MATHRUBHUMI RSS
Loading...

നിങ്ങള്‍ എന്തിനാണ് എന്നെ തോണ്ടുന്നത്?

ഒരാളുടെ സ്വഭാവം പുര്‍ണമായും മനസിലാക്കാനുള്ള മൂന്നു എളുപ്പവഴികള്‍ ആരോ പറഞ്ഞിട്ടുണ്ട്. ഒരുമിച്ച് യാത്ര ചെയ്യുക, മദ്യസേവ നടത്തുക, ചൂതുകളിയില്‍ ഏര്‍പ്പെടുക.

ട്രെയിനിലും ദീര്‍ഘദൂരരബസുകളിലും സ്ത്രീകളുടെ അടുത്ത് ഇരിപ്പിടം തരപ്പെടുത്താന്‍ ചിലര്‍ക്ക് വിരൂതേറും ഇരിപ്പിടം കിട്ടിയാലോ, ഉടനടി നിദ്ര കണ്‍പോളകളെ തഴുകുകയായി. ഉറക്കത്തില്‍ കൈകാലുകള്‍ സഹയാത്രികയുടെ മേല്‍ സ്വപ്നാടനം നടത്തുകയാവും. മറ്റു ചിലര്‍ കുട്ടികളെ സീറ്റിനിടയില്‍ കയറ്റി നിര്‍ത്തി ചെറുപ്പക്കാരികളായ അമ്മമാരെ സഹായിക്കുന്നു. കുട്ടിയെ വിട്ട് അമ്മ അകലത്തൊന്നും പോവില്ലല്ലോ. ടിക്കറ്റ് വാങ്ങിക്കൊടുക്കാന്‍, ലഗേജ് ഒതുക്കി വയ്ക്കാന്‍ ഒക്കെ സ്ത്രീകള്‍ക്ക് സഹായികള്‍ഏറെയാണ്. ദീര്‍ഘവീക്ഷണമുള്ള പ്രവൃത്തികള്‍ എന്ന് പിന്നീടാണ് മനസിലാവുന്നത്. ഇത്തരം കടന്നാക്രമണങ്ങള്‍ വിപരീത ലിംഗത്തില്‍പ്പെട്ടവരോടു മാത്രമാണ് എന്നു ധരിച്ചിട്ടുണ്ടെങ്കില്‍ തെറ്റി. സ്ത്രീപുരുഷ ഭേദമന്യേ സ്വവര്‍ഗപ്രേമികളും തങ്ങളുടെ ഇരകളെ കണ്ടെത്തുന്നത് പലപ്പോഴും യാത്രയ്ക്കിടയിലാണ്.

ആള്‍ത്തിരക്കിനിടയില്‍ സ്ത്രീകളെ തട്ടിയും മുട്ടിയും സായൂജ്യമടയാല്‍ നില്‍ക്കുന്നവര്‍ക്ക് ഒരു വിടന്റെയോ ബലാല്‍സംഗക്കാരന്റെയോ പരിവേഷമാണ് പൊതുജനം കല്പിക്കാറുള്ളത്. സ്വന്തം പ്രതിച്ഛായയെപ്പറ്റിയും ലൈംഗികശേഷിയെപ്പറ്റിയും ഏറെ ഉത്കണ്ഠപ്പെടുന്നവരാണ് ഇക്കൂട്ടര്‍. ലഘുവായ മനോരോഗം എന്നു പറയാം. സ്വന്തം യൗവനം അസ്തമിച്ചു എന്നോ സ്ത്രീകളെ ആകര്‍ഷിക്കാനും സംതൃപ്തരാക്കാനുള്ള കഴിവുകള്‍ നശിച്ചുപോയി എന്നോ ആവും സ്വയമുള്ള വിലയിരുത്തല്‍.

കോളേജ് കുമാരിമാരേയും ഉദ്യോഗസ്ഥകളേയും തെരഞ്ഞുപിടിച്ച് ശല്യം ചെയ്യുന്ന ചില വിരൂതന്മാരുണ്ട്. വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്നവരാണ് ഇവരില്‍ ഏറെപ്പേരും. തങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന അവഗണനയ്ക്ക് ഒരു പ്രതികാരം എന്നവണ്ണം അവര്‍ ഇത്തരം കൃത്യങ്ങളില്‍ ഏര്‍പ്പെടുന്നു. മുതിര്‍ന്നവര്‍, യുവാക്കള്‍ കാട്ടുന്ന ചാപല്യങ്ങളെ പരിഹസിക്കാറുണ്ട്. എന്നാല്‍, തങ്ങള്‍ക്ക് യാത്രയ്ക്കിടയില്‍ അസഹനീയമായ ശല്യങ്ങള്‍ ചെയ്യുന്നത് പലപ്പോഴും തലനരച്ചവരാണെന്ന് പല കോളേജ് വിദ്യാര്‍ഥിനികളും ആണയിട്ടു പറയുന്നു.

ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്ത്രീകള്‍ സാധാരണയായി പ്രതികാരിക്കാറുള്ള രീതികള്‍ കൂടി ശ്രദ്ധിക്കുക. നല്ല വിഭാഗം പേരും അപമാനം ഭയന്ന് ഇതൊക്കെയങ്ങ് സഹിക്കുകയാണ് പതിവ് മൗനം സമ്മതമായിക്കരുതി ശല്യക്കാരന്‍ അതിക്രമിച്ച് മുന്നേറുന്നു. ഒച്ച വച്ചാല്‍ സംഗതി എല്ലാവരും അറിയുമല്ലോ എന്ന പേടിതന്നെയാണ് പ്രശ്‌നം. എന്നാല്‍ മൗനഭയത്താല്‍ മൗനം ഭജിക്കുന്നവള്‍ കാഴ്ചക്കാര്‍ 'ശല്യം' ആസ്വദിക്കുന്നു എന്ന തോന്നലാണ് ഉളവാക്കുന്നത്.

ആളുകളെ സുരക്ഷിതമായ അകലത്തില്‍ നിര്‍ത്താനും അതിക്രമിച്ചു കടക്കലുകള്‍ തടയാനും അവശ്യം വേണ്ടത് ചങ്കുറപ്പാണ്. എത്രപേര്‍ക്കിതുണ്ട്. സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കാനും വെട്ടിത്തുറന്നു പറയാനും ശ്രമിക്കാതെ തരമില്ല. അവകാശങ്ങള്‍ ധിംസിക്കപ്പെടുമ്പോള്‍ വികാരക്ഷോഭം കൂടാതെ എന്ന്ത് മയമില്ലാത്ത പ്രതികരണം തന്നെ നടത്തണം. എന്നാല്‍, യാഥാസ്ഥിതിക സമൂഹം ഇത്തരം തന്റേടത്തേയും കാര്യപ്രാപ്തിയും അഹങ്കാരമായി തെറ്റി ധരിക്കുന്നു. നമ്മുടെ സമൂഹത്തില്‍ മാതാപിതാക്കളുടെ കര്‍ശനനിയന്ത്രണത്തില്‍ വളര്‍ന്ന പെണ്‍കുട്ടികള്‍ക്ക് പലര്‍ക്കും അവസരോചിതമായ പ്രതികരണങ്ങള്‍ നടത്താനറിയില്ല. ഒരു തരം ഭയവും ആത്മവിശ്വാസക്കുറവുമാണ് ഇതിനു കാരണം. തനിക്കു നേരിടേണ്ടി വന്ന ഒരു ബുദ്ധിമുട്ടിനെപ്പറ്റിപ്പറയുമ്പോള്‍, അതു കേട്ടശേഷം പറഞ്ഞയാളെത്തന്നെ പ്രതിയാക്കി കുറ്റപ്പെടുത്തുന്ന രക്ഷാകര്‍ത്താക്കള്‍ കുട്ടിയുടെ ആത്മവിശ്വാസത്തിന്റെയും സുരക്ഷ്തതബോധത്തിന്റെയും കടയ്ക്കലാണ് കത്തിവയ്ക്കുന്നത്.

യാത്രയ്ക്കിടയിലും തിരക്കുള്ള സ്ഥലങ്ങളിലും ഒരാള്‍ സ്ഥിരമായി ശല്യം ചെയ്യപ്പെടുന്നുണ്ടെങ്കില്‍ അതിന്റെ കാരണം അയാള്‍ സ്വയം കണ്ടെത്തണം. ഓരോ നിമിഷത്തിലും നില്പിലും നടപ്പിലും വസ്ത്രധാരണത്തിലും നോട്ടത്തിലും നിന്നെല്ലാം അനേകം സന്ദേശങ്ങള്‍ പുറത്തേക്കൊഴുകുന്നുണ്ട്. എന്റെ ഏത് പെരുമാറ്റമാണ് മറ്റുള്ളവരെ പ്രലോഭിപ്പിക്കുകയും പ്രകോപ്പിക്കുകയും ചെയ്യുന്നത് എന്നു കണ്ടെത്തി നിയന്ത്രിക്കണം. അലക്ഷ്യമായി വസ്ത്രം ധരിക്കുന്നതും മറ്റൊരാളില്‍ പ്രതീക്ഷ ജനിപ്പിക്കുമാറ് 'സോഷ്യല്‍' ആവുന്നതും ഒഴിവാക്കണം. കടുപ്പിച്ചുള്ള ഒരു നോട്ടത്തിലുടെ നല്ല പങ്ക് ശല്യക്കാരെയും നേരിടാം. നിങ്ങള്‍എന്തിനാണ് എന്നെ തോണ്ടുന്നത് ? എന്ന് ഉറക്കെ ചോദിച്ചാല്‍ തോണ്ടുന്നയാള്‍ വിളറിപ്പോകും. 'നോ', 'പറ്റില്ല', 'ഉപദ്രവിക്കരുത്' എന്നിങ്ങനെയുള്ള വാക്കുകള്‍ ആവശ്യാനുസരണം ഉപയോഗിക്കാനും ശീലിക്കണം. 'ഇതിനൊക്കെ ആദ്യം വേണ്ടത് ആത്മാഭിമാനവും, ആത്മവിശ്വാസവുമാണ്. അതു വളര്‍ത്തിയെടുക്കാനാണ് ശ്രമിക്കേണ്ടത്.

drhari7@hotmail.com