MATHRUBHUMI RSS
Loading...

സഭാകമ്പം പെണ്‍കുട്ടികളില്‍

ഒരു സദസിനെ അഭിമുഖീകരിച്ച് അവര്‍ ശ്രദ്ധിക്കണം എന്ന ഉദ്ദേശ്യത്തോടെ ഒരു പ്രവൃത്തി ചെയ്യുമ്പോഴുണ്ടാവുന്ന പരിഭ്രമമാണു സഭാകമ്പം. തനിച്ചിരിക്കുമ്പോഴോ വീട്ടില്‍ അച്ഛനമ്മമാരുടെ മുമ്പിലോ പാടാനും ആടാനുമൊക്കെ കഴിവുള്ളയാളിന് അപരിചിതമായ സദസിനു മുമ്പില്‍ പരിഭ്രമം അനുഭവപ്പെടുന്നു. എല്ലാവരുടെയും ശ്രദ്ധ തന്നിലേക്ക് ആണല്ലോയെന്ന വേവലാതിയാണ് സഭാകമ്പത്തിന്റെ പ്രധാന കാരണം. സദസ്യരുടെ പ്രതികരണത്തെപ്പറ്റിയുള്ള ഉത്കണ്ഠ, പരാജയഭീതി, അര്‍പ്പിതമായ ഉയര്‍ന്ന പ്രതീക്ഷകള്‍ തുടങ്ങി മനഃശാസ്ത്രപരമായ പല ഘടകങ്ങളും സഭാകമ്പത്തിനു പിന്നിലുണ്ട്. ഇവയൊക്കെ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കുമ്പോഴേക്കും പ്രകടനം നടത്താനുള്ള ഏകാഗ്രത മനസിനു നഷ്ടമാവുന്നു. കഴിവുള്ള പലരേയും ലോകം അറിയാതെ പോകുന്നത് മേല്‍പ്പറഞ്ഞ സഭാകമ്പത്തെ അതിജീവിക്കാനുള്ള ആത്മധൈര്യമില്ലാത്തതിനാലാണ് ഒരാള്‍ക്ക് ബുദ്ധിയും ഒട്ടേറെ കഴിവുകളും ഉണ്ടായിട്ട് കാര്യമില്ല. അതുനാലാള്‍ കാണ്‍കെ പ്രയോഗിക്കാനുള്ള തന്റേടമില്ലാത്ത പക്ഷം കുടത്തിലെ വിളക്കുപോലെ എരിഞ്ഞടങ്ങുകയാവും ഫലം. ഉത്കണ്ഠയോടും സഭാകമ്പത്തോടും ആളുകള്‍ പ്രതികരിക്കുന്ന രീതി വ്യത്യസ്തമാണ്. ചിലര്‍ക്ക് ഭാവിയില്‍ മികവുറ്റ പ്രകടനം കാഴ്ചവയ്ക്കാനുള്ള ടോണിക്ക് ആയിത്തീരുന്നു ഇത്. എന്നാല്‍, മറ്റു ചിലരാവട്ടെ നിസ്സഹായമായി ഉള്‍വലിയാനാവും ശ്രമിക്കുക. മൂന്നാമതൊരു കൂട്ടര്‍ സര്‍വതിനെയും പുച്ഛത്തോടെയും അസൂയയോടെയും വീക്ഷിക്കുന്നു. ഇങ്ങനെ കുട്ടിക്കാലത്ത് ശക്തി പ്രാപിക്കുന്ന സ്വാഭാവ രീതികള്‍ മാറ്റിയെടുക്കുക വളരെ പ്രയാസകരമാണ്. കാരണം ഉള്‍വിലയിലുടെ വ്യക്തി ഒറ്റപ്പെടുകയും അതുകൊണ്ടു തന്നെ ആവശ്യമുള്ളത്ര സാമൂഹിക വത്കരണം നടക്കാതെ പോവുകയും ചെയ്യുന്നു.

ആധുനിക ലോകത്ത് മനസിന്റെ പിരിമുറുക്കം പൂര്‍ണമായും ഒഴിവാക്കാനാവില്ല. ആപത്ഘട്ടങ്ങളില്‍ വ്യക്തിക്ക് ആവശ്യമുള്ള വിപദിധൈര്യം സമ്മാനിക്കുന്നത് ഉത്കണ്ഠയാണ്. എന്നാലിത് ക്രമാതീതമായി വര്‍ധിക്കുമ്പോള്‍ പ്രശന്ങ്ങള്‍ ആരംഭിക്കുകയായി. വ്യക്തി സ്വന്തം അനുഭവങ്ങളിലുടെ പഠിച്ചെടുക്കുന്ന അനാരോഗ്യകരമായ പ്രവണതയാണ് അമിതമായ ഉത്കണ്ഠ എന്നത്. അതിനെ അതിജീവിക്കാനുള്ള എളുപ്പവഴി വിപരീത വികാരങ്ങള്‍ വളര്‍ത്തിയെടുക്കുക എന്നതു തന്നെ. ഉത്കണ്ഠയുടെ വിപരീതാവസ്ഥയാണ് പ്രശാന്തി അഥവാ റിലാക്‌സേഷന്‍.

