MATHRUBHUMI RSS
Loading...
ഇതാ എന്റെ പുരുഷന്‍
ശര്‍മിള

കനത്ത ശമ്പളം. രാത്രിവിരുന്നുകള്‍, കൂട്ടുകാരൊത്ത് പിക്‌നിക്. പുലര്‍ച്ചെ മൂന്നു മണിക്ക് ജോലി കഴിഞ്ഞ് ഒറ്റയ്ക്ക് കാറോടിച്ച് വീട്ടിലേക്ക് പോവുന്നതിന്റെ ചെറുതല്ലാത്ത ഹരം... ഐ.ടി., ബാങ്കിങ് പോലുള്ള മേഖലകളില്‍ ഉയര്‍ന്ന ഉദ്യോഗം ഭരിക്കുന്ന അവിവാഹിതയായ ഒരു കേരളീയ യുവതിയുടെ ജീവിതം ഒരു ഉത്സവംപോലെയാണ്. എങ്കിലും ഈ യുവതിക്ക് വിവാഹജീവിതം അതിപ്രധാനം തന്നെയാണ്; അതിന്റെ ഭാഗമായ സ്വാതന്ത്ര്യത്തിന്റെ നഷ്ടം എത്രയായാലും. പൂര്‍ണമനസ്സോടെയല്ല, അല്‍പസ്വല്‍പം ആശങ്കകളോടെയാണ് ദാമ്പത്യത്തിലേക്കുള്ള അവളുടെ വലതുകാല്‍വെപ്പ്.

ശീലിച്ച ഒരു ജീവിതശൈലിയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോഴുള്ള അവളുടെ ചങ്കിടിപ്പ് ഈ സര്‍വേയില്‍ ഏറെക്കുറെ വ്യക്തമായി. വിവാഹബന്ധത്തിനുള്ളിലെ കൊടുക്കല്‍- വാങ്ങലുകളെ ശ്രദ്ധയോടെ തുലനം ചെയ്യാനുള്ള മനക്കണക്കുകള്‍ അവളുടെ
ഉള്ളിലുണ്ട്.

തൊഴിലെടുക്കാത്ത സ്ത്രീകളില്‍നിന്നും കഴിഞ്ഞ തലമുറയിലെ ഉദ്യോഗസ്ഥകളില്‍നിന്നും ഏറെ വ്യത്യസ്തയാണ് പുതിയ പെണ്‍കുട്ടി. അവളുടെ സങ്കല്‍പങ്ങള്‍ക്ക് പഴയ തലമുറയുടേതുമായി സാമ്യമേയില്ല. ഈ സര്‍വേക്കു വേണ്ടി തിരുവനന്തപുരത്തെ ഒരു വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലില്‍ പോയപ്പോള്‍ കണ്ട കാഴ്ചകള്‍ കൗതുകകരമായിരുന്നു. ചില പെണ്‍കുട്ടികള്‍ ചുണ്ടില്‍ ചിരി വിടര്‍ത്തി ഉടന്‍ ചോദ്യാവലി പൂരിപ്പിക്കാന്‍ തുടങ്ങി. ചിലര്‍ അല്‍പം നിരാശയോടെ ചോദ്യങ്ങളെ നോക്കി പറഞ്ഞു, ''ഈ ചോദ്യങ്ങള്‍ക്കും എത്രയോ അപ്പുറത്താണ് ഞങ്ങളുടെ സങ്കല്‍പങ്ങള്‍.'' അതിനിടയ്ക്ക് പ്രായംചെന്ന ഹോസ്റ്റല്‍ വാര്‍ഡന്‍ ചോദ്യങ്ങള്‍ വായിക്കാന്‍ തുടങ്ങി, ''ഞാന്‍ എന്റെ ഭര്‍ത്താവിനെ ആദ്യം കണ്ടത് കല്യാണദിവസമാണ്'', അവര്‍ ചെറുതായി ചിരിച്ചു.

