ശര്‍മിള
ജാതി-മതങ്ങളുടെയും ദേശങ്ങളുടെയും അതിരുകള്‍ നോക്കാതെ പ്രണയിച്ച് വിവാഹിതരാവുന്നവര്‍സുലഭം. ഈ ദമ്പതികള്‍ക്ക് അവരവരുടെ വീടിനോടും സംസ്‌കാരത്തോടും വേണ്ടതുപോലെ ബന്ധം പുലര്‍ത്താന്‍ കഴിയുന്നുണ്ടോ...
ഒരുമിച്ചുള്ള ആദ്യരംഗം; ശിവപാര്‍വതിമാരായുള്ള നടനം. പിന്നീട് എവിടെയോ, എന്തോ അവരെ കൂട്ടിയിണക്കി. മെയ്ക്കപ്പില്ലാതെ പ്രണയിച്ച് ജീവിതത്തിലും അവരൊന്നായി. ടി.വി. ഷോകളിലും തിരുവനന്തപുരത്തെ നൃത്തവേദികളിലും പങ്കെടുത്ത് ശ്രദ്ധേയരായ ഷഫീക്കും പ്രതിഭയുമാണ് കഥാപാത്രങ്ങള്‍.ഇവര്‍ കുട്ടിക്കാലം മുതലേ നൃത്തകലയ്ക്ക് വേണ്ടി സ്വയം സമര്‍പ്പിച്ചവര്‍. ''നൃത്തമാണ് ഞങ്ങളെ കൂട്ടിയിണക്കിയത്''- ഒരേ സ്വരത്തില്‍ രണ്ടു പേരും. ക്ലാസിക്കല്‍ നൃത്തത്തിലും സിനിമാറ്റിക്-വെസ്റ്റേണ്‍ ഡാന്‍സിലും കഴിവ് തെളിയിച്ചിട്ടുണ്ട് ഷഫീക്ക്. ''സ്വന്തം ട്രൂപ്പ് ഉണ്ടായിരുന്നു ആദ്യം. പിന്നീട് താരാകല്യാണിന്റെ 'ശിവാലയ' നൃത്തവിദ്യാലയത്തില്‍ അധ്യാപകനായി. പ്രതിഭയെ പരിചയപ്പെടുന്നത് അവിടെവെച്ചാണ്; എന്റെ നൃത്തവിദ്യാര്‍ഥിയായി.''
പ്രതിഭയും ഇളംപ്രായത്തില്‍ നൃത്തം പഠിച്ചുതുടങ്ങിയതാണ്; ''വെസ്റ്റേണ്‍ ഡാന്‍സ് പഠിക്കാനാണ് ഷഫീക്കിന്റെ ക്ലാസില്‍ ചേര്‍ന്നത്. തുടക്കത്തിലെ ഗുരുശിഷ്യബന്ധം പിന്നീട് സൗഹൃദമായി. പിന്നെ പ്രണയിച്ചും തുടങ്ങി.'' വ്യത്യസ്തമായ ശീലങ്ങള്‍, രണ്ടു മതങ്ങള്‍, രണ്ടു സംസ്‌കാരങ്ങള്‍... പക്ഷേ, അതൊന്നും പ്രണയത്തെ ബാധിച്ചില്ല. ''പ്രണയബന്ധം വീട്ടിലറിഞ്ഞാലുള്ള കുഴപ്പങ്ങളെക്കുറിച്ച് ഞങ്ങള്‍ ആലോചിച്ചിരുന്നു. പക്ഷേ, അവരേയും വേണം ഞങ്ങള്‍ക്ക്''- പ്രതിഭ ഓര്‍ത്തു. ''അക്കാലത്ത് ഷഫീക്കേട്ടന്‍ പറഞ്ഞത് ഇപ്പഴും മറന്നിട്ടില്ല; ''വീട്ടുകാരെ വിഷമിപ്പിച്ചുകൊണ്ടാവരുത് നമ്മുടെ വിവാഹം''- എന്ന്.
