MATHRUBHUMI RSS
Loading...

ഭാഗ്യസ്വപ്നത്തില്‍ വീഴുമ്പോള്‍


ഭാഗ്യദേവതയുടെ കടാക്ഷം വാഗ്ദാനം ചെയ്യുന്ന പരസ്യത്തില്‍ മുഴുകി, മറ്റാരെങ്കിലും കാണുന്നുണ്ടോയെന്ന ജാള്യത്തോടെ അല്ലെങ്കില്‍ ചില്ലറ മാറാനാണെന്ന നാട്യത്തോടെ ഒരിക്കാലെങ്കിലും ഭാഗ്യക്കുറി വാങ്ങിയിട്ടില്ലാത്തവര്‍ ചുരുക്കം. ഇതൊരു മാനസിക വൈകല്യമാണെന്ന് പറയാനാവില്ല. എന്നാല്‍ എല്ലാ പ്രവര്‍ത്തികളും നിര്‍ത്തിവച്ച് ഭാഗ്യം മാത്രം സ്വപ്നം കണ്ടുകഴിയുന്നത് മനോവൈകല്യവും മനോരോഗത്തിന് കാരണവുമാകുന്നു. ഉത്സവസ്ഥലങ്ങളിലും മറ്റും നടക്കുന്ന മുച്ഛീട്ടുകളി, കുലുക്കിക്കൂത്ത് എന്നീ കളികളുടെ പിന്നാലെ പറയുന്നവരുണ്ട്. പലപ്പോഴും ഇത്തരം കളികള്‍ അവസാനിക്കുന്നത് കയ്യാങ്കളിയിലായിരിക്കും. അങ്ങനെ നിലവിട്ട ഭാഗ്യാന്വേഷണം വ്യക്തിയുടെ മാനസികാരോഗ്യം മാത്രമല്ല ചിലപ്പോള്‍ ശാരീരികാരോഗ്യവും അവതാളത്തിലാക്കുന്നു.

മദ്യത്തെപ്പോലെതന്നെ മനുഷ്യനെ മയക്കാന്‍ കഴിയുന്ന ഒന്നാണ് എളുപ്പത്തില്‍ കിട്ടുന്ന പണവും. ഒരിക്കല്‍ പണം കിട്ടിയാല്‍ ആ വഴി വീണ്ടും പരീക്ഷിച്ചു നോക്കാനുള്ള പ്രേരണ ശക്തമാവുകയായി. ആവര്‍ത്തിച്ചുള്ള പരാജയവും ഇതേ ഫലം തന്നെയാണ് ഉണ്ടാക്കുന്നത്. നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാനായി പന്തയത്തില്‍ ഏര്‍പ്പെടുന്നു. ഒടുവില്‍ എല്ലാം നഷ്ടപ്പെട്ടശേഷവും കടം വാങ്ങി കളിതുടരുന്നവരും ഇല്ലാതില്ല. പരാജയത്തിന്റെ അവസാന പടിയിലും വ്യക്തിയില്‍ പ്രതീക്ഷയുടെ ജ്വാല അണയാതെ നില്‍ക്കുന്നത് പലപ്പോഴും പരസ്യങ്ങള്‍ മൂലമാണ്. ഈ മനഃശാസ്ത്രം നന്നായി മനസിലാക്കിയ വിരുതന്മാര്‍ ചൂതാട്ടകേന്ദ്രങ്ങളും കുതിരപ്പന്തയങ്ങളും സ്ഥാപിച്ച് പണം പിടുങ്ങുന്നു.

ഇത്തരം വിനോദങ്ങളില്‍ സൃഷ്ടിപരമായി ഒന്നും നടക്കുന്നില്ലെന്ന് പ്രത്യേകം ഓര്‍മിക്കണം. കുറേപ്പേരുടെ കൈയിലുള്ള പണം യാതൊരധ്വാനവും കൂടാതെ ഒരാളുടെ കൈയില്‍ വന്നുചേരുകയാണ് ഉണ്ടാവുന്നത്. അങ്ങനെ വിലയേറിയ സമയവും രാഷ്ട്രത്തിന്റെ സമ്പദ് ഘടനയില്‍ സഹായകമാവേണ്ട ഊര്‍ജവും നിഴല്‍യുദ്ധത്തില്‍ പാഴായിപ്പോകുന്നു.

പണം വലിച്ചെറിഞ്ഞ് കനകം കൊയ്യാനുള്ള പ്രേരണ അതിരുവിടുമ്പോള്‍ മനോരോഗത്തിലേക്ക് വ്യക്തി കൂടുതല്‍ അടുക്കുകയാണെന്ന് പറഞ്ഞല്ലോ. മനോരോഗ നിര്‍ണയത്തിന്റെ അടിസ്ഥാന പ്രമാണത്തില്‍ (ഉടങ, ഉശമഴിീേെശര മിറ ടമേശേേെശരമഹ ങമിൗമഹ) ചൂതാട്ടത്തോടുള്ള അഭിനിവേശത്തെ ചികിത്സ അര്‍ഹിക്കുന്ന രോഗമായാണ് കണക്കാക്കിയിട്ടുള്ളത്.

