അശ്വതി കൃഷ്ണ
വെള്ളിത്തിരയിലെ താരവിസ്മയത്തെ അടുത്തുകണ്ട ആരാധകര്‍ക്ക് ഒരു കാര്യം പറയാതിരിക്കാന്‍ കഴിഞ്ഞില്ല. കാവ്യ സുന്ദരിയാണ്...
താരവിവാഹ വിശേഷങ്ങളറിയാന്‍ ഏതൊരാള്‍ക്കും അല്പം ആകാംക്ഷ കൂടും. കാരണം അവര്‍ താരങ്ങളായതുകൊണ്ടുതന്നെ. മലയാളത്തിന്റെ ശാലീനസുന്ദരിയും നായികനടിയുമായ കാവ്യാമാധവന്‍ കൊല്ലൂര്‍ മൂകാംബിക ദേവീ ക്ഷേത്രത്തില്‍ വിവാഹിതയായപ്പോള്‍ മൂകാംബിക ദേവിയെപ്പോലും മറന്ന് ആരാധകര്‍ താരവിവാഹത്തില്‍ പങ്കെടുത്തതും നേരത്തേ പറഞ്ഞ താരവിവാഹത്തിന്റെ പ്രത്യേകതയാണ്. വെള്ളിത്തിരയിലെ താരവിസ്മയത്തെ അടുത്തുകണ്ട ആരാധകര്‍ക്ക് ഒരു കാര്യം പറയാതിരിക്കാന്‍ കഴിഞ്ഞില്ല. കാവ്യ സുന്ദരിയാണ്. സ്‌ക്രീനില്‍ കാണുന്നതിനേക്കാള്‍. ഗോള്‍ഡന്‍ യെല്ലോയില്‍ റെഡിഷ് ഷെയ്ഡുള്ള കാഞ്ചീപുരം സാരിയായിരുന്നു കാവ്യയുടെ വിവാഹവേഷം. പൊന്നിന്റെ നിറമുള്ള താരത്തിന്റെ ശരീരത്തോട് ഇണങ്ങി കിടന്ന സാരിക്ക് ആലിലത്താലികൊണ്ടുള്ള ഡിസൈന്‍ കൂടുതല്‍ പകിട്ടേകി. ശീമാട്ടിയില്‍ നിന്നുള്ള ബ്രൈഡല്‍ കളക്ഷനില്‍പ്പെട്ട സാരിക്ക് 35,000-ത്തില്‍ കൂടുതല്‍ വിലയുണ്ട്. ആഭരണ പാറ്റേണില്‍ പഴമയുടെ മാറ്റില്‍ വിശ്വസിക്കുന്ന കാവ്യ വിവാഹദിനത്തില്‍ അണിഞ്ഞിരുന്നതും അത്തരം റെയര്‍ കളക്ഷനുകളാണ്. നാഗപടമാല, മുല്ലമൊട്ടുമാല, മാങ്ങാമാല, ആന്റിക് ഡിസൈന്‍ഡ് നെക്‌ലേസ്, കാശുമാല, ദശാവതാര വളകള്‍, പാലക്കാ മോതിരം, കാശിവള, കുടജിമിക്കി, നവരത്‌ന മോതിരം, കല്ലുവെച്ച വളകള്‍, നെറ്റിച്ചുട്ടി,അഷ്ടലക്ഷ്മി
വളകള്‍ തുടങ്ങിയവ അതില്‍ പെടും. ഗോള്‍ഡന്‍ സാരിയിലേക്ക് ആഭരണത്തിളക്കം കൂടിയായപ്പോള്‍ നവവധുവിന് തിളക്കമേറി. മംഗലാപുരം ഭാഗങ്ങളില്‍ കൃഷിചെയ്തുപോരുന്ന സുഗന്ധമേറുന്ന മുല്ലപ്പൂവാണ് കാവ്യ മുടിയില്‍ ചൂടിയത്. ഒരു ചാണിന് 50 മുതല്‍ 100/150 വരെ വിലവരുന്ന പൂക്കള്‍ തലനിറയെ ചൂടാതെ മുടി പിന്നലിന്റെ തുടക്കത്തില്‍ മാത്രം വെയ്ക്കുകയാണ് ചെയ്തത്. സ്വര്‍ണത്തില്‍ വെള്ളക്കല്ലുപതിപ്പിച്ച മുടിപിന്നുകള്‍കൊണ്ടലംകൃതമായ മുടിപിന്നലിന്റെ തുഞ്ചത്തായി സ്വര്‍ണം കെട്ടിച്ച കുഞ്ചലം കൂടിയായപ്പോള്‍ മുടിയഴകിന് മാറ്റേറി.
കാവ്യയുടെ സ്‌കിന്നിനു ചേരുന്ന മേക്കപ്പാണ് ജോ നല്കിയത് എന്നത് എടുത്തു പറയേണ്ട ഒന്നാണ്.താരത്തിന്റെ മുഖത്തെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്ന അവരുടെ കണ്ണുകള്‍ക്കും ചുണ്ടിനും പ്രത്യേക പ്രാധാന്യം നല്കിക്കൊണ്ടാണ് ഫെയ്‌സ് മേക്കപ്പ് ചെയ്തിരുന്നത്.

NEWS LETTER
RSS











