MATHRUBHUMI RSS
Loading...
പ്രൗഢിയോടെ കല്യാണ ഫാഷന്‍
അഞ്ജന ശശി

ഏപ്രില്‍-മെയ് മാസങ്ങളില്‍ കേരളത്തില്‍ വേനല്‍ച്ചൂടിനൊപ്പം ചൂടുപിടിക്കുന്ന ഒരു വിപണിയുണ്ട്. സാമ്പത്തികമാന്ദ്യത്തിനിടയിലും ഒട്ടും തളരാതെ നില്‍ക്കുന്ന വിവാഹ വസ്ത്രങ്ങളുടെ വിപണി. വിവാഹത്തലേന്നും വിവാഹദിനവും വധുവിനും വരനും അണിഞ്ഞൊരുങ്ങാനുള്ള വസ്ത്രങ്ങള്‍ക്കുപുറമെ കുട്ടികള്‍ മുതല്‍ വൃദ്ധജനങ്ങള്‍ക്കുവരെ അണിയാനുള്ള വസ്ത്രങ്ങളുടെ ഒരുപിടി ഫാഷനുകള്‍ ഇന്ന് ലഭ്യമാണ്.
ഓരോ മതവും ചടങ്ങുകളും വിശ്വാസങ്ങളും പോലെത്തന്നെ വസ്ത്രധാരണ രീതിയിലും വൈവിധ്യം പുലര്‍ത്തുന്നുണ്ട്. വടക്കേ ഇന്ത്യന്‍ ശൈലികള്‍ കുറെക്കൂടി സ്വീകാര്യമാക്കിയതോടെ വസ്ത്രധാരണത്തില്‍ വലിയമാറ്റമാണ് കേരളത്തില്‍ കാണുന്നത്. പുരുഷന്‍മാര്‍ക്ക് ഏതാണ്ട് ഒരേ ശൈലിയാണ്. വിവാഹ സത്കാരങ്ങള്‍ക്ക് ഷേര്‍വാണിയാണ് ട്രെന്‍ഡ്. അതല്ലെങ്കില്‍ കുര്‍ത്ത.

പരമ്പരാഗതമായി ഉപയോഗിക്കുന്ന വിവിധ നിറങ്ങളിലുള്ള പട്ടുസാരികളും പുരുഷന്‍മാര്‍ക്ക് മുണ്ടും ഷര്‍ട്ടും തന്നെയാണ് ഹിന്ദു വിവാഹങ്ങള്‍ക്ക് ഇപ്പോഴും എല്ലാവരും ഇഷ്ടപ്പെടുന്നത്. ഇവയില്‍ ബനാറസും കാഞ്ചീപുരവും ഒരുപോലെ വിറ്റഴിയുന്നുണ്ട്. കനം കൂടിയ ബനാറസ് സാരികള്‍ക്ക് കാഴ്ചയില്‍ നല്ല മിഴിവുതോന്നിക്കും. കാഞ്ചീപുരം സാരികള്‍ അധികം തിളക്കം നല്‍കാത്തവയും അതേസമയം പ്രൗഢിയുള്ളതുമാണ്. സരി, എംബ്രോയിഡറി, സര്‍ദോസി, പേള്‍, കസബ്, സീക്വന്‍സ്, കട് വര്‍ക്ക്, മിറര്‍ വര്‍ക്ക്, പാച്ച് വര്‍ക്ക്, കുന്ദന്‍ തുടങ്ങി വിവിധതരം ഡിസൈനുകളില്‍ ഇപ്പോള്‍ ഇത്തരം പട്ടുസാരികള്‍ ലഭ്യമാണ്. കട്ടികൂടിയ കസവോടെയുള്ള മുണ്ടും വേഷ്ടിയുമാണ് മറ്റൊരു ട്രെന്‍ഡ്. പ്രത്യേകം പറഞ്ഞുചെയ്യിക്കുന്നവയുമുണ്ട്.