പ്രതിഭ എല്ലാം തുറന്നുപറഞ്ഞത് അമ്മയോടാണ്. ''അമ്മയില്‍ നിന്നും ഇതുവരെ ഞാനൊന്നും ഒളിച്ചുവെച്ചിട്ടില്ല. കാര്യങ്ങളൊക്കെ അറിഞ്ഞപ്പോള്‍ അച്ഛനാണ് കൂടുതല്‍ ടെന്‍ഷനടിച്ചത്. ഇങ്ങനെയൊന്ന് കേട്ടാല്‍ പെട്ടെന്നാരും ഓക്കെ പറയില്ലല്ലോ. അവസാനം ഷഫീക്ക് ഞങ്ങളുടെ വീട്ടില്‍ വന്ന് സംസാരിച്ചപ്പോഴാണ് അച്ഛന്റെ മനസ്സ് തെളിഞ്ഞത്.'' ഷഫീക്കും പ്രണയത്തെക്കുറിച്ച് പറഞ്ഞത് ആദ്യം ഉമ്മയോടുതന്നെ. ''കേട്ടയുടന്‍ ഉമ്മ ഞെട്ടി. 'അള്ളാ, പടച്ചോനേ' എന്നായിരുന്നു ആദ്യത്തെ പ്രതികരണം. വീട്ടില്‍ ബാപ്പയും ഉമ്മയും മൂന്നു സഹോദരന്മാരുമാണ് എനിക്ക്. രണ്ടു വീട്ടുകാരും കണ്ട് സംസാരിച്ചു. 2005-ല്‍ വിവാഹം നടന്നു''
ഷഫീക്കിന്റെ വീട്ടില്‍ വെച്ച് നിക്കാഹും പ്രതിഭയുടെ വീട്ടില്‍ റിസപ്ഷനും. വിവാഹശേഷം ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കാനായിരുന്നു പ്രതിഭ തീരുമാനിച്ചത്. ''ആറു മാസം അവിടെ നിന്നു. ഉമ്മയ്ക്ക് എന്നോട് വലിയ സ്‌നേഹമായിരുന്നു. ഷഫീക്കേട്ടന്‍ എന്നെ അത്ര കെയര്‍ ചെയ്തിരുന്നു. വേദനിപ്പിക്കുന്ന ഒരു വാക്കുപോലും കേള്‍ക്കേണ്ടിവന്നിട്ടില്ല.''
മൂന്നു വയസ്സുകാരി അലീഷയാണ് ഇപ്പോള്‍ ഇവരുടെ വീട്ടിലെ താരം. ''മോളായതില്‍പ്പിന്നെ ഞങ്ങള്‍ മാറിത്താമസിച്ചു. വീടിന്റെ താഴത്തെ നിലയില്‍ എന്റെ അച്ഛനമ്മമാരും മുകളില്‍ ഞങ്ങളും. അവരടുത്താണെന്ന സുഖവുമുണ്ട്. അതേസമയം ഞങ്ങള്‍ക്ക് സ്വതന്ത്രമായ ജീവിതമുണ്ട്''- പ്രതിഭ വിവരിച്ചു.
ബന്ധങ്ങളെ ഒരകലത്തില്‍ നിര്‍ത്താനാണ് ഇപ്പോഴിരുവര്‍ക്കുമിഷ്ടം. ഷഫീക്ക് പറഞ്ഞു. ''തുടക്കത്തില്‍ എല്ലാ ബന്ധുക്കളുമൊത്ത് ഒന്നിച്ച് ജീവിച്ചപ്പോഴാണ് നമ്മള്‍ ചെയ്യേണ്ട അഡ്ജസ്റ്റുമെന്റുകളെക്കുറിച്ചറിഞ്ഞത്. പക്ഷേ, ഇക്കാലത്ത് ഭര്‍ത്താവും ഭാര്യയും കുഞ്ഞുമായി മാറി താമസിക്കുന്നത് തന്നെയാ നല്ലത്.''
