MATHRUBHUMI RSS
Loading...
തേജസ്വിനിക്ക് ലോകറെക്കോഡ്‌

മ്യൂണിക്: ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഷൂട്ടര്‍ എന്ന ബഹുമതി തേജസ്വിനി സാവന്തിന്. 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ ഇനത്തില്‍ 597 പോയന്റോടെ ലോകറെക്കോഡിനൊപ്പമെത്തിയ പ്രകടനം കാഴ്ചവെച്ചാണ് തേജസ്വിനി ചരിത്രം കുറിച്ചത്. 100, 100, 100, 99, 99, 99 എന്നിങ്ങനെയായിരുന്നു ഇന്ത്യന്‍ താരത്തിന്റെ ആറു റൗണ്ടുകളിലെ പോയന്റ്. റഷ്യയുടെ ബോബ്‌കോവ 1998-ല്‍ സ്ഥാപിച്ച റെക്കോഡിനൊപ്പമെത്തുകയായിരുന്നു കോലാപ്പൂര്‍ സ്വദേശിയായ തേജസ്വിനി.

തേജസ്വിനിയുടെ സുവര്‍ണയാത്ര

16 വര്‍ഷം മുമ്പൊരു നാള്‍, മഹാരാഷ്ട്രയിലെ കോലാപ്പൂരിലെ ഒരു സ്‌കൂള്‍ മൈതാനം. എട്ടാംക്ലാസ്സുകാരി തേജസ്വിനി വലിയ ആഹ്ലാദത്തിലാണ്. ആദ്യമായി ഒരു തോക്കു കൈയിലേന്താന്‍ അവള്‍ക്ക് അവസരം ലഭിച്ചിരിക്കുകയാണ്. എന്‍.സി.സി. കേഡറ്റായ തേജു തനിക്ക് ലഭിച്ച ആദ്യ അവസരം പാഴാക്കിയില്ല. 1971ലെ ഇന്ത്യ-പാകിസ്താന്‍ യുദ്ധത്തില്‍ പങ്കെടുത്ത രവീന്ദ്ര സാവന്തിന്റെ മൂത്ത പുത്രി തേജസ്വിനി, അതോടെ പെണ്‍കുട്ടികള്‍ വിരളമായി കടന്നുവന്നിരുന്ന ഷൂട്ടിങ് റേഞ്ചിനെ ഇഷ്ടപ്പെട്ടു തുടങ്ങി. സ്‌കൂള്‍ കാലം പിന്നിട്ട്് കമല കോളേജിലെത്തിയതോടെ വെടിയൊച്ചകളുടെ ലോകം തന്നെയാണ് തനിക്കു ചേര്‍ന്നതെന്ന് ആ പെണ്‍കുട്ടി മനസ്സിലുറപ്പിച്ചു. പ്രിയപ്പെട്ടവര്‍ തേജു എന്നു വിളിച്ച തേജസ്വിനിയുടെ ഈ തിരഞ്ഞെടുപ്പ് ശരിവെച്ചുകൊണ്ട് 1999-ല്‍ കോളേജിലെ മികച്ച ഷൂട്ടര്‍ക്കുള്ള പദവി അവളെത്തേടിയെത്തി. 2010 ആഗസ്ത് എട്ടിന് ജര്‍മനിയിലെ മ്യൂണിക്കില്‍ ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരി എന്ന ബഹുമതിക്കുടമയായ തേജസ്വിനി പിന്നിട്ട വഴികള്‍ അത്രയൊന്നും സുഖകരമായിരുന്നില്ല.

