MATHRUBHUMI RSS
Loading...

ആത്മവിശ്വാസം നേടാന്‍മുപ്പതിനോടടുത്ത പ്രായമുള്ള സുന്ദരിയായ യുവതി കടന്നു വന്നു.

റോസമ്മ പറഞ്ഞുതുടങ്ങി.

എന്റെ പ്രശ്‌നം കേള്‍ക്കുമ്പോള്‍ ഡോക്ടര്‍ ഒരു പക്ഷേ നിസാരമെന്നു കരുതിയേക്കാം. എന്നാലതുകൊണ്ടു ഞാനനുഭവിക്കുന്ന പ്രയാസം പറഞ്ഞറിയിക്കാനാവില്ല. തന്റേടക്കുറവാണ് എന്റെ പ്രശ്‌നം. എന്തെങ്കിലും കുഴപ്പം സംഭവിച്ചശേഷം, ഞാന്‍ വേണ്ടവണ്ണം പ്രതികരിച്ചിരുന്നുവെങ്കില്‍ ഇങ്ങനെ സംഭവിക്കുയില്ലായിരുന്നല്ലോ എന്നാലോചിച്ച് തലപൂണ്ണാക്കും. എന്നാല്‍ അടുത്ത ഒരു സന്ദര്‍ഭത്തിലും ഇതുതന്നെ ആവര്‍ത്തിക്കും. വേണ്ടത് വേണ്ടപ്പോള്‍ പറയാനുള്ള ധൈര്യം കിട്ടുകയില്ല എന്നതാണ് എന്റെ ശാപം. ചിലപ്പോള്‍ മുന്‍കൂട്ടിക്കണ്ട് ഓരോന്ന് പ്രവര്‍ത്തിക്കാന് നോക്കുമെങ്കിലും വിപരീതഫലമാവും ഉണ്ടാവുക.

ഈയിടെ നടന്ന ഒരു സംഭവം പറയാം. എന്റെയൊരു കൂട്ടുകാരിയുടെ സഹോദരന്‍ കുട്ടിക്ക് ട്യൂഷനെടുക്കാനായി വീട്ടില്‍ വരുമായിരുന്നു. അവനെ ശരിക്കും ഒരനിയനെപ്പോലെ കരുതി വീട്ടില്‍ സ്വാതന്ത്ര്യം അനുവദിച്ചു കൊടുത്തു. എന്നാല്‍ ഇടയ്ക്കിടെ അര്‍ഥംവച്ച് ഓരോന്നു പറയാനും അവസരമുണ്ടാക്കി ശരീരത്തില്‍ സ്പര്‍ശിക്കാനും തുടങ്ങിയപ്പോള്‍ പരമാവധി ഒഴിഞ്ഞുമാറാന്‍ മാത്രമേ ഞാന്‍ ശ്രമിച്ചുള്ളൂ. പ്രവര്‍ത്തി അതിരുകടന്നപ്പോള്‍ ഞാന്‍ ഭര്‍ത്താവിനോടു കാര്യങ്ങള്‍ പറഞ്ഞതു പിന്നീട് പല പ്രശ്‌നങ്ങള്‍ക്കും കാരണമായി. അവസരോചിതനായി പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ കാണുമ്പോള്‍ എനിക്ക് അസൂയയാണ്. എനിക്കും കുറച്ചു തന്റേടം നേടിയെടുക്കാനുള്ള വഴികള്‍ ഒന്ന് ഉപദേശിക്കാമോ?

നിങ്ങള്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയാണ്. ഒരു ഓട്ടോയില്‍ അല്ലെങ്കില്‍ ടാക്‌സിയില്‍ ചടങ്ങു നടക്കുന്നിടത്തു ചെന്നിറങ്ങുന്നു. ഡ്രൈവര്‍ ചോദിക്കുന്ന കൂലി ന്യായമായതിനേക്കാള്‍ വളരെക്കൂടുതലാണ്. നിങ്ങളെന്തു ചെയ്യും?