വിവാഹശേഷം ഷഫീക്ക് കൂടുതല്‍ ഉത്തരവാദിത്വമുള്ള ഭര്‍ത്താവായെന്ന് പ്രതിഭയുടെ വിലയിരുത്തല്‍. ''നൃത്തം പഠിപ്പിക്കല്‍ തല്‍ക്കാലം മാറ്റിവെച്ച് ബിസിനസ് തുടങ്ങി. കാശില്ലെങ്കില്‍ ആര്‍ക്കും നമ്മളെ വിലയില്ല''- എന്ന് ഷഫീക്ക്. പ്രതിഭ നൃത്തം കൂടാതെ മോഡലിങ്ങും ചെയ്യുന്നു. ''ഷഫീക്കേട്ടനും ഞാനും എസിവിയില്‍ 'പെര്‍ഫെക്ട് കപ്പിള്‍' റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് സെക്കന്‍ഡ് പ്രൈസ് നേടിയിരുന്നു. ഞാന്‍ വനിതാരത്‌നത്തില്‍ അവസാനത്തെ 15 പേരില്‍ ഒരാളുമായി. ഇപ്പോള്‍ കൈരളി ചാനലില്‍ 'ഡാസ്‌ലിങ് ഫ്രണ്ട്‌സ് ഹണ്ട്' എന്ന ഷോയില്‍ പങ്കെടുത്തുവരുന്നു'' പ്രതിഭയുടെ ശബ്ദത്തില്‍ ആവേശവും ആഹ്ലാദവും. മാരുതി ഇന്‍ഡസില്‍ സെയില്‍സ് ഓഫീസറാണ്ഷഫീക്ക്. കൊറിയോഗ്രാഫിയിലും മോഡലിങ്ങിലും സജീവമാണ്.
ആഘോഷിക്കാന്‍ ഓണവും ഈസ്റ്ററും
മനംപോലെ മാംഗല്യം വന്നതിന്റെ ആഹ്ലാദം ഒരുവശത്ത്. രക്ഷിതാക്കളേയും സഹോദരങ്ങളേയും എന്നന്നേക്കുമായി നഷ്ടപ്പെടുമോ എന്ന
ഭീതി മറുവശത്തും. കാമുകന്റെ കൂടെ ഇറങ്ങിപ്പോന്നതിനുശേഷം അതായിരുന്നു റീനയുടെ മാനസികാവസ്ഥ. ''അയ്യോ, ശരിക്കും പേടിയായിരുന്നു എനിക്ക്. അത്രയും അടുപ്പമായിരുന്നു ഞാനും വീട്ടുകാരും തമ്മില്‍. ചേച്ചിയും ചേട്ടനും രണ്ട് അനിയത്തിമാരുമാണ് എനിക്ക്. ഞങ്ങളഞ്ച് കൂട്ടുകാരെപ്പോലെയാ ജീവിച്ചത്''. അമ്പലപ്പുഴയിലെ തോട്ടപ്പള്ളിയിലുള്ള ഭര്‍ത്തൃഗൃഹത്തിലിരുന്ന് വിവാഹത്തെക്കുറിച്ച് വിവരിക്കെ റീനയുടെ മുഖത്ത് ഭാവങ്ങള്‍ മാറിവന്നു. ഭര്‍ത്താവ് രാജേഷ്‌രാജും അമ്മ കമലയും അനിയന്‍ സുഭാഷ്‌രാജും അടുത്ത് അതെല്ലാം കൗതുകത്തോടെ കേട്ടിരുന്നു.വേണുനാഗവള്ളിയുടെ 'രക്തസാക്ഷികള്‍ സിന്ദാബാദി'ലൂടെ സഹസംവിധായകനായി വന്നയാളാണ് രാജേഷ്‌രാജ്. സിനിമയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുമ്പോഴാണ് ബാങ്കുദ്യോഗസ്ഥയായ റീനയെ കാണുന്നതും അടുപ്പത്തിലാവുന്നതും. ''ഒരു പൊതുസുഹൃത്ത് വഴിയാണ് ഞങ്ങള്‍ പരിചയപ്പെട്ടത്. റീനയുടെ വീട്ടില്‍ വിവരം പറഞ്ഞപ്പോള്‍ മതം മാറണമെന്നാവശ്യപ്പെട്ടു. ഞാന്‍ മതേതരവിശ്വാസിയാണ്. കല്യാണം നടക്കില്ലെന്ന് ഉറപ്പായപ്പോള്‍ റീന എന്റെ കൂടെ ഇറങ്ങിവരാന്‍ തയ്യാറായി.''
