MATHRUBHUMI RSS
Loading...
ചരിത്രത്തിലേക്ക് മരിയയുടെ വിസില്‍

കൊല്‍ക്കത്ത: ഹൗറ മുനിസിപ്പല്‍ സ്റ്റേഡിയത്തിലെത്തിയ ജനക്കൂട്ടത്തിന്റെ ശ്രദ്ധയത്രയും ഡല്‍ഹിയുടെയോ മധ്യപ്രദേശിന്റെയോ താരങ്ങളിലേക്കായിരുന്നില്ല. മൈതാനമധ്യത്ത്, വിസിലുമായി പാഞ്ഞുനടന്ന കൊലുന്നനെയുള്ള ചെറിയ യുവതിയായിരുന്നു ശ്രദ്ധാകേന്ദ്രം. സന്തോഷ് ട്രോഫിയിലെ ക്ലസ്റ്റര്‍ മത്സരത്തിന് റഫറിയായ മരിയ റിബെല്ലോയെന്ന ഗോവക്കാരിയുടെ കിക്കോഫ് വിസില്‍ ചരിത്രത്തിലാണ് മുഴങ്ങിയത്. സന്തോഷ് ട്രോഫി ഫുട്‌ബോള്‍ മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിത. മലയാളിയായ ഫിഫ റഫറി, ബെന്റില ഡിക്കോത്ത സന്തോഷ് ട്രോഫി മത്സരങ്ങളില്‍ ഫോര്‍ത്ത് അമ്പയറായിട്ടുണ്ട്.

ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ റഫറിമാരുടെ എലൈറ്റ് പാനലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിനുള്ള ടെസ്റ്റിന്റെ ഭാഗമായാണ് മരിയയെ ഈ മത്സരത്തിലേക്ക് നിയോഗിച്ചത്. മൂന്ന് മത്സരങ്ങളാണ് പാനലിലേക്ക് തിരഞ്ഞെടുക്കപ്പെടേണ്ടവര്‍ നിയന്ത്രിക്കേണ്ടത്. ഇവരുടെ പ്രകടനം എ.എഫ്.സി.യുടെ നിരീക്ഷകര്‍ വിലയിരുത്തും. മരിയയുടെ രണ്ടാമത്തെ ടെസ്റ്റായിരുന്നു ഇത്. ഈ പ്രകടനം വിലയിരുത്താന്‍ എ.എഫ്.സി.യുടെ അസസ്‌മെന്റ് ഓഫീസറായ പി. മണിയം സിംഗപ്പൂരില്‍നിന്ന് കൊല്‍ക്കത്തയിലെത്തിയിരുന്നു. നേരത്തേ, കൊല്‍ക്കത്തയില്‍ നടന്ന പുരുഷന്മാരുടെ അണ്ടര്‍-20 മത്സരത്തിലും മരിയ റഫറിയായിരുന്നു.

മൂന്ന് വര്‍ഷം മുമ്പ് ഫിഫ റഫറിയായെങ്കിലും മരിയ എ.എഫ്.സി.യുടെ എലൈറ്റ് പാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നില്ല. ഈ പാനലില്‍ എത്തിയാല്‍ മാത്രമേ, എ.എഫ്.സി.യുടെ അന്താരാഷ്ട്ര മത്സരങ്ങള്‍ നിയന്ത്രിക്കാനാകൂ. 2011-ലേക്കുള്ള പാനലിനെയാണ് ഇപ്പോള്‍ തിരഞ്ഞെടുക്കുന്നത്. ഇന്ത്യയില്‍ മൂന്ന് വനിതകളാണ് ഫിഫ ബാഡ്ജുള്ള റഫറിമാര്‍. മലയാളിയായ ബെന്റില ഡിക്കോത്തയും മരിയ റിബെല്ലോയും മണിപ്പുരില്‍നിന്നുള്ള അസിസ്റ്റന്റ് റഫറി കല്യാണി ചാനുവും. പത്ത് വര്‍ഷമായി എലൈറ്റ് പാനലിലുള്ള ബെന്റില ഈ ഡിസംബര്‍ 31 വരെ മാത്രമേ പാനലിലുണ്ടാകൂ. റഫറീസ് ഇന്‍സ്ട്രക്ടര്‍ കോഴ്‌സിന് പോകുന്നതിന്റെ ഭാഗമായാണ് ബെന്റില റഫറിയിങ്ങില്‍നിന്ന് പിന്മാറിയത്.

ആണുങ്ങളുടെ മത്സരത്തില്‍ മരിയയുടെ അരങ്ങേറ്റം മോശമായില്ല. കിക്കോഫിനുശേഷം, മരിയ ആദ്യമായി വിസിലൂതിയത് ധീരമായ തീരുമാനത്തിനായിരുന്നു. മധ്യപ്രദേശ് ഗോള്‍കീപ്പറെ ഫൗള്‍ ചെയ്ത് ഡല്‍ഹി താരം നേടിയ ഗോള്‍ അനുവദിക്കാതിരുന്ന മരിയ, മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

ഗോവയിലെ കര്‍ട്ടോറിം ഗ്രാമക്കാരിയായ മരിയ ആറാം വയസ്സിലാണ് പന്ത് കളിച്ചുതുടങ്ങിയത്. കളിക്കാരിയായും റഫറിയായും തിളക്കമാര്‍ന്ന കരിയര്‍. ഗോവന്‍ സബ് ജൂനിയര്‍ ടീമില്‍ 1987-ല്‍ തിരഞ്ഞെടുക്കപ്പെട്ടു. മിഡ്ഫീല്‍ഡറായി തുടക്കം. ഗോവയുടെയും മഹാരാഷ്ട്രയുടെയും താരമായി സീനിയര്‍ തലത്തില്‍ കളിച്ചു. ആറ് തവണ ഇന്ത്യന്‍ കുപ്പായമണിഞ്ഞു. ഒരു കളിയില്‍ ഇന്ത്യയെ നയിക്കുകയും ചെയ്തു.

ആര്‍.ഗിരീഷ്‌കുമാര്‍