MATHRUBHUMI RSS
Loading...
ഇന്ത്യന്‍ ഫുട്ബാളില്‍ പരിമളം പരത്തി ഖുഷ്ബൂ
ആഷിക് കൃഷ്ണന്‍

ചടുലമായ ഭാവത്തില്‍ വലകള്‍ ലക്ഷ്യം വെച്ച് മൈതാനത്ത് കുതിച്ചുപായുന്ന പന്തിനെയും അവയെ മാസ്മരിക നീക്കങ്ങള്‍ കൊണ്ട് ബൂട്ടിലൊതുക്കുന്ന താരങ്ങളെയും തൊണ്ണൂറുമിനിറ്റ് കണ്ടാസ്വദിക്കുവാന്‍ ഗ്യാലറിയില്‍ തിങ്ങികൂടിയവര്‍ പലരും എയര്‍ ഇന്ത്യയുടെ മത്‌സരത്തിനിടെ കണ്ണുനട്ടത് ബെഞ്ചിലേക്കായിരുന്നു. കളത്തിലിറങ്ങാത്ത കളിക്കാരോ, കളിയുടെ ചുക്കാര്‍ പുറത്തിരിന്ന് പിടിക്കുന്ന പരിശീലകനോ അല്ല അവരുടെ ശ്രദ്ധ തെറ്റിച്ചത്. മറിച്ച്, കളിക്കാരുടെ ശാരീരികക്ഷമത കാത്ത് സൂക്ഷിക്കാനും പരിക്കുകളില്‍ തത്ക്ഷണം സാന്ത്വനമേകാനുമായി ടീമിനൊപ്പമുള്ള ഫിസിയോ ആയിരുന്നു വില്ലന്‍.

വെറുമൊരു ഫിസിയോ കാണികളുടെ ശ്രദ്ധയാകര്‍ഷിച്ചുവെന്നതിനേക്കാള്‍ ഇന്ത്യന്‍ ഫുട്‌ബോളില്‍ നിലവിലുള്ള ഏക വനിത ഫിസിയോ എന്ന് പറയുന്നതാകും ശരി. മുംബൈ സ്വദേശിനി ഖുഷ്ബൂ സിംഗാള്‍. ഇരുപത്തിനാലുകാരിയായ ഖുഷ്ബൂ പരിക്കുപറ്റിയ എയര്‍ ഇന്ത്യന്‍ താരങ്ങളെ പരിചരിക്കാന്‍ ഗ്രൗണ്ടിലേക്ക് മരുന്നുപെട്ടിയുമായി കുതിച്ചുപായുമ്പോള്‍ മുമ്പൊന്നും കണ്ടിട്ടില്ലാത്ത ഒരു കാഴ്ച്ച കണ്ടതിന്റെ ആശ്ചരത്തിലാണ് കാണികള്‍.

പുരുഷസാന്നിധ്യം നിറഞ്ഞുനില്‍ക്കുന്ന ഗ്യാലറിയിലും ഗ്രൗണ്ടിലുമൊക്കെയായി ആ സ്റ്റേഡിയത്തിലെ ഏക വനിതയും ഖുഷ്ബൂതന്നെയായിരിക്കും. അതുകൊണ്ടാണ് കോഴിക്കോട്ടും ലുധിയാനയിലും മഡ്ഗാവിലും എന്തിന് മുംബൈയില്‍ പോലും ഗ്യാലറിയില്‍ ഈ ആശ്ചര്യം നിറഞ്ഞുനില്‍ക്കുന്നത്.

വനിത ഫിസിയോ എന്ന പദവി അലങ്കരിക്കുന്ന ആദ്യത്തെ പെണ്‍കുട്ടിയൊന്നുമല്ല ഖുഷ്ബൂ. കാരണം ഇതേ എയര്‍ ഇന്ത്യന്‍ ടീമിന് വേണ്ടി ക്രുതി, സ്യൂ ഫെര്‍ണാണ്ടസ്, ആര്തി കുല്‍സുന്‍ക്കര്‍, പൂജ ത്രിവേദി എന്നിവരും മുമ്പ് മരുന്നുപെട്ടിയെടുത്തിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ എട്ടുമാസമായി ഖുഷ്ബൂ മാത്രമാണ് ഇന്ത്യയിലെ എ ഡിവിഷന്‍ ഫുട്‌ബോള്‍ ടീമുകളിലുള്ള ഏക വനിത ഫിസിയോ.

