''എന്നാലും ഞങ്ങളെ നിങ്ങള്‍ ഒഴിവാക്കിയല്ലേ?'', മക്കളുടെ കല്യാണം കഴിയുമ്പോള്‍ ഒട്ടുമിക്ക രക്ഷിതാക്കളും കേള്‍ക്കേണ്ടിവരുന്ന പരാതിയായിരിക്കുമിത്. കല്യാണത്തിനു മുമ്പ് എത്രയൊക്കെ ശ്രദ്ധിച്ചാലും കുറച്ചു പേരെയെങ്കിലും വിട്ടുപോവാറുണ്ട്. കല്യാണത്തിനു മുമ്പുണ്ടാവുന്ന ടെന്‍ഷനില്‍ അതു തികച്ചും സ്വാഭാവികം. ഇപ്പോള്‍ അധികം പേരും കല്യാണത്തിനോടനുബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും ഇവന്റ് മാനേജുമെന്റ് ഗ്രൂപ്പിനെ ഏല്‍പിച്ച് സ്വസ്ഥമാവുകയാണ് പതിവ്.എങ്കിലും വിവാഹത്തിനു ക്ഷണിക്കേണ്ടവരുടെ ലിസ്റ്റ് വീട്ടുകാര്‍തന്നെ തയ്യാറാക്കണ്ടേ. ലിസ്റ്റ് തയ്യാറാക്കുന്നതിനു മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വേണ്ടപ്പെട്ടവരെയെല്ലാം ക്ഷണിച്ചുകൊണ്ട് മക്കളുടെ വിവാഹം ഗംഭീരമാക്കാം.
ബന്ധുക്കള്‍, സുഹൃത്തുക്കള്‍, അയല്‍ക്കാര്‍, സഹപ്രവര്‍ത്തകര്‍ എന്നിങ്ങനെ പല ലിസ്റ്റുകള്‍ ഉണ്ടാക്കാം. അങ്ങനെയാണെങ്കില്‍ ഒരാളെപ്പോലും വിട്ടുപോവില്ല.
വീട്ടിലുള്ളവരെല്ലാം കൂടിയിരുന്ന് ലിസ്റ്റ് ഉണ്ടാക്കുന്നതാണ് നല്ലത്. എല്ലാവരുടെയും സുഹൃത്തുക്കളെ ഉള്‍പ്പെടുത്താന്‍ അതുവഴി കഴിയും.
കല്യാണത്തോടനുബന്ധിച്ച് സല്ക്കാരം ഉണ്ടെങ്കില്‍ അതിനു ക്ഷണിക്കേണ്ട ആളുകളുടെ ലിസ്റ്റ് പ്രത്യേകം തയ്യാറാക്കാം. ഫോണിലൂടെ ക്ഷണിക്കേണ്ടവരുടെ ഒരു ലിസ്റ്റ് തയ്യാറാക്കുന്നതും നല്ലതാണ്.
ദൂരെയുള്ളവരെയെല്ലാം ഒരു ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാല്‍ ക്ഷണിക്കാന്‍ എളുപ്പമായിരിക്കും.
അന്തിമ ലിസ്റ്റ് തയ്യാറാക്കുന്നതിനു മുമ്പ് അടുത്ത ബന്ധുക്കളുമായി കൂടിയാലോചിക്കുന്നത് നല്ലതാണ്.
ലിസ്റ്റ് ഉണ്ടാക്കിക്കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സമയവും ഊര്‍ജവും ആവശ്യമുള്ള ജോലിയാണ് എല്ലാവരേയും ക്ഷണിക്കുന്നത്. കുറച്ച് ആസൂത്രിതമായി നീങ്ങിയാല്‍ ഇതും വളരെ ഭംഗിയായി ചെയ്തു തീര്‍ക്കാവുന്നതേയുള്ളു.
അടുത്ത ബന്ധുക്കളെയെല്ലാം വീട്ടിലെ ഒന്നോ രണ്ടോ പേര്‍ ചേര്‍ന്നു ക്ഷണിച്ചാല്‍ മതി. ഒരു പ്രദേശത്തുള്ള കുറേ വീടുകളില്‍ ക്ഷണിക്കുന്നതിനായി ഒരു വാഹനമെടുത്തു പോകുന്നതായിരിക്കും നല്ലത്. സമയവും കാശും ലാഭം. ബന്ധുവീടുകളില്‍ ചെല്ലുമ്പോള്‍ ഭക്ഷണം കഴിക്കാന്‍ സ്‌നേഹപൂര്‍വം നിര്‍ബന്ധിച്ചേക്കാം. ആവശ്യമെങ്കില്‍ അത്തരം നിര്‍ബന്ധങ്ങള്‍ ഒഴിവാക്കാനും ഇതൊരു നല്ല മാര്‍ഗമാണ്.
ഏതൊക്കെ വീട്ടില്‍ ആരൊക്കെ ക്ഷണിക്കാന്‍ പോകണമെന്ന കാര്യത്തില്‍ ആദ്യമേ ഒരു തീരുമാനമെടുക്കുന്നത് നല്ലതാണ്. ദൂരെയുള്ള സ്ഥലങ്ങളില്‍ ക്ഷണിക്കാനുണ്ടെങ്കില്‍ അതാദ്യം ചെയ്തു തീര്‍ക്കുന്നതാണ് നല്ലത്. അടുത്ത ബന്ധുക്കളാണെങ്കില്‍പോലും അവിടെ ഒരാള്‍ മാത്രം ചെന്നു ക്ഷണിച്ചാലും മതിയാവും.
ദൂരെയുള്ള അകന്ന ബന്ധുക്കളെ ക്ഷണക്കത്ത് മുഖേന ക്ഷണിക്കാം. വേണമെങ്കില്‍ ഫോണിലൂടെ ഓര്‍മപ്പെടുത്തുകയും ആവാം.
പ്രായോഗികമായ ഇത്തരം മാര്‍ഗങ്ങളിലൂടെ ഒരാളെപ്പോലും വിട്ടുപോവാതെ കല്യാണത്തിനു ക്ഷണിക്കാം.

NEWS LETTER
RSS