ഭാര്യയായി ജീവിക്കുന്നതിനെക്കുറിച്ചും കുടുംബജീവിതത്തെക്കുറിച്ചും വ്യത്യസ്തമായി ചിന്തിക്കുന്നവരാണ് മിക്ക യുവതികളും. പുതിയ പെണ്‍കുട്ടികള്‍ക്ക് ജീവിതപങ്കാളിയെക്കുറിച്ചുള്ള സങ്കല്‍പമെന്തായിരിക്കാം? യുവതികളുടെ വൈകാരികവും ഭൗതികവുമായ പ്രതീക്ഷകളും പങ്കാളിത്തത്തെയും സംരക്ഷണത്തെയും കുറിച്ചുള്ള ചിന്തകളുമാണ് ഞങ്ങള്‍ അന്വേഷിച്ചത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലെ 30 വയസ്സില്‍ താഴെ പ്രായമുള്ള, ജോലി ചെയ്യുന്നവരോ ജോലി അന്വേഷിക്കുന്നവരോ ആയ 1000 യുവതികള്‍ സര്‍വേയില്‍ പങ്കെടുത്തു. സാമ്പത്തികസ്വാതന്ത്ര്യമുള്ള പെണ്‍കുട്ടിയുടെ വിവാഹസങ്കല്‍പങ്ങളില്‍ വന്ന ഏറ്റവും പുതിയ മാറ്റങ്ങള്‍ സര്‍വേയില്‍ വെളിപ്പെട്ടു.

ഭാവിവരന്‍ തന്നെ എത്രത്തോളം മനസ്സിലാക്കും എന്ന കാര്യമാണ് പങ്കാളിയെക്കുറിച്ചുള്ള പ്രതീക്ഷകളില്‍ പെണ്‍കുട്ടികള്‍ ഏറ്റവുമധികം വില നല്‍കുന്നത്. ജീവിതപങ്കാളി എന്ന നിലയ്ക്ക് ലഭിക്കേണ്ട ശ്രദ്ധയും മതിപ്പും ആവശ്യങ്ങള്‍ കണ്ടറിഞ്ഞുള്ള സ്‌നേഹവുമാണ് അവളുടെ വിനയത്തോടെയുള്ള പ്രതീക്ഷ. ഭാര്യക്ക് എന്ത് വേണം എന്നു ചോദിച്ചറിയാതെ അവളുടെ നിശ്ശബ്ദമായ ആഗ്രഹങ്ങള്‍ കണ്ടറിയുന്ന പുരുഷനാണ് അവളുടെ സങ്കല്‍പത്തിലെ 'എലിജിബ്ള്‍ ബാച്ചിലര്‍'. പെണ്‍കുട്ടികളുടെ വിവാഹകാര്യത്തില്‍ കുടുംബത്തിനുള്ള പിടിവാശി അയഞ്ഞുവരുന്നുവെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്. 86 ശതമാനം കുടുംബങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് പങ്കാളിയെ കണ്ടെത്താനുള്ള സ്വാതന്ത്ര്യമുണ്ട്. ഇക്കാര്യത്തില്‍ പൂര്‍ണ സ്വാതന്ത്ര്യമുള്ളവര്‍ 10 ശതമാനവും തീരെ സ്വാതന്ത്ര്യമില്ലാത്തവര്‍ 4 ശതമാനവുമാണ്.

