MATHRUBHUMI RSS
Loading...
മഞ്ജരി സുമംഗലിയായി
അശ്വതി കൃഷ്ണ

വധു: മഞ്ജരി
വരന്‍: വിവേക്
മുഹൂര്‍ത്തം: 12.30-1.00നും മധ്യേ
വേദി: വഴുതക്കാട് സുബ്രഹ്മണ്യം ഹാള്‍, തിരുവനന്തപുരം

ഏപ്രില്‍ 11 ശനിയാഴ്ച സമയം എട്ടുമണിയോടടുക്കുന്നു. മഞ്ജരിയും കൂട്ടരും നേരത്തെതന്നെ ഹാളില്‍ എത്തിച്ചേര്‍ന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ നടക്കാനിരിക്കുന്ന വിവാഹത്തിന്റെ മുന്നോടിയായി പലതും ഇനിയും ചെയ്തു തീര്‍ക്കേണ്ടതുണ്ട്. അതിന്റെ തിരക്കിലാണ് മഞ്ജരിയുടെ അച്ഛന്‍ ബാബുരാജേന്ദ്രനും അമ്മ ഡോ. ലതയും. മണ്ഡപം ഒരുക്കണം. വിവാഹത്തില്‍ പങ്കുചേരാനെത്തുന്ന വിശിഷ്ടാതിഥികള്‍ക്ക് സൗകര്യപൂര്‍വം വിവാഹം കാണാന്‍, വധൂവരന്മാരെ അനുഗ്രഹിക്കാന്‍ പ്രത്യേകം ഇരിപ്പിടങ്ങളൊരുക്കണം. അങ്ങനെയങ്ങനെ പല കാര്യങ്ങള്‍...എത്ര ഒരുക്കിയിട്ടും ഒരുക്കിയിട്ടും പോരാ പോരാ എന്നൊരു തോന്നല്‍.

അച്ഛനും അമ്മയും ഓരോ കാര്യങ്ങളും ഓടിനടന്ന് ചെയ്യുമ്പോള്‍ അകത്ത് ഗ്രീന്‍റൂമില്‍ വധുവൊരുങ്ങുകയാണ്. ഏതൊരു പെണ്ണും അണിയാന്‍ നോമ്പുനോറ്റിരുന്ന സ്വപ്‌നവേഷം. കല്യാണവേഷം. അതിന്റെ ഉത്സാഹവും പ്രസരിപ്പും മഞ്ജരിയിലുണ്ട്. വെറുമൊരു വിവാഹമല്ല മഞ്ജരിക്കിത്. ഏറെ നാളത്തെ പ്രണയസാഫല്യം കൂടിയാണ്. വര്‍ഷങ്ങളുടെ പഴക്കവും പക്വതയുമുണ്ട് ആ പ്രണയത്തിന്. അപ്പോള്‍ വിവാഹത്തിന് അല്‍പം മധുരം കൂടും. സ്വതവേ അണിഞ്ഞൊരുങ്ങി വേദിയില്‍ പ്രത്യക്ഷപ്പെടാത്ത മഞ്ജരിക്കിന്ന് എത്രയൊരുങ്ങിയിട്ടും തൃപ്തിപോരാ എന്ന അവസ്ഥ.

സമയം പതിനൊന്നിനോടടുക്കുന്നു. അതിഥികള്‍ എത്തിത്തുടങ്ങിയിരിക്കുന്നു. മഞ്ജരിയുടെ ഗുരുസ്ഥാനീയനും പ്രശസ്ത ഗായകനുമായ ഗാനഗന്ധര്‍വന്‍ പത്മശ്രീ കെ.ജെ. യേശുദാസും ഭാര്യ പ്രഭാ യേശുദാസുമാണ് ആദ്യമെത്തി സാന്നിധ്യമറിയിച്ച വിശിഷ്ടാതിഥികള്‍. അവര്‍ക്ക് തൊട്ടുപിറകെ മണിയന്‍പിള്ള രാജു, ഇടവേള ബാബു, ഗോപിനാഥ് മുതുകാട്, നിര്‍മാതാവ് സുരേഷ്‌കുമാര്‍ എന്നിവരും എത്തിച്ചേര്‍ന്നു. കല്യാണം കൂടാനെത്തിയവര്‍ പക്ഷേ, വെറും അതിഥികളായി മാത്രം ഒതുങ്ങാതെ പെണ്‍വീട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് വേണ്ടപ്പെട്ടവരായി മാറുന്ന കാഴ്ചയാണ് അവിടെ കണ്ടത്. സ്വന്തം വീട്ടിലെ കുട്ടികളുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ബന്ധുമിത്രാദികളുടെ സന്തോഷവും ആവേശവും അവരിലുണ്ടായി. ഹാള്‍ പതുക്കെ പതുക്കെ നിറഞ്ഞുതുടങ്ങുകയായിരുന്നു. 12.30-1നും ഇടയിലാണ് മുഹൂര്‍ത്തം നിശ്ചയിച്ചിരുന്നതെങ്കിലും വിശിഷ്ടാതിഥികളെല്ലാം തന്നെ അതിനും മുന്‍പേ ഹാളില്‍ എത്തി. പതിനൊന്നരയോടുകൂടി ഒ.എന്‍.വി. കുറുപ്പ്, ഗായകരായ അഫ്‌സല്‍, ജ്യോത്സ്‌ന എന്നിവര്‍കൂടി എത്തിയപ്പോള്‍ ഹാളുണര്‍ന്നു. അവര്‍ക്ക് പിന്നാലെ കവി മധുസൂദനന്‍നായര്‍, സൂര്യ കൃഷ്ണമൂര്‍ത്തി, ചെറിയാന്‍ ഫിലിപ്പ്, കെ.പി. ഉദയഭാനു, സുരേഷ്‌ഗോപി, ഭാര്യ രാധിക, ഷാജികൈലാസ്, ഭാര്യ ചിത്ര (ആനി), എം.ജി. ശ്രീകുമാര്‍, ഭാര്യ ലേഖ, വിധുപ്രതാപ്, ഭാര്യ ദീപ്തി, സംവിധായകരായ ടി.കെ. രാജീവ്കുമാര്‍, സി.ഹരികുമാര്‍, കൈരളി എം.ഡി. ജോണ്‍ ബ്രിട്ടാസ്, എം.ജി. രാധാകൃഷ്ണന്‍, പ്രദീപ് പള്ളുരുത്തി, ശ്യാമപ്രസാദ്, നിര്‍മാതാവ് രഞ്ജിത്, ഈസ്റ്റ്‌കോസ്റ്റ് വിജയന്‍, ഖാദര്‍ഹസന്‍, എം. ജയചന്ദ്രന്‍, വിനീത്കുമാര്‍, കെ.എസ്. ചിത്ര, മേനക, കൃഷ്ണചന്ദ്രന്‍, വി. ശിവന്‍കുട്ടി എം.എല്‍.എ., കൃഷ്ണകുമാര്‍, വിജയ് യേശുദാസ്, ഭാര്യ ദര്‍ശന, ലെനിന്‍ രാജേന്ദ്രന്‍, സിസിലി, ശാന്ത പി. നായര്‍ തുടങ്ങി സിനിമ-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തു.