MATHRUBHUMI RSS
Loading...
ചരിത്രം കുറിച്ച് റോസ ഒടുന്‍ബയേവ

മോസ്‌കോ: കിര്‍ഗിസ്താന്‍ പ്രസിഡന്റായി ജൂലായ് മൂന്നിന് അധികാരമേറ്റ റോസ ഒടുന്‍ ബയേവ മധ്യേഷ്യന്‍ രാജ്യങ്ങളില്‍ പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ആദ്യത്തെ വനിതയായി ചരിത്രം കുറിച്ചു. ഏതാനും മാസങ്ങളായി രാജ്യത്തെ ഇടക്കാല സര്‍ക്കാറിന്റെ മേധാവിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ഒടുന്‍ ബയേവ. ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് പ്രസിഡന്റ് കുര്‍മന്‍ബെക് ബക്കിയേവിനെ പുറത്താക്കിയശേഷമാണ് ഒടുന്‍ ബയേവ ഇടക്കാല സര്‍ക്കാറിന്റെ തലപ്പത്തെത്തിയത്.

പഴയ യു.എസ്.എസ്.ആറിലെ ഓഷില്‍ 1950 ആഗസ്ത് 23ന് ജനിച്ച റോസ 1972ല്‍ മോസ്‌കോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടി. ഫിലോസഫിയിലായിരുന്നു ബിരുദം. ഇതിനുശേഷം അധ്യാപകവൃത്തിയിലേയ്ക്ക് തിരിഞ്ഞ റോസ കിര്‍ഗിസ് സ്‌റ്റേറ്റ് നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ ആറ് വര്‍ഷത്തോളം ഫിലോസഫി വിഭാഗത്തിന് നേതൃത്വം നല്‍കി. 1981ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലൂടെ രാഷ്ട്രീയത്തിലെത്തിയ റോസ ഒടുന്‍ബയേവ പിന്നീട് മലേഷ്യയിലെ സോവിയറ്റ് സ്ഥാനപതിയായി പ്രവര്‍ത്തിച്ചു. 1992-ഓടെ കിര്‍ഗിസ്താന്‍ സ്വതന്ത്ര രാജ്യമായപ്പോള്‍ റോസ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായി. അതേ വര്‍ഷം തന്നെ കിര്‍ഗിസ്താന്റെ അമേരിക്കയിലെ ആദ്യത്തെ സ്ഥാനപതിയായി ചുമതലയേല്‍ക്കും വരെ അവര്‍ മന്ത്രിസ്ഥാനത്ത് തുടര്‍ന്നു. 1998 മുതല്‍ 2001 വരെ റോസ യു.കെയിലെ കിര്‍ഗിസ്താന്റെ ആദ്യത്തെ സ്ഥാനപതിയായി. 2004ല്‍ റോസയുടെ നേതൃത്വത്തില്‍ 'അത ജുര്‍ത്ത്' എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപവത്കരിക്കപ്പെട്ടു.

വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് റോസ ഒടുന്‍ബയേവ.