MATHRUBHUMI RSS
Loading...
അണയാതെ, അസ്തമിക്കാതെ ഒരുകാലം...
ശരത്കൃഷ്ണ

ജീവിതത്തിലെ ഒരു കാലഘട്ടത്തിലും ഇനി സിനിമ അഭിനയിക്കില്ലെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞ് പോയ പലരും തിരിച്ചുവന്നു. എത്രയോ ജന്മമെടുത്താലും ഞാന്‍ എന്നും സിനിമാക്കാരി തന്നെയായിരിക്കും. അടുത്ത ജന്മത്തില്‍ ആരാകണമെന്ന് എപ്പോള്‍ ചോദിച്ചാലും ഞാന്‍ പറയുന്നത് ഒരേ ഉത്തരമായിരിക്കും: 'എനിക്ക് ജയഭാരതിയായാല്‍ മതി..'

ടാജ് മലബാറിന്റെ റൂഫ്‌ടോപ്പിലേക്ക് വന്ന കാറ്റ് ഇന്നലെകളുടെ നായികയെ തൊട്ടുനോക്കി. നെറ്റിയില്‍ അന്തിമാനത്തെപ്പോലെ ഒരുകുഞ്ഞുസൂര്യന്‍. അതുകൊണ്ട് പൊട്ടുകുത്താന്‍ സന്ധ്യകള്‍ക്ക് സിന്ദൂരം ചാലിക്കേണ്ടിവന്നില്ല!! ചെറിയ തൂക്കുവിളക്കുകളുടെ മങ്ങിയ മഞ്ഞവെളിച്ചം നിറഞ്ഞ സായാഹ്നത്തിലിരുന്ന് പോയകാലത്തെ ഓര്‍ത്തെടുക്കുകയായിരുന്നു ജയഭാരതി. സിനിമയെക്കുറിച്ച് പറഞ്ഞപ്പോഴൊക്കെ ഒരുകാലം മലയാളിയെ കൊതിപ്പിക്കുകയും കോരിത്തരിപ്പിക്കുകയും ചെയ്ത മുഖം പഴയതുപോലെ പ്രകാശിച്ചു. എന്തൊക്കയോ തുറന്നുപറയാന്‍ ആഗ്രഹിക്കുന്നതുപോലെ തോന്നിപ്പിച്ചു സംഭാഷണം. പക്ഷേ പാതിവഴിയില്‍ പലതും നിര്‍ത്തി അവര്‍ ഇത്രയും നാളെന്ന പോലെ മൗനത്തിന്റെ കൂട്ടിലേക്ക് തിരിച്ചുപറന്നു.

നൃത്തവേദിയിലേക്കുള്ള തിരിച്ചുവരവിന്റെ വിശേഷങ്ങള്‍ പറയാനെത്തിയതായിരുന്നു ജയഭാരതി. 'കുറേക്കാലമായി ഇങ്ങനെ ക്യാമറയും പത്രവും ഷൂട്ടിങ്ങുമൊക്കെ ജീവിതത്തിലുണ്ടായിട്ട്...'ഫ്ലാഷുകളുടെ മിന്നല്‍ച്ചിരികള്‍ക്കും ചാനല്‍ക്യാമറകളുടെ നെറ്റിയിലെ ചുവന്നമിന്നാമിനുങ്ങുകള്‍ക്കും നടുവിലിരുന്ന് അവര്‍ പറഞ്ഞു. 'ഒന്നും വേണ്ടിയിട്ട് അവഗണിച്ചതല്ല. മനസ്സ് പറയുന്നുപോലെ ചെയ്തു. ജയഭാരതി ഇത്രയും കാലം എന്തുചെയ്യുകയായിരുന്നുവെന്ന് ചോദിക്കുന്നവരോട് എനിക്ക് പറയാന്‍ മറുപടിയുണ്ട്. ഞാന്‍ നൃത്തം പ്രക്ടീസ് ചെയ്യുന്നുണ്ടായിരുന്നു. വീണ വായിക്കുന്നുണ്ടായിരുന്നു, സംസ്‌കൃതം പഠിക്കുന്നുണ്ടായിരുന്നു...മകന്‍ വളര്‍ന്നപ്പോള്‍ ഏതൊരമ്മയേയും പോലെ അവനുവേണ്ടി ഞാന്‍ പലതില്‍നിന്നും മാറിനിന്നതാണ്.'

