MATHRUBHUMI RSS
Loading...
കല്യാണം, ദേ, ഇങ്ങെത്തി

കല്യാണത്തിന് സാമ്പത്തികമായി മാത്രമല്ല മാനസികമായും ചില മുന്നൊരുക്കങ്ങളുണ്ട്...


ല്ല്യാണം എത്ര മാറി, ഇല്ലേ? പെണ്ണിന്റെ നാണവും ചടങ്ങിന്റെ ഒതുക്കവുമൊക്കെ ഇന്ന് വെറും പഴങ്കഥ. ദിവസങ്ങള്‍ നീളുന്ന വിവാഹാഘോഷങ്ങള്‍ക്ക് പലതിനുമിന്ന് ഉത്സവലഹരിയാണ്. ഇന്നത്തെ ഇലക്‌ട്രോണിക് ജീവിതത്തില്‍ ചെക്കനും പെണ്ണിനും അടുപ്പം ഏറുമെങ്കിലും മുന്നൊരുക്കത്തിന് അതിന്റേതായ പ്രസക്തിയുണ്ട്.

പുതിയ വീട്, പുതിയ ചുറ്റുപാട്, പുതിയ ആളുകള്‍ ഇതെല്ലാം ചെറിയൊരു പരിഭ്രമവും ഉത്കണ്ഠയും ആരിലുമുണ്ടാക്കും. അതു സ്വാഭാവികം. അതൊക്കെ ഉള്‍ക്കൊള്ളാന്‍ മാനസികമായി ഒരുങ്ങിയാല്‍ കാര്യങ്ങള്‍ ഒരു പരിധിവരെ എളുപ്പമായി.

ഒന്നോ രണ്ടോ ദിവസം കൊണ്ട് ഭര്‍തൃവീട്ടിലെല്ലാവരുടെയും സ്‌നേഹവും പിന്തുണയും നേടിയെടുക്കാന്‍ കഴിഞ്ഞെന്നുവരില്ല. വേണമെങ്കില്‍ കല്യാണത്തിനു മുമ്പേ ഭര്‍ത്തൃവീട്ടുകാരുമായി ഫോണിലൂടെയും മറ്റും ബന്ധം പുലര്‍ത്താം. അങ്ങനെ പതിയെ ഒരു സൗഹൃദം രൂപപ്പെടുത്താം.

ഒരു നല്ല ചായയിലൂടെ പോലും ഭര്‍തൃവീട്ടുകാരുടെ മനസ്സിലേക്ക് കയറാം. പാചകപഠനത്തിന് നിരവധി കുക്കിംഗ് സെന്ററുകള്‍ ഇന്നുണ്ട്.
ചെറിയൊരു സൗന്ദര്യപ്പിണക്കം മതി, ബന്ധം വഷളാവാന്‍. ഇതു കുറയ്ക്കാന്‍ ചില മതവിഭാഗങ്ങള്‍ പ്രീ മാര്യേജ് കൗണ്‍സലിങ് നല്‍കുന്നുണ്ട്. ഇത്തരത്തിലുള്ള സേവനങ്ങള്‍ ഭാവിജീവിതത്തിനു ഉപകരിച്ചേക്കും.

നിശ്ചയം കഴിഞ്ഞ് വിവാഹം വരെയുള്ള സമയത്തിനിടയില്‍ വധൂവരന്മാര്‍ ഒരു മാനസിക അടുപ്പമുണ്ടാക്കിയെടുക്കുന്നത് ഗുണപ്രദമായിരിക്കും.

കൗണ്‍സലിങ് പ്രധാനം

പ്രീമാരിറ്റല്‍ കൗണ്‍സലിങ്് വളരെ പ്രധാനമാണ്. പ്രത്യേകിച്ച്, വിവാഹമോചനങ്ങള്‍ ഏറെ നടക്കുന്ന ഇക്കാലത്ത്.

അതാതു രംഗത്തുള്ള വിദഗ്ദ്ധര്‍ കൈകാര്യം ചെയ്യുന്ന ക്ലാസ്സുകളിലൂടെയും, ചര്‍ച്ചാക്ലാസുകളിലൂടെയുമാണ് കൗണ്‍സലിങ് നടക്കുന്നത്.
ദമ്പതികള്‍ തമ്മിലുള്ള ആശയവിനിമയം, മന:ശാസ്ത്രം, ശാരീരികശാസ്ത്രം, മാതൃത്വം, പിതൃത്വം, ദാമ്പത്യപ്രശ്‌നങ്ങളും പരിഹാരങ്ങളും - ഇതെല്ലാം കൗണ്‍സലിങില്‍ ചര്‍ച്ചാവിഷയമാകും.

കല്ല്യാണത്തിനു മുമ്പുള്ള ടെന്‍ഷനും മറ്റും ഒരു പരിധിവരെ കുറയ്ക്കാന്‍ കഴിയമെന്നതാണ് കൗണ്‍സലിങിന്റെ പ്രത്യേകത. പ്രീ മാരിറ്റല്‍ കൗണ്‍സലിങിലൂടെ വിവാഹമോചനങ്ങള്‍ വളരെയധികം കുറയ്ക്കാമെന്ന് ഈ രംഗത്തെ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

വിവരങ്ങള്‍ക്ക് കടപ്പാട്: മുരളീധരന്‍ മുല്ലമറ്റം, പ്രീ-മാരിറ്റല്‍ കൗണ്‍സലര്‍