എതിര്‍പ്പുകളുടെ സങ്കടക്കടല്‍ കടന്ന് പ്രണയത്തിന്റെ മധുരം നുകര്‍ന്ന ജോമേഷും പ്രിയയും പ്രണയാനുഭവങ്ങള്‍ പങ്കുവെക്കുന്നു...
പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരില്‍ ചില്ലറ പ്രശ്‌നങ്ങളൊന്നുമല്ല എരഞ്ഞിപ്പാലത്തെ ജോമേഷിനും രാജസ്ഥാനിയായ പ്രിയയ്ക്കും നേരിടേണ്ടി വന്നത്. പക്ഷേ, അവയെല്ലാം തട്ടിമാറ്റാനുള്ള ശക്തി പ്രിയയും ജോമേഷും തമ്മിലുള്ള ഹൃദയബന്ധത്തിനുണ്ടായിരുന്നു.ആദ്യമായി കണ്ട ദിവസം ഇരുവരുടേയും മനസ്സില്‍ ഇപ്പോഴും മായാതെ നില്‍ക്കുന്നു. ''ഗുജറാത്തി സ്‌കൂളില്‍ നടന്ന നവരാത്രി ആഘോഷങ്ങള്‍ക്കിടയിലാണ് ഞങ്ങള്‍ ആദ്യമായി കണ്ടത്. ആദ്യം കണ്ടപ്പോള്‍ത്തന്നെ എന്തോ ഒരു പ്രത്യേകത തോന്നി. ദീപങ്ങള്‍ക്കിടയിലൂടെ കണ്ട പ്രിയയുടെ മുഖം ഇന്നുമെന്റെ മനസ്സിലുണ്ട്. പക്ഷേ, ആ നോട്ടം ഒരൊറ്റ നിമിഷമേ നീണ്ടുനിന്നുള്ളൂ'', ജോമേഷ് തങ്ങള്‍ ആദ്യം കണ്ടതിനെക്കുറിച്ച് വിശദീകരിച്ചു. പ്രിയ ഒരു ചെറിയ നാണത്തോടെ അടുത്തിരുന്ന് അത് കേട്ടു.
''ഞാന്‍ അന്ന് എം.ഇ.എസ്. കോളേജില്‍ പഠിക്കുകയായിരുന്നു, ബി.കോമിന്. കോളേജിലേക്കു പോകുന്ന വഴിക്കായിരുന്നു ജോമേഷേട്ടന്‍ ജോലി ചെയ്തിരുന്ന 'ടൂള്‍ ടെക്ക്' എന്ന കട...'', പ്രിയ പറയുന്നു.
പിന്നീടെപ്പോഴോ ഇവര്‍ പരസ്പരം ശ്രദ്ധിക്കാന്‍ തുടങ്ങി. ''പ്രിയ അതുവഴി പോവുമ്പോള്‍ ഞങ്ങള്‍ അറിയാതെ ഓരോ നോട്ടം കൈമാറും. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ഒരു രസത്തിന് ഞാന്‍ പ്രിയയോട് ഫോണ്‍ നമ്പര്‍ ചോദിച്ചു. പ്രിയ നമ്പര്‍ തരികയും ചെയ്തു...'', ജോമേഷ് തങ്ങളുടെ ബന്ധത്തിന്റെ തുടക്കത്തെക്കുറിച്ച് പറയുന്നു.
പിന്നെ മണിക്കൂറുകളോളം സംസാരിക്കാന്‍ തുടങ്ങി. ''ആദ്യം വെറുമൊരു രസത്തിനു തുടങ്ങിയതായിരുന്നു. ദിവസങ്ങള്‍ കഴിയുന്തോറും ഞങ്ങള്‍ തമ്മില്‍ ഒരു ഹൃദയബന്ധം തന്നെയുണ്ടായി. ഒടുവിലെപ്പോഴോ അത് പ്രണയത്തിലുമെത്തി. എന്താണ് ഞങ്ങളെ പരസ്പരം ആകര്‍ഷിച്ചതെന്ന് ഇപ്പോഴുമറിയില്ല. ഒരു നിമിഷംപോലും കാണാതിരിക്കാന്‍ കഴിയാത്ത ഒരിഷ്ടം'', പറയുമ്പോള്‍ പ്രിയയുടെ കണ്ണുകളില്‍ ഒരു തിളക്കം.
ഒടുവില്‍ ഇരുവരും ഇക്കാര്യം വീട്ടില്‍ അവതരിപ്പിച്ചു. ''ഭാഷ വേറെ, സംസ്‌കാരം വേറെ, ഭക്ഷണകാര്യത്തില്‍പോലും വ്യത്യസ്ത. ഇതറിഞ്ഞതോടെ എന്റെ വീട്ടില്‍ ആകെ പ്രശ്‌നമായി. എന്നെ അച്ഛന്‍ മുറിയില്‍ പൂട്ടിയിട്ട് അടിച്ചു. ആരും എന്നെ സപ്പോര്‍ട്ട് ചെയ്യാനുണ്ടായിരുന്നില്ല'', പ്രിയ പറയുന്നു.
