ഒളിമ്പിക് മെഡല്‍ എന്ന സ്വപ്നവുമായി കുതിക്കുന്ന ടിന്റു ലൂക്ക അന്തര്‍സര്‍വകലാശാല മീറ്റില്‍ അവിസ്മരണീയ പ്രകടനം നടത്തി. 800 മീറ്ററില്‍ 2:01.92 സെക്കന്‍ഡിനാണ് ടിന്റു ഫിനിഷ് ചെയ്തത്. 400 മീറ്ററിലും ടിന്റു റെക്കോഡിട്ടു. 2008-ല്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ അനുമറിയം ജോസ് സ്ഥാപിച്ച 53.93 സെക്കന്‍ഡിന്റെ റെക്കോഡ് 53.20 സെക്കന്‍ഡായാണ് ടിന്റു ലൂക്ക തിരുത്തിയത്.800 മീറ്ററില്‍ കഴിഞ്ഞവര്‍ഷം സ്ഥാപിച്ച 2:05.41 സെക്കന്‍ഡിന്റെ റെക്കോഡാണ് ടിന്റു ലൂക്ക ഇത്തവണ തിരുത്തിക്കുറിച്ചത്. ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് ടിന്റു ചെന്നൈയില്‍ നടത്തിയത്.
ലക്ഷ്യത്തിലേക്കുള്ള തന്റെ യാത്ര ശരിയായ ദിശയിലൂടെയാണെന്ന് തെളിയിക്കുന്നതായിരുന്നു ടിന്റുവിന്റെ പ്രകടനം. തനിക്ക് നേടാന്‍ സാധിക്കാതിരുന്ന ഒളിമ്പിക് മെഡല്‍ ടിന്റുവിലൂടെ സാക്ഷാത്കരിക്കാന്‍ ശ്രമിക്കുന്ന പി.ടി. ഉഷയ്ക്കും ആഹ്ലാദം പകരുന്നതായിരുന്നു ശിഷ്യയുടെ പ്രകടനം.
ടിന്റുവിന്റെത് ഏഷ്യയിലെ മികച്ച സമയം - പി.ടി.ഉഷ
ചെന്നൈയില്‍ അന്തസ്സര്‍വകലാശാലാ മീറ്റില്‍ 800 മീറ്ററില്‍ റെക്കോഡോടെ സ്വര്‍ണം നേടിയ ടിന്റു ലൂക്കയുടെ പ്രകടനം ഏഷ്യയിലെ തന്നെ ഏറ്റവും മികച്ചതാണെന്ന് കോച്ച് പി.ടി. ഉഷ അഭിപ്രായപ്പെട്ടു. ഇക്കൊല്ലം ലക്ഷ്യമിട്ടിരുന്നതിലും വേഗം കൈവരിക്കാന്‍ ടിന്റുവിന് സാധിച്ചു. അടുത്തവര്‍ഷം രണ്ട് മിനിറ്റില്‍ത്താഴെ 800 മീറ്റര്‍ ഓടാന്‍ ടിന്റുവിനാകും. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടാന്‍ ടിന്റുവിന് സാധിക്കുമെന്നും ഉഷ അഭിപ്രായപ്പെട്ടു.
നവംബറില്‍ ചൈനയിലെ ഗ്വാങ്ഷുവില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍, ചൈനയുടെ ഷു ഹായിയാന്‍ സ്വര്‍ണം നേടിയത്
രണ്ട് മിനിറ്റ് 04.89 സെക്കന്‍ഡിലാണ്. ചെന്നൈയില്‍ ടിന്റു റെക്കോഡിട്ടത് രണ്ട് മിനിറ്റ് 01.92 സെക്കന്‍ഡിലും. ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടാന്‍ സാധിക്കുന്ന പ്രകടനമാണ് ടിന്റു കാഴ്ചവെച്ചത്. രണ്ട് മിനിറ്റ് 02 സെക്കന്‍ഡാണ് ലക്ഷ്യമിട്ടിരുന്നത്. അതിലും വേഗത്തില്‍ ടിന്റുവിന് ഫിനിഷ് ചെയ്യാനായത് ഏറെ പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. തിങ്കളാഴ്ചത്തെ പ്രകടനത്തോടെ അടുത്തവര്‍ഷം രണ്ട് മിനിറ്റില്‍ത്താഴെ ഓടാനാവുമെന്ന് ഉറപ്പായെന്നും ഉഷ പറഞ്ഞു.ചെന്നൈ മീറ്റിലെ മത്സരക്രമം ശരിയാംവിധമായിരുന്നെങ്കില്‍ ടിന്റുവിന് ഇതിലും വേഗം കൈവരിക്കാന്‍ സാധിക്കുമായിരുന്നെന്ന് ഉഷ അഭിപ്രായപ്പെട്ടു. ഞായറാഴ്ച 800 മീറ്റര്‍ ഹീറ്റ്‌സും സെമി ഫൈനലും ഓടിയ ടിന്റുവിന് തിങ്കളാഴ്ച രാവിലെ 400 മീറ്റര്‍ ഹീറ്റ്‌സിലും ഉച്ചയ്ക്ക്‌ശേഷം 800 മീറ്റര്‍ ഫൈനലിലും പങ്കെടുക്കേണ്ടിവന്നു. ശാസ്ത്രീയമായി മത്സരക്രമം തയ്യാറാക്കുകയാണെങ്കില്‍ മാത്രമേ മികച്ച റിസല്‍ട്ടുകളുണ്ടാക്കാന്‍ സാധിക്കൂവെന്നും ഉഷ അഭിപ്രായപ്പെട്ടു. സര്‍വകലാശാലാ മീറ്റുകളില്‍ കാര്യമായ മത്സരം നേരിടേണ്ടിവരാത്തതും പ്രകടനം ദുര്‍ബലമാക്കാറുണ്ട്. വലിയ പോരാട്ടവേദികളില്‍ ഇതിലും മികച്ച പ്രകടനമാണ് ശിഷ്യയില്‍നിന്ന് ഉഷ പ്രതീക്ഷിക്കുന്നത്.
