MATHRUBHUMI RSS
Loading...

മയക്കു മരുന്നുകള്‍ രുചിച്ചു നോക്കുന്നവര്‍


കേട്ടറിയുന്ന എന്തും ഒന്നു രുചിച്ചു നോക്കുവാന്‍ വെമ്പുന്ന കൗമാരക്കാര്‍ പലരും ആകാംക്ഷയുടെയും സാഹസികതയുടെയും പേരിലാണ് ചീത്തശീലങ്ങളില്‍ ചെന്നുപാടുന്നത്. മറ്റുള്ളവരുടെ പ്രേരണയാല്‍ ഒന്നു രുചിച്ചു നോക്കുന്നവരാണ് ചിലരെങ്കില്‍ ഉത്കണ്ഠയും അപകര്‍ഷതയും മറക്കാനായി മയക്കുമരുന്നുകളെ കൂട്ടുപിടിക്കുന്നവരാണ് മറ്റു ചിലര്‍.

മയക്കുമരുന്നില്‍ അടങ്ങിയിരിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ മസ്തികഷ്‌കത്തെ ബാധിച്ച് വ്യക്തിയെ മായാലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. ഈ വസ്തുക്കള്‍ നാഡീകോശത്തില്‍ കടന്നുകയറി. വീണ്ടും ഇതുപയോഗിക്കാനുള്ള പ്രേരണ ഉണര്‍ത്തുകയും ചെയ്യും. മദ്യത്തില്‍ നിന്ന് രൂപം കൊള്ളുന്ന THIO ഉം കഞ്ചാവില്‍ അടങ്ങിയിരിക്കുന്ന THE യും ആണ് ഇവയില്‍ പ്രധാനം ഒരു കവിള്‍ പുകയോ ഒരറ്റ ഗ്ലാസ് മദ്യമോ അകത്തു ചെന്നാല്‍ ആത്മവിശ്വാസം വര്‍ധിക്കും എന്നവകാശപ്പെടുന്നവരുണ്ട്. ദുഃഖങ്ങള്‍ മറക്കാനും സന്തോഷം പങ്കുവയ്ക്കുവാനും യുവാക്കള്‍ ലഹരി പദാര്‍ത്ഥങ്ങള്‍ തേടിപ്പോകുന്നത് ദയനീയമായ കാഴ്ചയാണ്. സ്വയം മുതിര്‍ന്നയാളായി പ്രഖ്യാപിക്കാനായി ദുശീലങ്ങള്‍ ആരംഭിച്ച ധാരാളം പേരെ കാമ്പസുകളില്‍ നമുക്കു കണ്ടെത്താനാവും.

എന്നാല്‍ കണ്ണടച്ച് ഇരുട്ടാക്കി ഒടുവില്‍ കാഴ്ചശക്തിതന്നെ നഷ്ടപ്പെടുന്ന അനുഭവമാണ് പലര്‍ക്കും പറയാനുള്ളത്. മയക്കുമരുന്നിന് അടിമയായ പതിമൂന്നു പേരില്‍ ഒരാള്‍ തമാശയ്ക്കായി രുചിച്ചു നോക്കിയ ആളാണ്. ആദ്യമായി രുചിച്ചു നോക്കുന്നവരില്‍ ഇരുപതു ശതമാനം പേര്‍ പില്ക്കാലത്ത് ഇതിനടിമയാവുന്നു എന്നും കണക്കുകള്‍ സുചിപ്പിക്കുന്നു.

ചില മരുന്നുകള്‍ കുറഞ്ഞ കാലയളവു കൊണ്ടുതന്നെ വ്യക്തിയെ ഇതിനടിമയാക്കുന്നു. ഇത് പ്രജ്ഞയെ തകര്‍ത്തു മനുഷ്യനില്‍ ഉറങ്ങിക്കിടക്കുന്ന മൃഗീയവാസനകള്‍ പുറത്തു കൊണ്ടുവരുന്നു. മനോരോഗങ്ങളും അപസ്മാരവും മറ്റും വന്നിട്ടുള്ളവര്‍ ലഹരി ഉപയോഗിക്കുന്ന പക്ഷം കാര്യങ്ങള്‍ കൂടുതല്‍ വഷളാവുന്നു.

ഹഷീഷ്, കനാബീസ് (കഞ്ചാവ്, മാരിഹുവാനാ) ഹെറോയിന്‍, കറുപ്പ്, സ്മാര്‍ക്ക്, എല്‍.എസ്.ഡി., കൊക്കയിന്‍ തുടങ്ങിയവ അനധികൃത മയക്കുമരുന്നുകളാണ്. ഡോക്ടറുടെ ഉപദേശപ്രകാരമല്ലാതെ ഏതു മരുന്നും ഉപയോഗിക്കുന്നത് ദൂരുപയോഗം തന്നെ.