ഒരു സാരി വാങ്ങാനായി നിങ്ങള്‍ തുണിക്കടയില്‍ കയറുന്നു. ചെറിയതാണ്, സെലക്ഷനും കുറവ്. ഒടുവില്‍ അര്‍ധമനസോടെ ഒരെണ്ണം തെരഞ്ഞെടുത്തു കഴിയുമ്പോഴാണ്കുറേക്കൂടി ഇഷ്ടപ്പെട്ട ഒരെണ്ണം കണ്ണില്‍പ്പെടുന്നത്. നിങ്ങളെന്തു ചെയ്യും? ഡ്രൈവര്‍ ചോദിച്ച കൂലി കൊടുത്തശേഷം മനസില്‍ അയാളെയും ഈ ലോകത്തെയും മുഴുവന്‍ ശപിക്കും! കടക്കാന് എന്തു തോന്നും എന്നു കരുതി ഇഷ്ടപ്പെടാത്ത സാരിയും വാങ്ങി വീട്ടിലെത്തും. പല തവണ അതെടുത്തു നോക്കി നെടുവീര്‍പ്പിടും! ശരിയല്ലേ?

ആവശ്യത്തിനു തന്റേടം ഉണ്ടെങ്കിലേ ജീവിതത്തില്‍ വിജയിക്കാനാവൂ. സ്വേച്ഛാധിപതികളായ മാതാപിതാക്കള്‍ വളര്‍ത്തിയ കുട്ടികളില്‍ തന്റേക്കുറവ് കൂടുതലായിക്കാണുന്നു. അമിതലാളനയും ചിലപ്പോള്‍ ഇതേഫലം ചെയ്‌തേക്കാം. ഇങ്ങനെ വളരുന്ന കുട്ടികള്‍ ഭാവിയില്‍ സ്വന്തം കാര്യങ്ങള്‍ നേരിട്ടു നോക്കേണ്ടി വരുമ്പോള്‍ അനുഭവക്കുറവു കാരണം ഉത്കണ്ഠ അനുഭവപ്പെടുന്നു. കാലക്രമത്തില്‍ ഇതു തന്റേടക്കുറവും പരാജയഭീതിയുമായി പുറത്തു വന്നേക്കാം.

തന്റേടക്കുറവ് പരിഹരിക്കാനും അവസരോചിതമായി പ്രതികാരിക്കാനും ആദ്യം വേണ്ടത് സ്വന്തം അവസ്ഥയെപ്പറ്റിയുള്ള അറിവാണ്. ഈ ഉള്‍ക്കാഴ്ചയുടെ വെളിച്ചത്തില്‍ പരിഹരിക്കാനാവുന്നതും അല്ലാത്തതുമായ സ്വന്തം കുറവുകള്‍ വേര്‍തിരിച്ചറിയണം. പരിഹരിക്കാവുന്ന കുറവുകള്‍ നികത്താനായി സൃഷ്ടിപരമായ ശ്രമങ്ങളില്‍ ഏര്‍പ്പെടണം. പരിഹരിക്കാനാവാത്ത കുറവുകളെ സ്വന്തം ദൗര്‍ബല്യങ്ങളായി അംഗീകരിക്കാന്‍ മടിക്കേണ്ടതില്ല.

