കണ്ണൂര്‍: പുതിയൊരു നെല്ലിനം കൂടി എത്തിയിരിക്കുന്നു- 'ഏഴോം'. ഉത്തര കേരളത്തിലെ കൈപ്പാട്, തെക്കന്‍ കേരളത്തിലെ പൊക്കാളി നിലങ്ങളില്‍ നെല്‍കൃഷിക്ക് വന്‍ പ്രതീക്ഷയേകിയാണീ നെല്ലിനത്തിന്റെ വരവ് - അതും 10 വര്‍ഷത്തോളം നീണ്ട പരീക്ഷണ നിരീക്ഷണങ്ങള്‍ നല്കിയ പ്രത്യാശയുമായി. പന്നിയൂര്‍ കുരുമുളക് കേന്ദ്രത്തിലെ ഗവേഷകയും ഇപ്പോള്‍ പടന്നക്കാട് കാര്‍ഷിക കോളേജിലെ അധ്യാപികയുമായ ഡോ.ടി.വനജയുടെ പരിശ്രമങ്ങളാണ് 'ഏഴോ'മിന്റെ പിറവിക്ക് പിന്നില്‍. വനജയുടെ അസാധാരണമായ പരിശ്രമവും അര്‍പ്പണബോധവുമാണ് 'ഏഴോം' യാഥാര്‍ത്ഥ്യമായതിന് പിന്നില്‍.വടക്കന്‍ കേരളത്തില്‍ ഉപ്പുവെള്ളം കയറുന്ന പ്രദേശങ്ങളിലെ പരമ്പരാഗത കൃഷിരീതിയാണ് കൈപ്പാട് കൃഷി. കണ്ണൂരില്‍ പഴയങ്ങാടി, ഏഴോം ഭാഗങ്ങളില്‍ കൈപ്പാട് നിലങ്ങള്‍ ഏറെയുണ്ട്. കുതിര്, ഓര്‍ക്കയമ എന്നീ വിത്തുകളാണ് കൈപ്പാടുകളില്‍ ഉപയോഗിച്ചിരുന്നത്. ഉത്പാദനം വളരെക്കുറവാണെന്നതാണ് ഈ ഇനങ്ങളുടെ ന്യൂനത. ചെടി പാകമാവുമ്പോഴേക്കും കതിരുകള്‍ ഒടിഞ്ഞു വീഴും. നെന്മണികള്‍ ഉതിര്‍ന്നുവീണുള്ള നഷ്ടം വേറെയും. പക്ഷെ, ഏറെ രുചിയുള്ളതാണിവയുടെ ചോറ്. രാസവളം ഒട്ടും വേണ്ടാത്തതിനാലാണ് കര്‍ഷകര്‍ ഈ ഇനങ്ങള്‍ ഉപേക്ഷിക്കാതിരുന്നത്. ഈ ഘട്ടത്തിലാണ് ഒടിഞ്ഞുവീഴാത്ത, അത്യുല്പാദന ശേഷിയുള്ള നെല്ലിനങ്ങള്‍ക്കായി കൈപ്പാട് കര്‍ഷകര്‍ നാട്ടുകാരിയായ കൃഷിശാസ്ത്രജ്ഞ ഡോ.ടി.വനജയെ സമീപിച്ചത്. ഡോ.വനജ ഇതിനായി പ്രത്യേക പ്രൊജക്ട് തന്നെ ഉണ്ടാക്കി.
കാര്‍ഷിക കേന്ദ്രത്തിലെ ഗവേഷണ ശാലയ്ക്കുപകരം കൈപ്പാട് നിലങ്ങള്‍ തന്നെയാണിവര്‍ ഗവേഷണശാലയാക്കിയത്. ഓര്‍ക്കയമ, കുതിര് ഇനങ്ങളില്‍ നിന്ന് സങ്കലന പ്രക്രിയവഴി പുതിയ നെല്ലിനങ്ങള്‍ പിറന്നു. ഓരോ ഘട്ടത്തിലും ഗവേഷകയ്ക്ക് ഒപ്പം കര്‍ഷകരും പരീക്ഷണങ്ങളില്‍ പങ്കാളികളായി. കര്‍ഷകരെ പങ്കെടുപ്പിച്ചുള്ള സംസ്ഥാനത്തെ ആദ്യത്തെ ഗവേഷണ പദ്ധതി കൂടിയാണിത്.