അപസ്മാര ചികിത്സയ്ക്കുള്ള മരുന്നുകളും മാനസിക രോഗികളെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ സഹായിക്കുന്ന മരുന്നുകളുമാണ് വ്യാപകമായി ദൂരുപയോഗം ചെയ്യപ്പെടുന്നത്. ഇത്തരം മരുന്നുകള്‍ കൈവശം വയ്ക്കുന്നതും വില്‍ക്കുന്നതും ഗുരുതരമായ കുറ്റകൃത്യമാണ്. മയക്കുമരുന്നുകള്‍ പ്രചരിപ്പിക്കുന്നതിന് പരമാവധി മുപ്പതുവര്‍ഷം വരെ കഠിനതടവു ലഭിച്ചേക്കാം.

എന്നാല്‍ കുറ്റവാളികളെ കണ്ടെത്താനും ശിക്ഷിക്കാനും നിയമപാലകര്‍ക്ക് എല്ലായ്‌പ്പോഴും കഴിഞ്ഞെന്നു വരില്ല. സമൂഹത്തോട് പ്രതിബദ്ധതയുള്ള ഏതൊരാളും ഇത്തരം കാര്യങ്ങള്‍ തടയാന്‍ തയാറാവണം. എങ്കിലേ രക്ഷയുള്ളൂ.

ലഹരിമരുന്നുകളെപ്പറ്റി പ്രചാരത്തിലുള്ള തെറ്റിധാരണകളാണ് പലരെയും ഇതിലേക്ക് ആകര്‍ഷിക്കുന്നത്. ലഹരി മരുന്നുകള്‍ കലാവാസനകളെ പരിപോഷിപ്പിക്കും എന്നൊരു ധാരണ പരക്കെയുണ്ട്. അതുകൊണ്ടു തന്നെ കപടബുദ്ധിജീവികള്‍ വേഗം ആകൃഷ്ടമാവുന്നു. നരച്ച ജീന്‍സും നീളന്‍ കുപ്പായവും ക്ഷൗരം ചെയ്യാത്ത മുഖവും തോള്‍സഞ്ചിയും ആയാല്‍ കലാകാരനോ ബുദ്ധിജീവിയോ ആവാം എന്നു ധരിച്ചുവശായവരാണ് ഇവരില്‍ പലരും.

കാലക്രമത്തില്‍ യഥാര്‍ഥ്യവുമായുള്ള ബന്ധം വ്യക്തിക്കു നഷ്ടമാവുന്നതോടെ താന്‍ എന്തൊക്കെയോ ആണ് എന്ന വിശ്വാസം രൂഢമൂലമാവുന്നു. ഒരിക്കല്‍ മയക്കുമരുന്നിന് അടിമയായാല്‍പ്പിന്നെ അയാള്‍ ജീവിക്കുന്നത് കൃത്യസമയത്ത് ശരീരത്തിനാവശ്യമുള്ള ഡോസ് നേടിയക്കൊടുക്കാനായി മാത്രമാണ്. ഇതിനായി മോഷണം മുതല്‍ വ്യഭിചാരം വരെ എന്തിനും വ്യക്തി തയാറാവുന്നു. ലൈംഗിക കുറ്റകൃത്യങ്ങളില്‍ നല്ലപങ്കും ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗത്തിനു ശേഷമാണ് സംഭവിച്ചിട്ടുള്ളത്.

ലഹരി മരുന്നിന് അടിമയായ ഒരാളെ അതില്‍നിന്നു രക്ഷിക്കുക ശ്രമകരമായ പ്രവൃത്തിയാണ്. ഡോക്ടറും മനഃശാസ്ത്രജ്ഞനും രോഗിയുടെ ബന്ധുക്കളും എല്ലാം ഒരുപോലെ ക്ഷമയും പ്രത്യാശയും പ്രകടിപ്പിക്കണം. ഒരിക്കല്‍ മോചനം നേടിയ ആള്‍ വീണ്ടും ഈ ശീലത്തിലേക്കു വഴുതിവീഴുന്നതും സാധാരണം. അതിനാല്‍ പുനരധിവാസത്തിന് ഊന്നല്‍ നല്കുന്ന ഒരു ചികിത്സാ രീതിയാണ് സ്വീകരിക്കേണ്ടത്. സര്‍ക്കാര്‍ വക മാനസികാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹിക ക്ഷേമവകുപ്പു സ്‌പോണ്‍സര്‍ ചെയ്ത ലഹരിമോചന കേന്ദ്രങ്ങളിലും ഈ ചികിത്സ സൗജന്യമായി ലഭിക്കുന്നു.

ലഹരി മരുന്നുകള്‍ക്കടിപ്പെട്ടുപോയ ഒരാളെ വെറുക്കുന്നതും ഉപദേശിച്ചു നന്നാക്കാന്‍ ശ്രമിക്കുന്നതും ശരിയല്ല.

സ്‌നേഹപൂര്‍വം പെരുമാറുകയും ചികിത്സയ്ക്കായി രോഗിയേയും ബന്ധുക്കളെയും പ്രേരിപ്പിക്കുകയും ആണ് വേണ്ടത്. കുടുംബ ഡോക്ടറുമായി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തശേഷം അദ്ദേഹത്തിന്റെ ശിപാര്‍ശയോടെ ലഹരിമോചന കേന്ദ്രത്തെ സമീപിക്കുന്നതു മനഃശാസ്ത്രജ്ഞന്റെ ജോലി എളുപ്പമാക്കുന്നു.

drhari7@hotmail.com