എല്ലാവരും പ്രേമിച്ച് കെട്ടാന്‍ പോവുന്നു എന്ന് ധരിക്കേണ്ട. മറിച്ചാണ് വസ്തുത. അതാണ് അത്ഭുതം. കൂടുതല്‍ പേരും ആഗ്രഹിക്കുന്നത് കുടുംബക്കാര്‍ തെരഞ്ഞെടുത്ത് നടത്തിത്തരുന്ന വിവാഹമാണ്. എന്ത് പ്രശ്‌നമുണ്ടായാലും അത് അച്ഛനമ്മമാര്‍ ഏറ്റെടുക്കുമല്ലോ എന്നാണവര്‍ ചിന്തിക്കുന്നത്. ''ജീവിതം നമ്മള്‍ വിചാരിക്കുംപോലെ അല്ല. വിവാഹമോചനങ്ങള്‍ കൂടിവരികയാണ്. അച്ഛനമ്മമാരെ എതിര്‍ത്ത് വിവാഹം ചെയ്തിട്ട് അവസാനം ഒറ്റയ്ക്കായിപ്പോയാലോ? എനിക്ക് ഭയമുണ്ട്''- എറണാകുളത്തെ ലോ വിദ്യാര്‍ഥിനി സമിതാ സെബാസ്റ്റ്യന്‍ തുറന്നു പറഞ്ഞു. സ്വന്തം റിസ്‌കെടുക്കാനുള്ള മടിയുണ്ട് പുതുതലമുറയുടെ ശബ്ദത്തില്‍. വെല്ലുവിളികളെ ഭയക്കുന്ന, സുരക്ഷിത്വം കൊതിക്കുന്ന സ്വരം.

വരനെ അച്ഛനമ്മമാര്‍ കണ്ടെത്തുന്നതാണ് നല്ലതെന്ന് കരുതുന്നവരില്‍ ഭൂരിഭാഗം പേരും അവസാന വാക്ക് തങ്ങളുടേതാണെന്ന് വിശ്വസിക്കുന്നുണ്ട്. വിവാഹം എപ്പോള്‍ വേണമെന്ന് ഇവര്‍തന്നെ തീരുമാനിക്കും. ചെറിയൊരു വിഭാഗം മാത്രമാണ് വിവാഹത്തെക്കുറിച്ച് വിപ്ലവകരമായി ചിന്തിക്കുന്നവര്‍. ''സാധാരണ മട്ടിലുള്ള ഒരു വിവാഹാലോചന വേണ്ടെന്ന് വെക്കാന്‍ കഴിയും. എന്നാല്‍ വിവാഹമേ വേണ്ടെന്ന് വെക്കാനുള്ള സ്വാതന്ത്ര്യമില്ല''-കോഴിക്കോട്ടെ ഒരു സ്വകാര്യ സ്‌കൂള്‍ അധ്യാപിക ദീപ പറഞ്ഞു.

പ്രേമിച്ച് കല്യാണം കഴിച്ചേ അടങ്ങൂ എന്ന് ചിന്തിക്കുന്നവര്‍ക്ക് അംഗബലം കുറയും. എങ്കിലും അവര്‍ക്ക് നല്ല ന്യായങ്ങളുണ്ട് പറയാന്‍. പ്രേമം അടുപ്പത്തിന്റെ ആഴം കൂട്ടും എന്നാണ് അവര്‍ ചൂണ്ടിക്കാണിക്കുന്ന പ്ലസ് പോയന്റ്. അറേഞ്ച്ഡ് വിവാഹത്തിന്റെ പോരായ്മകള്‍ എടുത്തു കാട്ടുന്നുമുണ്ട് ഇക്കൂട്ടര്‍. ''ഞങ്ങള്‍ കാണുന്നതല്ലേ? എത്രയോ ദമ്പതികള്‍ സ്‌നേഹമില്ലാതെ ഒരുമിച്ചു കഴിയുന്നുണ്ട്. ആരോ പറഞ്ഞുറപ്പിച്ച വിവാഹം. അത് നിറയെ അഡ്ജസ്റ്റുമെന്റുകളായാല്‍ അത്ഭുതമില്ലല്ലോ''- തിരുവനന്തപുരം വഴുതക്കാട് സ്വന്തമായി സാനിറ്ററി ഹോള്‍സെയില്‍ ഷോപ്പ് നടത്തുന്ന പ്രിയശങ്കര്‍ പറഞ്ഞു. എറണാകുളത്ത് മെഡിക്കല്‍ റപ്രസന്റിറ്റീവ് ആയ പ്രീത ഇങ്ങനെ പറഞ്ഞു, ''വിവാഹത്തിനു മുമ്പ് അറിഞ്ഞ ആളായിരിക്കില്ല വിവാഹശേഷം''. ഈ രണ്ട് ഗണത്തിലും പെടാത്തവരുമുണ്ട്. 'ലൗ കം അറേഞ്ച്ഡ് മാര്യേജ്' എന്നാണ് അവരുടെ വിശ്വാസപ്രമാണം. പ്രണയത്തിന് പ്രണയമുണ്ട്. എന്നാല്‍ റിസ്‌കുമില്ല.