ഏഴോം - 1 ഹെക്ടറിന് ശരാശരി 3.4 ടണ്‍ വിളവ് നല്കും. ഏഴോം - 2ന്‍േറത് 3.2 ടണ്ണും. ഇതിന്റെ കതിരുകള്‍ ഒടിഞ്ഞുവീഴില്ല. നെന്മണികള്‍ ഉതിര്‍ന്നുവീഴില്ല. ചോറിന് നാടന്‍ ഇനത്തിന്റെ അതേ രുചി തന്നെ.
പന്നിയൂര്‍ കുരുമുളക് ഗവേഷണ കേന്ദ്രത്തിന്റെ മേല്‍നോട്ടത്തില്‍ വികസിപ്പിച്ച ഏഴോം - 1, ഏഴോം - 2 നെല്‍വിത്തിനങ്ങളെക്കുറിച്ച് അന്താരാഷ്ട്ര ശാസ്ത്ര മാസികകളായ കറന്റ് സയന്‍സും നേച്ചറും ഫീച്ചറുകള്‍ നല്കിക്കഴിഞ്ഞു. ബ്രസീലിലെ ശാസ്ത്ര മാസികയായ 'അറോസ് ബ്രസീലിയെറോ' ഇത് പ്രാദേശിക ഭാഷയിലും പ്രസിദ്ധീകരിച്ചു.
വടക്കന്‍ കേരളത്തിലെ ഏഴോമില്‍ കൈപ്പാട് കൃഷിയുടെ ഭാഗമായി നടത്തിയ പരീക്ഷണങ്ങളിലൂടെ തന്നെ വികസിപ്പിച്ചെടുത്ത ഈ നെല്‍വിത്തുകളുടെ സാധ്യത, വെള്ളപ്പൊക്ക ഭീഷണിയുള്ള കുട്ടനാടന്‍ പാടങ്ങളിലും പരിശോധിക്കാന്‍ മങ്കൊമ്പ് കാര്‍ഷിക ഗവേഷണ കേന്ദ്രവും നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.
ഉപ്പിനെ ഭയക്കാതെ നെല്‍കൃഷിയാവാം
ഡോ.ടി.വനജ
അരി നമ്മുടെ മുഖ്യാഹാരമാണ്. ഉത്പാദനം കൂട്ടാന്‍ നാം കൃഷി വ്യാപകമാക്കണം. പക്ഷേ, വയലുകള്‍ മറ്റാവശ്യങ്ങള്‍ക്ക് വഴിമാറുന്നു.
ഉപ്പുജലം കയറുന്ന പാഴ്‌നിലങ്ങളില്‍ നെല്‍കൃഷിക്കുള്ള സാധ്യത തേടണം. ഉപ്പിനെ ചെറുക്കുന്ന അത്യുത്പാദന ശേഷിയുള്ള നെല്ലിനങ്ങള്‍ വികസിപ്പിച്ചെടുത്ത കേരള കാര്‍ഷിക സര്‍വകലാശാലയുടെ ഗവേഷണം നെല്‍കൃഷിക്ക് പുതുജീവന്‍ പകരും.
ലോകത്തെ ജനങ്ങളില്‍ പകുതിയും ഭക്ഷണത്തിന് ആശ്രയിക്കുന്നത് അരിയെയാണ്. ഇന്ത്യക്കാരുടെ പ്രധാന ഭക്ഷണവും ഇതുതന്നെ. ലോകത്താകമാനം ജനസംഖ്യ വര്‍ധിക്കുകയാണ്. അതിനനുസരിച്ച് അരിയുടെ ഉത്പാദനവും കൂടണം. ഉത്പാദനം കൂടണമെങ്കില്‍ നെല്‍കൃഷി നടക്കുന്ന ഭൂമിയുടെ വിസ്തൃതിയും കൂടണം. പക്ഷേ, നേരെമറിച്ചാണ് സംഭവിക്കുന്നത്. അരിയുടെ ആവശ്യം വര്‍ധിക്കുമ്പോള്‍ കൃഷിഭൂമിയുടെ വിസ്തൃതി കുറയുന്നു. നേര്‍ അനുപാതത്തില്‍ നടക്കേണ്ടത് വിപരീത അനുപാതത്തില്‍ നടക്കുന്നു.
