MATHRUBHUMI RSS
Loading...
അടുക്കളയായാല്‍ ദാ... ഇങ്ങനെ വേണം
യാസിര്‍ ഫയാസ്‌

വീട്ടിലെ സ്‌ട്രോങ് റൂം ആയിരിക്കണം അടുക്കള. അടുക്കള വീക്കായാല്‍ ആരോഗ്യവും കുഴപ്പത്തിലാവും. അടുക്കളയുടെ ക്രമീകരണത്തിലും അവിടുത്തെ പെരുമാറ്റത്തിലും പാലിക്കേണ്ട ചില ആരോഗ്യ നിര്‍ദേശങ്ങള്‍.

അടുക്കള എന്നും ക്ലീന്‍ ക്ലീന്‍

അടുക്കളയുടെ ചുവരുകള്‍, മേല്‍ത്തട്ട്, മൂലകള്‍, തട്ടുകള്‍, ജനലുകള്‍, വാതിലുകള്‍ തുടങ്ങിയ ഭാഗങ്ങള്‍ എപ്പോഴും അടിച്ചു തുടച്ച് വൃത്തിയായി സൂക്ഷിക്കുക. എക്‌സോസ്റ്റ് ഫാനുണ്ടെങ്കില്‍ അവയുടെ ലീഫ് ഇടയ്ക്കിടെ തുടച്ച് വൃത്തിയാക്കണം. ഭക്ഷ്യവസ്തുക്കളും മാലിന്യങ്ങളും കൂടിക്കിടക്കാന്‍ ഒരിക്കലും ഇടവരരുത്. പച്ചക്കറികളും മീനും മാംസവുമൊക്കെ പലപ്പോഴും സിങ്കിന് സമീപത്ത് വെച്ചായിരിക്കും വൃത്തിയാക്കുക. അതുകൊണ്ട് സിങ്കും പരിസരവും വൃത്തിയായി സൂക്ഷിക്കണം.

സിങ്കിന്റെ ദ്വാരത്തിലൂടെ അണുനാശിനി ഒഴിച്ച് അല്‍പം കഴിഞ്ഞ് ധാരാളം വെള്ളം ഒഴിച്ച് വേണം അത് വൃത്തിയാക്കാന്‍. സ്റ്റൗവില്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ തിളച്ചുതൂവിയാല്‍ അപ്പോള്‍ തന്നെ തുടച്ച് വൃത്തിയാക്കിയാല്‍ സമയവും അധ്വാനവും ലാഭിക്കാം.

പാത്രങ്ങള്‍, കത്തികള്‍, കട്ടിങ് ബോര്‍ഡുകള്‍, മറ്റുപകരണങ്ങള്‍ എന്നിവയും വര്‍ക്ക് ഏരിയയും ആവശ്യം കഴിഞ്ഞാലുടന്‍ കഴുകി വൃത്തിയാക്കണം. കിച്ചണ്‍ കൗണ്ടറുകളും പ്രതലങ്ങളും പാചകത്തിന് മുമ്പും ശേഷവും ബ്ലീച്ചിങ് പൗഡര്‍ ചേര്‍ത്ത വെള്ളം കൊണ്ടാണ് തുടച്ച് വൃത്തിയാക്കേണ്ടത്.

കൈ കഴുകി കയറുക

ജലദോഷം മുതല്‍ ഹെപ്പറ്റൈറ്റിസ് എ വരെയുള്ള പലതരം രോഗങ്ങള്‍ക്ക് എതിരെയുള്ള പ്രാഥമിക പ്രതിരോധമാണ് കൈകഴുകല്‍. പാചകത്തിനായി ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിന് മുമ്പ് ഇളം ചൂടുള്ള വെള്ളവും സോപ്പും ഉപയോഗിച്ച് കൈകഴുകണം. 20 സെക്കന്റെങ്കിലും എടുത്ത് ഇങ്ങിനെ കൈ കഴുകിയാലേ അണുവിമുക്തമാകൂ.

