MATHRUBHUMI RSS
Loading...
മൃണാള്‍ പാണ്ഡെ പ്രസാര്‍ ഭാരതി ചെയര്‍പേഴ്‌സണ്‍

ന്യൂഡല്‍ഹി: പ്രശസ്ത മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ മൃണാള്‍ പാണ്ഡയെ പ്രസാര്‍ ഭാരതി ചെയര്‍പേഴ്‌സണായി നിയമിച്ചു. അരുണ്‍ ഭട്‌നാഗര്‍ രാജിവെച്ച ഒഴിവിലാണ് പുതിയ മേധാവിയായി രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ അവരെ നിയമിച്ചത്.

ലോക്‌സഭാ ടി.വിയില്‍ 'ബാത്തോണ്‍ ബാത്തോണ്‍ മേന്‍' എന്ന പേരില്‍ പ്രതിവാര അഭിമുഖ പരിപാടി നടത്തുന്ന മൃണാള്‍ പാണ്ഡെ ഹിന്ദി ദിനപത്രമായ ഹിന്ദുസ്ഥാന്റെ എഡിറ്ററുമാണ്. ദൂരദര്‍ശനിലും സ്റ്റാര്‍ ന്യൂസിലും പ്രവര്‍ത്തിച്ചിട്ടുള്ള മൃണാള്‍ പാണ്ഡെ വനിതാ മാസികയായ വാമയുടെ എഡിറ്ററുമായിരുന്നു. പുതിയ പദവിയില്‍ 2011 ഏപ്രില്‍ 30 വരെയാണ് അവരുടെ കാലാവധി.

മധ്യപ്രദേശിലെ തിക്കാംഗാഹില്‍ 1946ല്‍ ഹിന്ദി നോവലിസ്റ്റ് ശിവാനിയുടെ മകളായാണ് മൃണാള്‍ പാണ്ഡെ ജനിച്ചത്. അവര്‍ നൈനിറ്റാളിലാണ് പഠിച്ചത്. പിന്നീട് അലഹാബാദ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തരബിരുദം നേടി. വാഷിങ്ടണിലെ കോര്‍ക്കറോറില്‍ നിന്ന് സംസ്‌കൃത സാഹിത്യം, ഇംഗ്ലീഷ് സാഹിത്യം, പുരാതന ഇന്ത്യന്‍ ചരിത്രം, ആര്‍ക്കിയോളജി, ശാസ്ത്രീയ സംഗീതം, വിഷ്വല്‍ ആര്‍ട്‌സ് എന്നിവയില്‍ അവഗാഹം നേടി.