MATHRUBHUMI RSS
Loading...

അപകര്‍ഷതാബോധം

ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ സ്വയം അപര്യാപ്തത തോന്നിയിട്ടില്ലാത്തവരായി ആരുമില്ല. എന്നാല്‍ ചിലയാളുകളില്‍ ഈ ചിന്ത എപ്പോഴും എവിടെയും പിന്തുടരുന്നു. എത്ര സമര്‍ഥമായി മറച്ചുവച്ചാലും നിര്‍ണായക നിമിഷങ്ങളില്‍ ഇതു പുറത്തു വന്ന് തല്‍സ്വരൂപം കാട്ടുകതന്നെ ചെയ്യും. അടിസ്ഥാനപരമായ വ്യക്തത്വ വൈകല്യങ്ങള്‍, അപ്രതീക്ഷിതമായ ആഘാതങ്ങള്‍, ആവര്‍ത്തിച്ചുള്ള പരാജയങ്ങള്‍, സ്വന്തം പരിമിതികളെപ്പറ്റിയുള്ള അറിവില്ലായ്മ, ഉയര്‍ന്ന ലക്ഷ്യത്തോടുള്ള പ്രേരണ, ആത്മവിശ്വാസകുറവ്, സുരക്ഷിതത്വബോധത്തിന്റെ അഭാവം, നീണ്ടു നില്‍ക്കുന്ന അസന്ദിഗ്ധാവസ്ഥ - ഇവയൊക്കെ ഒരാളെ അപകര്‍ഷതാബോധത്തിന്റെ തീച്ചുളയിലെത്തിക്കുന്നു.

വ്യക്തിയില്‍ സാമൂഹികവല്‍ക്കരണം നടക്കുന്നത് കുട്ടിക്കാലത്താണ്. മറ്റുള്ളവരെ അവരുടെ പ്രത്യേകതകളോടു കൂടി അംഗീകരിക്കാന്‍ ശീലിക്കുന്നതും ഈ കാലയളവില്‍ത്തന്നെ. സ്വയം വസ്തുനിഷ്ഠമായി വിലയിരുത്താനും യുക്തിസഹമായ ഒരു പ്രതിച്ഛായ സൂക്ഷിക്കാന്‍ കഴിയുകയും വേണം. സ്വയം ബഹുമാനിക്കുന്ന ഒരാള്‍ക്കു മാത്രമേ അന്യരുടെ വികാരവിചാരങ്ങളെ മാനിക്കാന്‍ കഴിയൂ. സഹോദരങ്ങളില്ലാതെ ഒറ്റയ്ക്കു വളരുന്ന കുട്ടികളിലും ഏറെ കര്‍ശനമായി വളര്‍ത്തപ്പെട്ടവരിലും അപകര്‍ഷതാബോധം കൂടുതലായി കണ്ടിട്ടുണ്ട്. എന്താണ് ശരി, എന്താണ് തെറ്റ്, എന്തു ചെയ്യാം, എന്തു ചെയ്യാന്‍ പാടില്ല - എപ്പോഴും ഇത്തരം കുട്ടികള്‍ക്ക് സംശയങ്ങളാണ് പല മാതാപിതാക്കള്‍ക്കുമുള്ള ഒരു ചീത്ത ശീലം സ്വന്തം കുട്ടിയെ മറ്റു കുട്ടികളുമായി താരതമ്യപ്പെടുത്തി അഭിപ്രായങ്ങള്‍ പറയുക എന്നാണ്. 'വടക്കേലെ ഷാജി മിടുക്കനാണ്, നീ കാശിനു കൊള്ളാത്തവന്‍' എന്നു പറയുന്ന പിതാവ് സ്വന്തം കുഞ്ഞിന്റെ ഇളം മനസില്‍ അപര്യാപ്തതയുടെയും അപകര്‍ഷതയുടെയും വിഷബീജം വിതയ്ക്കുകയാണ് ചെയ്യുന്നത്.

