MATHRUBHUMI RSS
Loading...
ചരിത്രമെഴുതി സാന്ദ്ര

ലോസ് ആഞ്ജലിസ്: സാന്ദ്ര ബുള്ളക്കിന് മികച്ച നടിക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം. ഓസ്‌കറിന്റെ ചരിത്രം തിരുത്തിയെഴുതിക്കൊണ്ടാണ് സാന്ദ്രബുള്ളക്ക് ഇക്കുറി മികച്ച അഭിനേത്രിക്കുള്ള ബഹുമതി സ്വന്തമാക്കിയത്.

ഓസ്‌കര്‍ നിശയുടെ തൊട്ടുതലേന്ന് നടന്ന റാസീസ് അവാര്‍ഡ്ദാനച്ചടങ്ങില്‍ ഏറ്റവും മോശം നടിക്കുള്ള 'ബഹുമതി' സാന്ദ്രയ്ക്കായിരുന്നു. ഓസ്‌കറിന്റെ പാരഡിയായ ഈ അവാര്‍ഡ് നേടുന്നവര്‍ ഒരിക്കലും ഓസ്‌കറില്‍ മുത്തമിട്ട ചരിത്രമില്ല. പക്ഷേ സാന്ദ്ര ബുള്ളക്ക് അത് തിരുത്തിയെഴുതി. രണ്ട് അവാര്‍ഡുകളും നേടുന്ന ആദ്യതാരവുമായി.

യഥാര്‍ഥ ജീവിതകഥയെ ആധാരമാക്കിയുള്ള 'ബ്ലൈന്‍ഡ് സൈഡി'ല്‍ തലതിരിഞ്ഞുപോയ ഒരു കൗമാരക്കാരനെ നേര്‍വഴിയിലേക്ക് നയിച്ച് ഫുട്‌ബോള്‍ താരമാക്കുന്ന വീട്ടമ്മയായാണ് സാന്ദ്ര ബുള്ളക്ക് തിളങ്ങിയത്. 'ഓള്‍ എബൗട്ട് സ്റ്റീവ്' എന്ന ചിത്രത്തിലെ വേഷമാണ് റാസി പുരസ്‌കാരനിശിയില്‍ സാന്ദ്രയെ ഏറ്റവും 'മോശം നടി'യാക്കിയത്. ഒരു കാലത്ത് ഹോളിവുഡില്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായിരുന്ന സാന്ദ്രയുടെ ആദ്യ ഓസ്‌കര്‍ നേട്ടമാണിത്.