രക്ഷിതാക്കളോട് കടുത്ത സ്‌നേഹവും അടുപ്പവുമുള്ളവരാണ് പുതിയ തലമുറ. എന്നാല്‍ അച്ഛനമ്മമാരുടെ ദാമ്പത്യബന്ധത്തെ മാതൃകയാക്കാന്‍ അവരാരും ആഗ്രഹിക്കുന്നില്ലെന്നതാണ് വസ്തുത. തലമുറകളുടെ ഒരു വിടവ്.

വിവാഹത്തിന് എന്തിനാണൊരു മാതൃക? അങ്ങനെയും ചിന്തിക്കുന്നു ചിലര്‍. ''ഓരോരുത്തരും വ്യത്യസ്തരാണ്. ഞാന്‍ വിവാഹിതയായാല്‍ അത് പുതിയൊരു ജീവിതമായിരിക്കും. എനിക്ക് ആരുടേയും മാതൃക ഇഷ്ടമല്ല''- തിരുവല്ലയില്‍ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിര്‍മല കെ.ജി. പറഞ്ഞു.

ഭര്‍ത്താവ് നല്ല ഫ്രണ്ട്

കാലം മാറി. കൂടെ പലതും മാറി. മാറിയ കാലം ജീവിതത്തില്‍ നിഴലിക്കേണ്ടതുണ്ട്. അതാണ് പുതിയ പെണ്‍കുട്ടികളുടെ വിശ്വാസം. പണ്ട ത്തെപ്പോലെ അല്ല. ഭര്‍ത്താവ് കൂടുതല്‍ സുഹൃത്തിനെപോലെയാകണം. എപ്പോഴും എന്തിനും കൂട്ട് തരുന്ന ബോറടിക്കാനാവാത്ത ഒരു നല്ല ഫ്രണ്ട്.

ഭാവിഭര്‍ത്താവില്‍ പ്രതീക്ഷിക്കുന്ന ഏറ്റവും വലിയ ഗുണം ഭൂരിപക്ഷത്തിനും സ്വഭാവഗുണം തന്നെ. രണ്ടാമതായേ സാമ്പത്തികഭദ്രത വരുന്നുള്ളു. കാശ് മാത്രം കണ്ട് കല്യാണം കഴിക്കുന്നവരല്ല പെണ്ണുങ്ങള്‍ എന്ന് ചുരുക്കം. കാഴ്ചയ്ക്കുള്ള സൗന്ദര്യത്തേക്കാള്‍ പൗരുഷത്തിനാണ് കൂടുതല്‍ മാര്‍ക്ക്. ഉത്തരവാദിത്വബോധവും നല്ല വിദ്യാഭ്യാസവുമൊക്കെ പ്രധാനപ്പെട്ടതായി കരുതുന്നു ചിലര്‍. കാലത്തിന്റെ മാറ്റങ്ങള്‍ക്കൊത്ത് ചിന്തിക്കുന്ന ഭര്‍ത്താവിനെയാണ് 86 ശതമാനം സ്ത്രീകളും ആഗ്രഹിക്കുന്നത്. ഭര്‍ത്താവ് ഒരു നല്ല സുഹൃത്താവണം എന്ന് 90 ശതമാനം പേരും മോഹിക്കുന്നു. സൗഹൃദം വേറെ ഭര്‍ത്താവ് വേറെ എന്ന് ആലോചിക്കുന്നവര്‍ നാലു ശതമാനം മാത്രം. ആറു ശതമാനം പേര്‍ക്ക് ഈ വിഷയത്തില്‍ അഭിപ്രായമില്ല.

