MATHRUBHUMI RSS
Loading...
ആര്‍ച്ചി പഞ്ചാബിക്ക് എമ്മി പുരസ്‌കാരം

ലോസ് ആഞ്ജലീസ്: ഇന്ത്യന്‍ വംശജയായ ബ്രിട്ടീഷ് നടി ആര്‍ച്ചി പഞ്ചാബിക്ക് ടെലിവിഷനിലെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന എമ്മി പുരസ്‌കാരം. 'ദി ഗുഡ് വൈഫ്' എന്ന ടെലിവിഷന്‍ പരമ്പരയിലെ അഭിനയമാണ് അര്‍ച്ചന കൗര്‍ എന്ന ആര്‍ച്ചിയെ മികച്ച സഹനടിക്കുള്ള പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. 'ബെന്‍ഡ് ഇറ്റ് ലൈക് ബെക്കാം, 'ഈസ്റ്റ് ഈസ് ഈസ്റ്റ്' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയാണ് ഇന്ത്യയില്‍ നിന്നു കുടിയേറിയ സിഖ് കുടുംബത്തില്‍ ലണ്ടനില്‍ ജനിച്ച ആര്‍ച്ചി.

മാഡ്‌മെന്നിലെ എലിസബത്ത് മോസ്സ്, ക്രിസ്റ്റീന ഹെന്‍ട്രിക്‌സ്, സഹതാരം ക്രിസ്റ്റീന്‍ ബറാന്‍സ്‌കി തുടങ്ങിയവരെ പിന്തള്ളിയാണ് ആര്‍ച്ചി പഞ്ചാബി സഹനടിക്കുള്ള എമ്മി നേടിയത്. ഇത്തവണ വേറെ ബ്രിട്ടീഷ് താരങ്ങള്‍ക്കൊന്നും എമ്മി കിട്ടിയില്ല.

1999 ല്‍ ഈസ്റ്റ് ഈസ് ഈസ്റ്റിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തിയ ആര്‍ച്ചി 'ദി കോണ്‍സ്റ്റന്‍റ് ഗാര്‍ഡനര്‍', നിരൂപക ശ്രദ്ധ നേടിയ 'എ മൈറ്റി ഹാര്‍ട്ട്', സ്ലം ഡോഗ് മില്ല്യണയറിന്റെ തിരക്കഥാകൃത്ത് സൈമണ്‍ ബുഫേയുടെ രചനയില്‍ 2007 ല്‍ പുറത്തിറങ്ങിയ 'യാസ്മിന്‍' തുടങ്ങിയ സിനിമകളിലും വേഷമിട്ടിട്ടുണ്ട്. രാജ് നിഹ്‌ലിപന്‍ഡിയാണ് 38 കാരിയായ ആര്‍ച്ചിയുടെ ഭര്‍ത്താവ്.