മല്‍സ്യം, മാംസം എന്നിവ കൈകാര്യം ചെയ്തുകഴിയുമ്പോഴും ഇങ്ങിനെ തന്നെ കൈകഴുകണം. കീടാണുക്കള്‍ പോലുള്ള സൂക്ഷ്മ ജീവികളെ നോക്കിയാല്‍ കാണാനാവാത്തതുകൊണ്ട് കൈ നോക്കി വൃത്തിയായെന്ന് കരുതരുത്. കൈകളില്‍ മുറിവോ അണുബാധയോ ഉണ്ടെങ്കില്‍ റബറോ പഌസ്റ്റിക്കോ കൊണ്ടുള്ള കൈയുറ ധരിച്ചിരിക്കണം. ഈ കൈയുറകളും ഉപയോഗത്തിന് മുമ്പും ശേഷവും കഴുകണം.

നോണ്‍സ്റ്റിക് പാത്രങ്ങള്‍ കഴുകുമ്പോള്‍

നോണ്‍സ്റ്റിക് കോട്ടിങ് പാത്രത്തില്‍ ഒട്ടിച്ചുചേര്‍ക്കാനുപയോഗിക്കുന്ന പി. എഫ്. ഒ. എ എന്ന രാസവസ്തു കാന്‍സറിന് കാരണമാകുമെന്ന പരാതി ഉണ്ട്. അമിതമായി ചൂടാക്കിയാല്‍ കോട്ടിങ്ങിന് നാശം സംഭവിക്കുമെന്ന് ഈയിടെ ടെഫ്‌ളോണ്‍ നിര്‍മാതാക്കളായ ഡ്യൂപോണ്ട് തന്നെ സമ്മതിക്കുകയുണ്ടായി. 432 ഡിഗ്രിയില്‍ കൂടുതല്‍ ചൂടാക്കിയാല്‍ ടെഫ്‌ളോണ്‍ ആവരണം ഉരുകാന്‍ സാധ്യതയുണ്ട്. അങ്ങിനെ വന്നാല്‍ ടെഫ്‌ളോണിന്റെ മോണോമര്‍ തന്മാത്രകള്‍ ഭക്ഷണത്തില്‍ കലരും.

ഭക്ഷണ വസ്തുക്കളൊന്നുമില്ലാതെ നോണ്‍സ്റ്റിക് പാത്രങ്ങള്‍ ചൂടാക്കരുത്. ചൂട് അമിതമാകുമ്പോള്‍ പാത്രത്തിലെ രാസവസ്തുക്കളില്‍ നിന്ന് വിഷവാതകങ്ങള്‍ ഉണ്ടാവും. ലോഹചട്ടുകങ്ങളോ സ്​പൂണുകളോ ഇത്തരം പാത്രങ്ങളില്‍ ഉപയോഗിക്കരുത്. പാത്രത്തിന് ഉരച്ചിലുണ്ടാക്കുന്ന ലോഹസ്‌ക്രബുകള്‍ ഉപയോഗിച്ച് കഴുകുകയുമരുത്. പാചക ശേഷം പാത്രം പൂര്‍ണമായി തണുത്തശേഷമേ പാത്രം കഴുകാന്‍ പാടുള്ളൂ. നോണ്‍സ്റ്റിക് പാത്രങ്ങള്‍ ഒന്നിനുമീതേ ഒന്നായി അടുക്കിവെക്കാതിരിക്കാനും ശ്രദ്ധിക്കണം.

അലുമിനിയം വേണ്ട

ഇരുമ്പ് പോലുള്ള ലോഹങ്ങളില്‍ നിന്ന് വ്യത്യസ്തമായി അലുമിനിയത്തെ നാശത്തില്‍ നിന്ന് തടയുന്നത് അതിന് മേലെയുള്ള അലുമിനിയം ഓക്‌സൈഡ് പാടയാണ്. അമഌരസമോ ക്ഷാരരസമോ ഉള്ള ഭക്ഷണസാധനങ്ങള്‍ അലുമിനിയം പാത്രങ്ങളില്‍ പാചകം ചെയ്യുമ്പോള്‍ ഈ ഓക്‌സൈഡ് പാട ഭക്ഷണത്തില്‍ ലയിച്ചുചേരും. ഭക്ഷണത്തിലൂടെ ഇത് കുറേശ്ശേയായി ശരീരത്തില്‍ അടിഞ്ഞുകൂടും.

