MATHRUBHUMI RSS
Loading...
ഓസ്‌കര്‍വേദിയില്‍ പുതിയ പെണ്‍ചരിത്രം

ലോസ് ആഞ്ജലിസ്: വിഖ്യാതമായ കൊഡാക് തിയേറ്ററില്‍, നിഴലും വെളിച്ചവും സമ്മേളിച്ച ഓസ്‌കര്‍പുരസ്‌കാരനിശയില്‍, വനിതാദിനത്തിന്റെ ശതാബ്ദിക്ക് അനുപമമായ ആദരം. മികച്ച സംവിധാനത്തിനുള്ള അഭിമാനപുരസ്‌കാരം ഓസ്‌കറിന്റെ 82 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ഒരു വനിത സ്വന്തമാക്കി. മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട 'ദ ഹര്‍ട്ട് ലോക്കറി'ന്റെ സംവിധായിക കാതറിന്‍ ബിഗലോയാണ് ഈ സമ്മോഹനനേട്ടത്തിനുടമയായത്.

യുദ്ധം ശിഥിലമാക്കിയ ഇറാഖില്‍ പ്രവര്‍ത്തിക്കുന്ന യു.എസ്. ബോംബ് നിര്‍വീര്യ സ്‌ക്വാഡിന്റെ കഥയാണ് 'ദ ഹര്‍ട്ട് ലോക്കര്‍'പറയുന്നത്. മൊത്തം ആറ് അവാര്‍ഡുകളുമായാണ് ഇക്കുറി ഓസ്‌കര്‍നിശ ഈചിത്രം തൂത്തുവാരിയത്. മികച്ച ചിത്രം, സംവിധായിക, സ്വന്തം തിരക്കഥ, എഡിറ്റിങ്, ശബ്ദമിശ്രണം, സൗണ്ട് എഡിറ്റിങ് എന്നിവയാണവ.മുന്‍ ഭര്‍ത്താവ് ജയിംസ് കാമറൂണിന്റെ ബ്രഹ്മാണ്ഡചിത്രം 'അവതാറു'മായിട്ടാണ് കാതറിന്‍ ബിഗലോയുടെ 'ദ ഹര്‍ട്ട് ലോക്കര്‍' ഓസ്‌കര്‍ വേദിയില്‍ പ്രധാനമായും പോരാടിയത്. ലോകം ഉറ്റുനോക്കിയതും ഇവര്‍ തമ്മിലുള്ള മത്സരമായിരുന്നു. ഒടുവില്‍ ലോകമെമ്പാടുമുള്ള വനിതകളുടെ അഭിമാനം ജ്വലിപ്പിച്ച് കാതറിന്‍ ബിഗലോ ജേത്രിയായി. ഓസ്‌കറിന്റെ ചരിത്രത്തില്‍ മികച്ച സംവിധാനത്തിനുള്ള നാമനിര്‍ദേശം ലഭിക്കുന്ന നാലാമത്തെ വനിതയാണ് കാതറിന്‍ ബിഗലോ.

കാമറൂണിന്റെ 'അവതാറി'ന് സാങ്കേതികമേഖലയിലെ മൂന്ന് അവാര്‍ഡുകള്‍കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഛായാഗ്രഹണം, കലാസംവിധാനം, വിഷ്വല്‍ ഇഫക്ട്‌സ് എന്നിവയാണവ.

50 കോടിയിലേറെ ഡോളര്‍ ചെലവിട്ട് നിര്‍മിച്ച 'അവതാര്‍' ലോകത്ത് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്ന ചിത്രമെന്ന ബഹുമതിയും (250 കോടി ഡോളര്‍) സ്വന്തമാക്കിയിരുന്നു. എന്നാല്‍ കുറഞ്ഞ ബജറ്റില്‍ നിര്‍മിച്ച 'ദ ഹര്‍ട്ട് ലോക്കര്‍' 2.1 കോടി ഡോളര്‍ മാത്രമാണ് വരുമാനമുണ്ടാക്കിയത്. ഓസ്‌കറിന്റെ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ നിര്‍മിച്ച്, മികച്ച ചിത്രത്തിനുള്ള ബഹുമതി സ്വന്തമാക്കുന്ന സിനിമയും ഇതുതന്നെ.

