MATHRUBHUMI RSS
Loading...
ഒളിമ്പിക്‌സിലേയ്ക്ക് റെക്കോഡ് വേഗം

ബ്രസ്സല്‍സ്: ട്രാക്കിലെ ഇന്ത്യയുടെ ആദ്യ ഒളിമ്പിക് മെഡലെന്ന സ്വപ്നത്തിലേക്കുള്ള ദൂരം കുറച്ച് ടിന്റു ലൂക്ക 800 മീറ്ററില്‍ തന്റെ ഏറ്റവും വേഗമാര്‍ന്ന സമയം കുറിച്ചു. ബെല്‍ജിയത്തിലെ ബ്രസ്സല്‍സില്‍ നടന്ന അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷന്റെ ഡയമണ്ട് ലീഗിലാണ് ടിന്റു 2 മിനിറ്റ് 00.79 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തത്. തന്റെ ഏറ്റവും മികച്ച പ്രകടനം നടത്താനായെങ്കിലും, ഇവിടെ എട്ടാം സ്ഥാനമേ നേടാനായുള്ളൂ. എന്നാല്‍, അടുത്തുനടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും മെഡല്‍ ഉറപ്പുതരുന്ന പ്രകടനമാണ് ഉഷയുടെ ശിഷ്യ ടിന്റു കാഴ്ചവെച്ചത്. കോമണ്‍വെത്ത് ഗെയിംസില്‍ കെനിയയുടെയും ബ്രിട്ടന്റെയും താരങ്ങളില്‍നിന്നാവും ടിന്റു വെല്ലുവിളി നേരിടുക.

മെഡല്‍ സ്ഥാനങ്ങളിലെത്താനായില്ലെങ്കിലും, രണ്ടു മിനിറ്റില്‍ത്താഴെ സമയത്തില്‍ ഓടുകയെന്ന ലക്ഷ്യം അകലെയല്ലെന്ന് തെളിയിക്കാന്‍ ടിന്റുവിനായി. 700 മീറ്റര്‍ ദൂരം പിന്നിടുന്നതുവരെ കരുത്തരായ എതിരാളികളെ ലീഡ് ചെയ്ത് നില്‍ക്കാനായതും നേട്ടമാണ്. 600 മീറ്റര്‍ പിന്നിടുമ്പോള്‍, ടിന്റുവിന്റേതായിരുന്നു ഏറ്റവും മികച്ച സമയം (1:28.03സെ.). കോച്ച് പി.ടി.ഉഷയുടെ സാന്നിധ്യത്തിലായിരുന്നു ടിന്റുവിന്റെ ആദ്യ ഡയമണ്ട് ലീഗ് മീറ്റ് പ്രകടനം.