കൃഷി ഭൂമിയുടെ അളവ് കുറയുന്നതിനെ വികസനവുമായി ബന്ധപ്പെടുത്തിയാണ് ഭരണാധികാരികളും രാഷ്ട്രീയക്കാരും വിലയിരുത്തുന്നത്. കാര്‍ഷികമേഖല നഷ്ടമാണെന്നും കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് ഭൂമി ഉപയോഗപ്പെടുത്തുന്നതാണ് വികസനരീതിയെന്നുമുള്ള വാദത്തിനാണ് ഇപ്പോള്‍ മുന്‍തൂക്കം. ഈ വിലയിരുത്തലിനെ തിരുത്താന്‍ പെട്ടെന്നൊന്നും കഴിയില്ല. അതേസമയം ഈ വാദം പൂര്‍ണമായും ശരിവെക്കുന്നത് കൃഷിക്കു ദോഷമാവും. അപ്പോള്‍ ചെയ്യാവുന്ന കാര്യങ്ങളില്‍ ഒന്നിതാണ്-മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാവാത്ത, ഉപ്പുവെള്ളം കയറുന്ന ഭൂമി നെല്‍കൃഷിക്കായി വിനിയോഗിക്കുക. ഉത്തരകേരളത്തിലെ കൈപ്പാട് നിലങ്ങള്‍, തൃശ്ശൂരിലെ കോള്‍പ്പാടങ്ങള്‍, എറണാകുളത്തെ പൊക്കാളിനിലങ്ങള്‍, കുട്ടനാട്ടിലെ വെള്ളപ്പൊക്ക ഭീഷണിയുള്ള നിലങ്ങള്‍ എന്നിവിടങ്ങളില്‍ ഉത്പാദനപരവും ലാഭകരവുമായ നെല്‍കൃഷിയുടെ സാധ്യത നാം ആരായേണ്ടതാണ്.
കൈപ്പാട് കൃഷി
ഉത്തര കേരളത്തില്‍ കടലിനോട് ചേര്‍ന്ന് ഉപ്പുവെള്ളം കയറുന്ന സ്ഥലങ്ങളില്‍ നടത്തുന്ന നെല്‍കൃഷിയാണ് കൈപ്പാട് കൃഷി. പൊക്കാളി കൃഷിയുമായി ഇതിന് ഏറെ സാമ്യമുണ്ട്. ഉപ്പുവെള്ളം കയറുന്ന പ്രദേശത്ത് വേലിയേറ്റത്തെയും ഇറക്കത്തെയും ആശ്രയിച്ചാണ് ഈ കൃഷി. ഒരുതവണ നെല്‍കൃഷിയും തുടര്‍ന്ന് മത്സ്യകൃഷിയും ആണ് കൈപ്പാടിന്റെ പ്രത്യേകത. രാസവളങ്ങള്‍ ഒട്ടും ഉപയോഗിക്കാതെയുള്ള പൂര്‍ണമായും ജൈവരീതിയിലുള്ള കൃഷി.
ഉപ്പുനില കൃഷി
മണ്ണ് ഉപ്പുരസമുള്ളതായതിനാല്‍ എല്ലാ നെല്‍വിത്തിനങ്ങളും ഇവിടങ്ങളില്‍ യോജിക്കില്ല. ഉപ്പുരസത്തെ അതിജീവിക്കാന്‍ കഴിയുന്ന ഇനങ്ങളേ പറ്റൂ. നെല്‍വിത്തും മണ്ണും തമ്മിലുള്ള ബന്ധംകൊണ്ടു മാത്രം ഈ കൃഷി നിലനില്ക്കില്ല. നിലങ്ങളിലെ സൂക്ഷ്മജീവികള്‍ മുതല്‍ ദേശാടനക്കിളികള്‍ വരെ കൈപ്പാട് കൃഷിയിലെ ഉത്പാദനത്തെ സ്വാധീനിക്കുന്നു. മഴയ്ക്കും വെയിലിനും സുപ്രധാന പങ്കുണ്ട്. ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലത്ത് ഉപ്പിന്റെ കാഠിന്യം കുറയുമ്പോഴാണ് കൃഷിയിറക്കുക. നവംബറില്‍ കൊയ്താല്‍ ഉപ്പിന്റെ കാഠിന്യം കൂടും. അപ്പോഴേക്കും മത്സ്യം കയറിവരും. കൊയെ്താഴിഞ്ഞ പാടം ജൈവസമ്പുഷ്ടമായ സാഹചര്യത്തില്‍ മത്സ്യങ്ങള്‍ അതിവേഗം വളരും. ഏപ്രിലില്‍ മത്സ്യക്കൊയ്ത്ത്. വീണ്ടും നെല്‍കൃഷി. ഇതാണ് കൈപ്പാട് കൃഷിയുടെ രീതി.