ജോമേഷ് ചേച്ചി വഴിയാണ് ഇക്കാര്യം വീട്ടില്‍ അറിയിച്ചത്. സ്‌നേഹിക്കുന്നവര്‍ തമ്മില്‍ ഒന്നിച്ചോട്ടെ എന്ന പ്രതികരണമായിരുന്നു ജോമേഷിന്റെ വീട്ടില്‍നിന്നുണ്ടായത്.
പ്രിയയുടെ വീട്ടില്‍ എതിര്‍പ്പ് കൂടിക്കൂടി വന്നു. ''ഒരിക്കലും ഞങ്ങളെ ഒന്നിക്കാന്‍ സമ്മതിക്കില്ലെന്നു തോന്നിയപ്പോള്‍ ഞാന്‍ വീടുവിട്ടിറങ്ങി. ആഗസ്ത് രണ്ടിന് ഞങ്ങളുടെ വിവാഹം രജിസ്റ്റര്‍ ചെയ്തു. അപ്പോഴേക്കും എന്നെ കാണാനില്ലെന്നും പറഞ്ഞ് അച്ഛന്‍ പോലീസില്‍ പരാതി കൊടുത്തു. പോലീസ് അന്വേഷണവും തുടങ്ങി.''
കല്യാണം കഴിഞ്ഞെങ്കിലും പോലീസിനെ പേടിച്ച് ഇവര്‍ ജോമേഷിന്റെ വീട്ടില്‍ പോയില്ല. ''ശരിക്കും ഞങ്ങള്‍ ഒരുപാട് ഭയന്ന ദിവസങ്ങള്‍... എന്റെ വീട്ടുകാരും കൂട്ടുകാരും മാത്രമായിരുന്നു ഞങ്ങള്‍ക്ക് തുണ. പകല്‍ മാറിമാറി ഓരോ സുഹൃത്തുക്കളുടെ വീട്ടിലായിരുന്നു ഞങ്ങള്‍. രാത്രിയാവുമ്പോഴേക്കും എന്റെ വീട്ടിലും... ഇങ്ങനെ രണ്ടു ദിവസം'', ഇന്നും ജോമേഷിനും പ്രിയയ്ക്കും ഭീതിയോടെ മാത്രമേ ആ ദിവസങ്ങള്‍ ഓര്‍ക്കാന്‍ കഴിയുന്നുള്ളൂ.
പിന്നീട് ആഗസ്ത് നാലിന് ആചാരപ്രകാരം വിവാഹം നടത്താന്‍ ആര്യസമാജത്തില്‍ എത്തി. ''രാവിലെ തന്നെ ഞങ്ങള്‍
അവിടെയെത്തി. അപ്പോഴാണ് പ്രിയയുടെ ബന്ധുക്കളും അവിടെ എത്തിയത്. അങ്ങനെ അതു മുടങ്ങി. ഒരുവിധത്തിലാണ് ഞങ്ങള്‍ അവിടെനിന്നും രക്ഷപ്പെട്ടത്...'' ജോമേഷ് പറഞ്ഞു.
ഒടുവില്‍ ആഗസ്ത് ആറിന് വിവാഹം നടത്താമെന്നു തീരുമാനിച്ചു. അങ്ങനെ കോര്‍ട്ട് റോഡിലെ അമ്പലത്തിലെത്തി. ''ഞങ്ങള്‍ പരസ്പരം മാലയിട്ടു. ഞാന്‍ പ്രിയയുടെ നെറ്റിയില്‍ സിന്ദൂരവും ചാര്‍ത്തി. അപ്പോഴേക്കും പോലീസും പ്രിയയുടെ വീട്ടുകാരും പാഞ്ഞെത്തി.
പ്രിയയുടെ വീട്ടുകാര്‍ അവളെ ബലമായി കൊണ്ടുപോകാനുള്ള ശ്രമമായി. അത് ഞാനും എന്റെ സുഹൃത്തുക്കളും ചേര്‍ന്ന് തടഞ്ഞു. അങ്ങനെ
പിടിവലിയായി.''പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്ത് നടക്കാവ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ''കുറച്ചുകഴിഞ്ഞ് വിവരങ്ങളറിയാന്‍ ജോമേഷേട്ടന്റെ ഏട്ടന്‍ രാജേഷ് അവിടെ വന്നു. കൂടെ കൂട്ടുകാരും. പോലീസ് ഇവരെ അകത്തേക്കു വിളിപ്പിച്ചു. ഞങ്ങള്‍ പുറത്തുതന്നെനിന്നു. അപ്പോള്‍ മര്‍ദിക്കുന്നതു പോലെയുള്ള ഒരു ശബ്ദം ഞങ്ങള്‍ കേട്ടു...''