ആദ്യം സുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ രജിസ്റ്റര്‍ വിവാഹം. അതു കഴിഞ്ഞ് മൂന്നാം നാള്‍ ആഘോഷമായി അസ്സല്‍ കല്യാണവും. രാജേഷ്‌രാജ് സംഭവങ്ങള്‍ ഓര്‍മിച്ചു; ''വിവാഹം രജിസ്റ്റര്‍ ചെയ്തശേഷം റീന എന്റെ അമ്മാവന്റെ വീട്ടിലാണ് താമസിച്ചത്. എന്നിട്ട് അവളുടെ വീട്ടുകാരെ വിവരമറിയിച്ചു. അവര്‍ വിവാഹം നടത്തിത്തരാന്‍ തയ്യാറായി. വീട്ടിനടുത്തുള്ള മഹാകവി കുമാരനാശാന്‍ മെമ്മോറിയല്‍ സ്‌കൂളില്‍ വെച്ചായിരുന്നു ഞങ്ങളുടെ വിവാഹം.''
അന്നത്തെ ആശ്വാസത്തിന്റെ മഞ്ഞുതുള്ളികള്‍ ഇപ്പോഴുമുണ്ട് റീനയുടെ മനസ്സില്‍. ''മമ്മിയും പപ്പയും ചെറിയ അനിയത്തി രാധികയും എന്നെ കാണാന്‍ അമ്പലപ്പുഴയിലെത്തി. രാജേഷിനേയും വീട്ടുകാരേയും പരിചയപ്പെട്ടു. അവര്‍ക്കിഷ്ടമായി. അപ്പൊ എനിക്കങ്ങ് സന്തോഷമായി.''
റീനയുടെ മമ്മിയും പപ്പയും ആദ്യമായി വീട്ടില്‍ വന്നത് രാജേഷിന്റെ മനസ്സിലും തിളക്കമുള്ള ഒരോര്‍മയാണ്; ''കണ്ടപ്പോള്‍ ഞാന്‍ പപ്പയുടെ കാല്‍ തൊട്ട് വന്ദിച്ച്, എനിക്കൊരു തെറ്റ് പറ്റി ക്ഷമിക്കണം എന്നു പറഞ്ഞു. മാനുഷികമൂല്യങ്ങള്‍ കൈവിട്ടുള്ള ഒരു ആദര്‍ശവും എനിക്കില്ലായിരുന്നു''.
വിവാഹശേഷം രണ്ട് കുടുംബങ്ങളുമായുള്ള ബന്ധം കൂടുതല്‍ ശക്തമായെന്നാണ് റീനയും രാജേഷും പറയുന്നത്. ഭാര്യയുടെ വീട്ടിലെ ആദ്യത്തെ ഈസ്റ്റര്‍ രാജേഷിന്റെ സജീവമായ ഓര്‍മകളിലൊന്നൊണ്. ''ഞങ്ങള്‍ എല്ലാവര്‍ക്കും വസ്ത്രമൊക്കെ വാങ്ങിച്ച് റീനയുടെ നാടായ കുണ്ടറയിലേക്ക് പോയി. നല്ല ആഘോഷമാണവിടെ. ഞാന്‍ എല്ലാറ്റിനും കൂടി. പള്ളിയില്‍ പോയി, പ്രാര്‍ഥനയില്‍ ചേര്‍ന്നു. തകര്‍പ്പന്‍ ഭക്ഷണമായിരുന്നു. പന്നി തൊട്ട് ബീഫും ചിക്കനും താറാവുമെല്ലാം. കൂട്ടത്തില്‍ വൈനും. 'കോട്ടയം കുഞ്ഞച്ചന്‍' സിനിമ കാണുമ്പോള്‍ ഇത്തരം ക്രിസ്ത്യന്‍ കുടുംബകഥകള്‍ എങ്ങനെയെഴുതാം എന്ന് ഞാനത്ഭുതപ്പെട്ടിരുന്നു. ഇപ്പൊ എന്റെ സ്വന്തം അനുഭവത്തിലുണ്ടത്. ''
ലാറ്റിന്‍ കത്തോലിക്കന്‍ വിശ്വാസിയായ റീനയും വളരെ സന്തോഷത്തോടെയാണ് ഭര്‍ത്തൃവീട്ടിലെ ആദ്യത്തെ ഓണത്തില്‍ പങ്കെടുത്തത്. ''സദ്യക്ക് പച്ചക്കറി മാത്രം കണ്ട് ഞാനത്ഭുതപ്പെട്ടു. ഇറച്ചിയും മീനുമില്ലാതെ എന്ത് ആഘോഷം എന്ന്. 12 തരം കറികളുണ്ടാക്കി രാജേഷിന്റെ അമ്മ. പിന്നെ പൂക്കളമൊരുക്കി. ഞാന്‍ സെറ്റും മുണ്ടുമണിഞ്ഞ് തറവാട്ടിലെ രാജേഷിന്റെ കസിന്‍സിന്റെ കൂടെ ഊഞ്ഞാലാടി''
രാജേഷും റീനയും സ്വന്തം വിശ്വാസങ്ങള്‍ സൂക്ഷിക്കുന്നവരാണ്. ''റീനക്കുവേണ്ടി ഞായറാഴ്ച ഞാന്‍ പള്ളിയിലേക്ക് കൂട്ട് പോവാറുണ്ട്. എന്റെ അമ്മയുടെ കൂടെ അമ്പലത്തിലേക്ക് അവളും പോവും.''
