MATHRUBHUMI RSS
Loading...

എരിഞ്ഞടങ്ങുന്നവര്‍


ഷേര്‍ളി ഇംഗ്ലീഷ് മീഡിയം ടീച്ചറാണ്. കൂടെയുള്ളത് അവരുടെ ഭര്‍ത്താവാണ്, പീറ്റര്‍, ആര്‍ക്കും അസൂയ തോന്നുന്ന തരത്തില്‍ മിടുക്കനായിരുന്നു പീറ്റര്‍. എല്ലാവരോടും വേഗത്തില്‍ പരിചയപ്പെടാനും സംഭാഷണത്തിലൂടെ അവരെ സ്വാധീനിക്കാനുമുള്ള കഴിവ് അയാള്‍ക്ക് ഒരു റെപ്രസന്റേറ്റീവ് എന്ന നിലയില്‍ ഉയര്‍ന്ന വരുമാനം നേടിക്കൊടുത്തു. എന്നാല്‍ ഒരു കാര്യത്തിലും സ്ഥിരതയില്ല എന്നതാണ് അയാളുടെ പ്രശ്‌നങ്ങളുടെ കാതല്‍. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ജീവിത്തിനിടയില്‍ പീറ്റര്‍ പല തവണ കമ്പനി മാറി ജോലി ചെയ്തു. പുതിയ കമ്പനിയില്‍ ജോലിക്കു ചേര്‍ന്നാല്‍ ആഴ്ചകള്‍ക്കുള്ളില്‍ത്തന്നെ കഠിനാധ്വാനംമൂലം സകലരുടെയും പ്രശംസ പിടിച്ചു പറ്റുന്ന അയാള്‍ ഒടുവില്‍ അവരെക്കൊണ്ടു തന്നെ ചീത്തപറയിക്കും. ആദ്യം മിടുക്കന്‍ എന്ന് അഭിനന്ദിച്ചവര്‍ തന്നെ ഒടുവില്‍ അയാളെ അലസനെന്നും മടിയനെന്നും വിളിക്കും. ഈ സ്വഭാവരീതി എന്തെങ്കിലും മനഃശാസ്ത്രപരമായ പ്രത്യേകതയാണോ ചികിത്സകള്‍ ആവശ്യമുണ്ടോ എന്നൊക്കെയറിയാനാണ് ഷേര്‍ളി മനഃശാസ്ത്രജ്ഞനെ തേടിയെത്തിയത്.

ജോലിയില്‍ ചെര്‍ന്ന് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ സകലരുടെയും പ്രശംസ നേടിയ ഒരാള്‍ വൈകാതെ അലസന്‍ എന്ന പേരു സമ്പാദിക്കുന്നത് ഒരു വൈരുധ്യമാണ്. ഒന്നിലും ഒരു താല്പര്യവുമില്ല, വിരക്തന്റെ മട്ടും ഭാവവും, വിജനതയില്‍ ദൃഷ്ടിയുണി സിഗററ്റും പുകച്ചിരിക്കും. കാരണം, അന്വേഷിച്ചാല്‍ മുന്‍ ശുണ്ഠി. സഹപ്രവര്‍ത്തകര്‍ പരസ്പരം ചോദിക്കും ഇയാള്‍ക്ക് എന്തുപറ്റി എന്ന്. മറ്റുള്ളവരില്‍ അസൂയ ഉണര്‍ത്തിക്കൊണ്ട് കര്‍മരംഗത്തേക്കുകടന്നുവന്ന പലരും പിന്നീട് പീറ്ററെപ്പോലെ ചിറകുകൊഴിഞ്ഞ് വീഴുന്നതായി നമ്മള്‍ കണ്ടിട്ടുണ്ട്. ഉല്‍ക്ക പോലെ മിന്നിത്തിളങ്ങി എറിഞ്ഞടങ്ങി അപ്രത്യക്ഷമാവാനാണ് ഇവരുടെ നിയോഗം. ഫ്യുഡന്‍ബര്‍ഗ് എന്ന ഗവേഷകന്‍ ഇതിനെ എരിഞ്ഞടങ്ങല്‍ (Burnout) എന്നു വിളിച്ചു. കഴിഞ്ഞ പതിറ്റാണ്ടില്‍ ഗവേഷകരുടെ ശ്രദ്ധയെ ഏറെ ആകര്‍ഷിച്ച പ്രതിഭാസമാണ് എരിഞ്ഞടങ്ങല്‍.

എരിഞ്ഞടങ്ങല്‍ സംഭവിക്കുന്നത് വ്യക്തിയുടെ മനസിനുള്ളില്‍ തന്നെയാണ്. അതിനാല്‍ ആദ്യഘട്ടത്തില്‍ മറ്റുള്ളവര്‍ക്ക് വേണ്ടവിധം സഹായിക്കാന്‍ പലപ്പോഴും കഴിയാറില്ല. അന്യവത്കരണവും ഒറ്റപ്പെടലും പോലെ ഒരു അനുഭവമാണിത്. അടിസ്ഥാനപരമായ വ്യക്തിത്വത്തിലെ പ്രത്യേകതകളോടൊപ്പം ആളിന്റെ പ്രതീക്ഷകളും ഇതില്‍ വളരെ പങ്കുവഹിക്കുന്നു.