മറ്റുഘനലോഹങ്ങളെപ്പോലെ പ്രത്യക്ഷത്തില്‍ വിഷമല്ലെങ്കിലും ദീര്‍ഘകാലം കൊണ്ട് അലുമിനിയം തലച്ചോറില്‍ അടിഞ്ഞുകൂടുമെന്ന് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. ബുദ്ധിശക്തി കുറയാനും ഓര്‍മ നശിക്കാനും ഇതുകാരണമാകുമെന്നാണ് പറയുന്നത്.

പാചകം ചെയ്യുമ്പോള്‍ ഭക്ഷണ സാധനങ്ങളുമായി പ്രതിപ്രവര്‍ത്തിക്കാത്ത വസ്തുക്കള്‍ കൊണ്ടുനിര്‍മിച്ച പാത്രങ്ങളാണ് അടുക്കളയിലേക്ക് തെരെഞ്ഞെടുക്കേണ്ടത്. മണ്‍പാത്രങ്ങള്‍, ഗഌസ് നിര്‍മിത പാത്രങ്ങള്‍, സിലിക്കോണ്‍ നിര്‍മിത പാത്രങ്ങള്‍, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പാത്രങ്ങള്‍ തുടങ്ങിയവ താരതമ്യേന സുരക്ഷിതമാണ്.

ഭക്ഷണം സൂക്ഷിക്കാന്‍ തടിയോ മുളകൊണ്ടുള്ളതോ ആയ പാത്രങ്ങളും വാങ്ങാം. കരിഞ്ഞുപിടിച്ച പാത്രങ്ങള്‍ ലോഹസ്‌ക്രബുകളുപയോഗിച്ച് എളുപ്പം വൃത്തിയാക്കാനാവുമെങ്കിലും അത് ആരോഗ്യകരമല്ല. പകരം ബേക്കിങ് സോഡയോ, ഡിറ്റര്‍ജന്റോ വെള്ളത്തില്‍ ചേര്‍ത്ത് പാത്രത്തില്‍ ഒഴിച്ചുവെച്ച് പിന്നീട് കഴുകിക്കളയുക.

സ്‌പോഞ്ച് ഉണക്കി സൂക്ഷിക്കുക

ഇകോളിയും സാല്‍മൊണല്ലയുമടക്കമുള്ള ബാക്ട്ടീരിയകളുടെ പ്രധാന ആവാസസ്ഥലമാണ് ഭക്ഷണാവശിഷ്ടങ്ങളും കരിയുമൊക്കെ പുരണ്ട് എപ്പോഴും സോപ്പുപാത്രത്തില്‍ നനഞ്ഞ് കുതിര്‍ന്ന് കിടക്കുന്ന സ്‌പോഞ്ചുകള്‍.

വൃത്തിയാക്കാനുദ്ദേശിച്ച് പാത്രങ്ങളും മറ്റും അവ ഉപയോഗിച്ച് കഴുകുമ്പോള്‍ പാത്രങ്ങള്‍ കൂടുതല്‍ വൃത്തികേടാകുകയാണ് ചെയ്യുന്നത്. കണ്ടാല്‍ വൃത്തി തോന്നുമെങ്കിലും രോഗകാരികളായ സൂക്ഷ്മജീവികളെ പാത്രങ്ങളിലേക്ക് കൂടി പരത്തുകയാണ് ഈ കഴുകലിലൂടെ.
ഉപയോഗത്തിന് മുമ്പും ശേഷവും ഇത്തരം സ്‌പോഞ്ചുകള്‍ ബഌച്ചും വെള്ളവുമുപയോഗിച്ച് കഴുകണം. ഉപയോഗം കഴിഞ്ഞാല്‍ കഴുകി ഉണക്കി സൂക്ഷിക്കുകയും വേണം. അപ്പോള്‍ അണുക്കള്‍ നശിച്ചുപൊയ്‌ക്കൊള്ളും.

പാത്രവും മറ്റും കഴുകിയ ശേഷം ഡിഷ് വാഷ് ഇട്ടുവെച്ച പാത്രത്തില്‍ തന്നെ നനഞ്ഞുകുതിര്‍ന്ന അവസ്ഥയില്‍ സ്‌പോഞ്ചുകള്‍ സൂക്ഷിക്കുന്ന പതിവ് അവസാനിപ്പിക്കണം. പാത്രം കഴുകുന്ന സോപ്പും ഉണക്കി സൂക്ഷിക്കണം.