ആത്മവിശ്വാസവും തന്റേടവും വ്യക്തിയില്‍ രൂഢമൂലമാവുകുന്നത് കുട്ടിക്കാലത്താണെന്നു പറഞ്ഞല്ലോ. വളര്‍ച്ചയെത്തിയ ഒരാള്‍ക്ക് വീണ്ടും കുട്ടിക്കാലത്തിലേക്കു പോയി തന്റേടം നേടി മടങ്ങിവരാനാവില്ല. അതിനാല്‍ ചില പ്രത്യേക പരിശീലനങ്ങളിലൂടെ ബോധപൂര്‍വം ഇതു നേടിയെടുക്കാനാണ് ശ്രമിക്കേണ്ടത്. സ്വന്തം അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ ശീലിക്കുകയാണ് ആദ്യം വേണ്ടത്. 'പറ്റില്ല', 'നോ' തുടങ്ങിയ വാക്കുകള്‍ ആവശ്യാനുസരണം ഉഫയോഗിച്ച് ശീലിക്കണം. യഥാര്‍ഥസാഹചര്യം കൈകാര്യം ചെയ്യാന്‍ തക്ക മനസാന്നിധ്യം ഇല്ലാത്തവര്‍ക്ക് സ്വയം ചെയ്യാവുന്ന ഒരു പരിശീലനം ശ്രദ്ധിക്കുക. ഒരു മുറിയില്‍ കയറി കതകുകള്‍ ബന്ധിക്കുക. മുറിയില്‍ ഒരു നിലക്കണ്ണാടി കൂടിയുണ്ടെങ്കില്‍ വളരെ നല്ലത്, ഒരു രംഗം വിഭാവനം ചെയ്യുകയാണ് അടുത്തപടി.

ഉദാഹരണമായി ആദ്യം പറഞ്ഞ രംഗം തന്നെ എടുക്കാം. നിങ്ങള്‍ ഏറെ നേരത്തെ തിരച്ചിലിനു ശേഷം എടുത്ത സാരി സെയില്‍സ്മാന്‍ പാക്കു ചെയ്യുകയാണ്. അപ്പോഴാണ് കൂടുതല്‍ നല്ല ഒരെണ്ണം ശ്രദ്ധയില്‍പ്പെടുന്നത്. (നിലക്കണ്ണാടിയില്‍ നോക്കി അഭിനയിക്കുക)

'എനിക്കു ഒന്നു കൂടി നോക്കാനുണ്ട്..... അലമാരയുടെ മുകളിലുള്ള പച്ചസാരി എടുക്കൂ.....'

'ഇതു പായ്ക്കു ചെയ്തുപോയല്ലോ......

'അതു സാരമില്ല. എനിക്ക് പച്ചസാരി കൂടി കണ്ടിട്ടുവേണം തീരുമാനിക്കാന്‍....'

'നിങ്ങള്‍ ചുമ്മാ മനുഷ്യനെ മെനക്കെടുത്തുകയാണ്.'

'ഞാനാവശ്യപ്പെട്ട സാധനം എടുക്കാന്‍ നിങ്ങള്‍ക്കു പ്രയാസമുണ്ടെങ്കില്‍ മറ്റൊരു സെയില്‍സ്മാനെ ഞാന്‍ വിളിക്കാം. ഇത്രയും കേട്ടപ്പോള്‍ നിസാരം അല്ലേ?

ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്വരത്തില്‍ വികാരത്തള്ളലോ ഉത്കണ്ഠയോ കടന്നുവരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. തണുപ്പന്‍ മട്ടില്‍ അച്ചടി ഭാഷയില്‍ കാര്യങ്ങള്‍ പറയുന്നത് കേള്‍ക്കുന്നയാളുടെ ആത്മവീര്യം തകര്‍ക്കും. അയാള്‍ക്ക് തിരിച്ചിങ്ങോട്ട് വാദമുഖങ്ങള്‍ അവതരിപ്പിക്കാന്‍ പഴുതു നല്കാതെ വേണം സംസാരിക്കാന്‍ ആവശ്യമുള്ളതില്‍ ഒരക്ഷരം പോലും കൂടുതല്‍ പറയാനും പാടില്ല. തുടര്‍ച്ചയായി ഇത്തരം പരിശീലനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ നിങ്ങളുടെ സ്വഭാവം മാറുകതന്നെ ചെയ്യും. ആത്മവിശ്വാസം നേടാന്‍ ഒരു മാര്‍ഗമേയുള്ളൂ. പ്രവൃത്തി ചെയ്യുക, വിജയം വരിക്കുക, പരാജയം നേരിടുമ്പോള്‍ കാരണം മനസിലാക്കി തിരുത്തുക.

drhari7@hotmail.com