MATHRUBHUMI RSS
Loading...
ദേവീനടയില്‍ ഡാനിയല്‍ റോസമ്മയ്ക്ക് മിന്നുകെട്ടി


അമ്പലപ്പുഴ: മിന്നണിയാന്‍ റോസമ്മ തലകുനിച്ചപ്പോള്‍ ഡാനിയല്‍ വാച്ചിലേക്ക് നോക്കി. സമയം 12.12. അറവുകാട് ദേവിയെ സാക്ഷിയാക്കി മിന്നുകെട്ട്. പരസ്പരം മുല്ലപ്പൂമാല ചാര്‍ത്തി കൈപിടിച്ച് വലംവച്ചു. പിന്നെ ഇരുവരും ചേര്‍ന്ന് ഇളനീരില്‍ മംഗല്യത്തിന്റെ മധുരം നുണഞ്ഞു. 2012 ഡിസംബര്‍ 12ന് ഉച്ചയ്ക്ക് 12.12ന് പുന്നപ്ര അറവുകാട് ശ്രീദേവിക്ഷേത്ര നടയിലാണ് മതത്തിന്റെ മതിലുകള്‍ കടന്നെത്തിയ ഡാനിയലും റോസമ്മയും ജീവിതത്തില്‍ ഒന്നായത്.

പുന്നപ്ര പടിഞ്ഞാറെക്കര ജോണിന്റെയും മേരിയുടെയും മകനാണ് ഡാനിയല്‍ (സന്തോഷ്). റോസമ്മ (സിന്ധു) കാസര്‍കോഡ് കാഞ്ഞങ്ങാട് ചെറുശ്ശേരിയില്‍ ഉലഹന്നാന്റെയും സിസിലിയുടെയും മകളും. തൃശ്ശൂരില്‍ ഓട്ടോമൊബൈല്‍ ജോലിക്കാരനായ ഡാനിയല്‍ ടെലിഫോണിലൂടെയാണ് സ്വകാര്യ ആസ്പത്രിയില്‍ നഴ്‌സായ റോസമ്മയെ പരിചയപ്പെട്ടത്. ഇരുവീട്ടുകാരും ജനവരിയില്‍ കല്യാണം നടത്താന്‍ നിശ്ചയിച്ചുറപ്പിച്ചതായി ഡാനിയല്‍ പറയുന്നു. എന്നാല്‍, നൂറ്റാണ്ടിലെ അപൂര്‍വസമയത്തില്‍ ഒന്നാവാന്‍ ഇരുവരും തീരുമാനിച്ചു. അതിന് ദേവീക്ഷേത്രനട തിരഞ്ഞെടുക്കുകയും ചെയ്തു.

കെ.സി.വൈ.എം. പുന്നപ്ര വിയാനി യൂണിറ്റ് പ്രസിഡന്റായി പ്രവര്‍ത്തിച്ച ഡാനിയല്‍ പിന്നീട് ഡി.വൈ.എഫ്.ഐ., സി.പി.എം. പ്രവര്‍ത്തകനായി. അഞ്ചുവര്‍ഷം മുമ്പ് ബി.ജെ.പിയില്‍ ചേര്‍ന്നു. ഇപ്പോള്‍ ബി.ജെ.പി പുന്നപ്ര തെക്ക് പഞ്ചായത്ത് സെക്രട്ടറിയാണ്.

ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും കൂട്ടുകാരുമായി ഇരുപതില്‍ത്താഴെ പേര്‍ മാത്രമാണ് മിന്നുകെട്ടിനെത്തിയത്.

ലളിതമായ ചടങ്ങിനുശേഷം എല്ലാവര്‍ക്കും ഇളനീര്‍ നല്‍കി. മതസൗഹാര്‍ദം നിലനിര്‍ത്താനാണ് ക്ഷേത്രനടയില്‍ വിവാഹിതനായതെന്ന് ഡാനിയല്‍ പറഞ്ഞു.