ഭാഗ്യം എന്ന സങ്കല്‍പ്പം തന്നെ ആനുകൂല്യങ്ങള്‍ മോഹിക്കുന്ന മനസിന്റെ സൃഷ്ടിയാണ്. മറ്റൊരാള്‍ വലിയവനാണെന്നും താന്‍ മോശക്കാരനാണെന്നുമുള്ള അറിവ് സുഖകരമല്ലല്ലോ. ഉത്കണ്ഠ ഉണര്‍ത്തുന്ന ഈയറിവിനെ മറികടക്കാനുള്ള തലമുറകളുടെ ശ്രമമാണ് ഭാഗ്യത്തെപ്പറ്റിയുള്ള ചിന്ത തന്നെ. സമര്‍ഥനായ മറ്റൊരാളെക്കാള്‍ ഉല്‍ക്കര്‍ഷത്തില്‍ തന്നെ എത്തിക്കാന്‍ ഭാഗ്യദേവതയ്ക്കു കഴിയുമെന്ന് മനുഷ്യന്‍ എന്നും വിശ്വസിച്ചിരുന്നു. ഉയര്‍ച്ചയുടെ പടവുകള്‍ മറ്റൊരാള്‍ കയറിപ്പോകുന്നതു കാണുമ്പോള്‍ നമ്മളെ നിരാശയില്‍ വീഴാതെ കാത്തു രക്ഷിക്കുന്നതും ഭാഗ്യങ്ങളെപ്പറ്റിയുള്ള കണക്കുകൂട്ടലുകളാണ്. ആധുനിക ലോകത്തില്‍ ഓഹരി വിലക്കയറ്റത്തിന്റെയും ഉദ്യോഗലബ്ധിയുടെയും രൂപത്തില്‍ ഭാഗ്യം നാമ്പിടുന്നു. മകന്റെ ജനനത്തോടെ എന്റെ ജാതകം തെളിഞ്ഞു എന്നു വീമ്പിളിക്കുന്ന ചേട്ടന്മാരെയും ഇതിയാനെ കെട്ടിയതോടെ എന്റെ ജീവിതം അസ്തമിച്ചു എന്നു വിലപിക്കുന്ന ചേട്ടത്തിമാരേയും നമുക്ക് ചുറ്റും കാണാം.

'അവന്റെ സമയം നല്ലതാണ്', 'അവളുടെ വിധി' തുടങ്ങിയ വാക്യങ്ങള്‍ നമ്മള്‍ ഏത്രയോ തവണ ഉപയോഗിച്ചിരിക്കുന്നു. ഒരാളുടെ നേട്ടമോ കോട്ടമോ നോക്കിയാണല്ലോ ഇത്തരം നിഗമനങ്ങളില്‍ എത്തിച്ചേരുന്നത്. അതുകൊണ്ടു തന്നെ ഉത്തരം അറിഞ്ഞശേഷം ചോദ്യം സൃഷ്ടിക്കുന്ന പ്രവൃത്തിയാണ് വിധിയെപ്പറ്റിയും സമയദോഷത്തെപ്പറ്റിയും ഉള്ള പര്യമര്‍ശങ്ങള്‍ക്കു പിന്നിലുള്ളത്.

അടിക്കടി ഒരാള്‍ പരാജയം ഏറ്റുവാങ്ങുന്നുവെങ്കില്‍ അയാളുടെ വിധിയേയല്ല മറിച്ച് പ്രശ്‌നങ്ങളെ സമീപിക്കുന്ന രീതിയെയാണ് പഴിക്കേണ്ടത്. ലക്ഷ്യം ശേഷിക്കും അപ്പുറത്ത്ആവുന്നതാണ് തുടര്‍ച്ചയായ പരാജയങ്ങള്‍ക്കു കാരണം. പ്രവര്‍ത്തനപഥത്തില്‍ വേണ്ടത്ര ഉചിതമായ മാറ്റങ്ങള്‍ വരുത്താനുള്ള കഴിവുകേടും പരാജയത്തിന് ഹേതുവാകുന്നു. നിര്‍ഭാഗ്യത്തെപ്പറ്റി പറയുമ്പോള്‍ നിങ്ങള്‍ക്കിഷ്ടമുള്ള ഒരാളുടെ പരാജയത്തിന്റെ കാരണം നിര്‍ഭാഗ്യത്തിന്റെമേല്‍ ചാരുകയും ഭാഗ്യത്തെപ്പറ്റി പറയുമ്പോള്‍ അന്യന്റെ അധ്വാനത്തിന്റെ വിലയിടിച്ചു കാണിക്കുകയുമാണ് യഥാര്‍ഥത്തില്‍ ചെയ്യുന്നത്.

drhari7@hotmail.com