MATHRUBHUMI RSS
Loading...
ലതിക ശരണ്‍ തമിഴ്‌നാട് ഡി.ജി.പി

ചെന്നൈ: തമിഴ്‌നാടിന്റെ ആദ്യവനിതാ ഡി.ജി.പി.യായി മലയാളിയായ ലതിക ശരണ്‍ ബുധനാഴ്ച സ്ഥാനമേറ്റു. ചെന്നൈ സിറ്റി പോലീസ് മുന്‍ കമ്മീഷണര്‍കൂടിയായ ലതിക ശരണിനെ ഡി.ജി.പി. (ട്രെയ്‌നിങ്) ആയാണ് നിയമിച്ചിരിക്കുന്നത്. പോലീസ് പരിശീലനകേന്ദ്രത്തിന്റെ ചുമതല വഹിച്ചുവരികയായിരുന്നു ലതിക ശരണ്‍.

ഡി.ജി.പി. ട്രെയ്‌നിങ് പദവിയിലിരുന്ന ഭോലാനാഥിനെ പോലീസ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ഡി.ജി.പി.യായി നിയമിച്ചു. റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ഡി.ജി.പി.യായിരുന്ന ബാലചന്ദ്രനെ പോലീസ് ഹൗസിങ് കോര്‍പ്പറേഷന്റെ ഡി.ജി.പി.യായി നിയമിച്ചു.

ഇടുക്കിയിലെ മൂന്നാറിനുസമീപം പെരിയകനാല്‍ എസ്‌റ്റേറ്റില്‍ ധറിന്റെയും വിജയലക്ഷ്മിയുടെയും മകളായി 1952ലാണ് ലതികയുടെ ജനനം. ഊട്ടിയിലെ ലവ്‌ഡേല്‍ സ്‌കൂളിലെ അഞ്ചാംക്ലാസിനുശേഷം കൊടൈക്കനാല്‍ പ്രസന്‍േറഷന്‍ സ്‌കൂളില്‍ ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി. ചെന്നൈ വിമന്‍സ് കോളേജിലും ക്രിസ്ത്യന്‍ കോളേജിലുമായി ഉപരിപഠനം. 1976ല്‍ തമിഴ്‌നാട് കേഡറില്‍ ഐ.പി.എസ്സില്‍ പ്രവേശിച്ചു.

അച്ഛന്‍ മൂന്നാറിലെ പല തേയില കമ്പനികളിലും ജോലിനോക്കിയിരുന്നതിനാല്‍ ലതികയുടെ കുട്ടിക്കാലം ഇടുക്കിയില്‍ത്തന്നെയായിരുന്നു. 1978ല്‍ അച്ഛന്‍ വിരമിച്ചെങ്കിലും ഇടയ്ക്കിടെ അവധിക്കാലം ചെലവിടാനായി കേരളത്തിലെത്താറുണ്ട്. ഇപ്പോള്‍ മാതാപിതാക്കളും ചെന്നൈയില്‍ ലതികയ്‌ക്കൊപ്പമാണ് താമസം.