തൂവാലകള്‍ കരുതുക

അടുക്കളയില്‍ വൃത്തിയുള്ള ഉണങ്ങിയ തുണികളും ടവ്വലുകളും എപ്പോഴും സൂക്ഷിക്കണം. കൈ തുടക്കാനും പാത്രങ്ങള്‍ തുടക്കാനും മറ്റും അവ ഉപകരിക്കും. കിച്ചണ്‍ ടവ്വലുകള്‍ ദ്രവിച്ച് കീറാന്‍ കാത്തിരിക്കാതെ ഇടക്കിടെ മാറ്റിക്കൊണ്ടിരിക്കണം. ആഴ്ചയിലൊരിക്കല്‍ അവ 60 ഡിഗ്രിയെങ്കിലും ചൂടുള്ള വെള്ളത്തിലോ, അണുനാശിനിയിലോ ഇട്ടുവെച്ച ശേഷം കഴുകി വെയിലത്തിട്ട് ഉണക്കി സൂക്ഷിക്കണം.

കിച്ചണ്‍ ബിന്നുകള്‍ വൃത്തിയാക്കണം

മലേറിയ, ഭക്ഷ്യവിഷബാധ, ടൈഫോയ്ഡ്, കോളറ എന്നുവേണ്ട പല പകര്‍ച്ചവ്യാധികളും ഉണ്ടാവാന്‍ അലക്ഷ്യമായി കൈകാര്യം ചെയ്യുന്ന വേസ്റ്റ് ബിന്നുകള്‍ കാരണമാകും. ദിനവും ഉണ്ടാവുന്ന മാലിന്യങ്ങള്‍ അന്നന്നുതന്നെ ഒഴിവാക്കണം. ഇല്ലെങ്കില്‍ കീടാണുക്കളും പരാദങ്ങളും അവയില്‍ പെരുകും. ജൈവ, അജൈവ മാലിന്യങ്ങള്‍ പ്രത്യേകം പ്രത്യേകം പാത്രങ്ങളില്‍ ശേഖരിച്ച് അന്നന്നു തന്നെ ഒഴിവാക്കിയാല്‍ അടുക്കളയില്‍ അനാരോഗ്യകരമായ അന്തരീക്ഷം ഉണ്ടാവുന്നത് തടയാനാവും.

പൈപ്പ് ലീക്കിങ് തടയാം

ഈ പൈപ്പ് എപ്പഴും ലീക്കാ... എന്നിട്ട് ആ വെള്ളം മുഴുവന്‍ വീഴുന്നതോ അടുക്കളയിലും... ഇങ്ങനെ പരാതിപ്പെടാത്തവര്‍ കുറവായിരിക്കും.

പൈപ്പിന് ചോര്‍ച്ചയുണ്ടാവുമ്പോള്‍ ഉടനെ കുറച്ചു പശ ഒട്ടിച്ച് ചോര്‍ച്ച തടയാം. എന്നാല്‍, അത് താത്കാലികമാണെന്നുമാത്രം. കുറച്ചൊന്നു ശ്രദ്ധിച്ചാല്‍ ഈ ചോര്‍ച്ച സ്ഥിരമായി തടയാം.

ചോര്‍ച്ചയുണ്ടാവുന്നതിന്റെ പ്രധാന കാരണം പൈപ്പ് അടയുന്നതാണ്. ഭക്ഷണാവശിഷ്ടങ്ങളും ചായയുടെ മട്ടുമൊക്കെയാണ് പൈപ്പില്‍ ചെന്ന് അടയുന്നത്. ചെറിയ ഈര്‍ക്കില്‍ കഷണം കുടുങ്ങിയാല്‍ പോലും പൈപ്പ് അടയാം . ഭക്ഷണാവശിഷ്ടങ്ങള്‍ വേസ്റ്റ് ബിന്നില്‍ ഇട്ടതിനുശേഷം മാത്രം പാത്രം കഴുകുക. ഇതാണൊരു പോംവഴി.