പ്രതിസന്ധികള്‍
കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലായി കൈപ്പാട് പ്രദേശങ്ങള്‍ ഉണ്ട്. എങ്കിലും നെല്‍കൃഷി നടക്കുന്നത് കൂടുതലും കണ്ണൂര്‍ ജില്ലയിലാണ്. ഈ ജില്ലകളിലെ 3000 ഹെക്ടര്‍ വിസ്തൃതിയുള്ള കൈപ്പാടുകളില്‍ 2182 ഹെക്ടര്‍ മാത്രമാണ് നെല്‍കൃഷിക്കനുയോജ്യം. മറ്റിടങ്ങളില്‍ നിലം തരിശിടുകയോ കൈയേറുകയോ ചെയ്തതായി കാണാം.
പരമ്പരാഗത നെല്‍വിത്തുകളാണ് കൈപ്പാടുകളില്‍ കൃഷിചെയ്തിരുന്നത്. കുതിര്, ഓര്‍ക്കയമ, കണ്ടോര്‍കുട്ടി, പുഞ്ചക്കയമ, ഓര്‍പാണ്ടി, ഒടിയന്‍, ഒറീസ്സ എന്നിവയാണ് പ്രധാന ഇനങ്ങള്‍. ഇവ പൊതുവെ ഉത്പാദനക്ഷമത കുറഞ്ഞവയാണ്. ചെടി പാകമാവുമ്പോഴേക്കും ഒടിഞ്ഞുവീഴും. മണികള്‍ ഉതിര്‍ന്നുവീഴുകയും ചെയ്യും. കൂടാതെ ഓക്കയുള്ള (മുള്ള്) നെന്‍മണികളാണ് ഈ ഇനങ്ങളുടേത്. ഇതൊക്കെ കോട്ടങ്ങളായാണ് കര്‍ഷകര്‍ കണ്ടത്.
വിളയുമ്പോള്‍ ഒടിഞ്ഞുവീഴുന്നതിനാല്‍ കൊയ്ത്ത് വിഷമംതന്നെ. ചെലവേറിയ ഉദ്യമമായി മാറുന്നതു കാരണവും ഇവയുടെ മറ്റു കോട്ടങ്ങള്‍ കാരണവും ഉത്പാദനം കുറയുന്നത് കര്‍ഷകരെ എന്നും കണ്ണീര് കുടിപ്പിച്ചിരുന്നു.
അത്യുത്പാദന ശേഷിയുള്ള, ഒടിഞ്ഞുവീഴാത്ത, മണികളുതിരാത്ത ഇനം വേണം. ഇതായിരുന്നു കൈപ്പാട് കര്‍ഷകരുടെ വര്‍ഷങ്ങളായുള്ള ആവശ്യം. ഈ ആവശ്യം ഉള്‍ക്കൊണ്ട് കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള പന്നിയൂര്‍ കുരുമുളക് ഗവേഷണകേന്ദ്രം സമഗ്രസസ്യ പ്രജനന പദ്ധതിക്ക് ആസൂത്രണം നല്‍കി. ഇതിന്റെ ഫലമായി രണ്ട് നെല്ലിനങ്ങള്‍ പിറന്നു. ഏഴോം-1, ഏഴോം-2 എന്നിവ.