ഇത് പറയുമ്പോള്‍ ഖുഷ്ബൂ
മുഖം ഒന്നുകൂടി ചുവക്കുകയാണ്. സന്തോഷം കൊണ്ട്, അഭിമാനം കൊണ്ട്.സ്ത്രീകള്‍ക്ക് എന്തുമാകാമെന്ന് കാണിച്ച മിടുക്കികളുടെ കൂടത്തിലേക്ക് താനും ഉള്‍പെടുന്നുവെന്നത് കൊണ്ട്. അഭിമാനിക്കാന്‍ അവസരം ലഭിക്കുന്നുണ്ടെങ്കിലും പ്രത്യേകതകള്‍ നിറഞ്ഞ ഈ ജോലി കൂടുതല്‍ ഗൗരവത്തോടെയാണ് ഖുഷ്ബൂ നോക്കികാണുന്നത്.

പൊതുവേ ഈ ജോലിക്ക് പെണ്‍കുട്ടികള്‍ പറ്റിലെന്ന ധാരണ കളിക്കാര്‍ക്കും കമ്പനികള്‍ക്കും കാണികള്‍ക്കും ഇടയില്‍ ഉണ്ട്. അതുകൊണ്ട് തന്നെ പലതരത്തിലുള്ള പ്രതികരണങ്ങളും ലഭിക്കും. അവയെ സസൂക്ഷ്മം കൈകാര്യം ചെയ്തില്ലെങ്കില്‍ ഭാവി അവതാളത്തിലാകും-ഖുഷ്ബൂ പറയുന്നു.

കളിക്കാര്‍ക്ക് പരിക്ക് ശരീരത്തിന്റെ പലഭാഗത്തുമേല്‍ക്കാം.പരിക്കുപറ്റുന്ന കളിക്കാരെ ഗ്രൗണ്ടില്‍ വച്ച് തന്നെ പരിചരിക്കേണ്ടിവരുന്നത് വനിത ഫിസിയോകള്‍ക്ക് വലിയ വെല്ലുവിളിയാണ്. എങ്കിലും, പ്രൊഫഷണലായി കഴിഞ്ഞാല്‍ അതൊന്നും പ്രശ്‌നമല്ല. എന്നാല്‍, കാണിക്കള്‍ക്ക് പലപ്പോഴും അതാന്നും ദഹിക്കില്ല. അതുകൊണ്ടാണ് അവര്‍ ശബ്ദമുണ്ടാക്കുന്നത്.- ഖുഷ്ബൂ കൂട്ടിച്ചേര്‍ത്തു.

എയര്‍ ഇന്ത്യാ ഫുട്‌ബോള്‍ ടീമില്‍ എട്ടുമാസം മുമ്പ് ഫിസിയോയായി ജോലിയില്‍ പ്രവേശിച്ച ഖുഷ്ബൂ യഥാര്‍ത്ഥത്തില്‍ മുംബൈ നാനാവതി ആശുപത്രിയിലെ ഫിസിയോതെറാപ്പി വിഭാഗത്തിലെ ജീവനക്കാരിയാണ്. ഈ വിഭാഗത്തിന്റെ മേധാവിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഫിസിയോയുമായിരുന്ന ഡോ. അലി ഇറാനിയാണ് ഖുഷ്ബൂവിന് ഈ അവസരം കൂടിയൊരുക്കിയത്. ഖുഷ്ബൂവിന് മുമ്പ് എയര്‍ ഇന്ത്യയ്ക്ക് വേണ്ടി വനിത ഫിസിയോ വേഷം അണിഞ്ഞവരും ഇറാനിയുടെ ശിഷ്യകള്‍ തന്നെ.

വ്യാപാരിയായ അശോക് സിംഗാളിന്റെ മകളായ ഖുഷ്ബൂ പഌസ്ടു വരെ ഊട്ടി ഗുഡ് ഷെപ്പേര്‍ഡ് കോണ്‍വെന്റിലാണ് പഠിച്ചത്. ഫിസിയോ തെറാപ്പിയില്‍ ബിരുദം ബംഗ്‌ളൂര്‍ ഇന്‍ഫന്റ് ജീസസ് കോളേജില്‍ നിന്ന് സ്വന്തമാക്കിയ ഖുഷ്ബൂ ബിരുദാന്തരബിരുദത്തിന് എസ്്.എന്‍.ഡി.ടി വനിതാ സര്‍വകലാശാലിയില്‍ പഠിക്കുകയാണ്.