കല്യാണം കഴിഞ്ഞ അന്നു മുഴുവന്‍ ഇവര്‍ ജയിലില്‍ തന്നെയായിരുന്നു. ''പിറ്റേന്ന് രാവിലെ ഞങ്ങളെ കോടതിയില്‍ ഹാജരാക്കി. പ്രിയ മാനസികരോഗിയാണെന്ന് പ്രിയയുടെ അച്ഛന്‍ കോടതിയില്‍ പറഞ്ഞു. അവളെ അച്ഛന്റെ കൂടെ വിട്ടയയ്ക്കണമെന്നും. ഇത് പരിശോധിക്കാന്‍ കോടതി പറഞ്ഞു. കോടതി ഞങ്ങളെ റിമാന്റ് ചെയ്തു. പ്രിയയെ റസ്‌ക്യൂ ഹോമിലേക്കും അയച്ചു.''
മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ പ്രിയയെ പരിശോധിച്ചപ്പോള്‍ അസുഖമൊന്നുമില്ലെന്ന് മനസ്സിലായി.
''വീണ്ടും കോടതിയിലെത്തി. ആരുടെ കൂടെ പോകാനാണ് ഇഷ്ടമെന്നു ചോദിച്ചപ്പോള്‍ ഞാന്‍ ജോമേഷേട്ടന്റെ കൂടെ പോകണമെന്നു പറഞ്ഞു. അങ്ങനെ ഞങ്ങളെ വിട്ടു...''
ഇവര്‍ കോടതിയില്‍നിന്നും ജോമേഷിന്റെ വീട്ടിലെത്തിയപ്പോഴാണ് ജോമേഷിന്റെ മറ്റൊരു സഹോദരനായ ജോജി ആത്മഹത്യ ചെയ്ത വിവരം അറിയുന്നത്.
''മക്കളെ തിരഞ്ഞ് ആഗസ്ത് നാലിനും അഞ്ചിനുമൊക്കെ പോലീസ് വന്നപ്പോ ജോജി ഇവിടെണ്ടാരുന്നു. പ്രിയയും ജോ മേഷും എവിടെയുണ്ടെങ്കിലും ഞങ്ങളവരെ കണ്ടെത്തുമെന്നും പോലീസുകാര്‍ പറഞ്ഞിരുന്നു. അവരെ കിട്ടിയില്ലെങ്കില്‍ ഇനി അവനേയും പോലീസ് പിടിക്കുമെന്ന് പേടിച്ചാണ് എന്റെ കുട്ടി ഈ കടുംകൈ ചെയ്തത്'', ജോമേഷിന്റെ അമ്മ വേദനയോടെ ഓര്‍മിച്ചു.
ഈ സംഭവവികാസങ്ങളെത്തുടര്‍ന്ന് ബഹുജനമാര്‍ച്ചും മറ്റും സംഘടിപ്പിച്ചിരുന്നു. തന്നെയും സുഹൃത്തുക്കളെയും അകാരണമായി പോലീസ് പീഡിപ്പിച്ചെന്നു പറഞ്ഞ് ജോമേഷിന്റെ സഹോദരന്‍ രാജേഷ് കേസ് കൊടുത്തു. ഈ കേസ് ഇപ്പോള്‍ മനുഷ്യാവകാശ കമ്മീഷനിലെത്തിയിരിക്കുകയാണ്.
''അന്നു നടന്ന സംഭവങ്ങള്‍ ഓര്‍ക്കുമ്പോള്‍ ഇന്നും ഞങ്ങള്‍ക്ക് പേടിയാണ്. കസ്റ്റഡിയിലെടുക്കുമ്പോള്‍ ഇട്ട ഡ്രസ് ഞങ്ങള്‍ പിന്നിടൊരിക്കലും ഉപയോഗിച്ചിട്ടില്ല. അത് കാണുമ്പോള്‍തന്നെ ഭയമാണ്.''
ഒരായുസ്സ് മുഴുവന്‍ അനുഭവിക്കേണ്ട പ്രശ്‌നങ്ങളാണ് ഇവര്‍ക്ക് അഭിമുഖീകരിക്കേണ്ടിവന്നതെങ്കിലും ഇന്നിരുവരും സന്തോഷത്തിലാണ്. ''ഞങ്ങള്‍ ആഗ്രഹിച്ചതുപോലെ സ്‌നേഹിച്ച ആളോടൊപ്പമുള്ള ജീവിതം തന്നെ കിട്ടി. പക്ഷേ, മറ്റാര്‍ക്കും ഇത്തരത്തിലുള്ള ഒരനുഭവം ഉണ്ടാവരുതെന്ന പ്രാര്‍ഥന മാത്രമേയുള്ളൂ...''

NEWS LETTER
RSS