റീനയുടെയും രാജേഷിന്റെയും കുഞ്ഞിന് ഒന്നര വയസ്സാണ്. പേര് റോസ് ആര്‍. രാജ്. കുഞ്ഞ് പിറന്നപ്പോള്‍ അവന്‍ ഏതു മതത്തിലാണെന്ന ചോദ്യം ദമ്പതികള്‍ക്ക് ചുറ്റും ഉയര്‍ന്നുതുടങ്ങി. ''കുഞ്ഞിന് ജ്ഞാനസ്‌നാനം വേണമെന്ന് റീന പറഞ്ഞപ്പോള്‍ ഞാനുമതിന് തയ്യാറായി. പക്ഷേ, പള്ളിയില്‍ ചെന്നപ്പോള്‍ പള്ളീലച്ചന്‍ പറഞ്ഞത് കുഞ്ഞിന്റെ അച്ഛന്റെ പൂര്‍ണ സംതൃപ്തി വേണമെന്നാണ്. ഞങ്ങള്‍ മടങ്ങിപ്പോന്നു''. രാജേഷ് പറഞ്ഞു.
ഇപ്പോള്‍, മകന്റെ മതം ഏത് വേണമെന്ന് വലുതായിട്ട് അവന്‍തന്നെ തീരുമാനിക്കട്ടെയെന്നാണിവര്‍ ചിന്തിക്കുന്നത്.
വീട് ഒരു രാത്രി അകലെ

ഒരു മാസം മുന്‍പായിരുന്നു കണ്ണൂര്‍ക്കാരന്‍ അഖിലേഷും ഛത്തീസ്ഗഢുകാരി ഷീബയും വിവാഹിതരായത്. വിവാഹം കണ്ണൂരില്‍ വെച്ച്. രണ്ടുപേരും ഐ.ടി.മേഖലയില്‍ ഉദ്യോഗസ്ഥരാണ്. ലീവധികമില്ലാത്തതിനാല്‍ വിവാഹത്തിന്റെ തൊട്ടടുത്ത ആഴ്ചതന്നെ നാട്ടിലെ ഉല്ലാസവും വീടിന്റെ ഊഷ്മളതയും മനസ്സിലൊതുക്കി അവര്‍ക്ക് ബാംഗ്ലൂരിലേക്ക് വണ്ടി കയറേണ്ടിവന്നു.
ബാംഗ്ലൂരില്‍ ബാണസവാഡിയിലെ കൊച്ചു ഫ്ലറ്റില്‍ നവദമ്പതികള്‍ വല്ലാത്ത ഗൃഹാതുരതയിലാണ്. ''ഇതാ, ഇവള്‍ക്ക് രാവിലെത്തന്നെ മുഡോഫാണ്. 'കണ്ണൂരില്‍നിന്നും വരണ്ടായിരുന്നു' എന്നൊക്കെ പറയുന്നു'', അഖിലേഷ് പറയുന്നതുകേട്ട് തന്നെ കളിയാക്കുകയാണോയെന്ന് ഷീബക്ക് സംശയം.
