പാരീസ്: ഒടുവില്‍ ഫ്രാന്‍സെസ്‌ക ഷിയാവോണ്‍ ചരിത്രത്തിലിടം നേടി. ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയതോടെയാണ് ഷിയാവോണ്‍ ഇറ്റലിയ്ക്ക് അഭിമാനമായത്. ഇതോടെ ഒരു ഗ്രാന്‍സ്ലാം കിരീടം നേടുന്ന പ്രഥമ ഇറ്റാലിയന്‍ വനിതയെന്ന ചരിത്രനേട്ടമാണ് ഷിയാവോണ്‍ സ്വന്തമാക്കിയത്. ഓസ്‌ട്രേലിയയുടെ സാമന്ത സ്‌റ്റോസുറിനെയാണ് ഷിയാവോണ്‍ ഫൈനലില്‍ പരാജയപ്പെടുത്തിയത്. ഫെനലില്‍ 6-4, 7-6 എന്ന സ്‌കോറിനാണ് സ്‌റ്റോസുറിനെ ഷിയാവോണ്‍ തോല്പിച്ചത്. ഏഴാം സീഡായ സ്‌റ്റോസുര്‍ ലോക ഒന്നാം നമ്പര്‍താരം സെറീന വില്യംസിനെയും നാല് തവണ ഫ്രഞ്ച് ഓപ്പണ്‍ നേടിയിട്ടുള്ള ജസ്റ്റിന്‍ ഹെനിനെയും തോല്‍പ്പിച്ചായിരുന്നു ഫൈനലില്‍ എത്തിയത്.
17ാം സീഡായ ഷിയാവോണ്‍ ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലില്‍ ഇടംപിടിച്ചപ്പോള്‍തന്നെ ചരിത്രമായിരുന്നു. ആദ്യമായി ഒരു ഗ്രാന്‍ഡ്സ്ലാം ഫൈനലില്‍ കളിക്കുന്ന ഇറ്റാലിയന്‍ വനിതയെന്ന ബഹുമതിയാണ് അവര്‍ക്ക് ലഭിച്ചത്. വിജയം കൂടി കരസ്ഥമാക്കിയതോടെ ഉജ്വല നേട്ടമാണ് അവര്‍ സ്വന്തമാക്കിയത്.
ഇതുവരെ മറ്റ് പ്രധാനപ്പെട്ട ഗ്രാന്‍സ്ലാമുകളിലോ പ്രധാനപ്പെട്ട ഫൈനലുകളിലോ ഷിയാവോണും സ്‌റ്റോസുറും കളിച്ചിട്ടുണ്ടായിരുന്നില്ല.
ഒന്നും പറയാന്‍ തയ്യാറെടുത്തിരുന്നില്ലെന്നും ഇത് സംഭവിക്കില്ലെന്നാണ് കരുതിയതെന്നുമാണ് കിരീട വിജയത്തിനു ശേഷം ഷിയാവോണ്‍ പ്രതികരിച്ചത്.
1976ല്‍ അഡ്രിയാനോ പനാറ്റ പുരുഷന്‍മാരുടെ ഫ്രഞ്ച് ഓപ്പണ്‍ നേടിയിരുന്നു.

NEWS LETTER
RSS