ഭര്‍ത്താവിന് തുല്യമായ സ്ഥാനമായിരിക്കണം ഭാര്യക്കുമെന്ന് ഭൂരിപക്ഷം സ്ത്രീകളും കരുതുന്നു. ഭാര്യക്ക് രണ്ടാം സ്ഥാനം മതിയെന്ന നിലപാടില്‍ കുറച്ചു പേരുണ്ട്.



സൗഹൃദങ്ങളുടെ പൂക്കാലം


'ഓഫീസില്‍ ഞങ്ങളെല്ലാം നല്ല ഫ്രണ്ട്‌സാണ്. വിവാഹിതരും അവിവാഹിതരും എല്ലാം അക്കൂട്ടത്തിലുണ്ട്. ആണും പെണ്ണും എന്ന വ്യത്യാസം ഫ്രണ്ട്ഷിപ്പിന്റെ കാര്യത്തിലില്ല. ഞങ്ങള്‍ പരസ്​പരം വിളിക്കും കാണും. അതിനൊന്നും വിവാഹം തടസ്സമല്ല. ആണ്‍സുഹൃത്താണെങ്കില്‍ ഒരു പരിധിക്കപ്പുറം അടുപ്പം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കും''-എറണാകുളത്ത് ഒരു പരസ്യ ഏജന്‍സിയില്‍ കോപ്പിറൈറ്ററായ ദീപിക പറഞ്ഞു. ധാരാളം സുഹൃത്തുക്കളുള്ള പെണ്‍കുട്ടി വിവാഹശേഷം സൗഹൃദങ്ങള്‍ തുടരുന്നുണ്ടോ? തുടരുമെന്നാണ് 62 ശതമാനം പേരും പറഞ്ഞത്. ഇവര്‍ തങ്ങള്‍ ജോലി ചെയ്യുന്ന ഓഫീസുകളില്‍ ആരോഗ്യകരമായ സൗഹൃദങ്ങള്‍ സൂക്ഷിക്കുന്നു. സൗഹൃദങ്ങളില്ലാത്ത ജീവിതം എത്ര വിരസമായിരിക്കും? ഇവരെല്ലാം ചിന്തിക്കുന്നു. വിവാഹം കഴിഞ്ഞാല്‍ ഭര്‍ത്താവ് തന്നെ മാത്രമേ നോക്കാവൂ എന്ന് ശഠിച്ചിരുന്ന സ്ത്രീകളുടെ കാലം കഴിഞ്ഞു. സൗഹൃദത്തിന്റെ ആനന്ദകാലത്ത് ജീവിക്കുന്ന പുതിയ പെണ്ണുങ്ങള്‍ ഭര്‍ത്താവിന്റെ കൂട്ടുകാരെ അംഗീകരിക്കാന്‍ സന്നദ്ധരാണ്. അതിലും വിശേഷം ഭര്‍ത്താവിന് പെണ്‍സുഹൃത്തുക്കള്‍ ഉണ്ടാവുന്നതില്‍ അവര്‍ക്ക് വിരോധമില്ലെന്നതാണ്!

''ഞങ്ങളുടെ ഒരു കൂട്ടുകാരി അടുത്തിടെ വിവാഹിതയായി. ഇപ്പോള്‍ അവളുടെ ഭര്‍ത്താവും ഞങ്ങളുടെ നല്ല സുഹൃത്തുക്കളിലൊരാളാണ്''- ഇന്‍ഫോപാര്‍ക്കില്‍ സോഫ്ട്‌വെയര്‍ പ്രൊഫഷണലായ നീതികുര്യന്‍ പറയുന്നു. പെണ്‍കുട്ടി വിവാഹശേഷം തന്റെ ആണ്‍സുഹൃത്തുക്കളെ ഭര്‍ത്താവിന്റെ പരിചിതവലയത്തില്‍ ആക്കുന്നു. പുരുഷന്‍ തന്റെ പെണ്‍സുഹൃത്തുക്കളെ ഭാര്യക്ക് പരിചയപ്പെടുത്തുന്നു. അതാണ് പുതിയ രീതി.