ഉത്കണ്ഠയും ഭയവും ഉണര്‍ത്തുക ഭാഗങ്ങള്‍ ആദ്യം തന്നെ യാഥാര്‍ഥ്യബോധത്തോടെ വിശകലനം ചെയ്യുക. ആവര്‍ത്തിച്ചുള്ള പരാജയങ്ങള്‍ വ്യക്തിയുടെ ആത്മവീര്യമത്തെ തകര്‍ക്കും. എന്നതിനാല്‍ പരാജയം നേരിട്ടയാള്‍ വീണ്ടു ശ്രമിക്കുന്നതിനുമുമ്പായി സംഭവങ്ങളെ യുക്തി ഉപയോഗിച്ച് വിലയിരുത്തണം. പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാണെന്നു തോന്നുന്നപക്ഷം കുറേക്കുടി ലളിതമായ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നതാണ് നന്ന്.

ഉത്കണ്ഠയെ നേരിടാന്‍ വിപരീത വികാരമായ പ്രശാന്തി വളര്‍ത്തിയെടുക്കുന്നതിനെപ്പറ്റി പറഞ്ഞല്ലോ. ഇതിന് ഫലമപ്രദമായി സ്വീകരിക്കാവുന്ന വിവിധ മാര്‍ഗങ്ങള്‍ ഉണ്ട്. - ധ്യാനവും യോഗാസനങ്ങളും മറ്റും ഈ ഉദ്ദേശ്യത്തോടെ പൗരാണിക കാലം മുതല്‍ക്ക് ഉഫയോഗിച്ചു വരുന്നു. മനഃശാസ്ത്രജ്ഞര്‍ രോഗികളെ പഠിപ്പിക്കാറുള്ള റിലാക്‌സേഷന്‍ വിദ്യകളും ഏരെ ഗുണകരമാണ്. ഇതൊന്നുമല്ലാത്ത പക്ഷം സ്വസ്ഥമായി ഒരിടത്തിരുന്ന് ഇരുപതു മിനിറ്റോളം സ്വന്തം ശ്വാസഗതി ശ്രദ്ധിച്ചാലും മതി.

സഭാ കമ്പത്തേയും ഉത്കണ്ഠയേയും നിയന്ത്രിക്കാനുള്ള ഒരു എളുപ്പവഴി പറയാം. ഏറെ ഉത്കണ്ഠ ഉളവാക്കുന്ന സന്ദര്‍ഭങ്ങളെ വിവിധ ഘട്ടങ്ങളായി തിരിച്ച് എഴുതിവയ്ക്കുകയാണ് ആദ്യം വേണ്ടത്. ഏറ്റവും കുറച്ച് ഉത്കണ്ഠ അനുഭവപ്പെടുന്ന രംഗം മുതല്‍ ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്ന രംഗം വരെ അക്കമിട്ട് എഴുതിവയ്ക്കുക. ഉദാഹരണമായി സ്‌കൂള്‍ സ്റ്റേജില്‍ ഒരു നാടകം അഭിനയിക്കുന്നതിനെപ്പറ്റിയോര്‍ത്ത് വ്യാകുലപ്പെടുന്ന കുട്ടി ഇങ്ങനെ എഴുതുന്നു.

1. യുവജനോത്സവത്തിന്റെ തീയതി നിശ്ചയിക്കപ്പെടന്നു (ഏറ്റവും കുറച്ച് ഉത്കണ്ഠയും ഭയവും)
2. ക്ലാസിലെ ചില കുട്ടികള്‍ ചേര്‍ന്ന് ഒരു നാടകം അവതരിപ്പിക്കാന്‍ തീരുമാനിക്കുന്നു.
3. നാടകം തെരഞ്ഞെടുക്കുന്നു.
4. നായകനായി സ്വന്തം പേര് നിര്‍ദേശിക്കപ്പെടുന്നു.
5. റിഹേഴ്‌സല്‍ നടക്കുന്നു.
6. പരിപാടി ദിവസം രാവിലെ ഉണരുന്നു.
7. നാടകത്തിന്റെ അനൗണ്‍സ്‌മെന്റ് ഉയരുന്നു.
8. കര്‍ട്ടന്‍ ഉയരുന്നു. (ഏറ്റവും കൂടുതല്‍ ഉത്കണ്ഠ)

ഇനി ചെയ്യേണ്ടത് സ്വസ്ഥമായി ഒരിടത്തിരുന്ന കണ്ണുകള്‍ അടച്ച് പ്രശാന്തി കൈവരിക്കുക എന്നതാണ്. ഒന്നു മുതലുള്ള രംഗങ്ങള്‍ എല്ലാ വിശദാംശങ്ങളോടും കൂടി മനസിലേക്ക് കൊണ്ടുവരിക. മൂന്നാമത്തെ ഘട്ടത്തിലെത്തുമ്പോള്‍ ഉത്കണ്ഠ കലശലായി അനുഭവപ്പെടുന്ന പക്ഷം ആ രംഗം അവിടെ നിര്‍ത്തിയശേഷം പ്രശാന്തി കൈവരിക്കുക.

വീണ്ടും ഒന്നു മുതലുള്ള രംഗങ്ങള്‍ വിഭാവനം ചെയ്താല്‍ ഏറ്റവും ഒടുവിലത്തെ രംഗവും ഒട്ടും ഉത്കണ്ഠയോ ഭയമോ കൂടാതെ വിഭാവനം ചെയ്യാനാവും.

ഈ മാര്‍ഗത്തിലുടെ ഭാവനയില്‍ മാത്രമല്ല യഥാര്‍ഥ ജീവിതത്തിലും പ്രശ്‌നങ്ങളെ മനസാന്നിധ്യത്തോടെ അഭിമുഖീകരക്കാനുള്ള ആത്മധൈര്യം ഒരാള്‍ക്ക് നേടിയെടുക്കാം.

drhari7@hotmail.com