ആര്‍.ഗിരീഷ്‌കുമാര്‍
ലോക ഫുട്‌ബോളര്‍ പട്ടികയില്‍ മാര്‍ത്ത വിയേര ഡാ സില്‍വയുടെ സ്ഥാനം ഇനി മുതല്‍ ഒന്നാം സ്ഥാനത്താണ്. തുടരെ നാലാംതവണയും ലോകത്തെ ഏറ്റവും മികച്ച വനിതാതാരമായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് മാര്‍ത്തയ്ക്ക് മാത്രമായി നേട്ടം കൈവന്നത്. തുടരെ മൂന്നുവട്ടം പുരസ്‌കാരം നേടിയെന്ന പദവി ജര്‍മനിയുടെ ബ്രിജിത് പ്രിന്‍സിനൊപ്പം പങ്കിടുകയായിരുന്നു ബ്രസീലിലെ പെണ്‍ റൊണാള്‍ഡോ ഇതുവരെ. റൊണാള്‍ഡോ, സിനദിന്‍ സിദാന്‍, ബ്രിജിത് പ്രിന്‍സ്, മാര്‍ത്ത എന്നിവര്‍ മാത്രമാണ് മൂന്നുതവണ ഈ പുരസ്‌കാരം നേടിയിട്ടുള്ളത്. വനിതാഫുട്‌ബോളിന്റെ ചരിത്രത്തില്‍ അമേരിക്കക്കാരി മിയ ഹാം, ബ്രിജിത് പ്രിന്‍സ് എന്നീ മഹതികള്‍ക്കൊപ്പമാണ് മാര്‍ത്തയുടെ സ്ഥാനം. ബ്രസീലിലെ സാന്‍േറാസ് ടീമിന്റെ കളിക്കാരിയായ മാര്‍ത്ത ഇക്കൊല്ലം ക്ലബിനെ കോപ ലിബര്‍ട്ടഡോറസിലും ബ്രസീലിയന്‍ കപ്പിലും കിരീടം ചൂടിച്ചതോടെയാണ് നാലാം തവണയും ലോകഫുട്‌ബോളര്‍ക്ക് അര്‍ഹയായത്. ഇതിനൊപ്പം, കഴിഞ്ഞ ബെയ്ജിങ് ഒളിമ്പിക്‌സില്‍ ബ്രസീലിനെ റണ്ണറപ്പാക്കുന്നതിലും മാര്‍ത്ത നിര്‍ണായകമായി.
കഴിഞ്ഞ ആറുവര്‍ഷമായി മികച്ച വനിതാതാരത്തിനുള്ള അന്തിമ പട്ടികയില്‍ മാര്‍ത്തയുണ്ട്. 2004-ല്‍ മൂന്നാം സ്ഥാനം. പിറ്റേക്കൊല്ലം രണ്ടാംസ്ഥാനം. പിന്നീട് നാലുവര്‍ഷവും ഒന്നാമത്. 2004, 2008 ഒളിമ്പിക്‌സുകളില്‍ രണ്ടാം സ്ഥാനം നേടിയ ബ്രസീല്‍ ടീമിലംഗമായിരുന്ന മാര്‍ത്ത, 2007-ലെ വനിതാ ലോകകപ്പില്‍ ടോപ് സേ്കാററും മികച്ച താരവുമായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടുതവണ പാന്‍ അമേരിക്കന്‍ കിരീടവും ഒരുതവണ സുഡാമരേക്കാനോ ഫെമിനിനോയും (വനിതാ കോപ അമേരിക്ക) ബ്രസീലിനു നേടിക്കൊടുത്തു.
വനിതാഫുട്‌ബോളില്‍ വര്‍ഷങ്ങളായി മാര്‍ത്തയുടെ സിംഹാസനത്തിന് എതിരാളികളില്ല. സ്വീഡനിലെ യുമീ ഐ.കെ. ക്ലബ്ബിന്റെ താരമായിരിക്കെ, നാലുതവണ സ്വീഡിഷ് ലേഡീസ് ലീഗ് കിരീടങ്ങള്‍ നേടി. നാലുതവണ അവിടെ മികച്ച താരവുമായി. വനിതാ ചാമ്പ്യന്‍സ് ലീഗിലും യുമീ മുത്തമിട്ടത് മാര്‍ത്തയുടെ സഹായത്താലാണ്. 'മാര്‍ത്ത-പെലെയുടെ കസിന്‍' എന്നൊരു സ്വീഡിഷ് ഡോക്യുമെന്ററി യുമീയില്‍ മാര്‍ത്ത കാട്ടിയ മികവിനു തെളിവുനല്‍കുന്നു. നാലു സീസണുകളിലായി 103 കളികളില്‍ 111 ഗോളുകളാണ് മാര്‍ത്ത യുമീയില്‍ നേടിയത്.
കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ ലോസ് ആഞ്ജലിസ് സോളിലേക്കു കൂടുമാറിയെങ്കിലും ഇക്കൊല്ലം ആഗസ്തില്‍ സാന്‍േറാസിലേക്ക് തിരിച്ചെത്തി. ബ്രസീല്‍ ഫുട്‌ബോളിന്റെ റാണി ഒടുവില്‍ ജന്മനാട്ടില്‍ തിരിച്ചെത്തിയത് സാന്‍േറാസിനു തുടരെ രണ്ടു കിരീടങ്ങള്‍ സമ്മാനിച്ചുകൊണ്ടാണ്. ഇതിനകം 14 കളികളില്‍ 26 ഗോളുകളാണ് മാര്‍ത്ത നേടിയത്. 2002 മുതല്‍ ദേശീയ ടീമിലുള്ള മാര്‍ത്ത 53 കളികളില്‍ 54 ഗോളുകള്‍ നേടി. ലോകത്തെ മികച്ച വനിതാ താരം മറ്റാരുമല്ലെന്ന് തെളിയിക്കുന്നതാണ് ഇതിലെ ഓരോ ഗോളും.

NEWS LETTER
RSS











