MATHRUBHUMI RSS
Loading...
അമര്‍ത്യാസെന്നിന് പിന്നാലെ ഹാര്‍വാര്‍ഡില്‍ ഒരു മലയാളി വനിത

ഷിക്കാഗോ: ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ധനതത്ത്വശാസ്ത്ര വകുപ്പില്‍ ഫുള്‍ പ്രൊഫസറായി മലയാളിയായ ഗീത ഗോപിനാഥ് നിയമിതയായി. സര്‍വകലാശാലയുടെ 374 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ വനിത ഈ സ്ഥാനത്തെത്തുന്നത്. നൊബേല്‍ സമ്മാനം നേടിയ അമര്‍ത്യാസെന്നാണ് ഇതിനുമുമ്പ് ഈ സ്ഥാനത്തെത്തിയ ഏക ഇന്ത്യക്കാരന്‍.

ഇപ്പോള്‍ മൈസൂരില്‍ താമസിക്കുന്ന കണ്ണൂര്‍ മയ്യില്‍ സ്വദേശിയായ ടി.വി. ഗോപിനാഥിന്റെയും വി.സി. വിജയലക്ഷ്മിയുടെയും മകളാണ് 38കാരിയായ ഗീത. കൊല്‍ക്കത്തയില്‍ ജനിച്ച് മെസൂരില്‍ വളര്‍ന്ന ഗീത, ഡല്‍ഹിയിലെ ലേഡി ശ്രീറാം കോളേജില്‍നിന്ന് രാഷ്ട്രപതിയുടെ സ്വര്‍ണമെഡലോടെ സാമ്പത്തിക ശാസ്ത്രത്തില്‍ ബി.എ. നേടി. ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് ഇതേ വിഷയത്തില്‍ എം.എ.യും കരസ്ഥമാക്കിയ ശേഷമാണ് ഗവേഷണത്തിനായി യു.എസ്സിലെത്തിയത്. അവിടെ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്.ഡി. നേടിയശേഷം ഷിക്കാഗോ സര്‍വകലാശാലയില്‍ ധനതത്ത്വശാസ്ത്ര വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി പ്രവര്‍ത്തിച്ചു. 2005ലാണ് ഹാര്‍വാഡില്‍ അധ്യാപികയാകുന്നത്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ്, ഓക്‌സ്‌ഫെഡ് സര്‍വകലാശാല, നാഷണല്‍ ബ്യൂറോ ഓഫ് ഇക്കണോമിക്‌സ് റിസേര്‍ച്ച് എന്നിവിടങ്ങളില്‍ ഗവേഷണ മേല്‍നോട്ടം വഹിക്കുന്നുണ്ട്. ലോകപ്രശസ്തമായ പല സാമ്പത്തികശാസ്ത്ര ഗവേഷണ പ്രസിദ്ധീകരണങ്ങളുടെയും പത്രാധിപ സമിതി അംഗവുമാണ്. അന്താരാഷ്ട്ര ധനതത്ത്വശാസ്ത്രത്തില്‍ ലോകത്തെ എണ്ണം പറഞ്ഞ വിദഗ്ധരില്‍ ഒരാളാണ്.

ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ സഹപാഠിയായിരുന്ന ഇക്ബാല്‍ ധാലിവാളാണ് ഭര്‍ത്താവ്. ഇന്ത്യയില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം, ഇപ്പോള്‍ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ധനതത്ത്വശാസ്ത്രവകുപ്പില്‍ ഡയറക്ടറാണ്. ഇവര്‍ക്ക് ഏഴുവയസ്സുള്ള ഒരു മകനുണ്ട്. ജൂലായ് ഒന്നിന് ഗീത ഫുള്‍ പ്രൊഫസറായി ചുമതലയേല്‍ക്കും.