കൗതുകം തോന്നിയ മറ്റൊരു മാറ്റം. ഇപ്പോള്‍ ഭര്‍ത്താവോ കാമുകനോ അല്ലാത്ത പുരുഷനെ സ്ത്രീ 'ബ്രദര്‍' എന്ന് വിളിക്കുന്നില്ല. 'സുഹൃത്ത്' 'മൈ ഫ്രണ്ട്' എന്ന് തന്നെ ധൈര്യപൂര്‍വം കൂട്ടുകാരനെ അവള്‍ പരിചയപ്പെടുത്തുന്നു. ''എന്റെ കൂട്ടുകാരി കുഞ്ഞിനെ ഫീഡ് ചെയ്യാന്‍ എന്നും ഉച്ചനേരത്ത് വീട്ടിലേക്ക് പോവും. അവളുടെ ഭര്‍ത്താവാണ് പിക്ക് ചെയ്യാന്‍ വരിക. അദ്ദേഹത്തിന് തിരക്കുള്ള ദിവസം ഓഫീസിലെ അവളുടെ ബോയ്ഫ്രണ്ട്‌സ് ആരെങ്കിലും വീട്ടില്‍ പോവാന്‍ അവള്‍ക്ക് കൂട്ട് നല്‍കും. എല്ലാവര്‍ക്കും പരസ്​പര വിശ്വാസമുണ്ട്. അതല്ലേ കാര്യം?'' തിരുവനന്തപുരത്തെ ഐ.ടി. പ്രൊഫഷണലായ ശ്രേയ ചോദിച്ചു. ഭര്‍ത്താവിന്റെ മനോഭാവം അനുസരിച്ചായിരിക്കും സൗഹൃദങ്ങള്‍ സൂക്ഷിക്കുക എന്ന് പറയുന്നവരുമുണ്ട്.

തീരുമാനങ്ങള്‍ തുല്യം

പ്രണയവും ലൈംഗികതയും എന്നപോലെ തുല്യപങ്കാളിത്തവും പരസ്​പര ബഹുമാനവും അവര്‍ പ്രതീക്ഷിക്കുന്നു. ലൈംഗികകാര്യങ്ങളില്‍ സ്വന്തം തീരുമാനത്തിന് വിലയുണ്ടാവണമെന്ന് 42 ശതമാനം പേര്‍ വിശ്വസിക്കുന്നു. ''സെക്‌സിന്റെ കാര്യത്തില്‍ ഞാന്‍ 'നോ' അല്ലെങ്കില്‍ 'യെസ്' പറയുമ്പോള്‍ അത് ശ്രദ്ധിക്കാനുള്ള മനസ്സ് കാണിക്കണം''-ഒരു യുവതി പറഞ്ഞു. വിവാഹം കഴിഞ്ഞ് കുഞ്ഞ് എപ്പോള്‍ വേണം? രണ്ടുപേരും ചേര്‍ന്ന് തീരുമാനിക്കുന്നതാണ് നല്ലതെന്ന് 84 ശതമാനം പേരും കരുതുന്നു. ഗര്‍ഭം ധരിക്കേണ്ടവള്‍ എന്ന നിലയ്ക്ക് സ്ത്രീക്കാണ് ഈ വിഷയത്തില്‍ കൂടുതല്‍ പ്രാധാന്യമെന്ന് 6 ശതമാനം പേര്‍ കരുതുന്നു.

സ്വകാര്യത വേണം
ഭര്‍ത്താവിനെ പേര് വിളിച്ച് അഭിസംബോധന ചെയ്യുന്നത് ഒരു പരിഷ്‌കാരമാണ്. പേര് വിളിക്കാന്‍ ഇഷ്ടം പ്രകടിപ്പിച്ചവര്‍ 26 ശതമാനമാണ്. 50 ശതമാനം പേര്‍ക്കും ഈ സ്റ്റൈലിനോട് യോജിപ്പില്ല. 24 ശതമാനം പേര്‍ മുന്‍കൂര്‍ തീരുമാനമില്ലെന്നാണ് പറഞ്ഞത്.