നാവികസേനയില്‍ ഇലനക്ട്രിക്കല്‍ എന്‍ജിനീയറായിരുന്ന രവീന്ദ്ര സാവന്തിന് തന്റെ മൂന്നു പെണ്‍മക്കളുടെ ഭാവി സുരക്ഷിതമാക്കുക എന്നതു തന്നെ വലിയൊരു കടമ്പയായിരുന്നു. ഇതോടൊപ്പം മൂത്തപുത്രിയുടെ ഷൂട്ടിങ് മോഹങ്ങള്‍ സഫലമാക്കാന്‍ വേണ്ട ഭാരിച്ച ചെലവുകള്‍ക്ക് പണം കണ്ടെത്തേണ്ടി വന്നത് കൂടുംബത്തിന്റെ സാമ്പത്തികഭദ്രത തകര്‍ത്തു. സമാന്തരമായി പരിശീലനരംഗത്തും തേജസ്വിനിക്ക് പല പ്രതിസന്ധികളും നേരിടേണ്ടിവന്നു. കോലാപ്പൂരില്‍ ഒരു ഷൂട്ടിങ് താരത്തിന് പരിശീലനത്തിനു വേണ്ട പ്രാഥമിക സൗകര്യങ്ങള്‍ ദുര്‍ലഭമായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഷൂട്ടിങ് പരിശീലനകേന്ദ്രമായ പ്രബോധിനി സെന്ററില്‍ വനിതാതാരങ്ങള്‍ക്ക് വസ്ത്രം മാറാനുള്ള മുറിപോലുമില്ലായിരുന്നു എന്നറിയുമ്പോള്‍ പ്രശ്‌നങ്ങളുുടെ രൂക്ഷത വ്യക്തമാവുമല്ലോ.

സാഹചര്യങ്ങളുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് തന്റെ സ്വപ്നം പാതിവഴിക്ക് ഉപേക്ഷിക്കാന്‍ തേജു നിശ്ചയിച്ചു. ഒരു സ്വകാര്യസ്ഥാപനത്തില്‍ നിന്നു ലഭിച്ച ജോലി സ്വീകരിക്കാനായിരുന്നു തീരുമാനം. സാമ്പത്തിക പ്രതിസന്ധികളില്‍ നിന്നു കരകയറാന്‍ അതു വഴി കഴിയും എന്നായിരുന്നു അവളുടെ വിശ്വാസം. എന്നാല്‍ തേജസ്വിനിയുടെ തേജസ്സുറ്റ ഭാവി ഇടയ്ക്കു വെച്ചസ്തമിക്കുന്നതു കണ്ടു നില്‍ക്കാന്‍ അമ്മ സുനിത തയ്യാറായിരുന്നില്ല. പഠനകാലത്ത് ക്രിക്കറ്റ്-വോളിബോള്‍ താരമായിരുന്ന അവര്‍ തന്റെ മകളെ തിരിച്ച് ഷൂട്ടിങ് റേഞ്ചിലേക്കു തന്നെ എത്തിച്ചു.

കല്ലും മുള്ളും നിറഞ്ഞ പാതകള്‍ പിന്നിട്ട് ഞായറാഴ്ച മ്യൂണിക്കില്‍ ലോകചാമ്പ്യനുള്ള സ്വര്‍ണമെഡല്‍ ഏറ്റുവാങ്ങവെ ആ സന്തോഷം പങ്കുവെക്കാന്‍ അച്ഛനില്ലല്ലോ എന്ന ദുഃഖമായിരുന്നു തേജസ്വിനിക്ക്. ഈ വര്‍ഷം ഫിബ്രവരി 23-നാണ് രവീന്ദ്ര സാവന്ത് അന്തരിച്ചത്. 2006 മെല്‍ബണ്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇരട്ട സ്വര്‍ണം നേടിയ വേളയില്‍ അച്ഛന്റെ നേതൃത്തില്‍ കോലാപ്പൂരില്‍ നടന്ന ആഘോഷങ്ങള്‍ ഒരുവേള തേജുവിന്റെ മനസ്സിലൂടെ കടന്നുപോയിരിക്കാം. തന്റെ നേട്ടം അവള്‍ അച്ഛന് സമര്‍പ്പിച്ചു കഴിഞ്ഞു.

മ്യൂണിക്കില്‍ ഒരൊറ്റ പോയന്റുകൂടി നേടിയിരുന്നെങ്കില്‍ 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ ഇനത്തില്‍ പുതിയ ലോക റെക്കോഡിന് ഈ 29-കാരി ഉടമയായേനെ. അവസാന നിമിഷം മനസ്സു പതറിയതാണ് പോയന്റുനില കുറച്ചതെന്ന് തേജസ്വിനി കരുതുന്നു. ലോകറെക്കാഡിനെക്കാള്‍ താന്‍ ലക്ഷ്യമിട്ടത് കരിയറിലെ മികച്ച പ്രകടനത്തിനാണെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഒക്ടോബറില്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലെ തേജസ്വിനിയുടെ നേട്ടങ്ങള്‍ക്കായി നമുക്കിനി കാത്തിരിക്കാം.

ദീപാദാസ്