''ഇതെന്റെ ജീവിതസാക്ഷാത്കാരമാണ്. വിശേഷണത്തിന് മറ്റു വാക്കുകളൊന്നുമില്ല'' അമ്പത്തിയെട്ടുകാരിയായ കാതറിന്‍ ബിഗലോ പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് പറഞ്ഞു. ''ഇറാഖിലും അഫ്ഗാനിസ്താനിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും സൈന്യത്തോടൊപ്പം ജീവന്‍ പണയംവെച്ചു കഴിയുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി ഞാനീ ബഹുമതി സമര്‍പ്പിക്കുന്നു. അവര്‍ സുരക്ഷിതരായി വീട്ടില്‍ തിരിച്ചെത്തട്ടെ'' അവര്‍ പറഞ്ഞു.

കാതറിന്റെ മധുരപ്രതികാരം

ലോസ് ആഞ്ജലിസ്: പ്രത്യേകതകള്‍ ഒരുപാടുണ്ട് മികച്ച ചിത്രമായ 'ദ ഹര്‍ട്ട് ലോക്കറി'നും സംവിധായിക കാതറിനും. ലോകവനിതാദിനത്തില്‍ ത്തന്നെ ഓസ്‌കറിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു സ്ത്രീ മികച്ച ചിത്രത്തിനും സംവിധാനത്തിനുമുള്ള പുരസ്‌കാരം നേടി എന്നതാണ് ഒന്നാമത്തെ പ്രത്യേകത. മറ്റൊന്ന് തന്റെ ആദ്യഭര്‍ത്താവിന്റെ ചിത്രത്തോട് മത്സരിച്ചാണ് കാതറിന്‍ പുരസ്‌കാരം നേടിയെന്നതാണ്. 'അവതാറി'ന്റെ സംവിധായകന്‍ ജയിംസ് കാമറൂണിന്റെ മുന്‍ഭാര്യയാണ് കാതറിന്‍ ബിഗേലോ. എല്ലാ അര്‍ഥത്തിലും ഒരു മധുരപ്രതികാരം എന്നു പറയാം.

ഇറാഖ് യുദ്ധത്തിന്റെ കഥ പറഞ്ഞ 'ദ ഹര്‍ട്ട് ലോക്കര്‍' മികച്ച ചിത്രം, സംവിധായിക, തിരക്കഥ, എഡിറ്റിങ്, ശബ്ദലേഖനം, ശബ്ദമിശ്രണം എന്നിവയടക്കം ആറ് പുരസ്‌കാരങ്ങളാണ് വാരിക്കൂട്ടിയത്. 'അവതാറി'ന് ലഭിച്ചത് മൂന്ന് അവാര്‍ഡുകളാണ്.

തിരക്കഥയ്ക്ക് മാധ്യമപ്രവര്‍ത്തകനായ മാര്‍ക്ക്‌ബോള്‍ പുരസ്‌കാരം നേടി. അമേരിക്കന്‍ സൈന്യത്തോടൊപ്പം പത്രലേഖകനായി ഇറാഖില്‍ പ്രവര്‍ത്തിച്ചശേഷമാണ് ബോള്‍ തിരക്കഥ പൂര്‍ത്തിയാക്കിയത്. പട്ടാള യൂണിഫോം അണിഞ്ഞ ലോകത്തെ എല്ലാ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമായി ഈ പുരസ്‌കാരം സമര്‍പ്പിക്കുന്നുവെന്നായിരുന്നു പുരസ്‌കാരം സ്വീകരിച്ചശേഷമുള്ള കാതറിന്റെ വാക്കുകള്‍. ഇറാഖിലും അഫ്ഗാനിസ്താനിലുമുള്ള മുഴുവന്‍ സൈനികര്‍ക്കുംവേണ്ടി തനിക്കു ലഭിച്ച ഓസ്‌കര്‍ സമര്‍പ്പിക്കുന്നുവെന്ന് മാര്‍ക്ക്‌ബോള്‍ പറഞ്ഞു. ഒന്‍പത് ഓസ്‌കര്‍ നോമിനേഷനുകളാണ് 'ദ ഹര്‍ട്ട് ലോക്കറി'ന് നേടാന്‍ കഴിഞ്ഞത്. 2004 കാലത്താണ് മാര്‍ക്ക്‌ബോള്‍ അമേരിക്കന്‍ സൈന്യത്തിന്റെ ബോംബ് ഡിസ്‌പോസല്‍ സ്‌ക്വാഡിനൊപ്പം പത്രപ്രവര്‍ത്തകനായി യുദ്ധമുന്നണിയില്‍ പ്രവര്‍ത്തിച്ചത്.