ഇന്ത്യന്‍ ബാഡ്മിന്റണിലെ വിസ്മയതാരം സൈന നെഹ്‌വാള്‍ കൂടുതല്‍ ഉയരങ്ങളിലേയ്ക്ക്. ലോക ബാഡ്മിന്റന്‍ ഫെഡറേഷന്റെ റാങ്കിങ്ങില്‍ സൈന മൂന്നാം സ്ഥാനത്തെത്തി. ഇന്ത്യന്‍ ഓപ്പണിലും സിംഗപ്പൂര്‍ സൂപ്പര്‍ സീരീസിലും ഇന്തോനേഷ്യന്‍ ഓപ്പണിലും അടുപ്പിച്ചടുപ്പിച്ചു നേടിയ കിരീട വിജയങ്ങളാണ് സൈനയെ ആറാം റാങ്കില്‍ നിന്ന് മൂന്നാം റാങ്കിലെത്തിച്ചത്. ഒരു ഇന്ത്യക്കാരി എത്തിപ്പിടിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്ഥാനമാണിത്.സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് വനിതാവിഭാഗം സിംഗിള്‍സിന്റെ ഫൈനലില്‍ തായ്‌പേയിയുടെ സു യിങ് തായിയെ നേരിട്ടുള്ള സെറ്റുകളില്‍ തറപറ്റിച്ചാണ് സൈന കിരീടം ചൂടിയത്. (സ്‌കോര്‍: 21-18, 21-15). സൈനയുടെ കരിയറിലെ രണ്ടാം സൂപ്പര്‍ സീരീസ് കിരീടമാണിത്.
33 മിനിറ്റ് മാത്രം നീണ്ട ഫൈനല്‍ മത്സരത്തിന്റെ ആദ്യ സെറ്റില്‍ 8-14 എന്ന പോയന്റോടെ ഏറെ പിന്നിലായിരുന്നു സൈന. തുടര്‍ന്ന് ഏഴു സ്മാഷുകളുതിര്‍ത്ത് സൈന ആ സെറ്റ് പിടിച്ചെടുക്കുകയായിരുന്നു. രണ്ടാം ഗെയിമില്‍ കാര്യമായ വെല്ലുവിളിയുണ്ടായില്ല.
ജൂണ്‍ ആദ്യം നടന്ന ഇന്ത്യ ഗ്രാന്‍പ്രീ ചാമ്പ്യന്‍ഷിപ്പിലും സൈന കിരീടം സ്വന്തമാക്കിയിരുന്നു.

NEWS LETTER
RSS