ഈറോഡിലെ സെന്റ് റീത്താസ് സ്‌കൂളിലെ അലമാരയില്‍ ഇന്നുമുള്ള ഒരു ട്രോഫിയെക്കുറിച്ചാണ് പിന്നെ ജയഭാരതി പറഞ്ഞത്. നൃത്തത്തില്‍ ഒന്നാമതായ പതിനൊന്നുവയസ്സുള്ള ലക്ഷ്മീഭാരതിയെന്ന വിദ്യാര്‍ഥിനിക്ക് കിട്ടിയ സമ്മാനം. അത് കൈമാറിയത് അന്നത്തെ തമിഴ് നാട് വിദ്യാഭ്യാസമന്ത്രി സുന്ദരവടിവേലുവായിരുന്നു. അന്ന് ആ കുട്ടിയെക്കണ്ട് പലരും പറഞ്ഞു: 'ഇവള്‍ വൈജയന്തിമാലയോ പത്മിനിയോ ഒക്കെയാകും..'റയില്‍വേജീവനക്കാരനായിരുന്ന അപ്പൂപ്പന്‍ അത് കേട്ട് പൊട്ടിത്തെറിച്ചു. 'പക്ഷേ അവര്‍ പറഞ്ഞത് സത്യമായി. അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ ഞാന്‍ സിനിമയിലെത്തി..'-ജയഭാരതി ഓര്‍മിച്ചു.

'സിനിമയില്‍ വരുമ്പോള്‍ എന്റെ കൈയില്‍ ഭരതനാട്യം മാത്രമേയുണ്ടായിരുന്നുള്ളൂ. മലയാളം എന്ന ഭാഷപോലും അറിയില്ലായിരുന്നു. ഭാസ്‌കരന്‍ മാസ്റ്റര്‍, സേതുമാധവന്‍സാര്‍, ഹരനണ്ണന്‍ എന്നുഞാന്‍ വിളിക്കുന്ന ഹരിഹരന്‍ അവരെല്ലാം ചേര്‍ന്ന് എന്നെ നടിയാക്കി മാറ്റി. അത് അവരുടെ വാശിയായിരുന്നു. ബാംഗ്ലൂര്‍ഭാരതി എന്നൊരു നടിയുണ്ടായിരുന്നതുകൊണ്ടാണ് ലക്ഷ്മീഭാരതിയെന്ന പേരുമാറ്റി ജയഭാരതിയാക്കിയത്. മലയാളമാണ് എന്നെ വളര്‍ത്തിവലുതാക്കിയത്. ഷൂട്ടിങ് പറഞ്ഞ സമയത്ത് തീരാതിരുന്നപ്പോള്‍ തമിഴിലെ ഒരു വലിയ നടനോട് ഞാന്‍ തുറന്നുപറഞ്ഞിട്ടുണ്ട്, എനിക്ക് മലയാളം തന്നെയാണ് വലുത് എന്റെ ശാപ്പാട് അവിടെയാണെന്ന്...'

സിനിമയെന്ന വാക്കിനോടുള്ള കടപ്പാട് ജയഭാരതിയില്‍ ഓരോ നിമിഷവും നിറഞ്ഞുനില്കുന്നുണ്ടായിരുന്നു. 'മെര്‍ലിന്‍ മണ്‍റോ എന്നൊരു നടി ആത്മഹത്യ ചെയ്തുവെന്നതുകൊണ്ടുമാത്രം സിനിമ മോശമാണെന്ന് എങ്ങനെ പറയാന്‍ കഴിയും? എനിക്ക് എല്ലാം തന്നത് സിനിമയാണ്. അല്ലായിരുന്നെങ്കില്‍ ഈറോഡിലെ റെയില്‍വേ ക്വാര്‍ട്ടേഴ്‌സിലെ ഒരു പെണ്‍കുട്ടി നിങ്ങളുടെ മുന്നിലിരുന്ന് ഇങ്ങനെ സംസാരിക്കില്ലായിരുന്നു. ദൈവം തന്ന പ്രശസ്തി തുളുമ്പാതെ കൊണ്ടുനടക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്.'-ജയഭാരതി ചിരിച്ചു, അരികില്‍ പഴയൊരു കാലം അസ്തമിക്കാതെ നിന്നു.Other stories in this section