കല്യാണത്തോടൊപ്പംതന്നെ കല്യാണ സത്കാരച്ചടങ്ങും 'റിസപ്ഷന്‍' എന്ന പൊതുനാമത്തില്‍ വ്യാപകമായതോടെ റിസപ്ഷന്‍ വസ്ത്രങ്ങള്‍ക്കും ഒരു സ്ഥാനം കൈവന്നു. വധുവിന് ധരിക്കാന്‍ പ്രത്യേകം പറഞ്ഞുണ്ടാക്കുന്ന ഡിസൈനര്‍ സാരികള്‍ക്കാണ് ഇപ്പോള്‍ കൂടുതല്‍ ചെലവ്. സില്‍ക്കിലും ജോര്‍ജെറ്റിലും ക്രേപ്പിലുമെല്ലാം ഫാന്‍സി വര്‍ക്കുകള്‍ ചെയ്ത പാര്‍ട്ടിവെയറുകളുടെ ചുരുങ്ങിയ വില ആയിരം മുതല്‍ പതിനായിരം വരെയാണ്! കേരളത്തിലെ പ്രമുഖ കടകളില്‍ പറഞ്ഞുണ്ടാക്കുന്നവയുടെ വില 5000 മുതല്‍ ഒരു ലക്ഷം വരെ നീളുന്നുണ്ട്. ഡിസൈനര്‍ സാരികള്‍ പറഞ്ഞുണ്ടാക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ് കച്ചവടക്കാര്‍ പറയുന്നു. അന്നേദിവസം ലഹംഗയും ചോളിയും ധരിക്കുന്നവരുമുണ്ട്. പുരുഷന്‍മാരാണെങ്കില്‍ കല്യാണദിവസം മുണ്ടിനൊപ്പം ഷര്‍ട്ട് അല്ലെങ്കില്‍ ജുബ്ബ ധരിക്കുകയാണ് പതിവ്.

ക്രിസ്ത്യന്‍ വിവാഹങ്ങള്‍ക്ക് പരമ്പരാഗത രീതിയിലുള്ള വൈറ്റ്/ഓഫ് വൈറ്റ് സാരികളാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. ശിരസ്സില്‍ വെള്ള വെയ്ല്‍ ഉപയോഗിക്കാറുണ്ട്. ഡിസൈനര്‍മാരുടെ സാന്നിധ്യം ക്രിസ്ത്യന്‍ വിവാഹങ്ങളിലും ചെറിയ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. മുന്‍കാലങ്ങളില്‍ ചില വിഭാഗക്കാര്‍മാത്രം സ്ഥിരമായി ഉപയോഗിച്ചിരുന്ന വെള്ള ഗൗണുകള്‍ ഇപ്പോള്‍ എല്ലാവര്‍ക്കും പ്രിയങ്കരമായിത്തുടങ്ങിയിരിക്കുന്നു. പുരുഷന്‍മാര്‍ മിക്കവാറും കോട്ടും ടൈയും ധരിക്കുന്നു. ചിലപ്പോള്‍ മുണ്ടും ജുബ്ബയും അല്ലെങ്കില്‍ ഷേര്‍വാണിയും തന്നെയാണ് കേരളത്തിലെ ഫാഷന്‍.

മുസ്‌ലിം കല്യാണങ്ങള്‍ക്കും പട്ടുസാരികള്‍ വ്യാപകമാണെങ്കിലും ലഹംഗ വിപണിയാണ് ഇപ്പോള്‍ കൂടുതല്‍ തിളങ്ങുന്നത്. മുഗള്‍വംശ കാലത്തെ പ്രധാനവേഷമായിരുന്ന ലഹംഗ കല്യാണദിവസം ഉപയോഗിക്കുന്ന മുസ്‌ലിം യുവതികള്‍ ഇന്ന് വര്‍ധിച്ചിരിക്കുന്നു. ലഹംഗയ്ക്ക് ചേരുന്ന തരം വര്‍ക്കുകള്‍ ചെയ്ത ദുപ്പട്ടകള്‍ പെണ്ണിന്റെ ഭംഗി ഇരട്ടിയാക്കുന്നു എന്നകാര്യം ഉറപ്പ്. ബോളിവുഡ് സ്‌റ്റൈലിലുള്ള ലഹംഗകള്‍ക്കാണ് ആവശ്യക്കാരേറെ. സിനിമയുടെ പേരുകള്‍വെച്ചിറങ്ങുന്ന ലഹംഗകളും നന്നായി ചെലവാകുന്നുണ്ട്. സില്‍ക്കില്‍ത്തന്നെയുള്ള ലഹംഗകളാണ് വിവാഹത്തിന് ഫാഷന്‍. ഡബ്ക, റേഷം, സീക്വന്‍സ്, ബീഡ് വര്‍ക്കുകളാല്‍ നിറഞ്ഞ സരി ഡിസൈനുകള്‍ക്ക് സില്‍ക്കിലും സാറ്റിനിലും നല്ല എടുപ്പാണ്. മിറര്‍, എംബ്രോയ്ഡറി വര്‍ക്കുകളില്‍ തിളങ്ങുന്ന ലഹംഗകളും മികച്ചവതന്നെ.
ഉടുപ്പിലും നടപ്പിലും പ്രൗഢവും വശ്യവുമായ ഇത്തരം വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ ചോദിക്കാതിരിക്കാനാവില്ല.. ''പെണ്ണേ നിന്നെ സുന്ദരിയാക്കിയതാര്?.....''