MATHRUBHUMI RSS
Loading...

വിഷാദം ഒരു രോഗമാവുമ്പോള്‍

ദൈനംദിന ജീവിതത്തിലെ ഓരോ സംഭവവും അവയുടെ നിഴല്‍പ്പാടുകള്‍ വ്യക്തിയില്‍ അവശേഷിപ്പിച്ചു കൊണ്ടാണ് കടന്നു പോകുന്നത്. നല്ല അനുഭവങ്ങള്‍ വ്യക്തിയെ ആഹ്ലാദിപ്പിക്കുമ്പോള്‍ പരാജയവും മോഹഭംഗങ്ങളും അയാളെ വ്യസനത്തിലേക്ക് നയിക്കുന്നു. ഈ മാറ്റങ്ങള്‍ സ്വാഭാവികമായും താരതമ്യേന അസ്ഥിരങ്ങളുമാണ്. എന്നാല്‍ നീണ്ടുനില്ക്കുന്ന ദുഃഖവും നിരാശയും അതിന്റെ ആഴത്തെയാണ് സൂചിപ്പിക്കുന്നത്.

പ്രത്യേക കാരണങ്ങള്‍ കൂടാതെ തന്നെ ചിലയാളുകളില്‍ സന്തോഷവും സങ്കടവും മാറി മാറി പ്രതൃക്ഷപ്പെട്ടു കാണാറുണ്ട്, സന്തോഷത്തിന്റെ നാളുകളില്‍ ലോകത്തെ അങ്ങേയറ്റം ശുഭാപ്തി വിശ്വാസത്തോടെ സമീപിക്കുന്നവര്‍ തന്നെ ദുഃഖത്തിന്റെ നാളുകളില്‍ കുട്ടിലടച്ച മൃഗത്തെപ്പോലെ വീര്‍പ്പുമുട്ടുന്നു. ഇത്തരം വ്യക്തിത്വത്തിന് സൈക്ലോതൈമിയ (ഇ്യരഹീവ്യോശര) എന്നാണ്, പറയുന്നത്. ചെറിയ നിരാശ പോലും ഇവരെ കടുത്ത വിഷാദത്തില്‍ എത്തിച്ചേക്കാം.

പാരമ്പര്യമായി ജീനുകളിലുടെ പകര്‍ന്നു കിട്ടിയ സവിശേഷതകളാണ് ചിലരെ നിരന്തരം വിഷാദത്തിലേക്ക് തള്ളി വിടുന്നത്. മറ്റുള്ളവരെ നിരീക്ഷിക്കുകയും അനുകരിക്കുകയും ചെയ്യുന്നതിലുടെ സദാശോകഗ്രസ്ഥരായി കാണപ്പെടുന്നവരും കുറവല്ല. ഭാവിയെ അര്‍്ഥശൂന്യമായി കാണുക, പരാജയങ്ങളെ പെരുപ്പിച്ചു കാണുക തുടങ്ങി മദ്യത്തിന്റെയും, മയക്കുമരുന്നുകളുടെയും ഉപയോഗം വരെ വ്യക്തികളെ വിഷാദത്തിലേക്കടുപ്പിക്കുന്നു. ഹോര്‍മോണുകളില്‍ ഉണ്ടാവുന്ന വ്യതിയാനങ്ങള്‍ വിഷാദത്തിനു കാരണമാവുന്നത് കൂടുതലും സ്ത്രീകളിലാണ്. ആര്‍ത്തവ വിരാമത്തോടൊപ്പം ചില മധ്യവയസ്‌കരില്‍ വിഷാദം ഒരു വ്രണമായിത്തീരുന്നു. മസ്തിഷ്‌ക രോഗങ്ങളും വിരളമായെങ്കിലും വിഷാദമായി പുറത്തു വരാറുണ്ട്.

വിഷാദരോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം. നിസ്സഹായതാബോധം, സ്വന്തം കഴിവുകേടുകളെപ്പറ്റിയുള്ള വിലാപം, സ്വയം ഒതുങ്ങിക്കുടുക, സ്വയം വിമര്‍ശനം, കുറ്റബോധം, സാമൂഹിക ബന്ധങ്ങളില്‍ വിമുഖത, വിനോദങ്ങളില്‍ താത്പര്യക്കുറവ്, ശുഭാപ്തി വിശ്വാസം ഇല്ലായ്മ, ഉത്സാഹക്കുറവ്, ഭക്ഷണം - ലൈംഗിക കാര്യങ്ങളഇല്‍ താത്പര്യക്കുറവ്, ഉദാസീനത, ഉറക്കക്കുറവ്, ആത്മഹത്യാ ചിന്ത എന്നിവയുമാണ് ഇവയില്‍ പ്രധാനം.

വിഷാദരോഗത്തിനെതിരെ വ്യക്തികള്‍ മുന്‍ കരുതലുകള്‍ കൈക്കൊള്ളേണ്ടത് മൂന്നു രീതിയിലാണ്. ഒന്നാമത് ശാരീരികമായിത്തന്നെ ചിട്ടയായ ജീവിതരീതിയും സ്വന്തം ശരീരത്തെ ആരോഗ്യപൂര്‍ണമായി സൂക്ഷിക്കാനത്രകുന്ന വ്യായാമങ്ങളും ശീലിക്കണം.

രണ്ടാമത് ശ്രദ്ധിക്കേണ്ടത് മാനസികാരോഗ്യത്തിന്റെ കാര്യമാണ്. സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന മനസിനെ വിഷാദത്തിന് എളുപ്പം കീഴ്‌പ്പെടുത്താനാവില്ല. പകയും അസൂയയും മുളയിലെ നുള്ളിക്കളയാന്‍ മറക്കരുത്. ശക്തമായ സാമൂഹിക ബന്ധങ്ങള്‍ സൃഷ്ടിക്കാനും നല്ല സൗഹൃദങ്ങള്‍ നിലനിര്‍ത്താനും ശ്രദ്ധിക്കുയാണ് മൂന്നാമത് വേണ്ടത്. അടിയുറച്ച സൗഹൃദങ്ങള്‍ ആത്മവിശ്വാസവും ശുഭപ്രതീക്ഷയും പകരും എന്നതില്‍ തര്‍ക്കമില്ല.

വിഷാദം ഒരു രോഗമായിത്തീരുന്ന പക്ഷം ഉപദേശങ്ങള്‍ കൊണ്ടോ ശിക്ഷകള്‍ കൊണ്ടോ ഫലമില്ല. ലഘുവായ വിഷാദത്തിന് മനഃശാസ്ത്രജ്ഞന്‍ നടത്തുന്ന കൊഗ്നിറ്റീവ് തെറ്റാപ്പി ഗുണകരമാണ്. കടുത്ത വിഷാദരോഗത്തില്‍ രോഗി ആത്മഹത്യ ചെയ്യാനുള്ള സാധ്യത ഏറെയായതിനാല്‍ മരുന്നും വിദ്യുച്ഛക്തിയും ഉപയോഗിച്ചുള്ള ചികിത്സയാണ് വേണ്ടത്. അവിദഗ്ധമായി നല്കുന്ന റിലാക്‌സേഷന്‍, ഹിപ്‌നോട്ടിസം മുതലയവ രോഗം മൂര്‍ച്ഛിക്കുന്നതിനും രോഗി ആത്മഹത്യ ചെയ്യുന്നതിനും കാരണമാവുന്നു.

സംഭവശൂന്യവും വിരസവുമായ ജീവിതം മടുപ്പും വിഷാദവും ക്ഷണിച്ചു വരുത്തുമെന്നതില്‍ തര്‍ക്കമില്ല. അതിനാല്‍ ജീവിതം പരമാവധി ഉല്ലാസകരവും വൈവിധ്യ പൂര്‍ണവും ആക്കാനാണ് ശ്രമിക്കേണ്ടത്.

മറ്റുള്ളവരെ ചിരിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അവരോടൊപ്പം ചിരിക്കാനെങ്കിലും മടിക്കരുത്.

drhari7@hotmail.com