MATHRUBHUMI RSS
Loading...
പ്രണയം പോളണ്ടില്‍ വിവാഹം ആലപ്പുഴയില്‍

ആലപ്പുഴ: പോളണ്ടുകാരായ പ്രണയിതാക്കള്‍ക്ക് ആലപ്പുഴയില്‍ മിന്നുകെട്ടാന്‍ മോഹം. ആലപ്പുഴക്കാരന്റെ സഹായത്താല്‍ പൂവണിഞ്ഞ ആ മോഹവിവാഹം ഇന്റര്‍നെറ്റിലൂടെ ലോകമാകെക്കണ്ടു. ജനവരി 18-നാണ് തത്തംപള്ളി സെന്റ് മൈക്കിള്‍സ് ദേവാലയത്തില്‍ പോളണ്ട് ക്രാക്കണ്‍ സ്വദേശികളായ മാച്ചക്ക് ജേക്കബ് ജാനും കാമില്ല കൊസിങ്കയും വിവാഹിതരായത്.

രാവിലെ 11നായിരുന്നു വിവാഹം. പോളണ്ടില്‍ ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍മാരായ ജാനും കൊസിങ്കയും എട്ടുവര്‍ഷമായി പ്രണയത്തിലാണ്. പോളണ്ടില്‍ ഒരുമിച്ചാണ് താമസവും. ഇതിനിടെ മൂന്നുവര്‍ഷം മുമ്പ് ഇവര്‍ കേരളം കാണാനെത്തി. ആലപ്പുഴയിലെത്തിയ ഇവര്‍ വ്യോമസേനാ ഉദ്യോഗസ്ഥന്‍ തത്തംപള്ളി കോട്ടപ്പറമ്പില്‍ ജെയ്‌സനെ യാദൃശ്ചികമായാണ് പരിചയപ്പെട്ടത്. ഇരുചക്രവാഹനങ്ങള്‍ ഇഷ്ടപ്പെടുന്ന ഈ വിദേശികള്‍, ജെയ്‌സന്റെ എസ്ഡി ബൈക്ക് കണ്ടാണ് സുഹൃത്തുക്കളായത്. പിന്നീട് ജെയ്‌സന്റെ സഹായത്തോടെ ആലപ്പുഴയില്‍നിന്ന് ഒരു ബുള്ളറ്റ് വാങ്ങി ഇവര്‍ പോളണ്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

പരിചയം ദൃഢമായി, അടുത്തസുഹൃത്തുക്കളായപ്പോള്‍ ജാനും കൊസിന്‍ങ്കയും തങ്ങളുടെ ആഗ്രഹം ജെയ്‌സനോട് പറഞ്ഞു. തങ്ങള്‍ക്ക് മിന്നുകെട്ടണം. പക്ഷെ, അത് ആലപ്പുഴയില്‍ വേണം. ആഗ്രഹം നടത്താമെന്ന ഉറപ്പുനല്‍കിയാണ് ജെയ്‌സണ്‍ അന്ന് അവരെ യാത്രയാക്കിയത്.

കഴിഞ്ഞ ജൂലായില്‍ ഇവര്‍ ജെയ്‌സനെ വിളിച്ച് ജനവരിയില്‍ എത്തുമെന്നും അന്ന് വിവാഹം നടത്തണമെന്നും അറിയിച്ചു. കഴിഞ്ഞദിവസമാണ് പോളണ്ടില്‍നിന്ന് ഇവര്‍ എത്തിയത്. ഒപ്പം ജാന്റെ സഹോദരന്‍ മാര്‍ക്ക്, അയാളുടെ പ്രണയിനി മാര്‍ഗോ, സുഹൃത്ത് മാര്‍ട്ടിന്‍ എന്നിവരും വന്നു. ആലപ്പുഴയില്‍ നടക്കുന്ന വിവാഹം കാണാന്‍ അടുത്തബന്ധുക്കള്‍ക്കൊന്നും കഴിയാത്തതിനാലാണ് 'തത്‌സമയ സംപ്രേക്ഷണം' ആലോചിച്ചത്. ഇന്റര്‍നെറ്റുവഴി വിവാഹം ലോകം മുഴുവന്‍ കാണാന്‍ ജെയ്‌സണ്‍ സൗകര്യമൊരുക്കി.

ബുധനാഴ്ച തത്തംപള്ളിയില്‍ ഇംഗ്ലീഷില്‍ നടന്ന കുര്‍ബാനക്കിടെ ജാന്‍, കൊസിങ്കയുടെ കഴുത്തില്‍ മിന്നുകെട്ടി. പള്ളിവികാരി ഫാ. ജോസഫ് ചൂളപ്പറമ്പില്‍ സഹകാരി ജോര്‍ജ് കുര്യക്കോട്ട് എന്നിവര്‍ കാര്‍മികരായി. വിവാഹശേഷം ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ഇവര്‍ ജെയ്‌സന്റെ വീട്ടിലെത്തി. കേരളത്തിലെ മധുവിധു ആഘോഷങ്ങള്‍ക്കുശേഷം ദമ്പതിമാര്‍ പോളിണ്ടിനു മടങ്ങും.