ലോകനിലവാരമുള്ള താരമായി ടിന്റു ഉയര്‍ന്നുകഴിഞ്ഞെന്ന് തെളിയിക്കുന്നതാണ് ഈ പ്രകടനം. യൂറോപ്യന്‍ സര്‍ക്യൂട്ട് മീറ്റുകളില്‍ മത്സരിക്കാനുള്ള മികവ് ഇപ്പോഴുണ്ട്- ഉഷ അഭിപ്രായപ്പെട്ടു.
'സ്വപ്നം ഉഷേച്ചിക്ക് നഷ്ടമായ ഒളിമ്പിക് മെഡല്‍'
കേരളത്തിന്റെ അഭിമാന കായികതാരം ടിന്റു ലൂക്കയുടെ ലക്ഷ്യം ലണ്ടന്‍ (2012) ഒളിമ്പിക്‌സാണ്. 1984-ല്‍ തന്റെ പ്രിയപ്പെട്ട ഗുരുനാഥ പി.ടി. ഉഷയ്ക്ക് തലനാരിഴവ്യത്യാസത്തില്‍ നഷ്ടമായ മെഡല്‍ ഇന്ത്യയ്ക്കുവേണ്ടി നേടണമെന്നാണ് ടിന്റുവിന്റെ ആഗ്രഹം. ''ലണ്ടനില്‍ മെഡല്‍ നേടണം. ഉഷേച്ചിക്ക് നഷ്ടപ്പെട്ട ആ മെഡല്‍ എന്നിലൂടെ ഇന്ത്യയ്ക്കു ലഭിക്കണം''- ടിന്റു 'മാതൃഭൂമി'യോട് പറഞ്ഞു. ടിന്റു തന്റെ ലക്ഷ്യത്തോടടുക്കുകയാണെന്ന് സൂചന നല്കുന്ന പ്രകടനമാണ് ചെന്നൈ അന്തസ്സര്‍വകലാശാലാ മീറ്റില്‍ കണ്ടത്.
800 മീറ്ററിലും 400 മീറ്ററിലും ടിന്റു റെക്കോഡുകളോടെയാണ് ഇരട്ട സ്വര്‍ണത്തിനര്‍ഹയായത്. ''ഈ വര്‍ഷം ഉഷേച്ചി പറഞ്ഞ ലക്ഷ്യത്തിലേക്ക് എത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും മെഡല്‍ നേടാമെന്ന ആത്മവിശ്വാസം ഇപ്പോഴുണ്ട്. ഉഷേച്ചിക്കും എന്നില്‍ പ്രതീക്ഷ വര്‍ധിച്ചിട്ടുണ്ട്''- ടിന്റു പറഞ്ഞു.
ചെന്നൈയില്‍ ഇരട്ട റെക്കോഡ് നേടിയപ്പോള്‍ ടിന്റു ഉഷയെയാണ് ആദ്യം വിളിച്ചത്. ഉഷയാകട്ടെ ഇടയ്ക്കിടെ ശിഷ്യയെ വിളിച്ച് വേണ്ട നിര്‍ദേശങ്ങള്‍ നല്കുന്നുണ്ടായിരുന്നു.
800 മീറ്ററാണ് പ്രധാന ഇനമെങ്കിലും ലക്ഷ്യം കൈവരിക്കുന്നതില്‍ 400 മീറ്ററും പ്രോത്സാഹനമായെന്നു ടിന്റു പറഞ്ഞു.
ജൂനിയര്‍ മീറ്റിലും സ്‌കൂള്‍ ദേശീയ മീറ്റിലും 400 മീറ്ററിലും 800 മീറ്ററിലും ടിന്റു ഇരട്ട റെക്കോഡ് സ്ഥാപിച്ചിരുന്നു. 13-ാം വയസ്സിലാണ് ടിന്റു ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സില്‍ ചേര്‍ന്നത്. ''അതോടെ എന്റെ ജീവിതലക്ഷ്യം മാറിമറിഞ്ഞു. ഓരോ സെക്കന്‍ഡും എത്രയേറെ വിലപ്പെട്ടതാണെന്നു ഞാന്‍ തിരിച്ചറിഞ്ഞു. വീട്ടുകാരുടെയും നാട്ടുകാരുടെയും പ്രോത്സാഹനവും ദൈവാനുഗ്രഹവും എന്റെ ഈ നേട്ടങ്ങള്‍ക്കു പിന്നിലുണ്ട്''-ചേളന്നൂര്‍ എസ്.എന്‍.ജി. കോളേജില്‍ രണ്ടാം വര്‍ഷം ബി.കോം. വിദ്യാര്‍ഥിനിയായ ടിന്റു പറഞ്ഞു. കണ്ണൂര്‍ ഇരിട്ടി വാളത്തോട് ലൂക്കയുടെയും ലിസിയുടെയും മകളാണ് ടിന്റു.

NEWS LETTER
RSS