കണ്ണൂരിലെ ഏഴോം ആണ് അഖിലേഷിന്റെ നാട്. എം.ബി.എ. യ്ക്ക് ചേരാന്‍ ബാംഗ്ലൂരിലെത്തി. അവിടെ സി.എം.ആര്‍. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ പഠിക്കുമ്പോഴാണ് ഛത്തീസ്ഗഢില്‍ നിന്നുള്ള മലയാളിയായ ഷീബയെ പരിചയപ്പെടുന്നത്. ''കോളേജില്‍ ഷീബയും ഞാനുമടക്കം കുറച്ച് കുട്ടികള്‍ ചേര്‍ന്ന് ഒരു മല്ലുഗ്രൂപ്പുണ്ടായിരുന്നു. ഞങ്ങള്‍ക്കിടയില്‍ ആദ്യം സൗഹൃദം മാത്രമായിരുന്നു. പിന്നെയത് പ്രണയമായി'', ജോലികിട്ടിയപ്പോഴാണ് ഷീബയെക്കുറിച്ച് താന്‍ ആദ്യമായി വീട്ടില്‍ പറഞ്ഞതെന്ന് അഖിലേഷ് ഓര്‍ക്കുന്നു.
റായ്പൂരില്‍ 'ചുര' എന്ന കുഗ്രാമത്തിലാണ് ഷീബ ജനിച്ചതും വളര്‍ന്നതും. ''എന്റെ പപ്പ അവിടുത്തെ ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടറാണ്. വീട്ടില്‍ അമ്മയും ചേട്ടനും മാത്രം. അച്ഛനമ്മമാരുടെ സ്വദേശം കോട്ടയമാണ്. പക്ഷേ, നാട് എന്നേ വിട്ടിരുന്നു. സത്യത്തില്‍ അത്ര ലൈവായ കുടുംബജീവിതം എനിക്കുണ്ടായിട്ടില്ല. കാരണം പഠിക്കുന്ന കാലത്തെല്ലാം ഞാന്‍ ഹോസ്റ്റലിലാണ്. അവധിക്ക് വരുമ്പോള്‍ അമ്മ ഉണ്ടാക്കിത്തരുന്ന ചിക്കന്‍ ടിക്കയും മട്ടണ്‍ ചാപ്‌സും കഴിച്ച് സുഖിക്കും. അച്ഛനമ്മമാര്‍ക്കൊപ്പം ചിത്രകൂട് ഡാമിലേക്ക് ബോട്ടിങ്ങിന് പോവും.''-ഹിന്ദി ചുവയുള്ള മുറിമലയാളത്തിലാണ് ഷീബയുടെ സംസാരം. ഡോ. ജേക്കബ് ജോര്‍ജ്ജും വത്സലയുമാണ് ഷീബയുടെ മാതാപിതാക്കള്‍.
പക്ഷേ, കണ്ണൂരിലെത്തിയപ്പോള്‍ കഥ മാറി. അഖിലേഷിന്റെ വീട്ടുകാരും നാട്ടുകാരും വരെ ഷീബയെ മൊത്തം സ്‌നേഹിച്ച് സ്വന്തമാക്കുകയായിരുന്നു. ''എനിക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ ഒരു പുതിയ അംഗമാണെന്ന് തോന്നിയില്ല. മാമന്മാരും ആന്റിമാരും കസിന്‍സുമെല്ലാമുണ്ടവിടെ. വിവാഹം കഴിഞ്ഞുള്ള കുറച്ചു ദിവസങ്ങളില്‍ ബന്ധുവീടുകള്‍ സന്ദര്‍ശിക്കലായിരുന്നു പ്രധാന പരിപാടി. അച്ഛനുമമ്മയും ചേട്ടന്‍ അഭിലാഷിന്റെ ഭാര്യ തുഷാരയും എന്റെ നല്ല കമ്പനിയായി. സത്യത്തില്‍ ഒരു ഹിന്ദുകുടുംബത്തിലേക്ക് വിവാഹിതയായെത്തുമ്പോള്‍ എനിക്ക് ഭയമുണ്ടായിരുന്നു. ഇത്രയൊന്നും പ്രതീക്ഷിച്ചതല്ല.''
രണ്ടു മതത്തില്‍പ്പെട്ടവരാണെങ്കിലും പ്രണയസാഫല്യത്തിന് ഇരുവര്‍ക്കും ലഭിച്ചിരുന്നു കുടുംബങ്ങളുടെ പിന്തുണ. ''ഞാന്‍ നിലപാട് മാറ്റുന്നില്ലെന്ന് കണ്ടപ്പോള്‍ അച്ഛന്‍ പറഞ്ഞു: സ്‌നേഹിച്ച പെണ്‍കുട്ടിയെ ചതിക്കാന്‍ പാടില്ലെന്ന്.'' അഖിലേഷിന്റെ അച്ഛനമ്മമാര്‍ സി.വി. കുഞ്ഞിരാമനും പി.എം. രാജമണിയും മകന്റെ ആഗ്രഹങ്ങള്‍ക്ക് കൂട്ടുനിന്നു.