അഴുക്ക് ചെന്ന് സിങ്കിന്റെ ദ്വാരം അടഞ്ഞാലും ഈര്‍ക്കില്‍കൊണ്ട് കുത്തി താഴേക്കിറക്കരുത്. പകരം, അതെടുത്തുകളയണം.സിങ്കില്‍നിന്നും പുറത്തേക്കുള്ള പൈപ്പിന്റെ ഔട്ട്പുട്ടിന് രണ്ടര ഇഞ്ച് വ്യാസമുണ്ടാവണം. ഇല്ലെങ്കില്‍, പൈപ്പില്‍ ഫംഗസ്സും മറ്റും അടിഞ്ഞ് ബ്ലോക്കാവാനും പിന്നീട് ചോര്‍ച്ചയുണ്ടാവാനും സാധ്യതയുണ്ട്.

പൈപ്പിന്റെ എല്‍ബോ 45 ഡിഗ്രിയില്‍ ചെരിച്ച് ചെയ്താലും മതി. അധികം അഴുക്ക് അടിയില്ല, പൈപ്പ് ബ്ലോക്കാവുകയുമില്ല.

ഫ്രിഡ്ജ്് വൃത്തിയാക്കാന്‍ ബേക്കിങ് സോഡ

ഫ്രിഡ്ജിലെ താപനില അഞ്ച് ഡിഗ്രി സെല്‍ഷ്യസില്‍ താഴെനിര്‍ത്തുന്നതാണ് എപ്പോഴും നല്ലത്. ഫ്രീസറിലേത് പൂജ്യം ഡിഗ്രിയിലും. ഫ്രി ഡ്ജ് കൂടെക്കൂടെ തുറന്നടയ്ക്കുമ്പോള്‍ കറന്റ് കൂടുതല്‍ ചെലവാകുക മാത്രമല്ല, ധാരാളം ബാക്ടീരിയകള്‍ ഉള്ളില്‍ കടക്കുകയും ചെയ്യും. ഫ്രിഡ്ജിനുള്ളില്‍ വേണ്ടത്ര തണുപ്പില്ലെങ്കില്‍ ഈ ബാക്ടീരിയകള്‍ പെറ്റുപെരുകുകയും ചെയ്യും.

വേവിക്കാത്ത ഇറച്ചിയിലും മീനിലും ധാരാളം അണുക്കളുണ്ടായിരിക്കും. പ്രത്യേകം പ്രത്യേകം അടച്ച് സൂക്ഷിച്ചില്ലെങ്കില്‍ മറ്റു ഭക്ഷ്യവസ്തുക്കളിലേക്ക് അവ കടന്നുകയറും. വെള്ളവും മറ്റും ചില്ലുപാത്രത്തില്‍ സൂക്ഷിക്കുന്നതാണ് നല്ലത്. കനം കുറഞ്ഞ പഌസ്റ്റിക് കുപ്പികള്‍ ഒഴിവാക്കുക.

പഴങ്ങളും പച്ചക്കറികളും വേണ്ടത്ര സമയം വെള്ളത്തിലിട്ട് അണുവിമുക്തമാക്കിയ ശേഷം നനവ് തുടച്ചുമാറ്റിയിട്ട് വേണം ഫ്രിഡ്ജില്‍ വെക്കാന്‍. ആഴ്ചയിലൊരിക്കല്‍ ഫ്രിഡ്ജ് ഡീഫ്രോസ്റ്റ് ചെയ്യണം.

ഒരു സ്​പൂണ്‍ ബേക്കിങ് സോഡ ഒരു ലിറ്റര്‍ ചൂടുവെള്ളത്തില്‍ കലര്‍ത്തി ഉണ്ടാക്കുന്ന ലായനി ഉപയോഗിച്ച് ആഴ്ചയിലൊരിക്കല്‍ ഫ്രിഡ്ജ് വൃത്തിയാക്കാം. ഇടയ്ക്കിടെ പഴയ ഭക്ഷണവസ്തുക്കളും കേടായ പഴങ്ങളുമൊക്കെ ഒഴിവാക്കണം. ഫ്രിഡ്ജില്‍ നിന്നെടുത്ത സാധനങ്ങള്‍ അന്തരീക്ഷ താപനിലയിലെത്തിയ ശേഷം മാത്രം പാചകം ചെയ്യാനും ശ്രദ്ധിക്കണം.