പരസ്​പരം ഒന്നും ഒളിച്ചുവെക്കരുത് എന്നത് വിവാഹജീവിതത്തിലെ പ്രധാന നിയമം ആക്കേണ്ടതുണ്ടോ? എല്ലാം പരസ്​പരം തുറന്നുപറയണമെന്ന് 48 ശതമാനം പേര്‍ പറയുമ്പോള്‍ തുറന്നു പറയാവുന്നത് പറയാം, പറയരുതാത്തത് പറയേണ്ടതില്ല എന്നാണ് 52 ശതമാനം പേരുടെ വാദം. പഴയ സ്‌നേഹബന്ധങ്ങളെക്കുറിച്ചും മറ്റും പറയാതിരിക്കാനും സ്വകാര്യത സൂക്ഷിക്കാനും സ്വാതന്ത്ര്യം വേണമെന്ന് ഭൂരിപക്ഷവും കരുതുന്നു. നിഗൂഢമായൊരു ചിരിയോടെ 'അതൊരു ചോദ്യമാണല്ലോ' എന്ന് പറഞ്ഞാണ് പല പെണ്‍കുട്ടികളും പ്രതികരിച്ചത്.

കാശിന്റെ കാര്യങ്ങള്‍

വിവാഹശേഷം സ്വന്തമായി കാശ് സൂക്ഷിക്കാനും ചെലവഴിക്കാനും ആഗ്രഹിക്കുന്നവരാണ് പകുതിയിലധികം സ്ത്രീകളും. 'എല്ലാം ഭര്‍ത്താവ് ചെയ്താല്‍ മതി' എന്ന് ചിന്തിക്കുന്നവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം. ഭര്‍ത്താവിന് തന്നേക്കാള്‍ കുറഞ്ഞ വരുമാനമാവുന്നത് അത്ര വലിയ പ്രശ്‌നമായി കാണാത്തവരാണ് അധികവും. 'അഡ്ജസ്റ്റ് ചെയ്യാമല്ലോ' എന്ന്. എന്നാല്‍ ചുരുക്കം ചിലര്‍ ''അത് പിന്നീട് ഈഗോ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കും'' എന്നു നിരീക്ഷിക്കുന്നു.

രണ്ടുപേരും ഒരേപോലെ സമ്പാദിക്കുന്നവര്‍... സാമ്പത്തിക തീരുമാനങ്ങളില്‍ തങ്ങളുടെ അഭിപ്രായം കൂടി കണക്കിലെടുക്കണമെന്ന് ഭൂരിപക്ഷം പേരും പ്രതീക്ഷിക്കുന്നു. വിവാഹശേഷവും സ്വന്തം വീട്ടുകാരെ സാമ്പത്തികമായി പിന്തുണയ്ക്കുമെന്നാണ് ഇവരെല്ലാം പറയുന്നത്. ''ഞാനവരെ തീര്‍ച്ചയായും സഹായിക്കും. മകന് മാത്രമല്ല മകള്‍ക്കും സ്വന്തം അച്ഛനമ്മമാരെ സംരക്ഷിക്കാനുള്ള ചുമതലയുണ്ട്''-കണ്ണൂരിലെ ബിസിനസ് എക്‌സിക്യൂട്ടീവായ ഇരുപത്തഞ്ചുകാരി ലത പറഞ്ഞു.

സാമ്പത്തികവശം ജീവിതത്തില്‍ സുപ്രധാനമാണെന്ന് എല്ലാവരും കരുതുന്നു. വിവാഹശേഷം ജോലി ഒഴിവാക്കാന്‍ ആവശ്യപ്പെട്ടാല്‍ ഒഴിവാക്കുകയില്ല എന്ന് 38 ശതമാനം പേര്‍ നിസ്സംശയം പറഞ്ഞു. 52 ശതമാനം പേര്‍ പറഞ്ഞത് തങ്ങള്‍ ചര്‍ച്ച ചെയ്ത് ജോലി ചെയ്യണമെന്ന് ആവശ്യം അംഗീകരിപ്പിക്കും എന്നാണ്.