ഏതാനും പടികളിലൂടെയാണ് സാധാരണയായി എരിഞ്ഞടങ്ങല്‍ പൂര്‍ണതയിലെത്തുന്നത്. ആദ്യപടി മധുവിധു ആണ്. ഈ ഘട്ടത്തില്‍ വ്യക്തി സദാ പ്രസന്നവദനനും ഊര്‍ജസ്വലനുമായി കാണപ്പെടുന്നു.

ആളുകളുമായി ചങ്ങാത്തം കൂടാനും അതിലൂടെ പരമാവധി നേട്ടം കൊയ്യാനും കഴിയുന്ന കാലമാണിത്. എല്ലാ പ്രയത്‌നങ്ങളും എന്തിന് ചിന്തകള്‍ പോലും തൊഴിലില്‍ മാത്രം അര്‍പ്പിച്ചിരിക്കുന്ന ഇയാളെ ഏതു മേലധികാരിക്കാണ് വെറുക്കാന്‍ കഴിയുക. പീറ്ററെ എല്ലാവരും ഇഷ്ടപ്പെട്ടതും മിടുക്കന്‍ എന്നു വിളിച്ചതും ഈ ഘട്ടത്തിലാണ്.

ഇന്ധനക്ഷാമമാണ് അടുത്ത പടി; പഴയതുപോലെ ചുറുചുറുക്ക് പ്രവൃത്തികളില്‍ ഇല്ലാതെ വരുന്നു. ക്രമേണ അപര്യാപ്തതാബോധവും ആത്മവിശ്വാസക്കുറവും മനസിലേക്കു തള്ളിക്കയറുന്നു. ടാങ്കില്‍ ഇന്ധനം തീരാറായ വാഹനം പോലെ കിതച്ചും ചുമച്ചും കുറേശെ മുന്നോട്ടു നീങ്ങും എന്നു മാത്രം. മൂന്നാമത്തെ ഘട്ടത്തിലെത്തുന്നതോടെ ശുഭാപ്തിവിശ്വാസം പൂര്‍ണമായും നഷ്ടപ്പെട്ട് വ്യക്തിയില്‍ വിഷാദം, മുന്‍കോപം തുടങ്ങിയവ തലപൊക്കുന്നു. വ്യക്തിക്ക് 'വട്ടന്‍', 'ലൂസ്' തുടങ്ങിയ വിശേഷണങ്ങള്‍ ലഭിക്കുന്നതും ഈ അവസ്ഥയിലാണ്.

മുന്‍കോപം മൂലം ഓരോന്ന് വിളിച്ചു പറഞ്ഞിട്ട് ഇവര്‍ സാമൂഹികബന്ധങ്ങള്‍ തകര്‍ക്കുകയും ജോലി സ്ഥലത്തും മറ്റും പൂര്‍ണമായും ഒറ്റപ്പെടുകയും ചെയ്യുന്നു. കുട്ടിലടയ്ക്കപ്പെട്ട് വന്യമൃഗത്തെപ്പോലെ വീര്‍പ്പുമുട്ടുന്ന ഈ വേളയില്‍ വ്യക്തി ആത്മഹത്യ ചെയ്യാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. താന്‍ സ്വയവും മറ്റുള്ളവര്‍ക്കും ഒരു ബാധ്യതയായിത്തീര്‍ന്നിരിക്കുന്നു എന്ന ബോധം ഇവരെ എപ്പോഴും വേട്ടയാടുന്നതായിക്കാണാം. ചികിത്സകന്‍മാര്‍, അഭിഭാഷകര് തുടങ്ങി സേവനരംഗത്ത് പ്രവര്‍ത്തിക്കുന്നവരിലാണ് എരിഞ്ഞടങ്ങല്‍ കൂടുതല്‍ കാണപ്പെടുന്നത്.

എരിഞ്ഞടങ്ങല്‍ ഒരു മനോരോഗമല്ല, പകരം ഒരു പ്രതിഭാസമാണ്. വ്യക്തികളില്‍ പ്രത്യേക അവസരങ്ങളില്‍ ഒരു നിയോഗം പോലെ അതു വന്നെത്തുന്നു. ഇതില്‍ നിന്നും രക്ഷനേടാനുള്ള ശ്രമമാണ് പീറ്ററ് ഇടയ്ക്കിടെ കമ്പനി മാറി പണിയെടുത്തതിനു പിന്നില്‍. വ്യക്തിബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുക, കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും സ്വന്തം മനോവ്യാപാരങ്ങള്‍ ചര്‍ച്ച ചെയ്യുക തുടങ്ങിയ ശീലങ്ങള്‍. എറിഞ്ഞടങ്ങലിനെ തടയാന്‍ പര്യാപ്തമാണ്. മാനസികോല്ലാസത്തിന് സമയം കണ്ടെത്തണം എന്നതും പ്രധാനമാണ്.

drhari7@hotmail.com