
പ്രമുഖ ഹിന്ദി ചലച്ചിത്രതാരമായ ഷബാനാ ആസ്മിയ്ക്ക് പദ്മഭൂഷണ്‍ പുരസ്കാരം ലഭിച്ചു.
സമാന്തരസിനിമാരംഗത്താണ് ഷബാന കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചിട്ടുള്ളത്. ഇതിന്റെ ഫലമായി മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം അഞ്ച് തവണ ഇവരെ തേടിയെത്തുകയുണ്ടായി.
പ്രമുഖ ഇന്ത്യന്‍ ഉറുദു കവിയായ കൈഫി ആസ്മിയുടെയും ഷൗക്കത്ത് ആസ്മിയുടെയും മകളായി 1950 സപ്തംബര്‍ 18നാണ് ഷബാന ജനിച്ചത്. അവരുടെ മാതാപിതാക്കള്‍ ഉറച്ച സാമൂഹികപ്രവര്‍ത്തകരായിരുന്നതിനാല്‍ ഷബാനയ്ക്ക് ചെറുപ്പകാലം മുതല്ക്കുതന്നെ സാമൂഹികപ്രവര്‍ത്തനത്തില്‍ താല്പര്യമുണ്ടായി. ഇതിന് മാതാപിതാക്കളുടെ പിന്തുണയുമുണ്ടായിരുന്നു.
മുംബൈയിലെ സെന്റ് സേവ്യേഴ്സ് കോളേജില്‍ നിന്ന് മന:ശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷമാണ് ഷബാന അഭിനയത്തിലേയ്ക്ക് തിരിഞ്ഞത്. ഇതിന്റെ ഭാഗമായി പൂനെയിലെ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയില്‍ അഭിനയം പഠിക്കാനായി ചേര്‍ന്നു. 1972ലാണ് പഠനം പൂര്‍ത്തിയായത്.
കവിയും ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തര്‍ ആണ് ഷബാനയുടെ ഭര്‍ത്താവ്.
ശ്യാം ബെനഗലിന്റെ ആങ്കുര്‍ (1972) എന്ന ചിത്രമാണ് ഷബാന ആസ്മിയുടെ പുറത്തിറങ്ങിയ ആദ്യ ചലച്ചിത്രം. ഇതിലെ അഭിനയത്തിന് ഇവര്‍ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു. എന്നാല്‍ ആദ്യചിത്രമാകട്ടെ ക്വാജ അഹ്മദ് അബ്ബാസിന്റെ ഫാല്‍സ ആയിരുന്നു. പിന്നീട് ആര്ത്, ഖാന്ധഹാര്‍, പാര് എന്നിവയിലെ അഭിനയത്തിന് 1983 മുതല്‍ 1985 വരെ തുടര്‍ച്ചയായി മികച്ച നടിക്കുള്ള ദേശീയപുരസ്കാരം ഷബാന കരസ്ഥമാക്കി. 1999ല്‍ 'ഗോഡ്മദര്‍' എന്ന സിനിമയിലെ അഭിനയത്തിനാണ് അവര്‍ക്ക് അവസാനമായി ദേശീയ പുരസ്കാരം ലഭിച്ചത്.
1996ല്‍ ദീപ മേത്തയുടെ 'ഫയര്‍' എന്ന സിനിമയിലെ രാധ കഥാപാത്രം ഏറെ ശ്രദ്ധയാകര്‍ഷിച്ചു. ഷിക്കാഗോ ചലച്ചിത്രോത്സവത്തില്‍ മികച്ച നടിക്കുള്ള സില്‍വര്‍ ഹുഗോ അവാര്‍ഡും ലോസ് ആഞ്ചലസില്‍ നടന്ന ഔട്ട്ഫെസ്റ്റിലെ പ്രത്യേക ജൂറി പുരസ്കാരവും ഈ ചിത്രത്തിലെ അഭിനയത്തിലൂടെ ഷബാന നേടി.
എയ്ഡ്സിനെതിരായ ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങളിലൂടെയും അനീതിക്കെതിരെയുള്ള പോരാട്ടങ്ങളിലും ഷബാന ആസ്മി എന്നും മുന്‍പന്തിയിലുണ്ട്. വര്‍ഗീയതക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി ഒട്ടേറെ നാടകങ്ങളിലും പ്രകടനങ്ങളിലും അവര്‍ സജീവമായി പങ്കെടുക്കുകയുണ്ടായി. 1989ല്‍ സ്വാമി അഗ്നിവേശും അസ്ഗര്‍ അലി എഞ്ചിനീയറുമൊത്ത് ഡല്‍ഹിയില്‍ നിന്നും മീററ്റിലേക്ക് നടത്തിയ മതസൗഹാര്‍ദ്ദ മാര്‍ച്ച് ഇത്തരത്തിലുള്ള ഒന്നായിരുന്നു. 1993ല്‍ മുംബൈ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ മതതീവ്രവാദത്തിനെതിരെ അവര്‍ ശക്തമായി രംഗത്തിറങ്ങി.
സര്‍ക്കാര്‍ എയ്ഡ്സിനെതിരെ പുറത്തിറക്കിയ ഹ്രസ്വ ചലച്ചിത്രത്തിലും ബംഗാളി സിനിമയായ മേഘ്ല ആകാശിലും ഷബാന അഭിനയിച്ചിട്ടുണ്ട്.

NEWS LETTER
RSS