സ്വാതന്ത്ര്യത്തിന്റെ സുഖം കുടുംബജീവിതത്തിലേക്കും പ്രസരിക്കുകയാണ്. വിവാഹശേഷം ഭര്‍ത്താവുമൊത്തുള്ള സ്വതന്ത്രജീവിതം ആഗ്രഹിക്കുന്നു മിക്കവരും. കുറച്ചുനാള്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കൊപ്പം താമസിച്ച് പിന്നീട് മാറിത്താമസിക്കാനാണ് ഭൂരിപക്ഷം പേരുടെയും ആഗ്രഹം. മരുമകളുടെ കടമ ചെയ്യാന്‍ സന്തോഷമാണ് ഇവര്‍ക്ക്. ''ഭര്‍തൃഗൃഹവുമായി അധികം അടുപ്പം വേണ്ട. ഒരകലം പാലിച്ചുകൊണ്ട് ബന്ധം സൂക്ഷിക്കാനാണ് എനിക്ക് താത്പര്യം''- കൊച്ചി പാലാരിവട്ടത്ത് റെഡിമെയ്ഡ് ഷോപ്പ് നടത്തുന്ന മെറിന്‍ എന്ന ഇരുപത്തിനാലു കാരി വെട്ടിത്തുറന്ന് പറഞ്ഞു.

സ്വല്‍പം സഹായം

ഇടയ്‌ക്കൊക്കെ വീട്ടില്‍ സഹായിക്കുക, നമ്മളോട് സ്വല്‍പം അനുകമ്പ കാണിക്കുക. ഇക്കാര്യത്തില്‍ നിയമം വെക്കാന്‍ പറ്റില്ല. കണക്ക് വെച്ച് പണി പങ്കിടുന്നതൊക്കെ ബോറാണ്. ഇതില്‍ മനസ്സാണ് പ്രധാനം. ആവുംപോലെ ഭാര്യയെ സഹായിക്കാന്‍ തോന്നണം''-കോഴിക്കോട്ടെ പ്ലസ് ടു അധ്യാപിക ശ്രീലക്ഷ്മി അഭിപ്രായപ്പെട്ടു.

അടുക്കള, ശിശുപരിചരണം തുടങ്ങിയ ജോലികളില്‍ പങ്കെടുക്കുന്ന ഭര്‍ത്താവിനെയാണ് പകുതിപ്പേരും പ്രതീക്ഷിക്കുന്നത്.

''എന്തെങ്കിലും ആവശ്യപ്പെട്ടാല്‍ അപ്പോള്‍ ചെയ്യാമെന്ന് വിചാരിച്ച് ചുമ്മാതിരിക്കുന്ന ഭര്‍ത്താക്കന്മാരുണ്ട്. എന്നാല്‍ കണ്ടറിഞ്ഞ് തന്നെ സഹായിക്കുമ്പോഴാണ് ആ പ്രവൃത്തി അര്‍ഥവത്താകുക. ഇനിയിപ്പോള്‍ നിങ്ങള്‍ ഒന്നും ചെയ്യാത്ത ആളാണെങ്കില്‍ ഏറ്റവും കുറഞ്ഞത് ഭാര്യ അകത്തും പുറത്തും തിരക്കിട്ട് പണിയെടുത്ത് ഓടി നടക്കുമ്പോള്‍ റിമോട്ടുമായി സോഫയില്‍ ചടഞ്ഞിരിക്കാതിരിക്കുക. അവള്‍ ക്ഷീണിച്ച് കാണുമ്പോള്‍ എന്നെങ്കിലും ഒരു ഗ്ലാസ് ചായ ഉണ്ടാക്കി നല്‍കിയിട്ടുണ്ടോ നിങ്ങള്‍? നിങ്ങളോട് അവള്‍ക്കുള്ള അനുരാഗം നിലനിര്‍ത്താന്‍ അതു മാത്രം മതിയാവും..''- ഭാവിജീവിതത്തിലേക്ക് ഉറ്റുനോക്കി ഒരു യുവതി പറഞ്ഞു.