ഏഴോം-പുതിയ പ്രതീക്ഷ
നാടന്‍ കൈപ്പാട് നെല്ലിനങ്ങളായ കുതിര്, ഓര്‍ക്കയമ എന്നിവയെ സങ്കലന പ്രക്രിയയില്‍ ഉള്‍പ്പെടുത്തിയാണ് ഏഴോം ഒന്നും രണ്ടും വികസിപ്പിച്ചെടുത്തത്. കൈപ്പാടില്‍ കൃഷിചെയ്യാവുന്ന അത്യുത്പാദന ശേഷിയുള്ള ആദ്യ സങ്കരഇനം നെല്ലിനമാണ് ഏഴോം ഒന്നും രണ്ടും. ജൈവസസ്യപ്രജനനരീതിയും കാര്‍ഷിക പങ്കാളിത്ത പ്രജനന രീതിയും ഈ നെല്ലിനങ്ങളുടെ ഉത്പാദനത്തില്‍ പരീക്ഷിച്ചു. ഗവേഷണശാലയിലെ പരീക്ഷണം എന്ന പതിവുരീതിവിട്ട് കൈപ്പാട് വയലുകളില്‍തന്നെയാണ് പരീക്ഷണങ്ങള്‍ നടന്നത്. അതും കര്‍ഷകരെ പങ്കെടുപ്പിച്ചുകൊണ്ട്.
പാകമായ ഏഴോം നെല്‍ച്ചെടി ഒടിഞ്ഞുവീഴില്ല. ഓക്കയില്ലാത്ത നെന്‍മണികള്‍ ഉതിര്‍ന്നു വീഴുകയുമില്ല. ഏഴോം-1 ദീര്‍ഘകാല മൂപ്പുള്ളതും ഏഴോം-2 മധ്യകാല മൂപ്പുള്ളതുമാണ്. ചോറിന്റെ രുചിയില്‍ ഇവ നാടന്‍ ഇനത്തോടൊപ്പം നില്‍ക്കുമ്പോള്‍ മറ്റു കാര്യങ്ങളില്‍ നാടന്‍ ഇനത്തേക്കാള്‍ മുന്തി നില്‍ക്കുന്നു. രാസവളമോ, കീടനാശിനിയോ ആവശ്യമില്ല. ഏഴോം-1 ഹെക്ടറിന് 3.4 ടണ്‍ നെല്ല് ലഭിക്കും. ഏഴോം-2 3.2 ടണ്ണും. പരീക്ഷണങ്ങള്‍ നടന്നത് ഏഴോം ഗ്രാമപ്പഞ്ചായത്തിലായതിനാലാണ് വിത്തിനങ്ങള്‍ക്ക് ഇതേ പേരുതന്നെ നല്‍കിയത്. പത്തു വര്‍ഷത്തോളം നീണ്ട ഗവേഷണങ്ങള്‍ക്കൊടുവിലാണ് ഇവ വികസിപ്പിച്ചെടുക്കാനായത്.
സാധ്യതകള്‍
കേരളത്തില്‍ ഉപ്പുജലത്തിന്റെ സാന്നിധ്യമുള്ള സ്ഥലങ്ങളില്‍ നെല്‍കൃഷി വ്യാപിപ്പിക്കുവാന്‍ 'ഏഴോം' സഹായകമാകും. കൈപ്പാട്, പൊക്കാളി നിലങ്ങള്‍ തമ്മില്‍ ഒട്ടേറെ സമാനതകള്‍ നിലനില്‍ക്കുന്നുണ്ട്. മണ്ണിന്റെ രാസഘടനയില്‍ ഈ നിലങ്ങള്‍ തമ്മില്‍ ചെറിയ വ്യത്യാസങ്ങള്‍ ഉണ്ട്. പ്രാദേശിക വികസനത്തിന് ഊന്നല്‍ നല്‍കി ഗവേഷണ രീതികളില്‍ ആവശ്യമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടാല്‍ അത്തരം പ്രദേശങ്ങള്‍ക്കനുയോജ്യമായ പുത്തന്‍ നെല്ലിനങ്ങള്‍ വികസിപ്പിച്ചെടുക്കാനാവും എന്നാണ് ഏഴോം നല്‍കുന്ന പാഠം.
ജൈവോത്പന്നമായിട്ടും കര്‍ഷകര്‍ അതു മുതലെടുക്കുന്നില്ല. ജൈവ അരി ലേബലില്‍ വന്‍ വില ലഭിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ കര്‍ഷകര്‍ ശ്രദ്ധിക്കുന്നില്ല.

NEWS LETTER
RSS