അപകര്‍ഷതാബോധം പുറത്തു വരുന്നത് പല രീതികളിലാണ്. മറ്റുള്ളവരോട് തുറന്ന് ഇടപെടാന്‍ കഴിയുന്നില്ല. അതിവേഗം ചമ്മുക, മറ്റുള്ളവരുടെ നിസാരമായ കളിയാക്കലുകളെക്കുറിച്ച് ചിന്തിച്ചു മനസു പൂണ്ണാക്കുക, ഉല്ലസിക്കാന്‍ കഴിയാതിരിക്കുക, ഒറ്റപ്പെടുന്നു എന്ന തോന്നല്‍ - എന്നിങ്ങനെ ഇതിന്റെ ലക്ഷണങ്ങള്‍ ഏറെയാണ്, അപകര്‍ഷത ചിലപ്പോള്‍ ഉത്കണ്ഠയുടെ രൂപത്തില്‍ പുറത്തുവന്നേക്കാം. പുതുതായി ആരെയെങ്കിലും പരിചയപ്പെടേണ്ടി വരുമ്പോള്‍ കൈകാല്‍ വിറയല്‍, നെഞ്ചിടിപ്പ്, ഒക്കെ അനുഭവപ്പെടുന്നു. അപകര്‍ഷതാബോധം വിഷാദത്തിന്റെ രൂപം സ്വീകരിക്കുന്നപക്ഷം ആത്മഹത്യക്കുള്ള സാധ്യത തള്ളികളയാനാവില്ല. ചിലര്‍ സ്വയം ഉള്‍വലിയുന്നവരാണെങ്കില്‍ മറ്റു ചിലര്‍ പൊങ്ങച്ചത്തിന്റെ 'കോമാളിവേഷം കെട്ടുന്നവരാണ്.'

അപകര്‍ഷതാബോധത്തെ അതിജീവിക്കാനുള്ള എളുപ്പമാര്‍ഗം സ്വയം മനസിലാക്കു എന്നതാണ്. സ്വന്തം കഴിവുകളെപ്പറ്റിയും ബോധമുള്ളയാള്‍ക്ക് നിരാശയുണ്ടാകുന്ന സന്ദര്‍ഭങ്ങള്‍ വിരളമാണ്. ആദ്യം ചെയ്യേണ്ടത് സ്വന്തം കഴിവുകളെപ്പറ്റിയും ബലഹീനതകളെപ്പറ്റിയും ഒരു ലിസ്റ്റുണ്ടാക്കുക എന്നതാണ്. കഴിവുകളില്‍ അഭിമാനിക്കാനും ബലഹീനതകളെ അംഗീകരിക്കാനും തയാറെടുക്കുകയാണ് അടുത്ത പടി. എല്ലാത്തിനും കഴിവുള്ളവരായി ഈ ലോകത്തില്‍ ആരും തന്നെയില്ലെന്ന് മറക്കരുത്.

പരിഹരിക്കാനാവുന്ന കുറവുകള്‍ നികത്താനായി ആരോഗ്യകരമായ ശ്രമത്തില്‍ ഏര്‍പ്പെടുകയും പരിഹരിക്കാനാവാത്ത കുറവുകളെ സ്വന്തം പ്രത്യേകതകളായി അംഗീകരിക്കുകയും വേണം. സമൂഹത്തിന് പൊതുവായി പ്രയോജനകരമായി ജീവിക്കാന്‍ സന്നദ്ധനായാല്‍ ലോകത്തിന്റെ മുഴുവന്‍ സ്‌നേഹവും ആശീര്‍വാദവും തന്നിലേക്ക് ഒഴുകുന്നതായിത്തോന്നും. മുമ്പു മറ്റുള്ളവരോട്് തോന്നിയ അസൂയ, പക തുടങ്ങിയ വികാരങ്ങളില്‍ വ്യക്തിക്കു സ്വയം ലജ്ജ അനുഭവപ്പെട്ടാല്‍ അയാള്‍ അപകര്‍ഷതാബോധത്തില്‍ നിന്നും മോചിതനായി എന്ന് അനുമാനിക്കാം.

drhari7@hotmail.com