MATHRUBHUMI RSS
Loading...
പത്തരമാറ്റിന്റെ ചിരട്ടത്തിളക്കത്തില്‍ എലിസബത്തിന് കല്യാണം
കെ.പി. പ്രവിത

കൊച്ചി: ചൊവ്വാഴ്ചയായിരുന്നു എലിസബത്ത് വര്‍ഗീസിന്റെ കല്യാണം. എന്നാല്‍ പത്തരമാറ്റിന്റെ പൊന്നും പുടവയും അണിഞ്ഞെത്തുന്ന വധുവിനെ പ്രതീക്ഷിച്ചവര്‍ നിരാശരായി. ചിരട്ടയാഭരണങ്ങള്‍ അണിഞ്ഞ് പണ്ടുകാലത്തെ ചട്ടയും മുണ്ടുമുടുത്തായിരുന്നു കല്യാണപ്പെണ്ണെത്തിയത്.

എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ ചൊവ്വാഴ്ച 11.30നായിരുന്നു കല്യാണം. 'മാലയ്ക്ക് എന്താ തിളക്കം! ഇത് എവിടുന്നാ...' തുടങ്ങിയ സ്ഥിരം അഭിപ്രായപ്രകടനങ്ങള്‍ക്ക് ഇവിടെ സ്ഥാനമില്ല. 'ഈ ചിരട്ട കൊള്ളാമല്ലോ' എന്നു വേണമെങ്കില്‍ പറയാം.

സ്വര്‍ണത്തോട് പണ്ടേ തന്നെയുള്ള താല്പര്യമില്ലായ്മയാണ് വ്യത്യസ്തമായ ആഭരണങ്ങള്‍ തിരഞ്ഞെടുക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് എലിസബത്ത് പറയുന്നു. ചിരട്ടകൊണ്ടുള്ള തട്ടാക് മാല, ചിരട്ട ഉപയോഗിച്ച് തന്നെ നിര്‍മിച്ച വാച്ച്, വള, കമ്മല്‍.... ഇത്രയുംകൊണ്ട് തീര്‍ന്നു കല്യാണദിന ആഭരണങ്ങള്‍. എല്ലാത്തിനും കൂടി ചെലവായത് 40,000 രൂപ. തൃശ്ശൂരിലെ കൊന്നയ്ക്കാപറമ്പില്‍ അനിഗറാണ് ചിരട്ടകൊണ്ട് ആഭരണങ്ങള്‍ തീര്‍ത്തത്. രണ്ട് മാസമെടുത്തു ഇവ പൂര്‍ത്തിയാക്കാനെന്ന് അനിഗര്‍ പറയുന്നു.

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ അഭിഭാഷകയായിരുന്ന എലിസബത്ത് അവിടെവച്ചാണ് ചിരട്ടയാഭരണങ്ങള്‍ ശ്രദ്ധിച്ചത്. ആന്‍ഡമാനിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയെങ്കിലും ചിരട്ട ആഭരണഭ്രമം മനസ്സിലുണ്ടായിരുന്നു. വിവാഹം തീരുമാനിച്ചപ്പോള്‍ അണിയാന്‍ ചിരട്ടയാഭരണങ്ങള്‍ തന്നെ മതി എന്ന നിര്‍ദേശം മുന്നോട്ടുവച്ചത് എലിസബത്ത് തന്നെയാണ്. വരന്‍ ആന്റണി ചാണ്ടിയും ഇതിനെ അനുകൂലിച്ചു.

കൊച്ചി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം.വി. പൈലിയുടെ കൊച്ചുമകളാണ് എലിസബത്ത്. കളമശ്ശേരി ഗവണ്‍മെന്റ് ഐ.ടി.ഐയ്ക്ക് സമീപം മൂലമറ്റം വീട്ടില്‍ വര്‍ഗീസ് പൈലിയുടേയും മേരി വര്‍ഗീസിന്‍േറയും മകളാണ്. വരന്‍ ആന്റണി ചാണ്ടി ചെന്നൈയിലെ കൊഗ്‌നിസന്റ് ടെക്‌നോളജീസില്‍ സീനിയര്‍ ബിസിനസ് അനലിസ്റ്റാണ്.