''എന്റെ ഡാഡിക്ക് എതിര്‍പ്പൊന്നുമില്ലായിരുന്നു. ബന്ധുക്കള്‍ക്ക് പ്രശ്‌നമാവുമല്ലോ എന്ന് പക്ഷേ, അവര്‍ ഭയന്നിരുന്നു'', ഷീബ പറയുന്നു. ഛത്തീസ്ഗഢില്‍നിന്നും വന്നവര്‍ക്ക് തന്റെ വീട്ടുകാരെ പരിചയപ്പെട്ടപ്പോള്‍ സന്തോഷമായെന്ന് അഖിലേഷ്. ''മാര്‍ത്തോമാ വിഭാഗത്തില്‍പ്പെട്ടവരാണവര്‍. മിന്നുകെട്ട് കല്യാണമാണ് അവരുടേതും. പിന്നീട് ഞങ്ങള്‍ ഛത്തീസ്ഗഢിലേക്ക് റിസപ്ഷനില്‍ പങ്കെടുക്കാനും പോയി.''
ഷീബയെ പരിചയപ്പെടുന്നതുവരെ ഛത്തീസഗഢ് എന്ന സംസ്ഥാനത്തെക്കുറിച്ചോ ഛത്തീസ്ഗഢി ഭാഷയെക്കുറിച്ചോ അഖിലേഷിന് അറിവുണ്ടായിരുന്നില്ല. ''അതേതോ കാട്ട്പ്രദേശമാണെന്നാ ഞാന്‍ വിചാരിച്ചത്. റിസപ്ഷന് പോയപ്പോള്‍ നാട് കണ്ടു. നിറയെ കാടുകളുണ്ട്. പക്ഷേ, മനോഹമാണ്. മഹാനദി മുറിച്ചുകടന്നാണ് ഷീബയുടെ ഗ്രാമത്തിലേക്ക് പോയത്. കണ്ണൂരിലേക്കുള്ള ബീഡിയില കൃഷിചെയ്യുന്നത് ഛത്തീസ്ഗഢിലാണെന്നു കേട്ടപ്പോള്‍ വെറുതെ എനിക്ക് ഭയങ്കര സന്തോഷം തോന്നി.''
ബാംഗ്ലൂരിലെ ജീവിതം തികച്ചും വ്യത്യസ്തം. ''രാവിലെ 9.30 തൊട്ട് രാത്രി ഏഴു മണിവരെ ഓഫീസില്‍. ഫ്ലറ്റില്‍ വന്നാല്‍ ഭക്ഷണം കഴിക്കും, ടിവി കാണും, ഉറങ്ങും. അടുത്തു താമസിക്കുന്നവരൊന്നും അടുപ്പമുള്ളവരല്ല. മിണ്ടില്ല, ചിരിക്കില്ല. ബാംഗ്ലൂര്‍ അഞ്ചാറ് വര്‍ഷമായി അറിയുന്നതല്ലേ, പുതുമയൊന്നുമില്ല കാണാന്‍. ശിവാജി നഗറിലെ 'സംഗീതി'ല്‍ പുതിയ മലയാള പടം കാണാന്‍ പോവും. രാത്രി വന്നാല്‍ വീണ്ടും ടിവി കാണല്‍, പാചകം, ഉറക്കം.'' പതിവുകള്‍ പതിയെ വിരസത സൃഷ്ടിക്കുമോ എന്ന അഖിലേഷിന്റെ പേടിയെ പ്രണയം നിറഞ്ഞ നോട്ടംകൊണ്ട് ഷീബ തടുക്കുന്നു.
''24 മണിക്കൂറെടുക്കും യശ്വന്ത്പൂര്‍-കോര്‍ബ എക്സ്പ്രസ് ഛത്തീസ്ഗഢിലെത്താന്‍. കണ്ണൂരാണ് പിന്നെയുമടുത്ത്. ഒരു രാത്രിയുടെ ദൂരത്ത്. കണ്ണൂരിലൊരു ജോലി കിട്ടിയാല്‍ പിറ്റേന്ന് അങ്ങോട്ടു പോകും'', ഷീബ പുഞ്ചിരിച്ചു.

NEWS LETTER
RSS