൈയില്‍ ഭദ്രം. സ്‌പൈസ് ഗേള്‍സിനെയും ബാങ്കിള്‍സിനെയും മാതൃകയാക്കി മികച്ച ഒരു പെണ്‍ബാന്‍ഡ് ആകുക. അതാണ് ബിംബ്ലോട്ടിക്കയുടെ ലക്ഷ്യം.

പുതിയ പാട്ടുകളും പരിപാടികളും ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്നതിന്റെ തിരക്കിലാണ് ഇപ്പോഴിവര്‍. കഴിവു കണ്ട്, കേട്ടറിഞ്ഞ് പുതിയ പല പ്രോജക്ടുകളും ഇവരെ തേടിയെത്തുന്നുണ്ട്.

ഉജ്ജയിനിയിലെ പ്രാക്ടീസ് ഫ്ലോറില്‍ പുതിയ കംപോസിങ്ങിന്റെ തിരക്കില്‍ 'ബിംബ്ലോട്ടിക്ക' മുഴുകുന്നു. തന്റേതായ ശൈലിയില്‍ ഒരു ഈണം ഗിറ്റാറില്‍ വായിച്ച ചാരുതയോട് തൃശ്ശൂരുകാരി നിലിയ പ്രാഞ്ചിയേട്ടന്‍ ശൈലിയില്‍ പറയുന്നു '' അത് കൊള്ളാട്ടോ, നമുക്ക് നോക്കാം''.